ഹരിതാഭം സംഗീതം
Wednesday, May 7, 2025 5:26 PM IST
എന്നും പുലര്‍ച്ചെ മൂന്നരയ്ക്ക് പീച്ചിയിലെ കാനന പാതയിലൂടെ സൈക്കിള്‍ ചവിട്ടുമ്പോള്‍ ഡോ. കണ്ണന് സി.എസ്. വാര്യരുടെ മനസിലേക്ക് മനോഹരമായ ഈണങ്ങള്‍ കടന്നെത്തും. പിന്നീടത് സുന്ദര ഗാനങ്ങളായി പിറവിയെടുക്കും.
അതേ, ഡോ. കണ്ണന് സി.എസ്. വാര്യര്‍ക്ക് കാടും സംഗീതവും ഒരുപോലെയാണ്. ഏതിനോടാണ് ഇഷ്ടം അല്പം കൂടുതലെന്നു ചോദിച്ചാല്‍ രണ്ടും ഒരുപോലെയാണെന്ന മറുപടിയാണ് ഡോ. കണ്ണനുള്ളത്.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. കണ്ണന് സി.എസ്. വാര്യരുടെ ഹരിതാഭ നിറഞ്ഞ സംഗീത ജീവിതത്തെക്കുറിച്ച് അറിയാം...
അമ്മയില്‍നിന്ന് കേട്ടറിഞ്ഞ സംഗീതം
ഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് പ്രഫ. എന്‍.എം.സി. വാര്യരുടെയും ശ്രീദേവി വാര്യരുടെയും മൂത്ത മകനായ കണ്ണന് കുട്ടിക്കാലം മുതല്‍ അമ്മ പാടുന്ന അഷ്ടപദി ഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്. ഏഴു വയസുമുതല്‍ ശ്രീദേവി വാര്യരാണ് മകനെ സംഗീതം പഠിപ്പിച്ചു തുടങ്ങിയത്.
സ്കൂള്‍ കലോത്സവങ്ങളില്‍ അമ്മ പഠിപ്പിച്ച് വിട്ട കവിതകള്‍ ചൊല്ലി കണ്ണന് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. അഷ്ടപദി ഗായിക രത്നം കീര്‍ത്തി നേടിയ ശ്രീദേവി വാര്യര്‍ ലളിതഗാനങ്ങളും ആലപിച്ചിരുന്നു.
ഹരിപ്പാട് ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തില് ഗാനം കംപോസ് ചെയ്ത് അവതരിപ്പിച്ച് കണ്ണന് കൈയടി നേടി.
തുടര്‍ന്ന് ഹരിപ്പാട് മീനാക്ഷിയമ്മ ടീച്ചര്‍, പത്തിയൂര്‍ ഭാസ്ക്കര കുറുപ്പ് മാഷ് എന്നിവരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം പഠിച്ചു. മാവേലിക്കര രാധാകൃഷ്ണന്, ഹരിപ്പാട് എം,എസ് രാജു എന്നിവരുടെ കീഴില്‍ മൃദംഗ വായനയും അഭ്യസിച്ചു.
മറ്റ് വാദ്യോപകരണങ്ങള്‍ വായിക്കാന്‍ സ്വന്തമായി പഠിച്ചെടുത്തു. 1988 ല്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം .എം കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ നടന്ന റിപ്ലബ്ലിക് ദിന ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വൃന്ദവാദ്യത്തിന് ദേശീയതലത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു.
ഇലക്ട്രിക് ഗിറ്റാറാണ് അന്ന് ഉപയോഗിച്ചത്. കലയ്ക്കൊപ്പം പഠനത്തിലും സമര്‍ഥനായിരുന്നു കണ്ണന്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഫോറസ്ട്രി കോളജ് വിദ്യാര്‍ഥിയായിരിക്കേ ബിഎസ്സി, എംഎസ്സി പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയാണ് കണ്ണന് വിജയിച്ചത്.
ഈ അഞ്ചു വര്‍ഷക്കാലം സര്‍കലാശാല കലോത്സവത്തില്‍ കലാപ്രതിഭയായിരുന്നു. മോണോആക്ട്, വെസ്റ്റേണ്‍ മ്യൂസിക്, മിമിക്രി, വാദ്യോപകരണങ്ങളായ ഗിറ്റാര്‍, മൃദംഗം, ഹാര്‍മോണിയം, ഹാര്‍മോണിക്ക എന്നിവയിലെല്ലാം കണ്ണന് നിരവധി സമ്മാനങ്ങള്‍ നേടി.
സ്വന്തമായുള്ളത് 317 പ്രബന്ധങ്ങളും ഒരു പേറ്റന്റും
1997 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗില്‍ ശാസ്ത്രജ്ഞനായി കണ്ണന് ജോലിയില്‍ പ്രവേശിപ്പിച്ചു. ഏറെക്കാലം കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വനഗവേഷണ കേന്ദ്രം ചീഫ് സയന്റിസ്റ്റായിരുന്നു.
ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ഡോ. കണ്ണന് സി.എസ്. വാര്യര്‍. വനശാസ്ത്ര മേഖലയില്‍ ഇന്ത്യയിലെ പരമോന്നത സമിതിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്റെ (ഐസിഎഫ്ആര്‍ഇ) മികച്ച ഗവേഷകനുള്ള ദേശീയ പുരസ്കാര ജേതാവാണ് ഇദ്ദേഹം.
