ആരോഗ്യമുള്ള വായ് ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിന്റെ പ്രതിഫലനമാണ് അഥവാ വായ് ശരീരത്തിന്റെ കണ്ണാടിയാണെന്നു പറയാം. പിങ്ക് നിറത്തിലുള്ള ആരോഗ്യമുള്ള മോണയിൽ, നിരനിരയായി തിളങ്ങുന്ന മനോഹരമായ പല്ലുകൾ എല്ലാവരുടെയും സ്വപ്നമാണ്. യഥാർഥത്തിൽ പല്ലുകൾക്ക് ഒപ്പംതന്നെ പ്രാധാന്യമർഹിക്കുന്നവയാണ് മോണയും. പല്ലുകളെ പൊതിയുന്ന പിങ്ക് നിറത്തിലുള്ള ഒരു ആവരണമെന്നതിനപ്പുറം പ്രാധാന്യമുണ്ട് അവയ്ക്ക്.
ജിൻജി വൈറ്റിസ്
ആഹാരം കഴിച്ചുകഴിഞ്ഞ് ഉടനെയാണ് വായിലുള്ള രോഗാണുക്കളുടെ പ്രവർത്തനം കൂടുതലായി കാണപ്പെടുന്നത്. ആഹാരത്തിന്റെ അംശം പല്ലിൽ, പ്രധാനമായും മോണയോടു ചേർന്ന് പറ്റിപ്പിടിക്കുന്നു. ഇതിനെ ഡെന്റൽ പ്ലാക്ക് എന്നു പറയുന്നു. ഇവയിൽ രോഗാണുക്കൾ പ്രവർത്തിച്ച് മോണവീക്കത്തിന് അഥവാ ജിൻജിവൈറ്റസിനു കാരണമായിത്തീരുന്നു. പല്ലിനോടു ചേർന്നിരിക്കുന്ന മോണയുടെ ഭാഗത്തു മാത്രം ഒതുങ്ങിനിൽക്കുന്ന ഈ നീർക്കെട്ടു മൂലം മോണ കടുത്ത ചുവപ്പുനിറത്തിലായിത്തീരുകയും മോണയിൽനിന്ന് രക്തം വരികയും ചെയ്യും. കൂടുതലായും ബ്രഷ് ചെയ്യുന്പോഴും കട്ടിയായി ആഹാരം കഴിക്കുന്പോഴുമായിരിക്കും രക്തം വരുന്നത്. ചികിത്സയിലൂടെ ഈ രോഗാവസ്ഥ പൂർണമായും പരിഹരിക്കാവുന്നതാണ്.
ജീൻജി വൈറ്റസിനെ ചികിത്സിക്കാതെ അവഗണിച്ചാൽ ക്രമേണ അടിയിലുള്ള പല്ലിനെയും ലിഗ്മെന്റിനെയും അതു ബാധിക്കുകയും വെരിമോ ഡോണ്ടൈറ്റിസിന് കാരണമായിത്തീരുകയും ചെയ്യും. ഈ അവസ്ഥയിൽ രോഗിക്ക് വായ്നാറ്റം അനുഭവപ്പെടുകയും മോണയിൽനിന്ന് പഴുപ്പുവരികയും ചെയ്യുന്നു. പല്ലുകൾക്ക് ബലക്ഷയവും ഇളക്കവും സംഭവിച്ച് പല്ല് നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ ഇത് എത്തിച്ചേരും.
അനിയന്ത്രിതമായ മോണരോഗങ്ങൾ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അതുപോലെതന്നെ ശരീരത്തിന്റെ ആരോഗ്യനിലയിൽ വരുന്ന മാറ്റങ്ങൾ മോണയിലും പ്രതികരണമുളവാക്കും. ഉദാഹരണമായി പ്രമേഹരോഗികളിൽ മോണരോഗങ്ങളും അനുബന്ധ പ്രശ്നങ്ങളഉം പതിവായി കാണും. മോണരോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കിയാൽ ഇത്തരം രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും കാണാം.
അപകടകാരികളായ പല ബാക്ടീരിയകളുടെയും താവളമാണ് രോഗാവസ്ഥയിലായ മോണ. രോഗം ബാധിച്ച മോണ പല്ലിൽനിന്ന് വേർപെട്ട് രൂപപ്പെടുന്ന വിടവുകൾ നാനൂറിൽപ്പരം സൂക്ഷ്മജീവികളുടെ സങ്കേതമാണ്. ഇത്തരം സൂക്ഷ്മജീവികൾ മോണയിലെ രക്തക്കുഴലുകളിലൂടെ ശരീരത്തിലെ ആന്തരിക അവയവങ്ങളിലേക്കും കോശങ്ങളിലേക്കും എളുപ്പത്തിൽ എത്തിപ്പെടും.
ബാക്ടീരിയകളും അവയുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന വസ്തുക്കളും രോഗബാധിതമായ മോണയിൽനിന്ന് പുറപ്പെടുന്ന രാസവസ്തുക്കളഉം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അടുത്തിടെ നടന്ന പല പഠനങ്ങളിൽനിന്നും വ്യക്തമാകുന്നത് പ്രമേഹം, അത്തിറോസ്ക്ലിറോസിസ്, ഹൃദയസംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, സന്ധിവാതം, ശ്വാസകോശരോഗങ്ങൾ, ഗർഭസംബന്ധമായ സങ്കീർണതകൾ തുടങ്ങിയവയ്ക്കെല്ലാം മോണരോഗങ്ങളുമായി ബന്ധമുണ്ട്. ഗർഭിണികളായ സ്ത്രീകളിലെ മോണരോഗങ്ങൾ മൂലം അവരിൽ പ്രിമച്വർ ഡെലിവറിക്കുള്ള സാധ്യത നാലു മുതൽ ഏഴു മടങ്ങുവരെ കൂടുതലാണ്. കൂടാതെ അവർക്ക് ജനിക്കുന്ന കുട്ടികൾക്ക് തൂക്കക്കുറവു വരാൻ സാധ്യതയുണ്ട്.
