അയ്യമ്പിള്ളി പെരുമയില്‍ ആമ വൈബുമായി പ്രവീണ്‍ അയ്യമ്പിള്ളി
ഹരുണി സുരേഷ് വൈപ്പിന്‍
Wednesday, August 6, 2025 1:46 PM IST
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരനും മുന്‍ പത്രാധിപരുമൊക്കെയായ അയ്യമ്പിള്ളി ഭാസ്കരന്, സിനിമ സംവിധായകനായ ചാള്‍സ് അയ്യമ്പിള്ളി, സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി, നാടക രചയിതാവും സംവിധായകനുമായിരുന്ന പരേതനായ ബാലന് അയ്യമ്പിള്ളി എന്നിവരൊക്കെ ജനിച്ചു വളര്‍ന്ന കലയുടെ വളക്കൂറുള്ള മണ്ണാണിത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍പ്പെട്ട അയ്യമ്പിള്ളി എന്ന ഗ്രാമത്തെ കലയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മനസിലേക്ക് എത്തിച്ച മഹദ് വ്യക്തികളെന്നുവേണം ഇവരെ വിശേഷിപ്പിക്കാന്‍. ഇവര്‍ക്ക് പിന്നാലെ അയ്യമ്പിള്ളിക്ക് പെരുമ കൂട്ടാന്‍ ഇപ്പോഴിതാ പ്രവീണ്‍ അയ്യമ്പിള്ളി എന്ന യുവ താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്.
ഹൃദയം തൊട്ട ആമ വൈബ്
ആമ വൈബ് എന്ന ഒറ്റ കൃതിയിലൂടെ കലാഹൃദയത്തിന്റെ ഉള്ളു തൊട്ട പ്രവീണ്‍ പഠന കാലം മുതല്‍ക്കെ കഥയും കവിതയുമൊക്കെ മനസില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്നയാളാണ്.
രചനകള്‍ ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് രണ്ടു തവണ സംസ്ഥാന പാരലല്‍ കോളജ് കലോത്സത്തില്‍ കലാപ്രതിഭയുമായി. സാമൂഹ്യ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇപ്പോള്‍ പ്രവീണിന്റെ ലൈവ് കവിതകള്‍ സുപരിചിതമായിരിക്കും.
എന്നാല്‍ ആമ വൈബ് എന്ന കഥ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ചരിതമാണ് പറയുന്നത്. പഴയ തലമുറ ഇത് വായിക്കുമ്പോഴാകട്ടെ ഇതൊരു അനുഭവമാകാം. വെറും അനുഭവമല്ല, ഗൃഹാതുരത്വം വിളമ്പുന്ന അനുഭവമെന്ന് തന്നെ പറയാം. ഇനി പുതു തലമുറയുടെ കാര്യം പറഞ്ഞാലോ, അവരെ ഈ കൃതി ജിജ്ഞാസുക്കളാക്കും.
പേരിലും വൈഭവം
ആമ വൈബ് എന്ന പേരു തന്നെ ഒരു വൈഭവമാണ്. പഴമയെ പുതുമയ്ക്ക് രസകരമായി പറഞ്ഞു കൊടുക്കുന്ന ചാലകമായ ഈ പുസ്തകത്തില്‍ പഴയ തലമുറയെയും പുതിയ തലമുറയെയും ശീര്‍ഷകത്തിന്റെ രണ്ട് അറ്റത്തുമായി വായനക്കാരന് കണ്ടെത്താം കഴിയും.
150 പേജുകള്‍ ള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം 149 ഓളം കുറിപ്പുകളാണ്. 49കാരനായ പ്രവീണിനു ഓര്‍മവച്ച നാള് മുതല്‍ ഹൃദയത്തില്‍ പതിഞ്ഞതും ഇപ്പോള്‍ അന്യംനിന്നു പോയതുമായ നാട്ടുകാഴ്ചകളാണ് ഭൂരിഭാഗവും.
ഇതില്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടകള്‍, പലചരക്ക് കടകള്‍, സിനിമ കൊട്ടകകള്‍, ഉത്സവങ്ങള്‍, ആര്‍ട്സ് ക്ലബ്ബുകള്‍, പാരലല്‍ കോളജ്, കല്യാണ വീടുകള്‍, കുട്ടികളിലെ പഴയകാല വിനോദങ്ങള്‍ തുടങ്ങിയ വിശേഷങ്ങളാണ് പ്രതിപാദ്യം.
ഇവയില്‍ പലതും ഇന്നത്തെ വൈബ് പ്രയോഗത്തിന്റെ സൃഷ്ടാക്കളായ പുത്തന്‍ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. ഇവ കൂടാതെ ഗുരുക്കന്മാരും സഹപാഠികളും കൈ പിടിച്ച് ഉയര്‍ത്തിയവരും അല്ലാത്തവരുമൊക്കെ പച്ചയായ കഥാപാത്രങ്ങളാകുന്ന കുറിപ്പുകളും പുസ്തകത്തിലുണ്ട്. എല്ലാം ഹാസ്യരൂപേണയും അല്ലാതെയും അവതരിപ്പിച്ചിരിക്കുകയാണ് പ്രവീണ്‍.
കഥകളായത് ജോലിത്തിരക്കിനിടയിലെ കുറിപ്പുകള്‍
പ്രമുഖ എഫ്എം റേഡിയോയില്‍ തൃശൂരിലെ പ്രോഗ്രാം പ്രൊഡ്യൂസറാണ് പ്രവീണ്‍. ജോലിത്തിരക്കുകള്‍ക്കിടയിലാണ് ഇത്തരം കുറിപ്പുകള്‍ പലതും പിറവിയെടുത്ത് പിന്നീട് കൃതിയായി മാറിയത്.
പുസ്തകത്തിനന്റെ പ്രകാശനം കഴിഞ്ഞ ദിവസം ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറം നിര്‍വഹിച്ചു. മാലിപ്പുറത്തെ ഹാംലെറ്റ് പബ്ലിക്കയാണ് പ്രസാധകര്. രശ്മിയാണ് പ്രവീണിനന്റെ ഭാര്യ.മക്കള്‍: ശ്രീലക്ഷ്മി, ആവണി.