ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: വിസ്മയയുടെ സന്ദേശം കേരളത്തെ ഞെട്ടിച്ചു
Monday, August 11, 2025 3:47 PM IST
""ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അയാള്‍ എന്റെ മുടി പിടിച്ചു വലിച്ചു, എന്നെ അടിച്ചു, എന്നെ അസഭ്യം പറഞ്ഞു,'' 2021 ജൂണില്‍ 22 കാരിയായ വിസ്മയ നായര്‍ തന്റെ സുഹൃത്തിന് അയച്ച ഈ സന്ദേശം കേരളത്തില്‍ ഞെട്ടലുണ്ടാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവളെ മരിച്ച നിലയില്‍ കണ്ടെത്തി. 2022 മെയ് 23 ന്, വിസ്മയയുടെ മരണത്തിന് ഒരു വര്‍ഷത്തിനുള്ളില്‍, ഭര്‍ത്താവ് കിരണ്‍ കുമാര്‍ അവളുടെ മരണത്തിന് ശിക്ഷിക്കപ്പെട്ടു.
2021ജൂണ്‍ മാസത്തിലാണ് ചടയമംഗലം നിലമേല്‍ സ്വദേശിനി വിസ്മയ മരിച്ചത്.
ഗാര്‍ഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ആ മരണത്തിനുപിന്നാലെ പുറത്തറിഞ്ഞു തുടങ്ങിയത്. വിവാഹം കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ ശാരീരിക-മാനസിക പീഡനം. ഒ
രിക്കല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയ വിസ്മയയെ പറഞ്ഞു പറ്റിച്ച് വീണ്ടും കൂടെക്കൂട്ടി ശാസ്താംകോട്ട സ്വദേശി കിരണ്‍കുമാര്‍. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍കുമാര്‍ തന്റെ സര്‍ക്കാര്‍ ജോലിയില്‍ അഭിരമിച്ചിരുന്നു.
കൂടുതല്‍ തുക സ്ത്രീധനം കിട്ടാനുള്ള യോഗ്യതയായാണ് അയാള്‍ തനന്റെ ജോലിയെ കണ്ടത്. തുടരെത്തുടരെയുള്ള പീഡനത്തിനൊടുവില്‍ നഷ്ടമായത് ഒരു ഇരുപത്തിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ ജീവനാണ്.
സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും ശേഷം ഭാര്യ വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതിന് എസ്. കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.
ആയുര്‍വേദ മെഡിസിനില്‍ ബിരുദം നേടിയിരുന്ന വിസ്മയ വി. നായരെ 2021 ജൂണ്‍ 21 ന് കൊല്ലത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
22 വയസുള്ള വിസ്മയ കടയ്ക്കലിനടുത്തുള്ള നിലമേല്‍ സ്വദേശിനിയായിരുന്നു. സ്ത്രീധനമായി നല്കിയ കാറിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ പലതവണ ക്രൂരമായി മര്‍ദിച്ചുവെന്നു പറഞ്ഞ് ബന്ധുവിനു സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അവരുടെ മരണം.
വിസ്മയയുടെ ഒരു ശബ്ദരേഖ പുറത്തുവന്നതും ഞെട്ടിക്കുന്നതാണ്. കിരണിന്റെ കൈകളില്‍നിന്നു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കരയുന്നതും പരാതിപ്പെടുന്നതുമായ വിസ്മയയുടെ ശബ്ദമാണ് ഓഡിയോയില്‍ കേള്‍ക്കുന്നത്.
""എന്നെ ഇവിടെ താമസിക്കാന്‍ നിര്‍ബന്ധിച്ചാല്‍, നിങ്ങള്‍ എന്നെ ഇനി കാണില്ല,'' ഓഡിയോയില്‍ പറയുന്നു. "" ഞാന്‍ എന്തെങ്കിലും ചെയ്യും, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. അച്ചാ (അച്ഛാ), എനിക്ക് തിരിച്ചുവരണം. എനിക്ക് പേടിയാണ്, എന്നെ തല്ലും,'' വിസ്മയ കണ്ണീരോടെ പറയുന്നത് കേള്‍ക്കാം.
2021-ല്‍, മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, വിസ്മയ തനന്റെ ബന്ധുവിന് ചില വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു, അതില്‍ താന്‍ കടുത്ത ആക്രമണത്തിന് ഇരയായതായി പറഞ്ഞിരുന്നു. തന്നെ ആക്രമിച്ചതിന് ശേഷം ഭര്‍ത്താവ് തനന്റെ മുടി പിന്നിലേക്ക് വലിച്ച് മുഖത്ത് ചവിട്ടിയെന്ന് അവര്‍ എഴുതിയിരുന്നു.
