സഖാക്കളുടെ തനിനിറം
Sunday, August 17, 2025 12:33 AM IST
ഇടതു സംഘടനാ പ്രവർത്തകനായ തന്നെ സഹ സഖാക്കൾതന്നെ പിന്നിൽനിന്നു കുത്തിയെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതി ഒരേ സംഘടനയിൽപ്പെട്ട സഖാക്കളെപ്പോലും പാർട്ടിക്കുവേണ്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നതിന് നിറഞ്ഞ തെളിവായി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇല്ലായ്മകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിലൂടെ വളരെ പെട്ടെന്ന് കേരളത്തിലെ സാധാരണക്കാരുടെ ഹീറോ ആയും സർക്കാരിന്റെ കണ്ണിലെ കരടായും മാറിയ ആളാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ്.
“സഹപ്രവർത്തകനായ ഒരുസുഹൃത്തിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയയ്ക്കാൻ അവർ കാണിച്ച വ്യഗ്രതയും നാടകീയതയും ഈ കോളജിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടേണ്ടതും ഹിപ്പോക്രാറ്റിക്പ്രതിജ്ഞയ്ക്ക് വിരുദ്ധവുമാണ് (ഓരോ ഡോക്ടറും എടുക്കുന്ന പ്രഫഷണൽ പ്രതിജ്ഞയാണ് ഹിപ്പോക്രാറ്റിക് പ്രതിജ്ഞ). സാധാരണക്കാരനുവേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെ നിന്നു. എന്തോ ചില വെള്ളിനാണയങ്ങൾക്കുവേണ്ടി ഒരു സഹപ്രവർത്തകനെ ജയിലിലേക്കും ഒരുപക്ഷേ മരണത്തിലേക്കും എത്തിക്കാൻ ചിലർ ശ്രമിച്ചു. കാലം അവർക്കു മാപ്പുനൽകട്ടെ.” ഓഗസ്റ്റ് 11 ന് കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്സാപ്പ് ഗ്രൂപ്പിൽ കുറിച്ച പോസ്റ്റിൽ ഡോ. ഹാരിസ് പറഞ്ഞു.
“പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തിയത് എന്നെ ഞെട്ടിച്ചു. പഠനകാലം മുതൽ കാണുന്ന സഹപ്രവർത്തകരാണ്. അവർ പിന്നിൽനിന്നു കുത്തുമെന്നു കരുതിയില്ല, ഉപകരണങ്ങളെല്ലാം ഉണ്ടെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നോടു പറഞ്ഞവരാണ് പിന്നീട് വാർത്താസമ്മേളനം നടത്തിയത്. അതിൽ വിഷമമുണ്ട്. അവർക്കു പരിചിതമല്ലാത്ത ഉപകരണമല്ലല്ലോ മേഴ്സിലോസ്കോപ്പ്. അതേക്കുറിച്ച് എന്നോട് ചോദിക്കാമായിരുന്നു. എല്ലാം തുറന്നുപറഞ്ഞതിന്റെ വിരോധമാകാം”-ഹാരിസ് പറഞ്ഞു.
ഏതായാലും അന്നുതന്നെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയത്രെ.
സീനിയറായ ആറുപേരെ മറികടന്ന് ഒരാൾ മെഡിക്കൽ എഡുക്കേഷൻ വകുപ്പിൽ വലിയ പദവി നേടാനുള്ള 30 വെള്ളിക്കാശായി ഈ നല്ല സമരിയക്കാരൻ. ഇങ്ങനെയൊക്കെ നേടിയതുകൊണ്ട് എന്തു സംതൃപ്തി?
നവീനും ഹാരിസും
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് ഉണ്ടായ അനുഭവത്തിനു സമാന്തരമാണ് ഡോ. ഹാരിസിന്റെ അനുഭവം. നവീൻ ബാബുവും കുടുംബവും അറിയപ്പെടുന്ന പാർട്ടി കുടുംബക്കാരാണ്. എന്നിട്ടും കണ്ണൂരിലെ നേതാവ് പി.പി. ദിവ്യ അദ്ദേഹത്തെ പിന്നിൽനിന്നു കുത്തി ആത്മഹത്യയിലേക്കു നയിച്ചതായാണ് ആരോപണം. പോലീസ് തടവിലായിരുന്ന ദിവ്യ പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ പ്രമുഖ സഖാക്കളെല്ലാം ജയിൽമുറ്റത്തെത്തി.
