എങ്ങോട്ടാണീ യാത്ര?
Thursday, August 14, 2025 11:53 PM IST
മുപ്പതു കൊല്ലം യുഎസ് സുപ്രീംകോടതിയില്‍ ജഡ്ജിയായിരുന്നു ഒലിവര്‍ വെന്‍ഡല്‍ ഹോംസ്. സമാദരണീയനായ ആ ന്യായാധിപന് വാര്‍ധക്യത്തിന്റെ അവശതയിലും ഓര്മക്കുറവിലും തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നു. ഒരിക്കല്‍ പരിശോധകനെത്തിയപ്പോള് അദ്ദേഹത്തിനു പോക്കറ്റില്‍നിന്ന് ടിക്കറ്റ് കണ്ടെടുക്കാനായില്ല. പ്രസിദ്ധനായ ന്യായാധിപനെ തിരിച്ചറിഞ്ഞ പരിശോധകന് ഭവ്യതയോടെ പറഞ്ഞു: “അതു കാര്യമാക്കേണ്ട. അങ്ങയുടെ ഈ യാത്ര ഞങ്ങളുടെ അഭിമാനമാണ്.”
ഇതിനു ജഡ്ജിയുടെ മറുപടി ഇങ്ങനെയായിരുന്നു: “പക്ഷേ എന്റെ പ്രശ്നം അതല്ല. ഞാന്‍ എങ്ങോട്ടു പോകുന്നുവെന്നാണ് എനിക്കറിയേണ്ടത്.”
സ്വാതന്ത്ര്യപ്രാപ്തിയുടെ വാര്‍ഷികദിനത്തില്‍ ഭരണവും ഭരണഘടനയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവരുടെ മുന്നിലുള്ള ചോദ്യവും ഇതാണ്. എങ്ങോട്ടാണു നമ്മള് അതിവേഗം പൊയ്ക്കൊണ്ടിരിക്കുന്നത്?
സ്ഥൂലവും ഗുണഭോക്താക്കള്‍ക്കുതന്നെ ഇപ്പോള്‍ ദുര്‍വഹമായി തോന്നുന്നതുമായ ഭരണഘടനയുമായി ഇന്ത്യന്‍ റിപ്പബ്ലിക് യാത്രയാരംഭിച്ചിട്ട് വര്‍ഷം 75 കഴിഞ്ഞു. പാളങ്ങള്‍ സുസ്ഥിരവും ലക്ഷ്യം സുവ്യക്തവുമാണ്. അതേസമയം, പാളങ്ങള്‍ ഇളകുകയും മണ്ണ് ഇടിയുകയും ചെയ്യുന്നുവോ എന്ന സംശയം ബലപ്പെടുന്നു.
താത്പര്യങ്ങളുടെ സമ്മര്‍ദത്തില്‍ മേദസ് വര്‍ധിക്കുന്ന ഭരണഘടന എല്ലാ പ്രശ്നങ്ങള്‍ക്കും തൃപ്തികരമായ വിശദീകരണം നല്‍കുകയോ പരിഹാരം നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. അംബേദ്കറുടെ രചനാകൗശലത്തില്‍ ബോധപൂര്‍വം സുഷ്ടിക്കപ്പെട്ടിരിക്കുന്ന അവ്യക്തത നല്കുന്ന സാധ്യതകള്‍ സ്വന്തം താത്പര്യങ്ങള്‍ക്കനുസൃതമായി പ്രയോജനപ്പെടുത്താനാണ് ഭരണസംവിധാനങ്ങള്‍ പരിശ്രമിക്കുന്നത്.
