അമേരിക്കയിലെ ഇന്ത്യൻ ശക്തി
ഡോ. ടി.വി. മുരളീവല്ലഭൻ
Thursday, August 14, 2025 12:41 AM IST
അമേരിക്കയാണ് ലോകത്തിന്റെ കാവൽക്കാരനായ പോലീസുകാരൻ എന്ന് പണ്ട് പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ കരുതലില്ലാത്ത ക്രൂരനായ പോലീസുകാരൻ എന്നു പറയേണ്ടിവരും. അമേരിക്കയെ ലോകരാജ്യങ്ങളിൽ ഒന്നാമതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ട്രംപിന്റെ തീരുവതീരുമാനം എത്രമാത്രം ഫലവത്താകുമെന്നു കണ്ടറിയണം. കാരണം, ഈ തീരുവചുമത്തൽ മറ്റു രാജ്യങ്ങളോട് പൊതുവെയും ഇന്ത്യയോടു പ്രത്യേകിച്ചുമുള്ള വാണിജ്യ യുദ്ധപ്രഖ്യാപനം പോലെയാണ് തോന്നുന്നത്. അമേരിക്കയിലെ സൈനിക-വ്യവസായ ലോബി (ആയുധക്കച്ചവട സമ്മർദക്കൂട്ടം), കർഷക ലോബി, ഐടി ലോബി, ആരോഗ്യ-മരുന്ന് ലോബി എന്നീ കൂട്ടരുടെ സമ്മർദമാകാം ഒരുപക്ഷേ, ട്രംപിനെ ഇതിനു പ്രേരിപ്പിച്ചത്. അമേരിക്കൻ സമൂഹത്തിൽ ഇന്ത്യൻ വംശജർ ചെയ്യുന്ന സേവനങ്ങളെ പാടേ മറന്നുകൊണ്ടാണ് ട്രംപ് ഈ സാഹസത്തിനു മുതിരുന്നത്.
ക്ലിന്റൺ വിലാപം
അമേരിക്കയുടെ സാമൂഹ്യവ്യവസ്ഥിതിയെക്കുറിച്ച് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഒരിക്കൽ വിലപിച്ചുകൊണ്ട് പറഞ്ഞുവത്രേ, “പതിനാലു വയസുള്ള ആൺകുട്ടികൾ കൈത്തോക്കുമായും പതിമൂന്നു വയസുള്ള പെൺകുട്ടികൾ ഗർഭനിരോധന ഉറകളുമായും ക്ലാസ്മുറികളിൽ വരുന്നു എന്നതാണ് അമേരിക്കയുടെ ശാപം” എന്ന്. അമേരിക്കയിലെ വിദ്യാലയങ്ങളിൽ നടക്കുന്ന നിരന്തരമായ വെടിവയ്പ് സംഭവങ്ങളും, ഒപ്പംതന്നെ അമേരിക്കയിലെ കൗമാരക്കാർക്കിടയിലുള്ള ലൈംഗിക അരാജകത്വവും മേൽപ്പറഞ്ഞ വിമർശനങ്ങളെ ശരിവയ്ക്കുന്നു. ഇതിന്റെ ഫലമായി വിദ്യാഭ്യാസരംഗത്ത് താരതമ്യേന അച്ചടക്കം പാലിക്കുന്ന ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രകടനം അമേരിക്കൻ കുട്ടികളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുന്നു.
