കുട്ടനാടൻ ജനതയുടെ സമരജീവിതം
ആന്റണി ആറിൽചിറ
Sunday, August 17, 2025 12:27 AM IST
2018ലെ മഹാപ്രളയത്തിന് ഏഴു വയസ് പൂർത്തിയാകുമ്പോഴും കുട്ടനാട് വെള്ളക്കെട്ടിൽനിന്നു കരകയറിയിട്ടില്ല. 2018 ഓഗസ്റ്റ് 15ന് തുടങ്ങിയ ദുരിതം ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി ഇവിടെ തുടരുകയാണ്. കുട്ടനാട്ടിലെ പകുതിയിലധികം ജനങ്ങൾക്ക് ആശ്രയമായത് ചങ്ങനാശേരിയും സമീപപ്രദേശങ്ങളുമായിരുന്നു. ബാക്കി ആളുകൾ ആലപ്പുഴയിലേക്കും രക്ഷപ്പെടുകയായിരുന്നു. മഴയും വെള്ളപ്പൊക്കവും ഇല്ലെങ്കിലും ഇന്നും ആണ്ടുവട്ടത്തിലധികവും വെള്ളക്കെട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് കുട്ടനാട്ടുകാർ.
ഇനിയുമൊരു പ്രളയമുണ്ടായാൽ എന്തു പോംവഴിയാണ് കഴിഞ്ഞ ഏഴു വർഷംകൊണ്ട് നാം കണ്ടെത്തിയത്. ഒന്നുമില്ല എന്നാണുത്തരം. കുട്ടനാടൻ ജനതയുടെ ആവശ്യങ്ങളൊന്നും പുതിയതല്ല. എല്ലാറ്റിനും പതിറ്റാണ്ടുകൾ പഴക്കമുണ്ട്.
കുട്ടനാടിന്റെ പ്രശ്നങ്ങളെ പ്രധാനമായും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടത്, കൃഷിയുമായി ബന്ധപ്പെട്ടത് എന്നിങ്ങനെ രണ്ടായി തിരിക്കാം.
ഭൂപ്രകൃതി
കുട്ടനാടൻ ജനതയെ മനുഷ്യനിർമിത പ്രളയങ്ങളിൽനിന്നും വെള്ളപ്പൊക്കത്തിൽനിന്നും രക്ഷിക്കുകയാണ് ആദ്യമായി വേണ്ടത്. അതിനായി കുട്ടനാട്ടിൽ ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകിമാറാനുള്ള സൗകര്യമൊരുക്കണം. അത് സമയബന്ധിതമായും കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലും യഥാസമയം നടപ്പിൽ വരുത്തണം. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് നദികളുടെയും തോടുകളുടെയും വേമ്പനാട്ടു കായലിന്റെയും ആഴം പുനഃസ്ഥാപിക്കുകയും, കുട്ടനാടിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന എസി കനാൽ, ആരംഭകാലത്ത് വിഭാവന ചെയ്തതുപോലെ പൂർത്തിയാക്കുകയും ചെയ്യുക എന്നത്. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള സൗകര്യങ്ങൾ യഥാസമയം ക്രമീകരിക്കണം. സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശപ്രകാരമുള്ള ഹൈ പവർ പമ്പുകൾ നിശ്ചിത സ്ഥാനങ്ങളിൽ സ്ഥാപിക്കണം. ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരോടൊപ്പം കർഷകരുടെ പ്രതിനിധികളടങ്ങുന്ന സമിതി രൂപീകരിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കണം.
കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തേക്കാൾ അധികമായി വെള്ളക്കെട്ടാണ് ദുരിതം വിതയ്ക്കുന്നത്. ഒഴുകിയെത്തുന്ന മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും കെട്ടിക്കിടക്കുന്നതുമൂലം ജനജീവിതം ദുഃസഹമാകുന്നു. ആണ്ടുവട്ടം മുഴുവൻ പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് ക്രമപ്പെടുത്തുന്നതിനും ആവശ്യമായ ഇടങ്ങളിൽ പുറംബണ്ടു ബലപ്പെടുത്തുന്നതിനും വേണ്ട പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കണം. ഇത് പാടശേഖരത്തിനുള്ളിലെ വീടുകളെയും റോഡുകളെയും വഴികളെയും കരകൃഷിയെയും സംരക്ഷിക്കും. പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന ഉത്തരവാദിത്വം കർഷകരുടേതു മാത്രമാക്കാതെ സർക്കാരിന്റേതാക്കി മാറ്റണം. അതിനു വേണ്ടിവരുന്ന വൈദ്യുതി, മോട്ടോർ വാടക, മറ്റ് കൂലിച്ചെലവുകൾ എന്നിവ സർക്കാർ നേരിട്ടു വഹിക്കണം.
