ജീവിതക്കാഴ്ച്ചകളുടെ ഒഴുകി പരക്കലുകൾ....
Wednesday, April 30, 2025 1:34 PM IST
കാരൂർ സോമന്റെ "കാട്ടു ചിലന്തികൾ' എന്ന കഥാപുസ്തകത്തിന് ഒരു ആസ്വാദനമെഴുതാൻ തുടങ്ങിയപ്പോൾ അതിലെ കഥകൾ വായിച്ചനുഭവിച്ച എന്റെ ഓർമകളിലേക്ക് ഓടിയെത്തിയത് "തോമസ് മൻ'ന്റെ ഈ വാചകങ്ങളാണ്.
"ഭീതിതമായ ചക്രവാളം കാണുമ്പോഴെല്ലാം എനിക്കൊരുതരം ആസക്തിയുണ്ടാകുന്നു. അതിനെ ഞെരിച്ച മർത്താനാണ് ഞാൻ കഥയെഴുതുന്നത്'. കാരൂരിന്റെ രചനകളെ കുറിച്ചുള്ള ഡോ. മുഞ്ഞിനാട് പത്മകുമാറിന്റെ വാക്കുകളും ഇവിടെ പ്രസക്തമാകുന്നു.
"കാരൂരിന്റെ നോവലുകൾ,കഥകൾ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂർത്തങ്ങളുടെ ഒഴുകിപ്പരക്കലുകളാണ്'.. എന്ന ഈ വാചകം പുസ്തകം വായിക്കുന്ന ആർക്കും തോന്നാവുന്ന ഒന്നാണ്.
നാം നോക്കി നിൽക്കെ കടൽത്തിരകൾ വിസ്മയമാകുന്നതു പോലെ, ഈ രചനകളിലെ ഉന്നത ശീർഷമായ അനുഭവ തലങ്ങൾ അനുവാചകനിൽ അത്ഭുതമുളവാക്കും. നമുക്കു മുന്നിലുള്ള ഭീതിദമായ കാഴ്ചകൾക്കെതിരേയുള്ള ആത്മരോഷത്തിന്റെ തിളച്ചു മറിയലാണ് പല കഥകളും.
പാവങ്ങൾ അടിമകളായി കബളിപ്പിക്കപ്പെടുന്ന ഈ കാലത്ത്, നന്മയുടെ നറുനിലാവായി, താങ്ങും തണലുമായി യാഥാർഥ്യങ്ങളോടേറ്റുമുട്ടാൻ വിപ്ലവ വീര്യമുള്ള കഥാകാരന്റെ മനസിന്റെ ചിന്തകളുടെ ബഹിർസ്പുരണമാണ് ഇതിലെ കഥകൾ.
മണ്ണിന്റെ മക്കൾ എന്ന കഥയിലെ ആനന്ദ്, അധികാര വർഗത്തിന്റെ കാടത്തത്തിൽ സ്വന്തം മണ്ണ് നഷ്ടപ്പെട്ടപ്പോൾ, ആത്മഹത്യയിലഭയം തേടിയ മാതാപിതാക്കളുടെ ദാരുണാന്ത്യം കൺമുന്നിൽ കണ്ട് കരഞ്ഞു തളർന്ന ആ കുരുന്നിനെ ആർക്കാണ് മറക്കാൻ കഴിയുക.
അടിമത്ത വ്യവസ്ഥിതിക്കെതിരേ ആഞ്ഞടിക്കാൻ മനസ് പാകപ്പെടുത്തുമ്പോൾ അനുവാചകനിലും ഒരു ജ്വാലയായി അവൻ പ്രകാശിക്കുന്നു. സാരി വാങ്ങി കൊടുക്കാത്തതിന് കാന്താരി മുളകരച്ച് കറിയിൽ ചേർത്ത് എരിവ് കൂട്ടിയ കനകത്തിലൂടെ പകയുള്ള ഭാര്യയെ വരച്ചു കാട്ടുന്നു.
"ദേവാലയ കാഴ്ചകൾ'എന്ന കഥയിൽ പരിഹാസത്തിന്റെ കൂരമ്പുകളെയ്യുകയാണ് കഥാകാരൻ. "തൊഴിലൊന്നുമില്ലാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാദികൾ പട്ടക്കാരായി ദേവാലയങ്ങ ളിൽ നുഴഞ്ഞു കയറിയോ?'