അമേരിക്കയിലെ ഈ ശാപത്തെക്കുറിച്ച് ബോധ്യമുള്ള പലരും പല താരതമ്യ പഠനങ്ങളും അമേരിക്കയിലെ ഇന്ത്യൻ വംശജരെക്കുറിച്ച് നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ത്യക്കാർ പുലർത്തുന്ന കുടുംബസ്നേഹത്തെക്കുറിച്ചുള്ള വീക്ഷണം. ഇന്ത്യൻ സമൂഹവും ഇപ്പോൾ അമേരിക്കൻ സമൂഹത്തെപ്പോലെയാകാൻ ശ്രമിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ഇന്ത്യൻ വംശജർ അമേരിക്കൻ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമേയുള്ളൂ. പക്ഷേ, അമേരിക്കയിലെ ബിസിനസ്, വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്രീയം, സംസ്കാരം, സേവന മേഖലകൾ എന്നീ രംഗങ്ങളിൽ ജനസംഖ്യയുടെ അനുപാതത്തേക്കാൾ ബഹുമടങ്ങു സംഭാവനകൾ ചെയ്തുകൊണ്ട് ഇന്ത്യൻ വംശജർ ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരിക്കുന്നു. 2024ൽ ഇന്ത്യ ടുഡേ നടത്തിയ ഒരു പഠനത്തിൽ, ‘ഇൻഡ്യസ്പോറ’ (അമേരിക്കയിലെ ഇന്ത്യൻ സമൂഹം) അമേരിക്കൻ സമൂഹത്തിൽ നടത്തുന്ന അത്ഭുതാവഹമായ പ്രവർത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്.
സാമ്പത്തിക സംഭാവന
ജൂതന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും സമ്പന്നസമൂഹമായി ഇന്ത്യൻ വംശജർ മാറിയിരിക്കുന്നു. 2025ലെ ഇക്കണോമിക് ടൈംസിന്റെ ജൂലൈ ലക്കത്തിൽ പറയുന്നത് അമേരിക്കയെ സമ്പന്നമാക്കുന്നതിൽ ഏറ്റവും മുന്പിലുള്ളത് ഇന്ത്യക്കാരാണെന്നാണ്. 2025ലെ ഫോർബ്സ് മാസികയുടെ ലിസ്റ്റനുസരിച്ച് ഇന്ത്യയാണ് 12 ശതകോടീശ്വരന്മാരെ സംഭാവന ചെയ്തുകൊണ്ട് അമേരിക്കൻ കുടിയേറ്റക്കാരിൽ ഒന്നാമതു നിൽക്കുന്നത്!
ഇന്ത്യൻ വംശജർ തലപ്പത്തുള്ള അമേരിക്കയിലെ ബിസിനസ് സ്ഥാപനങ്ങൾ 2.7 ദശലക്ഷം തൊഴിലവസരങ്ങളും, രണ്ടു ട്രില്ല്യൻ (രണ്ടു ലക്ഷം കോടി) ഡോളർ വരുമാനവും നൽകുന്നു. 648 യൂണികോണുകളിൽ (നൂറു കോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ), 195 ബില്യൺ ഡോളർ മൂല്യം വരുന്ന 72 എണ്ണം (11.1 %), ഏകദേശം 55,000 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അമേരിക്കയിലെ 60 ശതമാനം ഹോട്ടലുകൾ ഇന്ത്യൻ വംശജരുടെയാണ്. അമേരിക്കയിലെ ആകെ നികുതിദായകരിൽ 5-6 ശതമാനം വരുന്ന ഇന്ത്യൻ വംശജർ കൊടുക്കുന്നത്, 250-300 ബില്യൺ ഡോളറാണ്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗം
അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങളിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഇന്ത്യൻ സമൂഹമാണ്. 2023ൽ ദേശീയ ആരോഗ്യ ഗ്രാന്റ് കിട്ടിയ 11 ശതമാനം വരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ 13 ശതമാനം ശാസ്ത്രഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി അധ്യാപകരിൽ 2.6 ശതമാനം ഇന്ത്യൻ വംശജരാണ്. 2023ൽ അവിടത്തെ പത്തു ശതമാനം ആളുകൾ സ്വാമി വിവേകാനന്ദൻ പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചരിപ്പിച്ച യോഗാ പരിശീലിക്കുന്നു. കൂടാതെ, അമേരിക്കൻ സെനറ്റിലും വൈറ്റ് ഹൗസിലുമൊക്കെ ഭാരതീയ ഉത്സവങ്ങളായ ഹോളിയും ദീപാവലിയും ആഘോഷിക്കപ്പെടുന്നു.