ചെത്തിമിനുക്കലിന്റെ ആലോചന
കപ്പല്‍ച്ചേതം ഒഴിവാക്കാന്‍ ചരക്ക് കടലിലെറിഞ്ഞു ഭാരം കുറയ്ക്കുന്നതുപോലെ ഭരണഘടനയില്‍നിന്ന് കനപ്പെട്ട ചില വാക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യമുണ്ട്. ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത് ഭരണഘടനയുടെ ഭാരം വര്‍ധിപ്പിച്ച രണ്ടു വാക്കുകളില്‍നിന്നാണ് ചെത്തിമിനുക്കലിന്റെ ആലോചനയുടെ തുടക്കം. അതു സാധ്യമായാല്‍ അതിനനുസൃതമായ ഭാരമൊഴിക്കല് തുടര്‍ന്നും നടത്താം. ഭരണഘടനയില്‍ മാത്രമല്ല, അനുബന്ധമായി പലേടത്തും അവരുടെ നോട്ടത്തില്‍ പ്രയോജനരഹിതമായി വഴി മുടക്കാന്‍ വച്ചിരിക്കുന്ന ചില സാധനങ്ങളുണ്ട്. കേശവാനന്ദ ഭാരതി തുടങ്ങി എടുത്താല്‍ പൊങ്ങാത്ത ചില സാധനങ്ങളും അക്കൂട്ടത്തിലുണ്ട്.
അസൗകര്യത്തിന്റെ പാരമ്യത്തില്‍ ഭരണഘടനയെത്തന്നെ കടലിലെറിഞ്ഞ കഥയാണ് അടിയന്തരാവസ്ഥ. മൂന്നു രാവും മൂന്നു പകലും കൂറ്റന്‍ മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞ യോനായെപ്പോലെയായി ഭരണഘടനയുടെ അവസ്ഥ. അടക്കപ്പെടുന്നവനോടുകൂടി അവസാനിക്കുന്നതല്ല സ്വാതന്ത്ര്യത്തിന്റെ ചരിത്രം. മണ്ണില്‍ താഴ്ത്തപ്പെട്ട വിത്ത് സ്വാതന്ത്ര്യപ്പോരാളികളുടെ രക്തം വീഴുമ്പോള്‍ കിളിര്‍ത്തുവരും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അര്‍ഥവും ചരിത്രവും അതാണ്.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമാണ് ഇന്ത്യയില്‍ രക്തച്ചൊരിച്ചിലിന്റെ കാലം ആരംഭിച്ചതെന്നതു മറ്റൊരു കാര്യം. വിഭജനത്തില്‍ വീണൊഴുകിയ രക്തമായിരുന്നു അത്. സ്വാതന്ത്ര്യത്തിന്റെ ദിനം വിഭനത്തിന്റെ ദിനംകൂടിയായി. ഇംഗ്ലണ്ടിലെ പ്രസിദ്ധമായ രക്തരഹിത വിപ്ലവംപോലെ രക്തരഹിതവിഭജനം നമുക്കു സാധ്യമായില്ല. ഗാന്ധിജിയുടെ കാര്‍മികത്വം ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സ്വാതന്ത്ര്യപ്രാപ്തിയുടെയും ചരിത്രം പൂര്‍ണമായും അഹിംസയില്‍ അധിഷ്ഠിതമായിരുന്നില്ല.
പേക്കിനാവുകള്‍ മറക്കാനുള്ളതും അതു നല്കുന്ന പാഠങ്ങള്‍ സൂക്ഷിക്കാനുള്ളതുമാണ്. ചില കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നത് ആവര്‍ത്തനത്തിന്റെ അപകടം ഒഴിവാക്കാനാണ്. ഒരേ കല്ലില്‍ത്തട്ടി രണ്ടു പ്രാവശ്യം വീഴുന്നത് നാണക്കേടാണെന്ന് സിസെറോ പറഞ്ഞു. അടിയന്തരാവസ്ഥയെന്ന കല്ല് വീണ്ടും മാര്‍ഗമധ്യേ പ്രത്യക്ഷപ്പെട്ടാല്‍ തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ ദുര്ഭഗസ്മരണ അമ്പതാം വര്‍ഷം പുതുക്കുന്നത്. മറക്കാന്‍ ശ്രമിക്കേണ്ടതും മറക്കേണ്ടതുമായ കാര്യങ്ങള്‍ തെളിമയോടെ മനസില്‍ സൂക്ഷിക്കുന്ന ഭീകരജീവിയാണു ഫാസിസം. അത് ഒന്നും മറക്കുന്നില്ല. അതിന്റെ ഭാഗമായാണു വിഭജനഭീതി പുനഃസൃഷ്ടിക്കുന്ന ചരിത്രത്തിന്റെ പുനര്‍നിര്‍മിതിയില്‍ ഗവര്‍ണര്‍ ഏര്‍പ്പെട്ടത്. മന്ത്രിസഭയുടെ ഉപദേശവും നിര്‍ദേശവും അനുസരിച്ച് രാജ്ഭവനില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ട ഗവര്‍ണര്‍ കളത്തിലിറങ്ങി കളിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ജനം അനുവദിക്കാത്തത് ഗവര്‍ണര്‍ ഏറ്റെടുക്കുന്നു. രാജ്ഭവനിലെ ആര്ഭാടത്തിനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ ഉദാരമായി നല്‍കുന്നുണ്ട്. ചോറും തിന്നു, ഗൃഹനാഥയെ കടിക്കുകയും ചെയ്തു; എന്നിട്ടും നായ മുറുമുറുത്താല് അത് മറ്റു ചിലതിന്റെ സൂചനയാണ്.