ഉപ്പുരസമേറിയ മണ്ണിനു യോജിച്ച കാറ്റാടിമരങ്ങളുടെ മൂന്നു ക്ലോണുകളെ രാജ്യത്താദ്യമായി വികസിപ്പിച്ചത് ഡോ. കണ്ണന് വാര്യരാണ്. കേരളത്തില്‍ കാടില്ലാത്ത ഏക ജില്ലയായ ആലപ്പുഴയിലെ കാവുകളെപ്പറ്റിയുള്ള സമഗ്രപഠനത്തിനു ജൈവവൈവിധ്യ മേഖലയിലെ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള റോള എസ്. റാവു ദേശീയ പുരസ്കാരവും 2010 ല്‍ ഇദ്ദേഹം നേടി.
യുനൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സര്‍വീസ് യുഎസില്‍ നടത്തിയ വന ജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളിയാണ്. എഫ്എഒ ഏകോപിപ്പിച്ച ആഗോള വന ജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു.
യുനെസ്കോ രാജ്യാന്തര തലത്തില്‍ വികസിപ്പിച്ച ഡേറ്റാ അനാലിസിസ് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ചു വനത്തോട്ടങ്ങളുടെ വിളവ് നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റ് നേടി.
ഉയര്‍ന്ന വിളവ് ലഭിക്കുന്ന ക്ലോണല്‍ തോട്ടങ്ങള്‍ വളര്‍ത്തുന്നതിനായി വിവിധ വന വികസന കോര്‍പറേഷനുകളുടെ കണ്‍സള്‍ട്ടന്റ് അംഗമായി. 2020ല്‍ ഇന്ത്യയിലെ മികച്ച വന ഗവേഷകനുള്ള പുരസ്കാരം ലഭിച്ചു. 317 പ്രബന്ധങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി പരിസ്ഥിതി ദിനത്തില്‍ യജുര്‍വേദത്തെ ആസ്പദമാക്കി പ്രകൃതിവന്ദനം എന്ന ഗാനം സംഗീതം നല്കി ആലപിച്ചു. വനമഹോത്സവത്തില്‍ ഹിറ്റായി മാറിയ കേരള സംസ്ഥാന വനം വകുപ്പിന്റെ തീം സോംഗ്, പി. ജയചന്ദ്രന് ആലപിച്ച "കാടറിവി'ന് സംഗീതം നല്‍കിയത് ഡോ. കണ്ണന് വാര്യരാണ്.
ഐക്യരാഷ്ട്ര സഭയുടെ 2022ലെ രാജ്യന്തര വനദിനത്തിന്റെ ഭാഗമായി ബാങ്കോക്കില്‍ നടത്തിയ ബോധവല്‍ക്കരണ സംരംഭത്തില്‍ "തടിയില്‍നിന്നും സംഗീതം' എന്ന സംഗീത പരിപാടി മകന് അമൃത് വാര്യര്‍ക്കൊപ്പം അവതരിപ്പിച്ചു.
2025 ജനുവരി 30 ന് സംസ്ഥാന വനം വകുപ്പ് പുറത്തിറക്കിയ തീം സോംഗായ വനനീരിന് സംഗീതം നല്കി. കേന്ദ്ര വനം മന്ത്രാലയത്തിനുവേണ്ടി മൂന്നു വനം പരിസ്ഥിതി ബോധവത്കരണ ഗാനങ്ങളും ഇദ്ദേഹം പുറത്തിറക്കുകയുണ്ടായി.
ശാസ്ത്രജ്ഞനും സംഗീതജ്ഞനും ശാസ്ത്രവും സംഗീതവും ഒരുപോലെ കൊണ്ടുപോകാനാണ് തനിക്കിഷ്ടമെന്ന് ഡോ. കണ്ണന് വാര്യര്‍ പറയുന്നു. സ്വന്തമായി ഈണം നല്കി പാടിയ "ദശപുഷ്പം' എന്ന ഭക്തിഗാന ആല്‍ബത്തിന് പുറമെ "ലളിതം' എന്ന കര്‍ണാടക സംഗീത ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.
കണ്ണന് വാര്യര്‍ എന്ന യുട്യൂബ് ചാനലില്‍ ഇദ്ദേഹം തന്നെ സംഗീതം നല്കി ആലപിച്ച നൂറോളം ഗാനങ്ങളുമുണ്ട്. ഓര്‍മച്ചെപ്പ് എന്ന ഫേസ്ബുക്ക് പംക്തിയിലൂടെ എല്ലാ വെള്ളിയാഴ്ചകളിലും തന്റെ ബാല്യകാല, സ്കൂള്‍, കോളജ് അനുഭവങ്ങളാണ് ഡോ. കണ്ണന് വാര്യര്‍ പങ്കുവയ്ക്കുന്നത്.
ഐഎഫ്ജിടിബിയില് ചീഫ് സയന്റിസ്റ്റായ ഭാര്യ രേഖാ വാര്യരും ഗായകരും ഉപകരണ സംഗീതം വായിക്കുന്നവരുമായ ഇരട്ടക്കുട്ടികള്‍ അമൃത് കെ. വാര്യരും അനിരുദ്ധ്.കെ. വാര്യരും ഡോ. കണ്ണന് വാര്യര്‍ക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.