2023-24ൽ 3,31,602 വിദ്യാർഥികളെ പഠിക്കാനയച്ചുകൊണ്ടു ചൈനയെ പിന്തള്ളി ഇന്ത്യക്കാർ അമേരിക്കൻ വിദ്യാഭ്യാസത്തിലെ നക്ഷത്രത്തിളക്കമായി. ഇപ്പോൾ അമേരിക്കൻ സമൂഹത്തിൽ എണ്ണത്തിന് ആനുപാതികമായി ഗുണപരമായ സംഭാവനയും ഇന്ത്യൻ സമൂഹം കൊടുത്തുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ ഫാഷൻ രംഗത്ത് ഇന്ത്യൻ പരമ്പരാഗത അലങ്കാരങ്ങളും വേഷങ്ങളുമായ ഹെന്ന, ലെഹങ്ക മുതലായവ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഫല്ഗുനി ഷാനെ പീകോക്ക് ഉൾപ്പെടെയുള്ള നിരവധി ഭാരതീയ ഡിസൈനേഴ്സ് കമ്പനികൾ ന്യൂയോർക്ക് ഫാഷൻ വീക്കിൽ പ്രദർശനം നടത്തി, അമേരിക്കൻ ജനശ്രദ്ധ ആകർഷിക്കുന്നു.
ഭരണ-രാഷ്ട്രീയ രംഗം
രാഷ്ട്രീയരംഗത്ത് അമേരിക്കയിലെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ 150 പേർ അത്യുന്നത സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഇന്നും അതേ പ്രവണത തുടരുന്നു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഉഷ വാൻസ് (അമേരിക്കയിലെ ദ്വിതീയ വനിത) ഇന്ത്യൻ വംശജയാണ്. 2013ൽ അമേരിക്കൻ രാഷ്ട്രീയത്തിലെ വെറും 13 താക്കോൽ സ്ഥാനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഇന്ത്യൻ വംശജർ 2023ൽ അത് 60 സ്ഥാനങ്ങളായി ഉയർത്തി. ട്രംപിന്റെ ഭരണകൂടത്തിൽ, തുളസി ഗബ്ബാർഡ് (അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ), കശ്യപ് പട്ടേൽ (ഡയറക്ടർ ഓഫ് എഫ്ബിഐ), ഹർമീത് ധില്ലൻ (അസിസ്റ്റന്റ് അറ്റോർണി ജനറൽ), ജയ് ഭട്ടാചാര്യ (ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്), വിവേക് രാമസ്വാമി (ഡയറക്ടർ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ്) എന്നിവർ അവരിൽ ചിലർ മാത്രം. അമേരിക്കൻ ഭരണകൂടത്തിന്റെ മറ്റു പല പ്രധാന സ്ഥാനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആയിരക്കണക്കിന് ഇന്ത്യൻ വംശജർ അധികാരം കൈയാളുന്നുണ്ട്.
ഇന്ത്യയെ തഴയാൻ പറ്റുമോ?
അമേരിക്കയിൽ മാത്രമല്ല, ലോകത്താകെയുള്ള പ്രധാന ആഗോള കോർപറേറ്റുകളുടെ താക്കോൽസ്ഥാനങ്ങളിൽ വളരെയധികം ഇന്ത്യക്കാരുണ്ടെന്നുള്ളത് ചെറിയ കാര്യമല്ല. ആഗോള ദേശീയ ബിസിനസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മിന്റ് മാസികയുടെ 2025 ഫെബ്രുവരി ലക്കം ആഗോള ബിസിനസിൽ ഇന്ത്യക്കാരുടെ തിളക്കം വിശദമായി പ്രതിപാദിച്ചിരിക്കുന്നു.