അപകടത്തിന്റെ വ്യാപ്തിയും സാധ്യതയും ആദ്യസൂചനകളില്‍ വെളിവാകണമെന്നില്ല. ടൈറ്റാനിക്കിനെ തകര്‍ത്ത ഹിമാനിയുടെ വലിപ്പം സുരക്ഷാ നിരീക്ഷകന്റെ കണ്ണില്പ്പെടുന്നതിനുമുമ്പ് അപകടം സംഭവിച്ചു. ഗോള്‍വാള്‍ക്കര്‍ പ്രബോധകനും വിചാരധാര മാനിഫെസ്റ്റോയുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ഏതു വിധവും ഭൂരിപക്ഷം കരസ്ഥമാക്കി രാജ്യം ഭരിക്കുമ്പോള്‍ നീക്കങ്ങള്‍ ആശങ്കകള്‍ക്കു കാരണമാകുന്നു. സംശുദ്ധവും വിശ്വസനീയവുമായിരിക്കേണ്ട തെരഞ്ഞെടുപ്പ് മായം മാത്രമല്ല, മറിമായം കൂടിയാകുന്നു. സിഗ്നലുകള്‍ തെറ്റിയോടുന്ന വണ്ടിയുടെ യാത്ര അപകടത്തിലേക്കാണ്. ജനാധിപത്യത്തിന്റെ മന്ദിരത്തില്‍ ഫാസിസത്തിന് ഒരു മുറിയുണ്ടെന്നു പറയുന്നതിന്റെ അര്‍ഥം സ്വാതന്ത്ര്യത്തിന്റെ വര്‍ഷങ്ങളില്‍ നാം പൂര്‍ണമായും മനസിലാക്കിക്കൊണ്ടിരിക്കുന്നു. ക്വട്ടേഷന്‍ നടപ്പാക്കുംമുമ്പ് ഇരയെ മാര്‍ക്ക് ചെയ്യുന്ന രീതി ഗുണ്ടാസംഘങ്ങള്ക്കുണ്ട്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും അതു സംഭവിച്ചുകൊണ്ടിരിക്കും. മധ്യപ്രദേശിലെ ജാബുവയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എം.എ. ബേബിക്കൊപ്പം അവിടെയെത്തിയതു ഞാനോര്‍ക്കുന്നു. അക്കാലത്തുതന്നെയാണ് സിസ്റ്റര്‍ റാണി മരിയയുടെ കൊലപാതകം നടന്നത്. ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ സ്റ്റാന്‍ സ്വാമി വരെ ഒരുനിര വേറെയുണ്ട്. ഛത്തീസ്ഗഡും ഒറ്റപ്പെട്ട അപഭ്രംശമല്ല. ഒന്നും യാദൃച്ഛികമല്ല. സംഭവിക്കുന്നതിനൊക്കെയും പ്ലാനും പദ്ധതിയുമുണ്ട്. മതാധിഷ്ഠിത രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിലൂടെ ഛിദ്രവാസനകളെ ശക്തിപ്പെടുത്തുന്നു.
