ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
Thursday, September 7, 2023 1:11 PM IST
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. സാധാരണക്കാരിയായ ഒരു വൃദ്ധസ്ത്രീ തന്റെ ആടിനെയും കൂട്ടി പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുകയാണ്.
പരിശോധനയ്ക്കിടെ വൃദ്ധയുടെ സമീപത്തെത്തിയ ടിടിഇ അവരോട് "നിങ്ങളുടെയും ആടിന്റെയും ടിക്കറ്റ് തരൂ...' എന്ന് ആവശ്യപ്പെട്ടു. ഒരു ഇരയെ കിട്ടിയ മട്ടിലായിരുന്നു ടിടിഇയുടെ ചോദ്യം.
എന്നാൽ വൃദ്ധയ്ക്കു യാതൊരു കൂസലുമുണ്ടായില്ല. ആടിനു ടിക്കറ്റ് എടുത്തിട്ടുണ്ടെന്നു സ്ത്രീ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. കൂടെയുള്ള ഭർത്താവ് ടിക്കറ്റ് എടുത്തുകാണിക്കുകയുംചെയ്തു.
പരിശോധകൻ നോക്കിയപ്പോൾ ആടിനും ടിക്കറ്റ് എടുത്തിട്ടുണ്ട്. പിന്നീട്, കൂടുതലൊന്നും പറയാതെ ടിടിഇ സ്ഥലം കാലിയാക്കി.
എക്സിൽ പങ്കുവച്ച ഇതിന്റെ വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി രസകരമായ പ്രതികരണങ്ങളും വീഡിയോയ്ക്കു ലഭിച്ചു.
ആട് അവർക്ക് വെറുമൊരു മൃഗം മാത്രമല്ല, അവരുടെ കുടുംബത്തിന്റെ ഭാഗമാണ്. അവരിൽനിന്നു ധാരാളം പഠിക്കാനുണ്ട്. അവരുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്...
ഇങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണങ്ങൾ. സംഭവം ഏതു ട്രെയിനിലാണെന്നു വീഡിയോയിലില്ല.