മെഡിക്കൽ പ്രവേശനവും ഇഡബ്ല്യുഎസ് സംവരണവും
ആന്റണി ആറിൽച്ചിറ
Thursday, August 21, 2025 12:18 AM IST
നീറ്റ് റാങ്ക് ലിസ്റ്റിനെ ആധാരമാക്കി കേരളത്തിൽ മെഡിക്കൽ പ്രവേശനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി നടത്തുന്ന ആദ്യറൗണ്ട് അലോട്ട്മെന്റ് വിവരങ്ങൾ പുറത്തു വന്നതുമുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിന്റെ സംവരണം (ഇഡബ്ല്യുഎസ്) സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുള്ളവർക്ക് മറ്റുചില സംവരണ വിഭാഗങ്ങളേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും അവസരങ്ങളും ലഭിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ചില കേന്ദ്രങ്ങൾ മനഃപൂർവം പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിക്കുന്നത്.
ഈ വർഷത്തെ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ പ്രവേശനപട്ടികയിൽ ഒന്നാം അലോട്ട്മെന്റനുസരിച്ച് ഓപ്പൺ മെറിറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് 697-ാം റാങ്കുകാർക്ക് പ്രവേശനം ലഭിച്ചപ്പോൾ സ്വാശ്രയ കോളജിൽ റാങ്ക് 8,745 ആണ്. ബിഡിഎസിന് ഇത് യഥാക്രമം 3,473ഉം 25,032ഉം ആണ്. ഇതേസമയം സർക്കാർ മെഡിക്കൽ കോളജുകളിലെ എംബിബിഎസിന് 2,842 വരെയുള്ള ഇഡബ്ല്യുഎസ്കാർക്ക് പ്രവേശനം ലഭിക്കും. സ്വാശ്രയ കോളജുകളിൽ 15,464 വരെയുള്ളവർക്കും പ്രവേശനം ലഭിക്കും.
വിമർശകർ ചൂണ്ടിക്കാട്ടുന്നത്
ഇഡബ്ല്യുഎസ് സംവരണത്തെ വിമർശിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് വിമർശനം മുസ്ലിം, ഈഴവ സംവരണത്തേക്കാൾ മെച്ചം ഇഡബ്ല്യുഎസുകാർക്ക് കിട്ടുന്നു എന്നാണ്. എന്നാൽ, വിമർശകർ പറയുന്നതുപോലെയല്ല യാഥാർഥ്യം. അങ്ങനെയാണെങ്കിൽ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് കൂടുതൽ ആനുകൂല്യം ലഭിക്കുന്നു എന്നു കരുതണം. ആ വിഭാഗം ഇപ്പോഴും പിന്നാക്കാവസ്ഥയിൽ കഴിയുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റാങ്ക് പട്ടിക. അതുതന്നെയാണ് ഇഡബ്ല്യുഎസിന്റെ കാര്യത്തിലും സംഭവിക്കുന്നത്.
പിന്നാക്ക സംവരണ ശതമാനം പത്തു ശതമാനം മാത്രം സംവരണമുള്ള ഇഡബ്ല്യുഎസ് വിഭാഗത്തേക്കാൾ കൂടുതൽ സംവരണവിഹിതമുള്ള വിഭാഗങ്ങളിൽ പെട്ടവരുടെ റാങ്ക് പട്ടിക ഇഡബ്ല്യുഎസിനേക്കാൾ കുറവ് കാണിക്കുന്നു എങ്കിൽ അതിന്റെ അർഥം ആ വിഭാഗങ്ങളിൽനിന്നുള്ളവർ കൂടുതലായി ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ്. അതായത്, സംസ്ഥാന മെറിറ്റിന് അടുത്തുതന്നെയാണ് അവരുടെ റാങ്കെങ്കിൽ അവർ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പൊതുസമൂഹത്തോട് തുല്യം നിൽക്കാൻ തക്ക തരത്തിൽ വളർന്നിരിക്കുന്നു എന്നു വേണം കരുതാൻ. അതായത്, ആ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യം പുനഃപരിശോധിക്കാൻ സമയമായി എന്നാണ് അർഥമാക്കുന്നത്.
