ഓസ്റ്റിയോപൊറോസിസ്- അസ്ഥികളുടെ നിശബ്ദ മോഷ്ടാവ്
അസ്ഥികളുടെ അസാധരണമായ ബലക്ഷയത്തിനും വേഗത്തില്‍ ഒടിയാനും കാരണമാകുന്ന ഒരു പ്രശ്‌നമാണ് ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം). ആര്‍ത്തവവിരാമമായ സ്ത്രീകളിലാണ് ഈ രോഗം വരാന്‍ കൂടുതല്‍ സാധ്യത. കാരണം അസ്ഥികളുടെ ബലം കാത്തുസൂക്ഷിക്കാന്‍ സഹായകമായ സ്ത്രീ ഹോര്‍മോണായ എസ്ട്രജന്റെ അളവ് ആര്‍ത്തവവിരാമത്തിന് ശേഷം കുറയുന്നത് കൊണ്ടാണ് ഇത്. രോഗകാരണങ്ങള്‍ തിരിച്ചറിയുന്നത് ഈ രോഗം വരുന്നത് തടയാനും വന്നാല്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുമ്പ് തന്നെ ചികിത്സിക്കാനും പ്രധാനമാണ്.

രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തത് കാരണം ഓസ്റ്റിയോപൊറോസിസ് നിശബ്ദരോഗമാണെന്ന് പറയാം. നേരത്തെ നിങ്ങളുടെ ശരീരത്തിന് കൃത്യം പാകമായിരുന്ന വസ്ത്രങ്ങള്‍ വലുതായതായി മനസിലാക്കുമ്പോള്‍ നിങ്ങളുടെ ഉയരം കുറയുന്നതായി നിങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയുന്നു. ചിലരില്‍ ഏതെങ്കിലും ഭാഗത്തെ എല്ല് ഒടിയുമ്പോള്‍ മാത്രമാണ് ഇത് ശ്രദ്ധയില്‍പ്പെടുക. ഈ അവസ്ഥയില്‍ ചെറിയൊരു വീഴ്ചയില്‍ പോലും നിങ്ങള്‍ക്ക് ഫ്രാക്ച്ചര്‍ ഉണ്ടാകാം. നട്ടെല്ല്, കൈക്കുഴ, ഇടുപ്പ് എന്നിവിടങ്ങളിലാണ് സാധാരണയായി ഫ്രാക്ച്ചര്‍ ഉണ്ടാകുന്നത്. നട്ടെല്ലിലും ഇടുപ്പിലുമുണ്ടാകുന്ന ഫ്രാക്ച്ചറുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന കടുത്ത വേദനയും വൈകല്യവും മരണത്തിലേക്ക് വരെയും നയിച്ചേക്കാം. ഓസ്റ്റിയോപൊറോസിസ് ചികിത്സയുടെ പ്രധാന ലക്ഷ്യം തന്നെ ഇത്തരം ഫ്രാക്ച്ചറുകള്‍ തടയുകയെന്നതാണ്.

ആഹാരക്രമം

അസ്ഥികളുടെ ആരോഗ്യത്തിനായി വന്‍തോതില്‍ കാത്സ്യവും വിറ്റമിന്‍ ഡിക്കും പുറമേ പ്രോട്ടീനും കലോറിയും അടങ്ങുന്ന ആഹാരം കഴിക്കേണ്ടതാണ്. എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്കും സാന്ദ്രതയ്ക്കും ഇത് അനിവാര്യമാണ്. പുരുഷന്‍മാരും ആര്‍ത്തവവിരാമത്തിന് മുമ്പ് സ്ത്രീകളും പ്രതിദിനം കുറഞ്ഞത് 1000 മില്ലിഗ്രാം കാത്സ്യം കഴിക്കണമെന്നാണ് വിദഗ്ധരുടെ പക്ഷം. കാത്സ്യം അടങ്ങിയിട്ടുള്ള ആഹാരത്തിന് പുറമേ ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അംശം കുറവാണെങ്കില്‍ കാത്സ്യം സപ്ലിമെന്റുകളും കഴിക്കേണ്ടതാണ്. ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകള്‍ പ്രതിദിനം ആഹാരവും സപ്ലിമെന്റുകളും അടക്കം 1200 മില്ലിഗ്രാം കാത്സ്യം കഴിക്കേണ്ടതുണ്ട്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിദിനം 2000 മില്ലിഗ്രാമില്‍ കൂടുതല്‍ കാത്സ്യം കഴിക്കാന്‍ പാടുള്ളതല്ല. പാലും പാലുത്പന്നങ്ങളായ ചീസ്, തൈര് തുടങ്ങിയവയും കാബേജ്, ബ്രൊക്കോളി പോലുള്ള പച്ചക്കറികളിലുമാണ് കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളത്.