വൻകിട ലോക കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ ഓഫീസർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ, (സി സ്യുട്ട് എക്സിക്യൂട്ടീവുകൾ) എന്നീ സുപ്രധാന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ഡയറക്ടർമാരും ഉൾപ്പെടുന്ന ഉന്നതശ്രേണിയിലെ അഞ്ചിൽ മൂന്നു പേരും ഇന്ത്യക്കാരാണ്. ഫോർച്ചുൺ 500 കമ്പനികളിൽ, 60 എണ്ണത്തിലും ഇന്ത്യക്കാരാണ് സിഇഒമാർ.
മൈക്രോസോഫ്റ്റിന്റെ സത്യനദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചായി, എൻവിഎസിന്റെ വസന്ത നരസിംഹൻ, അഡോബിലെ ശന്തനു നാരായൺ, ഐബിഎമ്മിലെ അരവിന്ദ് കൃഷ്ണ, ചാനെൽ കമ്പനിയുടെ ലീന നായർ, വെർട്ടെക്സിലെ രേഷ്മ കേവൽരമണി, മൈക്രോണിലെ സഞ്ജയ് മെഹറോത്ര, കേഡൻസിലെ അനിരുദ്ധ് ദേവ്ഗൺ, പാലോ ആൾട്ടോയിലെ നികേഷ് അറോറ എന്നിവരാണ് മുഖ്യ താരങ്ങൾ. ഈ കമ്പനിയുടെ നേതൃനിരയിലുള്ള ആളുകളെല്ലാംതന്നെ ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, പിന്നീട് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഉന്നതവിദ്യാഭ്യാസത്തിനായി പോയവരുമാണ്.
ലോകനിക്ഷേപങ്ങളെക്കുറിച്ച് പഠിക്കുന്ന ഇൻവെസ്റ്റോപീഡിയ.കോം പറയുന്നത് ഭാരതീയ എക്സിക്യൂട്ടീവുകൾ ആഗോള ബിസിനസ് രംഗത്തു തരംഗങ്ങളല്ല, തിരമാലകളാണ് സൃഷ്ടിക്കുന്നതെന്നാണ്. പല രാജ്യങ്ങളുടെയും ദേശീയ വരുമാനത്തേക്കാൾ കൂടുതലാണ് ഈ ആഗോള ബിസിനസ് ഭീമന്മാരുടെ ആസ്തി.
ഇത്രയൊക്കെ ക്ഷമതയുള്ള ഇന്ത്യൻസമൂഹത്തെ ട്രംപിന് കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? മാത്രമല്ല, ഒന്നാമത്, എണ്ണത്തിലും ഗുണത്തിലും ലോകത്തിലുള്ള ഏറ്റവും നല്ല മനുഷ്യവിഭവം ഇന്ത്യയിലാണ്. അവരാണ് ഭാവി ലോകത്തെ ഗവേഷണ-പഠനങ്ങളിൽ കൂടി നിയന്ത്രിക്കാൻ പോകുന്നത്. രണ്ടാമത്, അമേരിക്കയിലും യൂറോപ്പിലുമുള്ളത്രയും ഉപഭോക്താക്കൾ ഭാരതത്തിൽ മാത്രമായുണ്ട്. അപ്പോൾ ഇന്ത്യൻ വിപണി ഒരു രാജ്യത്തെ ബഹിഷ്കരിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ, എത്ര ശക്തമായ രാഷ്ട്രമാണെങ്കിലും അൽപം ബുദ്ധിമുട്ടും. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിദ്യയിലും സർവോപരി ഇപ്പോൾ രാഷ്ട്രീയ ഇച്ഛാശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയെ മാറ്റിനിർത്തിക്കൊണ്ട് ട്രംപിന് ചിലപ്പോൾ താത്കാലിക ആശ്വാസം കിട്ടിയേക്കാം, പക്ഷേ ദീർഘകാലത്തിൽ എത്രത്തോളം ആശ്വാസകരമാണ് ഈ നയമെന്നത് കണ്ടറിഞ്ഞാൽ പോരാ, കൊണ്ടുതന്നെ അറിയണം.