സങ്കീർണം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, August 20, 2025 12:31 AM IST
സങ്കീർണത ഏറെ ഇഷ്ടപ്പെടുന്ന (ജീവിതത്തിലല്ല) ഒരാളാണ് ഞാൻ. അതിനാലാണ് ചെറുപ്പത്തിലേ വായനയിൽ ‘കഠം’വച്ച പല ആഖ്യായികോപനിഷത്തുകളും മറ്റും വായിക്കാനെടുത്തത്. ആദ്യം വായിച്ചത് കാറൽ മാർക്സിന്റെ ‘മൂലധന’മായിരുന്നു. പ്രീഡിഗ്രിക്കാലത്തായിരുന്നു അത്.
ഒന്നും വായിച്ചു മനസിലാക്കാനായില്ല എന്നു മാത്രമല്ല, ആ തടിയൻ പുസ്തകം കൈയിൽനിന്നു വഴുതിവീണ് അരുമയായി ഞാൻ വളർത്തിയിരുന്ന ‘വൈറ്റി’ എന്ന പൂച്ചക്കുട്ടിക്ക് സാരമായ പരിക്കുംപറ്റി. പിന്നീടു വായിച്ച കൂറ്റൻ പുസ്തകം വിലാസിനിയുടെ ‘അവകാശികളാ’യിരുന്നു. കോളജിലെ ജനറൽ ലൈബ്രറിയിലിരുന്ന് പല ആഴ്ചകളിലായാണ് ഞാനതു വായിച്ചുതീർത്തത്.
അധികം സങ്കീർണതയില്ല എങ്കിലും അതിലെ കഥാപാത്രങ്ങളെ പെട്ടെന്ന് തിരിച്ചറിയാനായി ഒരു ചാർട്ട് തയാറാക്കി ഞാൻ കൈയിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്കിടെ അവർതന്നെയല്ലേ ഇവർ എന്ന് വർണ്യത്തിലാശങ്കയില്ലാതെയാണ് ഞാനതു വായിച്ചുതീർത്തത്. അതിലെ ഒരു കഥാപാത്രത്തെ ഇപ്പോഴും ഓർക്കുന്നു; വേലുണ്ണിക്കുറുപ്പ്. അയാൾക്ക് ചുറ്റുമാണ് നോവലിലെ കാലം തളംകെട്ടിക്കിടക്കുന്നത്. പക്ഷേ, അതയാൾ അറിയുന്നില്ല. വ്യക്തിസത്തയ്ക്കപ്പുറത്തേക്കു വളർന്നുനിൽക്കുന്ന ഒരു കാലപുരുഷനാണ് അയാൾ. നോവലിൽ തുടരെ കടന്നുവരുന്നില്ലെങ്കിൽകൂടിയും ആദ്യന്തം അയാളുടെ സാന്നിധ്യം നമുക്കനുഭവപ്പെടും. എല്ലാ ചലനങ്ങളുടെയും ചരട് അയാളുടെ കൈയിലാണ്. സി.വിയുടെ പല കഥാപാത്രങ്ങളുടെയും ഒരാകത്തുക വേലുണ്ണിക്കുറുപ്പിനുണ്ടെന്നു എനിക്കു തോന്നിയിട്ടുണ്ട്.
‘അവകാശികൾ’ക്കു ശേഷം തകഴിയുടെ ‘കയർ’ വായിക്കാനെടുത്തുവെങ്കിലും ആദ്യ അധ്യായങ്ങളിൽത്തന്നെ അതുപേക്ഷിച്ചു. ‘അവകാശികളെ’ക്കാളും അതിസങ്കീർണമായിട്ടാണ് ‘കയർ’ എനിക്കനുഭവപ്പെട്ടത്. അപാരമായ ക്ഷമയും അനന്തമായ സമയവും ‘കയർ’ വായിക്കാൻ വേണം എന്നെനിക്കു തോന്നി. നാലു തലമുറകൾ. നൂറ്റമ്പതു വർഷങ്ങൾക്ക് മുമ്പാരംഭിക്കുന്ന കഥ. നായകന്മാരോ നായികമാരോ ഇല്ല. നോവലിലെ ഗ്രാമംതന്നെ നായകനായി മാറുന്നു. മരുമക്കത്തായം മുതൽ നക്സലൈറ്റ് പ്രസ്ഥാനം വരെ ചർച്ച ചെയ്യുന്ന ഇതിവൃത്തം. പെരുക്കാത്ത എന്റെ തല പെരുത്തു. ‘കയറി’നോട് എനിക്കൊട്ടും ദയ തോന്നിയില്ല. ഞാനത് എന്നെന്നേക്കുമായി വായനയിൽനിന്ന് ഉപേക്ഷിച്ചു.