2025 ജൂണ് 28ലെ ഫേസ്ബുക്ക് പോസ്റ്റിലാണ്, ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറികൾ മുടങ്ങുന്നതിനെക്കുറിച്ച് ഡോ. ഹാരിസ് വെളിപ്പെടുത്തിയത്. പലപ്പോഴും ഉപകരണങ്ങൾ രോഗികളെക്കൊണ്ടു വാങ്ങിപ്പിച്ചും ഡോക്ടർമാർ പിരിവെടുത്തു വാങ്ങിയുമാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായി. ‘എല്ലാം കേമം’ എന്നു പറയുന്ന സർക്കാർ നടുങ്ങി. മെഡിക്കൽ കോളജിൽ ഒരു പ്രശ്നവും ഇല്ലെന്ന് ജൂണ് 28നുതന്നെ ആരോഗ്യവകുപ്പ് ആക്ടിംഗ് ഡയറക്ടർ ഡോ. വിശ്വനാഥൻ ഫേസ്ബുക്കിൽ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഡോ. ഹാരിസിനെ പിന്താങ്ങി രംഗത്തുവന്നു.
ഡോക്റെ കുടുക്കാനായിരുന്നു പിന്നീടുള്ള നീക്കങ്ങൾ. സർക്കാർ അന്വേഷണത്തിൽ ഇടതുപക്ഷ അനുഭാവിയാണ് ഡോക്ടർ എന്നു കണ്ടു. അതോടെ ഡോ. ഹാരിസ് നല്ലവനാണെന്നും നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞതാണെന്നും ആരോഗ്യമന്ത്രിക്കു മനസിലായി. എങ്കിലും സർക്കാരിന്റെ ശത്രുക്കൾ അതു സർക്കാരിനെതിരായ ആയുധമാക്കും എന്ന് മുഖ്യമന്ത്രി കണ്ടു. അതോടെ സഖാക്കൾ ഡോക്ടർക്കെതിരേ തിരിഞ്ഞു. മെഡിക്കൽ കോളജ് സംരക്ഷിക്കാൻ മെഡിക്കൽ കോളജിനു ചുറ്റം ഇടതു ജീവനക്കാർ മനുഷ്യമതിൽ തീർത്തു. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നു പറഞ്ഞ് പ്രതിപക്ഷം ഹാരിസിന്റെ വാക്കുകൾ ഏറ്റെടുത്തു. മാധ്യമങ്ങളും ജനവും ഹാരിസിനൊപ്പം നിന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. യൂറോളജി വിഭാഗത്തിലെ ഏതോ ഉപകരണം കാണാനില്ലെന്ന് ആരോഗ്യമന്ത്രിക്കു റിപ്പോർട്ട് കൊടുത്തു. ഹാരിസിനെ കള്ളനാക്കുകയായിരുന്നു ലക്ഷ്യം. പരിശോധിച്ചപ്പോൾ ആ ഉപകരണം അവിടെ ഉണ്ടെന്നു കണ്ടു. അതോടെ പുതിയ അന്വേഷണമായി. സമ്മർദം സഹിക്കാനാവാതെ ഡോക്ടർ ഓഗസ്റ്റ് നാലു മുതൽ നാലുദിവസം അവധിയിൽ പോയി.
ഇതിനിടെ മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഡോ. ഹാരിസിന്റെ മുറി പൂട്ടു തകർത്ത് തുറന്നു പരിശോധിച്ചു. അവിടെ കണ്ട പുതിയ പെട്ടിയെക്കുറിച്ച് സംശയമുണ്ടെന്ന് പത്രക്കാരോടു പറഞ്ഞു. ആ പെട്ടിയിൽ പ്രിൻസിപ്പൽ സംശയിച്ച ഉപകരണമില്ലെന്നും എറണാകുളത്ത് റിപ്പയറിംഗിന് കൊടുത്തുവിട്ട ഉപകരണമാണെന്നും ഡോ. ഹാരിസ് വിശദീകരിച്ചു. എറണാകുളത്തെ കന്പനിക്കാരും അതുതന്നെ പറഞ്ഞു. അതോടെ എല്ലാ കെണികളും തകർന്നു. ഹാരിസിനെ കുടുക്കാൻ നോക്കിയവരെല്ലാം ജനങ്ങളുടെ മുന്നിൽ നഗ്നരായി.