ഈ റാങ്ക് ലിസ്റ്റുകളിൽനിന്ന് ഒരു കാര്യം വളരെ വ്യക്തമാണ്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ലഭിക്കുന്ന സംവരണ ശതമാനത്തേക്കാൾ കൂടുതൽ സംവരണം ഉണ്ടായിട്ടും ചില സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ പൊതു മെറിറ്റിനോട് അടുത്തുതന്നെ നില്ക്കുന്നു. മെറിറ്റ് ലിസ്റ്റിൽ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം എണ്ണത്തിൽ വളരെ മുന്നിട്ടു നില്ക്കുന്നതിനാൽ സംവരണ വിഭാഗത്തിലും അതോടൊപ്പം പൊതുവിഭാഗത്തിലും പരിഗണിക്കപ്പെടാവുന്ന അളവിൽ ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതിനാൽ പൊതു മെറിറ്റിലേതിനേക്കാൾ അധികം മുന്നോട്ട് ഈ വിഭാഗങ്ങളുടെ റാങ്കുകൾ മാറില്ല. പക്ഷേ, അവർക്ക് ലഭിക്കേണ്ടുന്ന സംവരണം ഒരിക്കലും നഷ്ടപ്പെടുന്നില്ല.
പൊതുവിഭാഗത്തിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഒരു സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടയാൾ പരിഗണിക്കപ്പെട്ടാൽ തൊട്ടടുത്ത സംവരണ സീറ്റ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിഭാഗത്തിനുതന്നെ ലഭിക്കും. അതിൽ ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല. ഓപ്പൺ മെറിറ്റ് ലിസ്റ്റിനോട് അടുത്തു നില്ക്കുന്ന സംവരണ വിഭാഗങളിൽ ആകെ തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനേക്കാൾ കൂടുതലായിരിക്കും. അതുപോലെതന്നെ റാങ്ക് പട്ടിക ഓപ്പൺ ലിസ്റ്റിൽനിന്ന് അധികം ദൂരത്തല്ല എങ്കിൽ ആ വിഭാഗത്തിൽ ഉൾപ്പെട്ടവർ ആ ലിസ്റ്റിൽ നിരവധി പേർ ഉണ്ട് എന്നതിന്റെ തെളിവായി അതു കണക്കാക്കാം. എന്നാൽ, ഇഡബ്ല്യുഎസ്, പട്ടികജാതി, പട്ടികവർഗ ലിസ്റ്റുകളിലെ റാങ്കുകാർ വളരെയേറെ മുന്നോട്ടു പോകുന്നെങ്കിൽ അതിന്റെ അർഥം ആ വിഭാഗത്തിൽ ഉൾപ്പെട്ടവർ റാങ്ക് ലിസ്റ്റുകളിൽ സ്ഥാനം പിടിക്കുന്ന എണ്ണത്തിന്റെ കാര്യത്തിൽ വളരെ പിന്നാക്കമാണെന്നാണ്.
ഇഡബ്ല്യുഎസിനെ എതിർക്കുന്നവർ ശ്രമിക്കുന്നത്
എന്തുകൊണ്ട് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെയും ഇഡബ്ല്യുഎസ്കാരുടെയും സാന്നിധ്യം ഈ റാങ്ക് ലിസ്റ്റിൽ കുറയുന്നു? അതിന്ന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. ഈ വിഭാഗം ഇപ്പോഴും വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റ് സംവരണ വിഭാഗങ്ങളേക്കാൾ വളരെ പിന്നാക്കമാണ്. ഈ യാഥാർഥ്യം മറച്ചുവയ്ക്കാനാണ് ഇഡബ്ല്യുഎസിനെ എതിർക്കുന്ന തത്പരകക്ഷികൾ ശ്രമിക്കുന്നത്.
ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട അർഹരായ നിരവധി ആളുകൾക്ക് യഥാസമയം സാക്ഷ്യപത്രങ്ങൾ ലഭ്യമാകാത്ത അവസ്ഥയുണ്ട്. അന്യായമായ മാനദണ്ഡങ്ങൾ അർഹരായ പലർക്കും സാമാന്യനീതി നിഷേധിക്കാൻ ഇടയാക്കുന്നു. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് നല്കുന്ന പ്രായപരിധിയിലെ ഇളവുകളും യോഗ്യതാ ഇളവുകളും ഇഡബ്ല്യുഎസ് വിഭാഗത്തിനും അനുവദിച്ചെങ്കിൽ മാത്രമേ സംവരണേതര വിഭാഗത്തിനു ലഭ്യമാക്കിയ അവകാശം ലക്ഷ്യത്തിലെത്തൂ.