വാഹന പാര്‍ക്കിംഗിൽ വേണം ശ്രദ്ധ
Wednesday, April 30, 2025 2:40 PM IST
സ്വന്തം വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് സുരക്ഷിതമായ വാഹന പാര്‍ക്കിംഗ്. പലപ്പോഴും റോഡരികില്‍ കാണുന്നിടത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ടു പോകുന്നവരാണ് ഏറെയും.
നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം അതില്‍ ഡ്രൈവര്‍ ഇരുന്നാല്‍ പിഴ കൊടുക്കേണ്ടി വരില്ലെന്നാണ് പലരും കരുതുന്നത്. ഡ്രൈവര്‍ സീറ്റില്‍ ഉണ്ടെങ്കിലും അനധികൃത പാര്‍ക്കിംഗ് അല്ലാതാകുന്നില്ല.
മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകുമെന്ന് അറിയാമെങ്കിലും മിക്കവര്‍ക്കും പാര്‍ക്കിംഗ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നാണ് വാസ്തവം. പലപ്പോഴും അനധികൃത പാര്‍ക്കിംഗിന് പിഴ കൊടുക്കേണ്ടി വരുമ്പോള്‍ വാഹന ഉടമകള്‍ പോലീസുമായി തര്ക്കിക്കാറുമുണ്ട്.
നമ്മുടെ നിരത്തുകളില്‍ വാഹനത്തിരക്കിനുള്ള പ്രധാന കാരണവും ഈ അനധികൃത പാര്‍ക്കിംഗ് തന്നെയാണ്. എങ്ങനെ വാഹനം ഓടിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാര്‍ക്ക് ചെയ്യണം എന്നതും.
പാര്‍ക്കിംഗിന് ഏറെ പ്രാധാന്യം ഉണ്ടെന്നും നിരത്തുകളും പൊതു സ്ഥലങ്ങളും കൈയേറിയുള്ള പാര്‍ക്കിംഗ് ശരിയല്ലെന്നും ഓരോ വാഹന ഉടമയും അറിഞ്ഞിരിക്കണം. എവിടെയൊക്കെയാണ് പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്നത് എന്ന് അറിയാം.
എന്താണ് പാര്‍ക്കിംഗ്
ചരക്കുകളോ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് വാഹനം നിശ്ചലാവസ്ഥയില്‍ കാത്ത് കിടക്കുന്നതും, മൂന്നു മിനിറ്റില്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നതുമാണ് പാര്‍ക്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവിടെ പാര്‍ക്കിംഗ് പാടില്ല...
നോ പാര്‍ക്കിംഗ് മേഖലയിലോ പാര്‍ക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
മെയിന്‍ റോഡില്‍, അതിവേഗ ട്രാഫിക്കുള്ള റോഡുകളില്‍, ഫുട്പാത്തുകളില്‍, സൈക്കിള്‍ ട്രാക്ക്, കാല്‍നട ക്രോസിംഗിനു സമീപം ഇവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്
ബസ് സ്റ്റോപ്പുകള്‍, സ്കൂളുകള്‍, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങള്‍ക്ക് സമീപവും വാഹന പാര്‍ക്കിംഗ് പാടില്ല.
റോഡ് അടയാളങ്ങള്‍ തടസപ്പെടുത്തിയുള്ള പാര്‍ക്കിംഗ്.
തുരങ്കത്തില്‍/ബസ് ലൈനില്‍ എന്നിവിടങ്ങളിലും പാര്‍ക്കിംഗ് അനുവദനീയമല്ല.
റോഡ് ക്രോസിംഗുകള്‍ക്ക് സമീപം, കൊടും വളവുകള്‍, വളവിനു സമീപം, കുന്നിന് മുകളില്‍, അല്ലെങ്കില്‍ പാലത്തിന് സമീപം എന്നിവിടങ്ങളിലും പാര്‍ക്കിംഗ് പാടില്ല.
അംഗപരിമിതര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാര്‍ക്കിംഗ് പാടില്ല.
പാര്‍ക്കിംഗ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിലുള്ള പാര്‍ക്കിംഗും ശരിയല്ല.
റോഡിന്റെ തെറ്റായ ഭാഗത്ത്, റോഡരികില്‍ വരച്ചിട്ടുള്ള മഞ്ഞ ബോക്സില്‍/റോഡരികിലെ മഞ്ഞ വരയിലും (നോ സ്റ്റോപ്പിംഗ്/നോ പാര്‍ക്കിംഗ് സൈന്‍ ബോര്‍ഡ് ഉള്ള സ്ഥലങ്ങളില്‍) പാര്‍ക്കിംഗ് അനുവദനീയമല്ല.
മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് സമാന്തരമായോ പാര്‍ക്കിംഗ് പാടില്ല.
റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ സ്ഥലങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യരുത്.
പാര്‍ക്കിംഗ് ഒരു നിശ്ചിത സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത് ആ സമയത്തിന് ശേഷം വാഹനം പാര്‍ക്ക് ചെയ്യരുത്.
ഒരു നിശ്ചിത തരം വാഹനം അല്ലെങ്കില്‍ വാഹനങ്ങള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് ആ തരത്തില്‍പ്പെടാത്ത വാഹനമോ വാഹനങ്ങളോ പാര്‍ക്ക് ചെയ്യരുത്.
ബസ് സ്റ്റാന്‍ഡുകളില്‍ ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.