മുറിഞ്ഞത് മുറിഞ്ഞുതന്നെ
രാഷ്ട്രങ്ങളുടെ വിഭജനവും ഏകീകരണവും ചരിത്രത്തില്‍ സമൃദ്ധമായി സംഭവിച്ചിട്ടുണ്ട്. മുറിഞ്ഞത് മുറിഞ്ഞുതന്നെ കിടക്കുന്നതിന് ഉദാഹരണമാണു കൊറിയ. രണ്ടായത് ഒരുമിച്ചതിന് ഉദാഹരണമാണു ജര്‍മനിയും വിയറ്റ്നാമും. ഇന്ത്യയെ രണ്ടായി വിഭജിച്ചുകൊണ്ടാണ് രണ്ടിടത്തായി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബ്രിട്ടന് അധികാരം കൈമാറിയത്. വിഭജനത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ജിന്നയ്ക്കോ മുസ്ലിംകള്‍ക്കോ ആയിരുന്നില്ല. വിഭജനമല്ല, വിഭജനത്തെത്തുടര്‍ന്ന് അങ്ങോട്ടും ഇങ്ങോട്ടുമുണ്ടായ അഭയാര്‍ഥികളുടെ ഒഴുക്കും രക്തച്ചൊരിച്ചിലുമാണ് രാഷ്ട്രത്തിന്റെ വേദനയായി മാറിയത്. ആ സാഹചര്യം ആവര്‍ത്തിക്കാന്‍ വിദൂരമായ സാധ്യതപോലുമില്ല. വര്ഗീയകലാപമോ മതലഹളയോ ഉണ്ടാകാതെ ജനത്തെയും രാജ്യത്തെയും സംരക്ഷിക്കേണ്ടതു രാജ്യം ഭരിക്കുന്നവരുടെ ചുമതലയാണ്. ചുമതലയുള്ളവര്‍ അതു നിര്‍വഹിക്കാതെ വിഭജനത്തെക്കുറിച്ചു സാങ്കല്പിക ഭീതി സൃഷ്ടിച്ച് മതസ്പര്‍ധയും ന്യൂനപക്ഷ വേട്ടയും നടത്തുന്നത് സ്വാതന്ത്ര്യത്തിന്റെ ചൈതന്യത്തിനു നിരക്കാത്ത ഗര്‍ഹണീയതയാണ്.
ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തരശത്രുക്കളെ നേരത്തേ അടയാളപ്പെടുത്തിയിട്ടുണ്ട്. പരസ്പര ബന്ധമില്ലെങ്കിലും പരസ്പരസഹായം സ്വരക്ഷയ്ക്കു സഹായകമാകുമെന്ന പഴങ്കഥ പണ്ടേ നമ്മള് പഠിച്ചിട്ടുണ്ട്. കാറ്റും മഴയും ഒരുമിച്ചു വന്നാല്‍ കരിയിലയുടെ രക്ഷ മണ്ണാങ്കട്ടയ്ക്കോ മണ്ണാങ്കട്ടയുടെ സുരക്ഷ കരിയിലയ്ക്കോ ഉറപ്പാക്കാനാകില്ല. കാറ്റും മഴയും ഒരുമിച്ചു വരുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. യൂറോപ്യന്‍ ഭരണം ഇന്ത്യയില്‍ ശക്തമായി നിലനില്ക്കുമ്പോള് ഇന്ത്യയില്‍ ക്രിസ്ത്യാനികളെ ആഭ്യന്തരശത്രുവായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്ധത്യം കാണിച്ചവര്‍ ഇന്നത്തെ ഇന്ത്യയില്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ആരും ആരുടെയും രക്ഷയ്ക്കുണ്ടാകില്ലെന്ന് ഗാസ മാത്രമല്ല, യുക്രെയ്നും നമ്മെ പഠിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ വില നിതാന്തമായ ജാഗ്രതയാണെന്ന തോമസ് ജഫേഴ്സന്റെ ഓര്‍മപ്പെടുത്തല്‍ നമുക്കുവേണ്ടിക്കൂടിയുള്ളതാണ്. അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷത്തിലെ സ്വാതന്ത്ര്യദിനം എന്ന നിലയില്‍ ഈ ഓര്‍മപ്പെടുത്തലിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ടിക്കറ്റ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. എങ്ങോട്ടാണു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് അറിയാതെയുള്ള യാത്രയാണു പ്രശ്നം. ജസ്റ്റീസ് ഹോംസിനെപ്പോലെ ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മളും അനുഭവിക്കുന്ന പ്രതിസന്ധി ഇതാണ്.