കുട്ടികളെ പിടിക്കാൻ തക്കാളിപ്പനി!
Thursday, May 26, 2022 12:13 PM IST
കോട്ടയം: കുട്ടികളിൽ തക്കാളിപ്പനി വ്യാപകം. അഞ്ചു വയസിനു താഴെയുള്ളവരിലാണു കൂടുതലും പടരുന്നത്. 12 വയസുവരെയുള്ളവരിൽ കണ്ടുവരുന്നുണ്ട്.
ചിക്കൻപോക്സിനു സമാനമായി പനിക്കൊപ്പം ശരീരത്തിൽ രൂപപ്പെടുന്ന ചെറുതും വലുതുമായ കുമിളകളാണു തക്കാളിപ്പനിയുടെയും ലക്ഷണം. വളരെപ്പെട്ടെന്നു പടരുന്ന പനി ആയതിനാൽ പരിചരണവും മുൻകരുതലും അനിവാര്യം.
എന്താണ് തക്കാളിപ്പനി ?
അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലെ വൈറൽ പനിയാണ് തക്കാളിപ്പനി. Enterovirus എന്ന വിഭാഗത്തിൽപ്പെട്ടതാണ് വൈറസ്.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ ആറു ദിവസത്തിനുള്ളിൽ പനി, തൊണ്ടവേദന എന്നിങ്ങനെ സാദാ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണുന്നു. പനി തുടങ്ങി രണ്ടു ദിവസത്തിനു ശേഷം, വായിൽ, പ്രധാനമായും പിൻഭാഗത്തു മുകളിലായി ചുവന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. വൈകാതെ അതു കുമിളകൾ ആയി മാറും. ശക്തമായ വേദനയും അനുഭവപ്പെടും. ഭക്ഷണമോ വെള്ളമോ ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.
വൈകാതെ ശരീരത്തിലും കുമിളകൾ പ്രത്യക്ഷപ്പെടും. കൈകളിലും കാലുകളിലും കൈകാൽ വെള്ളയിലുമാണ് ഇവ കൂടുതലായി കാണുക. തക്കാളി പോലുള്ള ചുവന്ന കുമിളകൾ കാണുന്നതുകൊണ്ടാണ് ഇതു തക്കാളിപ്പനി എന്നറിയപ്പെടുന്നത്.
പടരുന്ന വിധം
നേരിട്ടുള്ള സന്പർക്കത്തിലൂടെ, രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ ഉമിനീർ കണികകളിലൂടെ, രോഗി ഉപയോഗിച്ച വസ്തുക്കൾ (കളിപ്പാട്ടങ്ങൾ) ഉപയോഗിക്കുന്നതിലൂടെ, രോഗി സ്പർശിച്ച പ്രതലങ്ങൾ സ്പർശിക്കുന്നതിലൂടെ.
സാധാരണയായി ഏഴു-പത്ത് ദിവസത്തിനുള്ളിൽ ലക്ഷണം പൂർണമായും മാറുന്നു. വായിലെ കുമിളകൾ മൂലം പലപ്പോഴും ഭക്ഷണം കഴിക്കാൻ സാധിക്കാത്തതു ക്ഷീണവും നിർജ്ജലീകരണവും ഉണ്ടാക്കിയേക്കാം.
തിരിച്ചറിയാൻ
ലക്ഷണങ്ങൾ നോക്കിയാണ് അസുഖം മനസിലാക്കുന്നത്. പ്രത്യേകമായി ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല.
പരിചരണം
=ആവശ്യത്തിനു വെള്ളവും ഇറക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ദ്രാവകരൂപത്തിലുള്ള ഭക്ഷണവും നല്കുക. =ചൂടും എരിവും ഒഴിവാക്കുക. അല്പം തണുത്ത ഭക്ഷണമായിരിക്കും കുഞ്ഞിനു വേദനയില്ലാതെ ഇറക്കാൻ സാധിക്കുക.
=രണ്ടു നേരം കുളിപ്പിക്കുക, ദേഹം വൃത്തിയായി സൂക്ഷിക്കുക.
=ശക്തിയായ പനി, ക്ഷീണം, മയക്കം, ഒട്ടും വെള്ളമോ ഭക്ഷണമോ കഴിക്കാൻ പറ്റാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ ചികിത്സ തേടുക. =ചൊറിച്ചിൽ ഉണ്ടെങ്കിൽ അതിനുള്ള മരുന്ന് ഉപയോഗിക്കുക.