തുരങ്കപാത വരുമോ. ഇല്ലയോ? ചോദ്യമുനമ്പില്‍ മലയോര ജനത
Saturday, May 3, 2025 5:29 PM IST
കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മലയോര ജനതയെ ആശങ്കയിലാഴ്ത്തി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നു.
മലയോര ജനതയുടെ മൊത്തം പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ശരിയേത്, തെറ്റേത് എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
അനുമതി നിഷേധിച്ചോ?
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതി അനുമതി നിഷേധിച്ചെന്നും അതോടെ നിര്‍മാണ നീക്കം അനിശ്ചിതത്വത്തിലായെന്നുമുള്ള വാര്‍ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കുറിച്ച് പഠിക്കുന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നിഷേധിച്ചതെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത.
സംസ്ഥാനത്തിന്റെ ഭൗമ ഘടന, മണ്ണിടിച്ചില്‍, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ ഈ മാസം നാലിനു ചേര്‍ന്ന സമിതി യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും വാര്‍ത്തയുണ്ട്.
വാര്‍ത്ത അടിസ്ഥാനരഹിതം
അതേസമയം ഈ വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് ലിന്റോ ജോസഫ് എംഎല്‍എ പറഞ്ഞു. ഏപ്രില്‍ നാലിന് ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ മിനിട്സിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചു എന്ന് വാര്‍ത്ത പ്രചരിക്കുന്നത്.
അനുമതി നല്കുന്ന കാര്യം കൂടുതല്‍ വിവര ശേഖരണത്തിനു വേണ്ടി മാറ്റി വയ്ക്കുകയാണ് കമ്മിറ്റി ചെയതത്. ഇതാകട്ടെ സ്വാഭാവിക നടപടിയുമാണ്. സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയും ഇതുപോലുള്ള നടപടികള്‍ സ്വീകരിക്കുകയും അതിനു ശേഷം അന്തിമാനുമതി നല്‍കുകയുമായിരുന്നു.
ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കേന്ദ്ര പരിസ്ഥിതി കമ്മിറ്റിയുടെ അനുമതിയും ലഭിക്കുമെന്നു പറഞ്ഞ എം.എല്‍എ അടിസ്ഥാനമില്ലാത്ത ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാവരുതെന്നും അഭ്യര്‍ഥിച്ചു.
ഭോപാല്‍ ആസ്ഥാനമായ "ദിലീപ് ബില്‍ഡ് കോണ്‍ ' കമ്പനി നിര്‍മാണ പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി.1,341 കോടി രൂപയക്കാണ് ഇവര്‍ കരാറെടുത്തത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് വയനാട് മേപ്പാടിയിലെത്താന്‍ കേവലം 22 കിലോമീറ്ററാണ് തുരങ്ക പാതയ്ക്ക് വേണ്ടത്.
മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുമാവും. തുരങ്ക പാതയുടെ ഭാഗമായി ഇരുവഞ്ഞി പുഴയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ കരാര്‍ 80.4 കോടി രൂപയ്ക്ക് കൊല്‍ക്കത്തയിലെ റോയല്‍ ഇന്‍ഫ്രാ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എടുത്തത്.
പരിസ്ഥിതി ആഘാത സമിതി നേരത്തേ അനുമതി നല്കി
വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നേരത്തേ അനുമതി നല്‍കിയിരുന്നു. വ്യവസ്ഥതകളോടെയാണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്കെയില്‍ മാപ്പിംഗ് നടത്തിയാകും മുന്നോട്ടുപോകുക. കൂടാതെ ടണല്‍ റോഡിന്റെ ഇരുവശത്തും അതിതീവ്ര മഴ മുന്നറിയിപ്പ് നല്കുന്ന കാലാവസ്ഥ സ്റ്റേഷനുകള്‍ സ്ഥാപിക്കും. തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
തുരങ്ക പാത നിര്‍മാണത്തിന്റെ പ്രാഥമിക നടപടികളുമായി സര്‍ക്കാര്‍ ഉടന്‍ മുന്നോട്ടുപോകുന്നതിനിടെ യാണ് പുതിയ വിവാദങ്ങള്‍. വയനാട്ടിലേക്ക് താമരശേരി ചുരം റോഡിന് ബദലായി നിര്‍മിക്കുന്ന തുരങ്ക പാത വലിയ പ്രതീക്ഷയായിരുന്നു ഉയര്‍ത്തിയത്.