മുഖ്യമന്ത്രി നൽകുന്ന മുന്നറിയിപ്പ്
ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച ഒരു വലിയ സാമൂഹിക യഥാർഥ്യമുണ്ട്. ഓഗസ്റ്റ് 11ന് കണ്ണൂർ ജില്ലാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കാൻ വരുന്ന കോർപറേറ്റ് ഭീമന്മാരെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ ഒരു അണുകുടുംബം ആരോഗ്യപാലനത്തിനായി മാസം 2,226 രൂപ ചെലവാക്കുന്നു എന്നാണ് കണക്ക്. ഇതു മുതലാക്കാൻ കൂറ്റൻ അന്താരാഷ്ട്ര കന്പനികൾ കേരളത്തിലേക്കു വരികയാണ്. 1985ൽ ന്യൂയോർക്കിൽ പീറ്റർ പീറ്റേഴ്സണും സ്റ്റീഫൻ ഷവർസ്മാനും ചേർന്ന് സ്ഥാപിച്ച ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് കന്പനിയായ ബ്ലാക്സ്റ്റോണിന്റെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിൽ കോടിക്കണക്കിനു രൂപ മുതൽമുടക്കിത്തുടങ്ങി. റിയൽഎസ്റ്റേറ്റ്, പ്രൈവറ്റ് ഇക്വിറ്റി, ലൈഫ് സയൻസസ് മേഖലകളിൽ കച്ചവടം നടത്തുന്ന ബ്ലാക്സ്റ്റോണിന്റെ മുതൽമുടക്ക് 1.1 ട്രില്യൻ ഡോളറാണ്.
കഴിഞ്ഞ സാന്പത്തികവർഷം മാത്രം സൗജന്യ ചികിത്സയ്ക്കായി 1,498.5 കോടി രൂപ കേരളം ചെലവാക്കി. സൗജന്യമായി മരുന്നു നൽകാൻ മെഡിക്കൽ സർവീസ് കോർപറേഷനിലൂടെ 3,300 കോടിയും ചെലവാക്കി. കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾ സൗജന്യ ചികിത്സാപദ്ധതിയിൽ വരുന്നു -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാളെ ഡോ.ഹാരിസിനെയും ഇത്തരം ഭീമന്മാർ സ്വന്തമാക്കുകയില്ല എന്ന് ആർക്കു പറയാനാകും?
സുപ്രീംകോടതിയും തെരുവുനായ്ക്കളും

എട്ടാഴ്ചയ്ക്കുള്ളിൽ ഡൽഹി ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുവിടങ്ങൾ തെരുവുനായമുക്തമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സാധാരണ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന കോടതിവിധിക്കെതിരേ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തന്നെ നായ്ക്കൾക്കുവേണ്ടി രംഗത്തു വന്നത് അദ്ഭുതകരമായി. മേനകാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
‘പെറ്റാ’യുടെ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) പ്രവർത്തകരും വിധിയെ അപലപിച്ചു. വിധിയിൽ ഇടപെടണമെന്ന് ചലച്ചിത്ര നടൻ ജോണ് ഏബ്രഹാം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്ക്ക് കത്തയച്ചു. വിധി പരിശോധിക്കാം എന്ന് അദ്ദേഹം പറഞ്ഞതായും വാർത്തയുണ്ട്. അത്ര ശക്തരാണല്ലോ നായ്ക്കളുടെ സംരക്ഷകർ. സുപ്രീംകോടതിയുടെ ഒരു നല്ല വിധിക്ക് എന്തുസംഭവിക്കും എന്ന ഭീതിയിലാണ് നാട്ടുകാർ.
വെൽഡണ് വീണാ ജോർജ്!
ഇനിയും ഒരു സഖാവിന്റെ എല്ലാ അടയാളങ്ങളും സ്വന്തമാക്കാത്ത ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനിടെയാണ് ഡോ. ഹാരിസിനെ ആശുപത്രിയിലെ രോഗക്കിടക്കയിൽ സന്ദർശിച്ചത്. നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കാനും എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും കാണിച്ച നല്ല മനസ് ഏറെ മാതൃകാപരമായി.
മന്ത്രി ആശുപത്രിയിലെത്തിയതും ഡോക്ടറെ കണ്ടതും സംസാരിച്ചതും ഒരു പിആർ പരിപാടി ആക്കിയില്ല എന്നതും നല്ല മനോഭാവമായി. അവർ ആശുപത്രിയിൽ വന്ന് തന്നെ കണ്ടതും എല്ലാം പറഞ്ഞുതീർത്തതും ഡോക്ടർ തന്നെയാണ് പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത്. നീതിക്കുവേണ്ടി നിൽക്കുന്നവർക്കാവും അന്തിമവിജയം എന്നും ഈ സമാപ്തി ഓർമിപ്പിക്കുന്നു. അതിനുശേഷവും കാരണംകാണിക്കൽ നോട്ടീസ് പോലുള്ള കലാപരിപാടികൾ നടത്തുന്നവർ വിഷം കലക്കുമോ ആവോ?