ആക്രമണത്തെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ലെന്ന് അവര്‍ സന്ദേശത്തില്‍ പറയുന്നു. ബന്ധുവിനൊപ്പം പങ്കിട്ട ഫോട്ടോകളില്‍ അവളുടെ മുഖത്തും തോളിലും കൈകളിലും പരിക്കുകള്‍ കാണിക്കുന്നു. വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക തെളിവുകളില്‍ ഒന്നായിരുന്നു ഇത്.
വിസ്മയയുടെ മരണശേഷം, കുടുംബം സ്ത്രീധനമായി 100 പവന്, ഒരു ഏക്കര്‍ ഭൂമി, ഒരു ടൊയോട്ട യാരിസ് കാര്‍ എന്നിവ നല്‍കിയിരുന്നതായും എന്നാല്‍ മറ്റൊരു മോഡലിലുള്ള കാര്‍ വേണമെന്നും കൂടുതല്‍ പണം വേണമെന്നും ആഗ്രഹിച്ചിരുന്നതായും വിസ്മയയുടെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
കിരണ്‍ വിസ്മയയെ നേരത്തെയും ആക്രമിച്ചതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് മരണശേഷം പിതാവ് പറഞ്ഞിരുന്നു .
ഉത്രയേ മറക്കാന്‍ കഴിയുമോ
ഉത്രയും കൊല്ലം സ്വദേശിയാണ്. 2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ചല്‍ സ്വദേശി ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വവും അതിക്രൂരവുമായ കേസില്‍ ഭര്‍ത്താവ് സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷയും ലഭിച്ചു.
17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ്, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്രയുടെ (25) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്.
ആറിന് സന്ധ്യയോടെ ഉത്രയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, നേരത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.
ഇതിന് മുന്‍പ് മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് അണലിയെക്കൊണ്ടും ഉത്രയെ കടിപ്പിച്ചിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് ശേഷം ഉത്ര വിശ്രമിക്കുമ്പോഴായിരുന്നു മൂര്‍ഖനെ ഉപയോഗിച്ചുള്ള കൊലപാതകം.
ഇറച്ചിയില്‍ പാമ്പിനെ കടിപ്പിച്ചും പരീക്ഷണം
ഉത്രയെ കടിച്ച അതേ വലിപ്പത്തിലുള്ള മൂര്‍ഖനെ ഉപയോഗിച്ച് പരീക്ഷണം നടത്തിയും കൊലപാതകമാണെന്ന് അന്വേഷണ സംഘം സമര്‍ഥിച്ചു. മൂര്‍ഖന്റെ പത്തിയില്‍ ബലം പ്രയോഗിച്ച് കോഴിയിറച്ചിയില്‍ കടിപ്പിച്ചു.
സ്വാഭാവിക കടിയെങ്കില്‍1.5 1.8 സെന്റിമീറ്റര്‍ വരെയായിരിക്കും പല്ലുകള്‍ തമ്മിലുള്ള അകലം. ബലമായി കടിപ്പിച്ചാലിത് 2.4 സെ. മീ. വരെയാകും. ഉത്രയുടെ ശരീരത്തില്‍ പല്ലുകളുടെ പാടുകള്‍ തമ്മിലുള്ള അകലം ഇത്രയുമുണ്ടായിരുന്നു.
കൂടുതല്‍ സ്വത്താവശ്യപ്പെട്ടു, സംശയം സൂരജിലേക്കെത്തി
പാമ്പു കടിച്ചുള്ള സ്വാഭാവിക മരണമെന്ന് സൂരജ് പറഞ്ഞത് ആദ്യം വിശ്വസിച്ച ഉത്രയുടെ വീട്ടുകാരോട് സ്ത്രീധനമായി നല്കിയ കാര്‍ തന്റെ പേരിലേക്ക് മാറ്റണമെന്ന് മരണത്തിന്റെ അഞ്ചാം ദിവസം ഇയാള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ സ്വത്തുക്കളും ചോദിച്ചതോടെ സംശയം ബലപ്പെട്ടു. മേയ് 21ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് അഞ്ചല്‍ പോലീസിന് പരാതി നല്കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്.പി ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
അന്നുതന്നെ സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൊഴികളില്‍ നിറയെ വൈരുദ്ധ്യമായിരുന്നു. കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 25ന് അറസ്റ്റ് ചെയ്തു.