സ്കൂളുകളിൽ ആർത്തവ ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാത്തത് പെൺകുട്ടികൾ സ്കൂളില്‍ പോകാത്തതിന് കാരണമാകാം. ഇത്തരം സൗകര്യങ്ങളില്ലാത്ത സ്ക്കൂളുകളില്‍ പെൺകുട്ടികൾക്ക് ആര്‍ത്തവം സ്വകാര്യതയോടും സുരക്ഷിതത്വത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയില്ല. ഇത് ക്ളാസുകള്‍ മുടങ്ങാനും പഠനത്തെ ബാധിക്കാനും കാരണമാകാം.
ബോധവല്‍ക്കരണം പുരുഷന്മാര്ക്കും ആർത്തവ ശുചിത്വ ദിനത്തിന്റെ പ്രസക്തി ബോധവൽക്കരണ പരിപാടികൾ, വ്യക്തിഗത ശുചിത്വം, സാനിറ്ററി നാപ്കിനുകളുടെ വിതരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. ആർത്തവത്തെക്കുറിച്ചും അത് സ്ത്രീകളെ ശാരീരികമായും വൈകാരികമായും എങ്ങനെ ബാധിക്കുന്നുവെന്നും പുരുഷന്മാർ അറിഞ്ഞിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപീകരണത്തിലും ഫണ്ട് അനുവദിക്കുന്നതിലും പുരുഷന്മാർ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമൊക്കയായുള്ള വിവിധ സാമൂഹിക തലങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വ നിര്‍വഹണത്തെക്കുറിച്ചും പുരുഷന്മാര്ക്കായി ബോധവൽക്കരണം നടത്തേണ്ടതുണ്ട്.
ആര്‍ത്തവ മാലിന്യങ്ങളുടെ സംസ്ക്കരണം ആർത്തവ മാലിന്യം സുരക്ഷിതമായി സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ആര്‍ത്തവ ശുചിത്വ ദിനം ഓർമിപ്പിക്കുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകളിൽ രക്തവും സ്രവങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഇ- കോളി, സാൽമൊണല്ല, സ്റ്റാഫൈലോകോക്കസ്, എച്ച്ഐവി തുടങ്ങിയ ഹാനികരമായ രോഗാണുക്കളുടെ വളർച്ചയ്ക്ക് വഴിയൊരുക്കും. സാനിറ്ററി പാഡുകളിൽ ജൈവികമായി വിഘടിക്കാത്ത ഭാഗമുണ്ട്.
ജീർണിക്കുന്ന മാലിന്യത്തിൽ നിന്ന് വേർതിരിച്ച് സാനിറ്ററി ലാൻഡ് ഫിൽ സൈറ്റുകളിൽ എത്തിച്ചാണ് ഇവ സംസ്കരിക്കേണ്ടത്. അനുയോജ്യമായ സംസ്കരണ സംവിധാനത്തിന്റെ അഭാവം സ്ത്രീകളും പെൺകുട്ടികളും സാനിറ്ററി പാഡുകൾ ഉപയോഗിക്കാതിരിക്കുന്നതിനോ തെറ്റായി കൈകാര്യം ചെയ്യുന്നതിനോ കാരണമാകും. ഇത് അണുബാധകളുടെ വ്യാപനത്തിലേക്കും അഴുക്കുചാലുകൾ അടയുന്നതിലേക്കും നയിക്കുന്നു.
ഇന്ത്യയിൽ അടുത്ത കാലത്തായി നടത്തിയ ഒരു പഠനത്തിന്റെ ഫലമനുസരിച്ച് ഏകദേശം 40 ശതമാനം ഓവുചാലുകളും അടഞ്ഞുപോകുന്നത് സാനിറ്ററി പാഡുകൾ തള്ളുന്നത് മൂലമാണ്. പാഡുകള്‍ തള്ളുന്നത് ക്രമേണ ടോയ്ലറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതും മറക്കരുത്.
പുനരുപയോഗിക്കാവുന്ന ആർത്തവ ഉൽപന്നങ്ങളായ തുണികൊണ്ടുളള പാഡുകൾ, ബയോ ഡീഗ്രേഡബിൾ പാഡുകൾ, മെനിസ്ട്രല്‍ കപ്പുകൾ എന്നിവയെക്കുറിച്ചും അവബോധം വളരേണ്ടതുണ്ട്.
പാലിക്കാം ഈ ആരോഗ്യ ശീലങ്ങള്‍ ആര്‍ത്തവ കാലത്ത് നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ തുണിയോ പാഡോ ഉപയോഗിക്കുന്നത് അപകടകരമായ രോഗങ്ങൾക്കോ അണുബാധകൾക്കോ കാരണമാകാം. ഓരോ 4-6 മണിക്കൂറിലും ഇത്തരം തുണി മാറ്റുകയും കഴുകുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ആർത്തവ തുണികളും ഉള്‍വസ്ത്രവും ഉൾഭാഗം പുറത്ത് വരത്തക്ക രീതിയിൽ വെയിലത്ത് ഉണക്കുക. ശരിയായി ഉണക്കിയില്ലെങ്കിൽ അവ ഹാനികരമായ ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.
സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ആർത്തവ ശുചിത്വ വസ്തുക്കൾ മാറ്റുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ഓരോ തവണ ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
പുനരുപയോഗിക്കാവുന്ന പാഡുകൾ 4 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ഇവ വൃത്തിയാക്കാനുള്ള ലളിതമായ വഴികൾ :
* ചെറിയ അളവിൽ സോപ്പ് / ഡിറ്റർജന്റ് കലർത്തിയ വെള്ളത്തിൽ മുക്കിവയ്ക്കുക
* ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുക
* വെയിലത്ത് ഉണക്കുക
* വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.
സീമ മോഹൻലാൽ വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് ഇന്ത്യ