70 വയസിന് മുകളിലുള്ള പുരുഷന്‍മാരും അര്‍ത്തവവിരാമമായ സ്ത്രീകളും പ്രതിദിനം 20 മൈക്രോഗ്രാം വിറ്റാമിന്‍ ഡി കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ആവശ്യത്തിന് കാത്സ്യം കഴിക്കുന്ന വൃദ്ധരായ സ്ത്രീകളിലും പുരുഷന്‍മാരിലും എല്ലുകളുടെ തേയ്മാനവും ഫ്രാക്ച്ചര്‍ സാധ്യതയും കുറയ്ക്കുന്നു. അതേസമയം ചെറുപ്പക്കാരായ സ്ത്രീ-പുരുഷന്‍മാര്‍ എത്ര അളവില്‍ ഇത് കഴിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും പൊതുവായി പ്രതിദിനം 15 മൈക്രോഗ്രാം വിറ്റാമിന്‍ ഡി ആണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പാലും കോര മീനും (സാല്‍മണ്‍) വിറ്റാമിന്‍ ഡി-യുടെ പ്രധാന സ്രോതസ്സുകളാണ്. 8 ഔണ്‍സ് പാലില്‍ 2.5 മൈക്രോഗ്രാമും 98 ഗ്രാം കോര മീനില്‍ 20 മൈക്രോഗ്രാമുമാണ് അടങ്ങിയിട്ടുള്ളത്. ഓറഞ്ച് ജ്യൂസ്, തൈര്, ധാന്യങ്ങള്‍ തുധ്ധിയവയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

വ്യായാമം

ആര്‍ത്തവവിരാമത്തിന് മുമ്പ് സ്ത്രീകളില്‍ അസ്ഥികളുടെ ബലം മെച്ചപ്പെടുത്തി ഫ്രാക്ച്ചര്‍ സാധ്യത കുറയ്ക്കാനും ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ അസ്ഥികളുടെ ബലം നിലനിര്‍ത്താനും വ്യായാമം സഹായിച്ചേക്കും. ഇതിന് പുറമേ പേശികള്‍ ശക്തമാക്കാനും ബാലന്‍സ് വര്‍ധിപ്പിക്കാനും ഫ്രാക്ച്ചറോ മറ്റ് പരിക്കുകളോ ഉണ്ടാക്കാന്‍ സാധ്യതയുള്ള വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനും സഹായിച്ചേക്കാം. ആഴ്ചയില്‍ മൂന്ന് തവണ കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്ന് ഉത്തമമാണ്. റെസിസ്റ്റന്‍സ് ട്രെയിനിങ് (ഉദാ.- ഫ്രീ വെയിറ്റുകള്‍ അല്ലെങ്കില്‍ റെസിസ്റ്റന്‍സ് ബാന്‍ഡുകളുടെ ഉപയോഗം), ജോഗ്ഗിങ്, ജമ്പിങ്, നടത്തം തുടങ്ങിയ വിവിധ തരം വ്യായാമങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

വീഴ്ചകള്‍ ഒഴിവാക്കുന്നത്


വീഴ്ച പ്രായമായവരില്‍ ഓസ്റ്റിയോപൊറോട്ടിക് ഫ്രാക്ച്ചറുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് വീഴ്ചകള്‍ പരമാവധി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതില്‍ ചിലത് താഴെ പറയുന്നു:

* അയഞ്ഞ നിലയിലുള്ള ചവിട്ടികള്‍, വയറുകള്‍ തുടങ്ങി അയഞ്ഞ് കിടക്കുന്ന വസ്തുക്കള്‍ വീട്ടില്‍ നിന്നും ഒഴിവാക്കുക. ഇവ തടഞ്ഞ് വീഴാനും വഴുതാനും സാധ്യതയുള്ള വസ്തുക്കളാണ്.

* സ്റ്റെയര്‍കെയ്‌സുകള്‍, പ്രവേശനകവാടങ്ങള്‍ എന്നിവയുള്‍പ്പെടെ വീടിന് അകത്തും പുറത്തും ആവശ്യമായ വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക.

* ഐസ്, നനഞ്ഞ, പോളിഷ് ചെയ്ത തറ തുടങ്ങിയ വഴുക്കലുള്ള പ്രതലങ്ങളില്‍ നടക്കാതിരിക്കുക

* വീടിന് പുറത്ത് പരിചിതമല്ലാത്ത പ്രതലങ്ങളില്‍ നടക്കാതിരിക്കുക

* വീഴ്ചസാധ്യത വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ക്ക് പകരം സാധ്യത കുറഞ്ഞ മരുന്നുകള്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ ചികിത്സാപദ്ധതി പുനരവലോകനം ചെയ്യുക

* കാഴ്ചശക്തി പരിശോധിക്കാന്‍ നിശ്ചിത ഇടവേളകളില്‍ ഓഫ്ഥാല്‍മോളജിസ്റ്റ് അല്ലെങ്കില്‍ ഓപ്‌റ്റോമെട്രിസ്റ്റിനെ സന്ദര്‍ശിക്കുക.

