കൊതുകുജന്യ രോഗങ്ങൾ പലപ്പോഴും മാരകമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യാം. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാകുന്നു.
കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറക്കാന്‍ കഴിയുന്നതാണ്.
സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ കൈകൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയാണ്.
മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ രോഗം തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന മാരക രോഗങ്ങൾ.
ക്യൂലക്സ് കൊതുകാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക യെല്ലോഫീവര്‍ എന്നീ രോഗങ്ങള്‍ പരത്തുന്നു.
അനോഫിലസ് കൊതുക് മലമ്പനി (മലേറിയ) രോഗവാഹിയാണ്. മാന്‍സോണിയ എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.
കൊതുകു നിര്‍മാര്‍ജന മാര്‍ഗങ്ങള്‍:
ഉടവിട നശീകരണം
കൊതുകുകളുടെ നിര്‍മാര്‍ജനത്തിനുള്ള എറ്റവും ഉചിതമായ മാര്‍ഗമായ ഉറവിട നശീകരണമാണ് (Source Reduction) ഏറ്റവും പ്രധാനം.
ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ടയറുകള്‍, കുപ്പികള്‍ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്താണ് ഉറവിട നശീകരണം സാധ്യമാക്കേണ്ടത്.
ഡ്രൈ ഡേ
റബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തി വയ്ക്കണം. കെട്ടി കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും നടത്തിയിരിക്കണം.
വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന അവസരത്തില്‍ ബക്കറ്റിലും മറ്റും ശേഖരിച്ചിട്ടുള്ള വെള്ളം കളഞ്ഞ് ബക്കറ്റ് കമഴ്ത്തി വെക്കാന്‍ ശ്രമിക്കണം.
കതകും ജനാലയും അടച്ചിടാം
കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്.
വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകുകള്‍ വീട്ടിലേക്കു കടന്നുവന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാന്‍ ശ്രമിക്കേണ്ടതാണ്.
കൂത്താടികളെ നശിപ്പിക്കാം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുകയും കുളങ്ങളിലും ആഴം കുറഞ്ഞ കിണറുകളിലും കൂത്താടികളെ തിന്നുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തുകയും ചെയ്യുന്നതിലൂടെ കൂത്താടികളെ നശിപ്പിക്കാനാകും.
ഫോഗിംഗ്
കൊതുക് നശീകരണത്തിനു ഫോഗിങ്ങും സഹായകം. മാലത്തിയോണ്‍ എന്ന കീടനാശിനിയില്‍ ഡീസലോ മണ്ണെണ്ണയോ ചേര്‍ത്ത മിശ്രിതമാണ് ഇതിനായുള്ള പ്രത്യേക ഫോഗിംഗ് ഉപകരണത്തില്‍ ഉപയോഗിക്കുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