ബിരുദപഠനകാലത്താണ് സി.വി. രാമൻ പിള്ളയെ വായിക്കുന്നത്. കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ഒരു ചാർട്ട് തയാറാക്കിയാണ് ഞാൻ വായിക്കാനിരുന്നത്. വായിച്ചു. സി.വിയോട് എനിക്കൊരാരാധന തോന്നി. എഴുത്തുകാരൻ ആരാധിക്കപ്പെടേണ്ട ഒരാൾകൂടിയാണെന്ന് എനിക്കാദ്യം ബോധ്യപ്പെടുത്തിത്തന്നത് സി.വിയാണ്. കുമാരനാശാനോടൊപ്പമോ അതിനുമേലെയോ ആയാണ് ഞാൻ സി.വിയെ കാണുന്നത്. എന്റെ വായനയിലെ ഭൂതബാധയാണ് സി.വി കൃതികൾ. എത്ര തവണ വായിച്ചുവെന്ന് ഇന്നും ഒരു തിട്ടവുമില്ല. നോവൽ സങ്കീർണമെങ്കിലും ആ സങ്കീർണത ഒരളവുവരെ ലഘൂകരിക്കുന്നത് ‘നോവൽത്രയ’ത്തിലെ കഥാപാത്രങ്ങളാണ്.
രാമനാമഠത്തിൽ പിള്ളയുടെ മകനായ കാളി ഉടയാൻ ചന്ത്രക്കാരനെയും ത്രിപുരസുന്ദരിക്കുഞ്ഞമ്മയെയും അവരുടെ ദൗഹിത്രി മീനാക്ഷിയെയും ‘ഇന്ദുലേഖ’യേക്കാൾ തന്റേടികളായ സുഭദ്രയെയും സാവിത്രിയെയും മറക്കുന്നതെങ്ങനെ. ഈ ജന്മത്തിൽ അവർ എന്നെയും ഞാൻ അവരെയും വിട്ടൊഴിയുമെന്ന് തോന്നുന്നില്ല. മേഘങ്ങൾ മഴ കഴിഞ്ഞ് മടങ്ങുംപോലെയാണ് ആ വായന. അവ പിന്നെയും ആകാശത്തേക്കുതന്നെ മടങ്ങിവരും.
സി.വിയെ വായിക്കുന്ന കാലത്താണ് ദസ്തയേവ്സ്കിയെ വായിക്കുന്നത്. ‘ക്രൂരസങ്കീർണത’ എന്ന് വിശേഷിപ്പിക്കാവുന്ന കൃതികൾ ആയിരുന്നു അതെല്ലാം. സാഹസികമായ ഒരു വായനാമനസിനു മാത്രമേ ആ കൈലാസം കയറാനാകൂ. ആ കൃതികൾക്കൊരു പ്രച്ഛന്നസൗന്ദര്യമുണ്ട്. ആ സൗന്ദര്യം തിരിച്ചറിയാൻ ശരണാർഥിയായി വേണം മലകയറാൻ. പല ഇടവേളകളിലായാണ് ഞാനതിൽ കയറിപ്പറ്റിയത്. കയറിക്കഴിഞ്ഞാൽ മുകളിൽ പ്രശാന്തതയും താഴ്വാരങ്ങളിൽ പച്ചപ്പുമുണ്ട്. “മനുഷ്യൻ ഒരു പരമരഹസ്യമാണെന്നും ആ രഹസ്യം കണ്ടെത്താൻവേണ്ടിയാണ് ഞാൻ എഴുതുന്ന”തെന്നും ദസ്തയേവ്സ്കി എഴുതിയിട്ടുണ്ട്. ഇരുളിൽ ക്ഷണവേഗേന പാഞ്ഞുപോയ മിന്നൽവെളിച്ചംപോലെയാണ് എനിക്കീ വാക്യം അനുഭവപ്പെട്ടത്. ആ ആലക്തികാഘാതത്തിൽനിന്ന് മുക്തനാകാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല.
ഒരിക്കൽ ജന്മദിനസമ്മാനമായി പ്രിയപ്പെട്ട ഒരുവൾക്ക് ‘കോളറക്കാലത്തെ പ്രണയം’ കൊടുത്തപ്പോൾ അവൾ പറഞ്ഞു, “നിനക്കുമുമ്പ് പിറന്നാൾ സമ്മാനം കൊണ്ടുവന്ന മൂന്നുപേർ ഇതേ പുസ്തകമാണു തന്നത്. ആരു തന്ന പുസ്തകം ആദ്യം വായിക്കണമെന്നറിയാതെ ഞാനാകെ കുഴഞ്ഞിരിക്കുകയാണ്.” ഞാനൊന്നും മറുപടി പറഞ്ഞില്ല. ആശംസകൾ നേർന്നു മടങ്ങിപ്പോന്നു. നോവലിൽ മാത്രമല്ല, പ്രണയത്തിലും സങ്കീർണതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അന്നാണ്. ഏറെക്കാലം നോവലിലെ ഫ്ലോറന്റീനോ അരീസയായി ഞാൻ ജീവിച്ചു. ആ സങ്കീർണത ജീവിതത്തിലൊന്നും അവശേഷിപ്പിക്കുന്നില്ല എന്നെന്നെ ബോധ്യപ്പെടുത്താൻ മാത്രം.