മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ
ഡൊമിനിക് തോമസ്
Monday, August 18, 2025 1:15 AM IST
സ്വദേശി പ്രസ്ഥാനവും വിദേശവസ്തുക്കളുടെ ബഹിഷ്കരണവും ഇന്ത്യൻ സ്വാതന്ത്ര്യസമര വിജയചരിത്രത്തിന്റെ അഭിന്ന ഭാഗമായിരുന്നു. 1905ൽ ബംഗാൾ വിഭജനത്തിന് എതിരായി ആരംഭിച്ച സ്വദേശി പ്രസ്ഥാനം ഇന്ത്യൻ ദേശീയതയുടെ പുതിയ രൂപമായിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം, സാംസ്കാരിക പുനരുജ്ജീവനം, രാഷ്ട്രീയ ബോധവത്കരണം എന്നിവയുടെ സമ്മിശ്രണമായിരുന്നു സ്വദേശി.
ഈ പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പുതിയ ദിശാബോധം നൽകുകയും ജനങ്ങളുടെ രാഷ്ട്രീയബോധം ഉണർത്തുകയും ചെയ്തു. പിൽക്കാലത്തെ എല്ലാ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്കും മാതൃകയായി. ഗാന്ധിജിയുടെ നിസഹകരണം, സത്യഗ്രഹം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയെല്ലാം സ്വദേശി പ്രസ്ഥാനത്തിന്റെ പാരമ്പര്യമായിരുന്നു.
വിദേശവസ്തുക്കളുടെ ബഹിഷ്കരണം എന്നതു സ്വദേശി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും രാഷ്ട്രീയ പ്രതിഷേധം അറിയിക്കുന്നതിനുമുള്ള ഒരു മാർഗമാണ്. വിദേശവസ്തുക്കളുടെ ബഹിഷ്കരണം വെറും രാഷ്ട്രീയനിലപാടല്ല; മറിച്ച്, സാമ്പത്തിക സ്വാതന്ത്ര്യത്തിനും സാംസ്കാരിക സ്വത്വത്തിനുമുള്ള പോരാട്ടമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സ്വയംപര്യാപ്തത, ആത്മനിർഭരത എന്നീ ആശയങ്ങളുടെ വേരുകൾ സ്വദേശി പ്രസ്ഥാനത്തിൽത്തന്നെ കാണാവുന്നതാണ്. സ്വദേശി വ്യവസായങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഉപഭോക്താക്കളുടെ ബോധവത്കരണവും അത്യാവശ്യമാണ്.
തീരുവയുദ്ധം
ലോകത്തിലെ വലിയ സാമ്പത്തികശക്തിയായി ഉയരുന്ന നമ്മുടെ നാടിന്റെ പുരോഗതിക്കും വളർച്ചയ്ക്കും കടിഞ്ഞാണിടാനും തികച്ചും സ്വാർഥമായ ലക്ഷ്യങ്ങൾ നേടാനും മേൽക്കോയ്മ നിലനിർത്താനുമാണ് ലോക പോലീസ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ശക്തികൾ തീരുവയുദ്ധം പ്രഖ്യാപിച്ചത്.
ഇത്തരത്തിൽ നമ്മെ തളയ്ക്കാനും നിയന്ത്രിക്കാനും നീതിപൂർവമല്ലാത്ത മാർഗങ്ങൾ അവലംബിക്കുമ്പോൾ സ്വാതന്ത്ര്യസമരകാലത്തു നടപ്പിലാക്കിയ സ്വദേശിയും വിദേശിബഹിഷ്കരണവും ഒരിക്കൽക്കൂടി പ്രയോഗിക്കാൻ സമയമായി എന്നു കരുതേണ്ടിയിരിക്കുന്നു. തീരുവയുദ്ധത്തിലൂടെ വ്യാപാര ഉടമ്പടികൾ തങ്ങൾക്കു മാത്രം പ്രയോജനം നൽകുന്നതും മറ്റു സമ്പദ്വ്യവസ്ഥകളെ അധീനത്തിലാക്കുന്ന, വ്യാവസായിക മത്സരത്തിന്റെ സ്ഥാനത്തു സാമ്രാജ്യത്വത്തിന്റെ വളർച്ചയാണ് ഈ ശക്തികൾ ലക്ഷ്യംവയ്ക്കുന്നത്.
പ്രതിസന്ധികൾ കരുത്താകും!
ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ കാലത്തു പരസ്പരാശ്രയവും സഹകരണവും ഒഴിച്ചുകൂടാനാകാത്തതാണ്. ആധുനികകാലത്ത് ആഗോളവത്കരണത്തിന്റെ സ്വാധീനവും യുവതലമുറയുടെ മനോഭാവവും മൂലം സ്വദേശിയും വിദേശിബഹിഷ്കരണവും കാലഹരണപ്പെട്ട സിദ്ധാന്തമായി കരുതുന്നവർ ഏറെയുണ്ടാകും. താത്കാലികമായി കോട്ടങ്ങളും നഷ്ടങ്ങളും ഇതു നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വദേശിയും വിദേശിബഹിഷ്കരണവും നേട്ടങ്ങൾ നൽകും.
