വാഴനാരിൽ കരകൗശല വസ്തുക്കൾ വിരിയിക്കുന്ന എൽദോ
Wednesday, October 6, 2021 2:20 PM IST
കല്‍പ്പറ്റ: തിരുവനന്തപുരം കോവളത്തിനടുത്ത് വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ വയനാടന്‍ സാന്നിധ്യമായി നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന്.
വെള്ളാറില്‍ എട്ടര ഏക്കറില്‍ സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി രൂപകല്പന ചെയ്തു നിര്‍മിച്ച വില്ലേജില്‍ വയനാട്ടിലെ കൊളഗപ്പാറ ആസ്ഥാനമായുള്ള ഓര്‍ഗനൈസേഷന്റെ സ്റ്റുഡിയോ ഓഗസ്റ്റ് എഴിനു പ്രവര്‍ത്തനം തുടങ്ങും.
വാഴനാര് ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം, പ്രദര്‍ശനം, വിപണനം എന്നിവയാണ് സ്റ്റുഡിയോയില്‍ നടത്തുക. നിലവില്‍ 28 സ്റ്റുഡിയോകളാണ് വില്ലേജില്‍.
വയനാട്ടില്‍ രണ്ടു പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്നതാണ് ഓര്ഗനൈസേഷന്. വാഴനാര് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ നിപുണനായ മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോയാണ് ഓര്ഗനൈസേഷന് ചെയര്മാന്.
വാഴപ്പോളയില്‍നിന്നു നാരു വേര്‍തിരിക്കുന്നതിനും പിരിക്കുന്നതിനുമുള്ള യന്ത്രങ്ങള്‍ നാല്‍പ്പതുകാരനായ എല്‍ദോ നേരത്തേ വികസിപ്പിരുന്നു.
വയനാട്ടിലെ പൂക്കോട് 2014ല്‍ നടന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഗ്രാമീണ മേഖലയില്‍നിന്നുള്ള മികച്ച കണ്ടുപിടിത്തത്തിനുള്ള സമ്മാനം വാഴപ്പോളയില്‍നിന്നു നാരു വേര്‍തിരിക്കുന്ന യന്ത്രത്തിനായിരുന്നു.
പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചും സംയുക്തമായി 2018ല്‍ സംഘടിപ്പിച്ച സംസ്ഥാനതല സുഗന്ധവിള സെമിനാറിലായിരുന്നു നാരു പിരിക്കുന്നതിനു എല്‍ദോ വികസിപ്പിച്ച ഇലക്ട്രോണിക് റാട്ടിനു പുരസ്കാരം.
ഗുണനിലവാരം ഉറപ്പുവരുത്തിയ വാഴനാര് ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കളുടെ നിര്‍മാണവും പ്രദര്‍ശനവും വിപണനവുമാണ് സ്റ്റുഡിയോയില്‍ ഉണ്ടാകുകയെന്നു എല്‍ദോ പറഞ്ഞു.
വാഴനാര് ഉപയോഗിച്ച് വിവിധതരം ബാഗ്, തൊപ്പി, പഴ്സ്, പായ തുടങ്ങിയവ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ 35 വനിതകള്‍ ഓര്‍ഗനൈസേഷനില്‍ ജീവനക്കാരാണ്. ഇവരില്‍ ഏഴു പേരെ സ്റ്റുഡിയോയില്‍ നിയോഗിക്കാനാണ് എല്‍ദോയുടെ തീരുമാനം.

കരകൗശലവസ്തു നിര്‍മാണത്തില്‍ രാജ്യവ്യാപകമായി ഇതിനകം ഒരു ലക്ഷം പേര്‍ക്ക് എല്‍ദോ പരിശീലനം നല്‍കിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച എൽദോ അന്താരാഷ്ട്ര ശാസ്ത്രമേളകളില് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റില്‍ മൂന്നു പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്.
സംസ്ഥാന-ദേശീയതലങ്ങളില്‍ നേടിയ അംഗീകാരങ്ങളാണ് വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സ്്റ്റുഡിയോ പ്രവര്ത്തിപ്പിക്കുന്നതിനു ഓര്‍ഗനൈസേഷനു വഴിയൊരുക്കിയത്.