ചേര്‍ത്തല പള്ളിപ്പുറത്തെ ധര്‍മസ്ഥല
Friday, August 8, 2025 1:30 PM IST
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കുകയാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം സെബാസ്റ്റ്യന്‍ (67). നാലു സ്ത്രീകളുടെ തിരോധാനങ്ങളുടെ ചുരുളഴിക്കാന്‍ കസ്റ്റഡിയിലെടുത്തപ്പോഴൊക്കെ സെബാസ്റ്റ്യന്‍ അതിവിദഗ്ധമായി തലയൂരി.
അവസാനം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലചെയ്യപ്പെട്ടതില്‍ സെബാസ്റ്റ്യനു പങ്കുണ്ടോ എന്നതിലാണ് അന്വേഷണം നടന്നുവരുന്നത്.
കേരളത്തിന്റെ ധർമസ്ഥല
കൊല്ലപ്പെട്ട ജെയ്നമ്മ, 2020ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്, 2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു എന്നിവരെ സംബന്ധിച്ച കേസുകളിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്.
കേരളത്തിന്റെ ധര്മസ്ഥലയായി മാറിയിരിക്കുന്നു ചേര്‍ത്തല പള്ളിപ്പുറം ഒന്‍പതാം വാര്‍ഡില്‍ രണ്ടര ഏക്കര്‍ കാടുപിടിച്ച ചെങ്ങുംതറ പുരയിടം. ഇവിടെനിന്ന് ലഭിച്ച മനുഷ്യ അസ്ഥികള്‍ ആരുടേതാണെന്നറിയാന്‍ ഇന്നോ നാളെയോ ഡിഎന്‍എ പരിശോധനാ ഫലം വരും.
ഇത് ജെയ്നമ്മയുടേതല്ലെങ്കില് കൊല്ലപ്പെട്ടത് മറ്റാരാണ്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രത്തിന്റെയും വാച്ചിന്റെയും ബാഗിന്റെയും അവശിഷ്ടങ്ങള്‍ ആരുടേതാണ്. ഈ നാലു പേരെ കൂടാതെ മറ്റാരെങ്കിലും കൊല ചെയ്യപ്പെട്ടോ എന്നതൊക്കെ പുറത്തുവരേണ്ടിയിരിക്കുന്നു.
ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു
കാണാതായവരുടെ ഫോണുകള്‍ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയെന്നതിന് തെളിവുണ്ട്. എന്നാല്‍ കാണാമറയത്തായവര് എവിടെയെന്നതില്‍ വ്യക്തമായ ഉത്തരമൊന്നും നല്‍കാതെ സെബാസ്റ്റ്യന്‍ ക്രൈം ബ്രാഞ്ചിനെ കുഴപ്പിക്കുന്നു.
പ്രമേഹരോഗിയായ ഇയാള്‍ രോഗവും ക്ഷീണവും മൗനവും നടിക്കുന്നു. ചോദ്യങ്ങള്‍ക്ക് ബന്ധമില്ലാത്ത മറുപടി നല്കുന്നു. ചെങ്ങുംതറ പുരയിടം കുഴിച്ചുമറിച്ച് അസ്ഥികള്‍ക്കായി പരിശോധന തുടരുകയാണ്. കുളങ്ങള്‍ വറ്റിച്ചും പുരയുടെ തറ മാന്തിയുമൊക്കെ പരതുകയാണ്.
നാലു സ്ത്രീകളെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെങ്കില്‍ എങ്ങനെ കൊന്നു, ആരുടെ സഹായം ലഭിച്ചു, മൃതദേഹങ്ങള്‍ എവിടെ മറവുചെയ്തു എന്നൊക്കെയുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം. ജെയ്നമ്മയും ബിന്ദുവും ഐഷയും സിന്ധുവും ജീവിച്ചിരിപ്പില്ലെന്ന് പോലീസ് ഉറപ്പിച്ചുകഴിഞ്ഞു.
നാലു പേരുമായും സെബാസ്റ്റ്യന്‍ പണം, സ്ഥലം ഉള്‍പ്പെടെ വിവിധ വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. 2008ല്‍ അന്‍പത്തി രണ്ടാം വയസില്‍ നാല്പത്തിരണ്ടുകാരിയായ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി സുബിയെയാണ് സെബാസ്റ്റ്യന്‍ വിവാഹം ചെയ്തത്.
ഇവര്‍ക്ക് 11 വയസുള്ള കുട്ടിയുണ്ട്. ഭാര്യ സുബി ഒന്നോ രണ്ടോ വര്‍ഷമേ ചേര്‍ത്തലയില്‍ താമസിച്ചിട്ടുള്ളു. ഭാര്യയും മകളും ഏറെക്കാലവും വെട്ടിമുകളിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. സെബാസ്റ്റ്യന്റെ ഭാര്യാ സഹോദരന് അവിവാഹിതനാണ്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ സുബിയുടെ വീട്ടിലും ചേര്‍ത്തലയിലുമായി കഴിയുന്നു. ഭര്‍ത്താവിന് സാമ്പത്തിക ഇടപാടുകളും ബ്രോക്കര്‍ പണിയുമുണ്ടെന്നല്ലാതെ ക്രിമനല്‍ പശ്ചാത്തലമുള്ളതായി ഭാര്യ വിശ്വസിക്കുന്നില്ല.
ഭക്ഷണത്തിൽ വിഷം ചേർത്തു
എന്നാല്‍ ചേര്‍ത്തലയില്‍ നന്നേ ചെറുപ്പത്തില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊടുത്ത സെബാസ്റ്റ്യന്റെ ചെയ്തികളെപ്പറ്റി അയല്‍ക്കാര്‍ ആക്ഷേപം പറയുന്നുണ്ട്.
ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലെ അന്വേഷണങ്ങളില്‍ നിന്ന് സെബാസ്റ്റ്യന്‍ തലനാരിഴയ്ക്ക് തന്ത്രപരമായി രക്ഷപ്പെട്ടു. അവസാനം സെബാസ്റ്റ്യന്‍ കുരുക്കിലായത് അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനത്തിലാണ്.
ജെയ്നമ്മയുമായി സൗഹൃദമുണ്ടാക്കി ചേര്‍ത്തല പള്ളിപ്പുറത്ത് വിളിച്ചുവരുത്തി ആറു പവന് സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കി പണയം വെച്ചതും വിറ്റതുമായ തെളിവുകള്‍ പോലീസ് കണ്ടെത്തി.
എന്നാല്‍ ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് സെബാസ്റ്റ്യനില്‍ നിന്ന് ഇനിയും ഉത്തരമുണ്ടായില്ല. ജെയ്നമ്മയുടെ തിരോധാനത്തിനുശേഷം അവരുടെ മൊബൈല്‍ സിം സെബാസ്റ്റ്യന്‍ കൈവശം വയ്ക്കുകയും ഇടയ്ക്കിടെ ബന്ധുക്കള്‍ക്ക് മിസ്ഡ് കോളുകള്‍ അയയ്ക്കുകയും ചെയ്തുപോന്നു.
ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ തന്ത്രം. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല. മിസ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.
എന്നാല്‍ മിസ് കോള്‍ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിലെ കടയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്തതിന്റെ തെളിവുകളും കാമറ ദൃശ്യങ്ങളുമാണ് സെബാസ്റ്റ്യനെ കുടുക്കിയത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നാലു സ്ത്രീകള്‍ക്കു പുറമെ കൃത്യങ്ങള്‍ക്ക് സെബാസ്റ്റ്യന്റെ സഹായിയായിരുന്ന മനോജിനെയും ഇയാള്‍ വകവരുത്തിയതായാണ് സൂചന.
മനോജിന്റേത് ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതാണോ എന്നതില്‍ സംശയമുണ്ട്. ജെയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ സാമ്പിളുകളാണ് ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്.
ഡിഎന്‍എ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ കൊലചെയ്യപ്പെട്ടത് ജെയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകൂ. ക്ലിപ്പിട്ട ഒരു പല്ല് കണ്ടെടുത്തത് ഐഷയുടേതാണെന്ന് സംശയിക്കുന്നു. ജെയ്നമ്മയുടെ പല്ലിന് ക്ലിപ്പുണ്ടായിരുന്നില്ല.
ഒരാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും രോഗവും ക്ഷീണവും മറവിയും നടിച്ച് സെബാസ്റ്റ്യന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ്. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കാലിലെ മുറിവ് ദിവസവും ഡ്രസ് ചെയ്യണം. നാലു നേരം കൃത്യമായി ഭക്ഷണം വേണമെന്നും നിര്‍ബന്ധമുണ്ട്.
വ്യാജരേഖ ചമച്ച് കബളിപ്പിച്ചു
എല്ലാ ഇരകളുടെയും ഭൂമി, ആഭരണം, പണം തുടങ്ങിയവ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് സര്‍ക്കാരിനെയും ബാങ്കുകളെയും കബളിപ്പിച്ചിട്ടുണ്ട്. വെട്ടിമുകളിലെ ഭാര്യവീട്ടില്‍ കഴിയുമ്പോള്‍ സമീപത്തെ കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിയതില്‍ പന്തീരായിരം രൂപ സെബാസ്റ്റ്യന്‍ കൊടുക്കാനുണ്ട്.
സ്ത്രീകളെ കബളിപ്പിച്ച് കോടികളുടെ പണവും ആസ്തിയും സെബാസ്റ്റ്യന്‍ സമ്പാദിച്ചിട്ടുണ്ട്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതില്‍ വ്യക്തതയില്ല. സ്വകാര്യ ബസ് കണ്ടക്ടര്‍, ടാക്സി ഡ്രൈവര്‍ എന്നീ നിലകളില്‍ നിന്ന് അതിവേഗത്തിലായിരുന്നു ബ്രോക്കര്‍ പണിയില്‍ നിന്ന് ഇയാള്‍ പണം സമ്പാദിച്ചത്.
കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.
ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഐഷയെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ റോസമ്മയാണ് സ്ഥലം വില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഐഷയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.
പുനരന്വേഷണം
ഐഷയുടെ തിരോധാനക്കേസ് പോലീസ് ഇപ്പോള്‍ പുനന്വേഷിക്കുകയാണ്. ഒരിക്കല്‍ മടക്കിയ ഫയല്‍ തുറക്കാന്‍ പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്.
നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2012 ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ വന്നു താമസിക്കുകയും ചേര്ത്തലയിലേക്കെന്ന പേരില്‍ ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പണമിടപാടുണ്ടെന്നും പലിശ വാങ്ങാന്‍ പോവുകയാണെന്നും ഭാര്യയെ ധരിപ്പിച്ചാണ് ഇയാള്‍ പോയിരുന്നത്.
ജെയ്നമ്മയുടെ ദുരൂഹമരണത്തില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായത് പത്രത്തിലും ചാനലുകളിലും നിന്നാണ് അറിഞ്ഞതെന്ന് ഭാര്യ സുബി പറയുന്നു. ഭര്‍ത്താവ് ഇത്രത്തോളം ക്രൂരത ചെയ്യുമെന്ന വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ കരുതുന്നു.