"പ്രബുദ്ധ കേരളം' എന്ന കഥയിൽ പുരോഹിതന്മാരെയും ആരാധനാലയങ്ങളിലെ കച്ചവട വ്യവസ്ഥിതി കളെയും ശക്തമായി വിമർശിക്കുന്നുണ്ട്. "നാടിന്റെ ശാപം.'..എന്ന കഥയിലെ മരിച്ചുപോയ പട്ടാളക്കാരൻ ദാസും ഭാര്യ രേണുവും രണ്ടു കുട്ടികളും മനസിൽ നൊമ്പരമായി പടരുന്നു.
"കരുണിന്റെ കൊറോണ ദേവൻ' എന്ന കഥ എന്നെ ഏറെ സ്പർശിച്ച ഒന്നാണ്. "ദേവാലയങ്ങൾ തുറക്കുന്നതല്ലേ നല്ലത്'? എന്ന കരോളിന്റെ ചോദ്യത്തിനുള്ള മറുപടി യായി കരുൺ പറയുന്നതിങ്ങനെയാണ്..
"ഇത്രയും നാൾ തുറന്നു് വച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം ദേവാലയങ്ങൾ അടപ്പിച്ചത്.. "ഏറെ ചിന്തിപ്പിച്ച ഒരു വാചകം...ദേവാലയങ്ങളിലെ വിഗ്രഹാരാധനയിലൂടെയാണോ നമുക്ക് നന്മകൾ ലഭിക്കുന്നത്? അതോ സദ്പ്രവർത്തികളിലൂടെയോ?
"മണ്ടൻ മലയാളി മനോജ്'...എന്ന കഥയിൽ പ്രസക്തമായ ഒരു ചോദ്യം കഥാപാത്രമായ ബ്രീട്ടീഷ് പോലീസുകാരൻ, മനോജിനോട് ചോദിക്കുന്നുണ്ട്. "താങ്കൾ എന്തൊരു മണ്ടനാണ്? സാമ്പത്തികശാസ്ത്രം മാത്രം പഠിച്ചാൽ മതിയോ പെറ്റമ്മയെ നോക്കാൻ കൂടി പഠിക്കേണ്ടതല്ലേ?'
മാതാപിതാക്കളെ പുറന്തള്ളുന്ന കാലിക പ്രാധാന്യമുള്ള പ്രവണതയ്ക്ക് നേരെയുള്ള ചാട്ടുളിയാകുന്നു ഈ ചോദ്യം.
സർഗാത്മക വാസനകളുടെ തീഷ്ണതകൾ, ലാവണ്യശോഭ ഓരോ കഥകളിലും പ്രതിഫലിച്ച് കാണുന്നുണ്ട്. അക്ഷരങ്ങൾ ദുർവ്യയം ചെയ്യുകയും മികച്ച കൃതികൾ വേണ്ടത്ര വായിക്ക പ്പെടാതെയും ചെയ്യുമ്പോഴാണ് മാനവികതാബോധം ഉയർത്തിപ്പിടിക്കുന്ന കഥകൾ കാരൂർ നൽകുന്നത്.
കാട്ടുചിലന്തികൾപോലെ പ്രഭാത് ബുക്സ് പ്രസിദ്ധികരിച്ച "കാലത്തിന്റെ കണ്ണാടി' കഥകൾ അതിന് ഏറ്റവും വലിയ തെളിവാണ്. മലയാള സാഹിത്യ രംഗത്ത് യാഥാർഥ്യബോധത്തോടെ കാരുരിനെ പോലെ പ്രതിജ്ഞാബദ്ധരായ സുഫുടസുതാര്യതയുള്ള സാഹിത്യ പ്രതിഭകളുണ്ടാകട്ടെ.
ഇതൾ ബുക്സ് പ്രസിദ്ധീകരിച്ച 21 കഥകളിലൂടെ ഇതൾ വിരിയുന്നത് ജീവിത കാഴ്ചകളുടെ തീഷ്ണമായ അനുഭവങ്ങളാണ്. വില. 150 രൂപ
ലാലിമ (ലാലി രംഗനാഥ്)

കാരൂർ സോമൻ
പത്തിലധികം രംഗങ്ങളിൽ 70 മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളാണ് മലയാള ഭാഷയ്ക്ക് കാരുരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ലോക റെക്കോർഡ് ജേതാവായ (യുആർഎഫ്) കാരൂർ സോമൻ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്.
ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോർഡി ലിടം പിടിച്ചത്. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപ തോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, ആമസോൺ വഴി വിതരണം ചെയ്യുന്ന കെ പി ഇ പേപ്പർ പബ്ലിക്കേഷൻസ്, എന്നിവയുടെ ചീഫ് എഡിറ്ററാണ്.