1990കളിൽ ബഹിരാകാശ സാങ്കേതികവിദ്യ നിഷേധിച്ചപ്പോൾ നമ്മൾ വികസിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യ ലോകോത്തരമായിരുന്നു, ചെലവ് കുറഞ്ഞതായിരുന്നു. ഇന്നു നാം ഉപഗ്രഹവിക്ഷേപണത്തിൽ ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. അതിനു കാരണം പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്ത് നാം ആർജിച്ചെടുത്തതാണ്. ആവശ്യമാണു സൃഷ്ടിയുടെ മാതാവ് എന്നല്ലേ പറയാറ്.
സ്വദേശി വ്യവസായങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കൽ, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിദേശനാണ്യ ചോർച്ച തടയൽ, ആത്മനിർഭരത കൈവരിക്കൽ, ദേശീയബോധം വളർത്തൽ, സാംസ്കാരിക സ്വാതന്ത്ര്യം നിലനിർത്തൽ എന്നിവ കൈവരിക്കുന്നതിനായി മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികൾ കേവലം കടലാസിലും കണക്കിലും ഒതുങ്ങാതെ പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കിയാൽ ഒരു ശക്തിക്കും നമ്മെ തടയാൻ കഴിയില്ല.
ജനസംഖ്യയിലും യുവജനവിഭവശേഷി സംഖ്യയിലും വാങ്ങൽശേഷിയിലും വിവരസാങ്കേതിക പരിജ്ഞാനത്തിലും മുൻപന്തിയിലായ നാം മനസുവച്ചാൽ ആരുടെയും മുന്പിൽ മുട്ടുമടക്കാതെ തലയുർത്തി സമന്മാരായി ആരോടും സംസാരിക്കാൻ സാധിക്കും. നമ്മെ വളയ്ക്കാനും ഒടിക്കാനും ശ്രമിക്കുന്നവരുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ, ഒഴിവാക്കാൻ, ഉപഭോഗം കുറയ്ക്കാൻ വാങ്ങൽശേഷിയുള്ള ഇന്ത്യൻ ഇടത്തരക്കാരിൽ നല്ലൊരുഭാഗം മുന്നോട്ടിറങ്ങിയാൽ പല ആഗോള ഭീമന്മാരുടെയും താളം തെറ്റും. അതോടൊപ്പം അവർ നൽകുന്ന ഉത്പന്നങ്ങൾ നാം സ്വദേശത്ത് ഉത്പാദിപ്പിച്ചാൽ പല വൻകിടക്കാരും പാപ്പരാകും.
സ്വാവലംബനത്തിലേക്ക് ചാടിക്കയറാം
ഉപഭോക്താക്കളുടെ മനോഭാവത്തിൽ മാറ്റം വരുത്താനുള്ള പ്രചാരണം നടത്തുകയും സ്വദേശി ബ്രാൻഡുകൾ തെരഞ്ഞെടുക്കാനും ലോക്കൽ മാർക്കറ്റുകളിൽനിന്നു വാങ്ങാനും പ്രേരിപ്പിക്കുകയും ചെയ്യണം. അതിനായി സ്വദേശി മേളകൾ സംഘടിപ്പിക്കണം. കൂടാതെ, ഡിജിറ്റൽ യുഗത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സ്വദേശി ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണം നടത്തുകയും വേണം. ഇ- കോമേഴ്സ് മേഖലയിൽ സ്വദേശി ബ്രാൻഡുകൾക്കു പ്രാധാന്യം നൽകി സ്വദേശിയെ സ്വീകരിച്ച് സ്വാവലംബനത്തിലേക്ക് നമുക്കു ചാടിക്കയറാം.
‘അപ്നാ ഹാത്ത് ജഗന്നാഥ്’ എന്ന ഹിന്ദി വാക്യത്തിന്റെ അർഥം ബാഹ്യശക്തികളെയോ ദൈവിക ഇടപെടലുകളെയോ ആശ്രയിക്കുന്നതിനുപകരം, ലക്ഷ്യങ്ങൾ നേടുന്നതിന് സ്വന്തം പരിശ്രമങ്ങളിലും കഴിവുകളിലും ആശ്രയിക്കണമെന്നാണ്. സ്വയം ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ പുതിയ കഴിവുകൾ പഠിക്കുന്നു. ഓരോ വെല്ലുവിളിയും നമ്മിൽ ആത്മവിശ്വാസം വളർത്തുന്നു. സ്വന്തം കഴിവിൽ വിശ്വാസമുണ്ടാക്കി, പരിശ്രമിച്ചാൽ ഏതു പ്രശ്നവും പരിഹരിക്കാം. മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്’(മിഗ) ഇന്ത്യയെ വീണ്ടും മഹത്തരമാക്കുക, വികസിത ഭാരതം 2047 നമുക്ക് പ്രാപ്യമായ ലക്ഷ്യമാണ്.
WE SHALL OVERCOME- നമ്മൾ ജയിക്കും എന്നതു ഹൃദയത്തിന്റെ അടിത്തട്ടിൽ, നമ്മൾ വിശ്വസിക്കേണ്ടതുണ്ട്. ബറാക് ഒബാമയുടെ വാക്കുകൾ കടമെടുത്താൽ “അതെ നമുക്കു കഴിയും” “YES WE CAN”.