ചികിത്സ
കൃത്യമായ കാലയളവുകളിൽ നടത്തുന്ന ഡെന്റൽ ചെക്കപ്പിലൂടെ മാത്രമേ പലപ്പോഴും മോണരോഗങ്ങൾ കണ്ടുപിടിക്കപ്പെടാറുള്ളൂ. ദന്തക്ഷയം പോലുള്ള ദന്തരോഗങ്ങൾ വേദനയോടുകൂടി വരുന്നതിനാൽ തുടക്കത്തിലേ മനസിലാക്കാനും ചികിത്സിക്കാനും സാധിക്കും.
എന്നാൽ, മോണരോഗങ്ങൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ആരംഭകാലത്ത് കാണാറില്ല. അതുകൊണ്ടുതന്നെ ഒരു ദന്തരോഗവിദഗ്ധനു മാത്രമേ തുടക്കത്തിലേ ഇതു കണ്ടുപിടിക്കാൻ സാധിക്കൂ. മോണരോഗങ്ങൾക്കുള്ള അടിസ്ഥാനപരമായ ചികിത്സ അൾട്രാസോണിക് സ്കെയിലിംഗ് ആണ്.
ആറുമാസത്തിലൊരിക്കലോ അല്ലെങ്കിൽ വർഷത്തിലൊരിക്കലോ സ്കെയിലിംഗ് ചെയ്തിരിക്കണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രധാനമായും രണ്ടുതരം ചികിത്സാരീതികളാണുള്ളത്.
നോണ് സർജിക്കൽ
സ്കെയിലിംഗ്, റൂട്ട് പ്ലാനിംഗ്, ലോക്കൽ ഗ്രഗ് ഡെലിവറി, ആന്റിബയോട്ടിക്, സ്പ്ലിന്റിംഗ്, ലേസർ തുടങ്ങിയവയാണ് നോണ്സർജിക്കൽ ചികിത്സാരീതികൾ.
സർജിക്കൽ
ഫ്ളാപ് സർജറി, ബോണ് ഗ്രാഫ്റ്റിംഗ്, ഗൈഡഡ് ടിഷ്യു റീജനറേഷൻ എന്നിവയെല്ലാം സങ്കീർണമായ കേസുകളിൽ ചെയ്യുന്ന സർജിക്കൽ ചികിത്സകളാണ്.
ഇത്തരം ചികിത്സകളിലൂടെ ലഭിക്കുന്ന ഫലം ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും. മോണരോഗങ്ങൾ പാരന്പര്യമായി വരുന്നതാണെന്നുകൂടി കണക്കിലെടുക്കണം. അതുകൊണ്ടുതന്നെ ചില വ്യക്തികളിൽ ചികിത്സകൾ ആവർത്തിക്കേണ്ടിവരും. മാത്രമല്ല, മൂന്നോ നാലോ മാസം കൂടുന്പോൾ ഫോളോഅപ് ചെയ്യണം. എങ്കിൽമാത്രമേ പൂർണമായ ഫലം കിട്ടുകയുള്ളൂ.
പ്രതിരോധം
ജലദോഷം കഴിഞ്ഞാൽ മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗമാണ് മോണരോഗം. മറ്റു പല രോഗങ്ങളെപ്പോലെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ് മോണരോഗവും. നമ്മുടെ പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ഏറ്റവും നിർണായകവുമാണ്. ഇതിൽ ഉപേക്ഷ വിചാരിക്കുകയോ വീഴ്ചവരുത്തുകയോ ചെയ്താൽ പല ദന്തരോഗങ്ങൾക്കും വഴിതെളിക്കുകയായിരിക്കും ഫലം. പ്രത്യേകിച്ചും മോണരോഗങ്ങൾക്ക് രാത്രിയും രാവിലെയുമുള്ള ബ്രഷിംഗ് ഒരു കാരണവശാലും മുടക്കാൻ പാടില്ല.
ശരിയായ ദന്തശുചിത്വം പാലിക്കുക എന്നതുതന്നെയാണ് ശരിയായ പ്രതിരോധം. പുകവലി മോണയുടെ ആരോഗ്യത്തെ ഹനിക്കുന്ന പ്രധാന വില്ലനാണ്. അതുകൊണ്ട് പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കുക. മാത്രമല്ല തെറ്റായ ബ്രഷിംഗും മോണരോഗങ്ങൾക്ക് കാരണമായിത്തീരാറുണ്ട്.
ശരിയായ ദിശയിൽ ബ്രഷ് ചെയ്യേണ്ടത് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കി ചെയ്യുക. നമ്മുടെ ദന്തിസ്റ്റിനെ സമീപിച്ച് അതു മനസിലാക്കുകയും അവരുടെ ഉപദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണ്. ആരോഗ്യമുള്ള മോണകൾ ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യമാണ്.