കൃഷി
കുട്ടനാട്ടിലെ നെല്ല്, മത്സ്യം, താറാവ്, തെങ്ങ്, കരകൃഷികൾ സംരക്ഷിക്കുന്നതിന് വേണ്ട സത്വര നടപടികൾ ഉണ്ടാവണം. നെൽകൃഷിയെ തകർച്ചയിൽനിന്ന് രക്ഷിക്കാൻ നെല്ലിന്റെ വില കൃഷിച്ചെലവിന് ആനുപാതികമായി വർധിപ്പിക്കുക. സംഭരണം യഥാസമയം നടത്തുകയും നെല്ലുവില ഉടനെ കർഷകന് ലഭ്യമാക്കുകയും വേണം. കൊയ്ത്തുയന്ത്ര ലഭ്യത യഥാസമയം ഉറപ്പു വരുത്തണം. കിഴിവ് സന്പ്രദായം ഒഴിവാക്കി വിളവെടുപ്പിന്റെ സീസൺ അനുസരിച്ച് ഇതിന് സർക്കാർ തലത്തിൽ വേണ്ട ക്രമീകരണം നടത്തി കർഷകന്റെ ദുരിതം ഒഴിവാക്കണം. വിപുലവും കൃഷിക്കാരനു സഹായകരവുമായ ഇൻഷ്വറൻസ് പദ്ധതികൾ നടപ്പിലാക്കി കാലതാമസം കൂടാതെ നഷ്ടത്തിന് ആനുപാതികമായി സഹായധനം കർഷകർക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള വിത്തും വളവും യഥാസമയം കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ളത് ലഭ്യമാക്കുക, കുട്ടനാടിന് അനുയോജ്യമായ വിത്ത് കുട്ടനാട്ടിൽ തന്നെ ഉത്പാദിപ്പിക്കുക, പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുക തുടങ്ങിയ നെൽകർഷകന്റെ ന്യായമായ ആവശ്യങ്ങളും അംഗീകരിക്കണം. കുട്ടനാടൻ ബ്രാൻഡ് അരി വിപണിയിൽ എത്തിച്ച് കർഷകർക്ക് സാമ്പത്തികനേട്ടം ലഭ്യമാക്കണം. അങ്ങനെ നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്കു വേണ്ട അംഗീകാരവും പ്രോത്സാഹനവും നല്കണം.
മത്സ്യം, തെങ്ങ്, താറാവ്, മറ്റു കൃഷികൾ
മത്സ്യക്കൃഷിയും താറാവുകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഈ കൃഷികൊണ്ട് ജീവിക്കാനാകാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. വർഷംതോറും എത്തുന്ന പക്ഷിപ്പനിയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും വേണ്ട പരിഹാരമാർഗം കണ്ടെത്തുകയും ചെയ്യണം. താറാവ്, മത്സ്യ കൃഷികൾക്ക് ഗുണകരമായ രീതിയിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം. പാടശേഖരത്തിന്റെ പുറംബണ്ടുകൾ കുട്ടനാട്ടിലെ തോടുകളിലെയും നദികളിലെയും മണ്ണും ചെളിയുംകൊണ്ട് ഉയരം കൂട്ടി ബലപ്പെടുത്തി തെങ്ങുകൃഷി നടത്തുന്നതിനും മറ്റു കരക്കൃഷികൾ ചെയ്യുന്നതിനും വേണ്ട പദ്ധതികൾ രൂപീകരിക്കണം. കുട്ടനാടൻ തനത് ഇനങ്ങളായ താറാവ്, കരിമീൻ എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കുന്ന തരത്തിൽ വിപണി സൗകര്യം ഒരുക്കണം.
കുട്ടനാടൻ ജനതയുടെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ നാട് മുഴുവൻ ഒന്നിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ജൈവവൈവിധ്യങ്ങളുടെയും അപൂർവ ഭൂപ്രകൃതിയുടെയും ഈ നാട് നിലനില്ക്കൂ. കുട്ടനാട് ജീവിക്കാനാവാത്ത നാടാണ് എന്ന തെറ്റിദ്ധാരണ പരത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണം. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടുകയും കൃഷിഭൂമി തരിശിടുകയും ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കുകയും വേണം. കുട്ടനാടിന്റെ വികസനം ലക്ഷ്യമാക്കി കുട്ടനാട് വികസന അഥോറിറ്റി രൂപീകരിക്കണം. കുട്ടനാടിന്റെ പ്രകൃതിയെ നശിപ്പിക്കുന്നതും തനത് ജീവജാലങ്ങൾക്കു ദോഷം ചെയ്യുന്നതുമാണ് അമിതമായ ചെമ്മണ്ണുകൊണ്ടുള്ള നികത്തൽ. ഇതിന് നിയന്ത്രണം ഏർപ്പെടുത്തണം.
(2018ലെ പ്രളയകാലത്ത് ചങ്ങനാശേരി വില്ലേജ് ഓഫീസറായിരുന്നു ലേഖകന്)