രോഗസാധ്യത വര്‍ധിപ്പിക്കുന്ന മരുന്നുകള്‍

ചില മരുന്നുകളുടെ ഉപയോഗം അസ്ഥിക്ഷയത്തിന് കാരണമാകാം. പ്രത്യേകിച്ച് വളരെ ഹൈ ഡോസ് നീണ്ട കാലയളവില്‍ ഉപയോഗിക്കുന്നത്. ചില കേസുകളില്‍ മരുന്ന് നിര്‍ത്തുകയോ ഡോസ് കുറയ്ക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മരുന്ന് പരീക്ഷിക്കുന്നതിലൂടെയോ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനാകും. അസ്ഥിക്ഷയത്തിന് കാരണമാകുന്ന മരുന്നുകള്‍ ഇവയാണ്-

* ഗ്ലൂക്കോകോര്‍ട്ടിക്കോയ്ഡ് മരുന്നുകള്‍ (ഉദാ.- പ്രെഡ്‌നിസോണ്‍)

* ഹെപ്പാരിന്‍- അസാധാരണമായ രക്തം കട്ടപിടിക്കുന്നത് ചികിത്സിക്കാനും തടയാനും ഉപയോഗിക്കുന്ന ആന്റികൊഹാഗുലന്റ്

* അപസ്മാരം തടയുന്നതിന് ഉപയോഗിക്കുന്ന (ആന്റി എപിലെപ്റ്റിക്) ചില മരുന്നുകള്‍ (ഉദാ.- ഫെനിറ്റോയിന്‍, കാര്‍ബാമസേപിന്‍, പ്രിമിഡോണ്‍, ഫെനോബാര്‍ബിതല്‍)

* സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്നുകള്‍ (ഉദാ.- ലെട്രോസോള്‍, അനസ്‌ട്രോസോള്‍)

ഓസ്റ്റിയോപൊറോസിസ് സാധ്യതാപരിശോധന

65-ന് മേല്‍ പ്രായമുള്‌ള സ്ത്രീകളും ആര്‍ത്തവവിരാമം കഴിഞ്ഞ 65-ല്‍ താഴെ പ്രായമുള്ളതും രോഗം വരാന്‍ സാധ്യതയുള്ളവരുമായ സ്ത്രീകളും (നേരത്തെ ഫ്രാക്ച്ചര്‍ ഉണ്ടായിട്ടുള്ളവര്‍, ചില ആരോഗ്യ അവസ്ഥ, മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം എന്നീ ശീലങ്ങളുള്ളവരും) ഓസ്റ്റിയോപൊറോസിസ് സ്‌ക്രീനിങ്ങിന് വിധേയമാകുന്നത് നല്ലതാണ്. ശാരീരിക പരിശോധന, വ്യക്തിയുടെ പൂര്‍വകാല വിവരശേഖരണം, ഇമേജിങ്ങിലൂടെയുള്ള അസ്ഥിസാന്ദ്രതാപരിശോധന തുടങ്ങിയവയാണ് സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെടുന്നത്.

ചികിത്സ

ഓസ്റ്റിയോപൊറോസിസ് തടയാനും നേരത്തെ ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കില്‍ ഫ്രാക്ച്ചര്‍ സാധ്യത കുറയ്ക്കാനും മേല്‍പറഞ്ഞ നടപടികള്‍ സഹായകമാകും. നിങ്ങളുടെ അവസ്ഥയ്ക്ക് അനുസൃതമായി ഡോക്ടര്‍ക്ക് മരുന്നുകളോ ഹോര്‍മോണ്‍ ചികിത്സയോ നിര്‍ദ്ദേശിക്കാവുന്നതാണ്.

മരുന്ന് കൊണ്ടുള്ള ചികിത്സ ആര്‍ക്ക്?

ഫ്രാക്ച്ചര്‍ സാധ്യത ഏറെയുള്ളവരിലാണ് മരുന്ന് കൊണ്ടുള്ള ചികിത്സ ഗുണം ചെയ്യുക. അസ്ഥിസാന്ദ്രതാ പരിശോധനയില്‍ ഓസ്റ്റിയോപൊറോസിസ് കണ്ടെത്തിയവരും (ടി-സ്‌കോര്‍ 2.5 അല്ലെങ്കില്‍ അതില്‍ കുറവുള്ളത്) ഇടുപ്പ് അല്ലെങ്കില്‍ നട്ടെല്ലില്‍ നേരത്തെ ഫ്രാക്ച്ചര്‍ ഉണ്ടായിട്ടുള്ളവരുമായ ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലും 50 വയസിന് മുകളിലുള്ള പുരുഷന്‍മാരിലും മരുന്ന് കൊണ്ടുള്ള ചികിത്സയാണ് അമേരിക്കയില്‍ നാഷണല്‍ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഇമേജിങ്ങില്‍ അസ്ഥികളുടെ അവസ്ഥയ്ക്ക് അനുസൃതമായി അസ്ഥിസാന്ദ്രത അളക്കാന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സംഖ്യയാണ് ടി-സ്‌കോര്‍.

ഓസ്റ്റിയോപൊറോസിസ് തടയാനും അതിന്റെ ചികിത്സയ്ക്കും നിരവധി മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.

ഡോ. ജോ തോമസ്
കണ്‍സള്‍ട്ടന്റ് റ്യുമറ്റോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി