വന്യജീവി സംരക്ഷണ നിയമ ഭേദഗതി മലയോരജനതയ്ക്കു വേണ്ടത് ഇമ്യൂണിറ്റി
സിജുമോൻ ഫ്രാൻസിസ്
Thursday, August 21, 2025 12:22 AM IST
കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കൊലപാതകങ്ങൾ നടന്നതും ജീവനോപാധികൾ നശിപ്പിക്കപ്പെട്ടതും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ്. ഇക്കാലത്തൊക്കെ വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവരുടെ ഒരുപാട് കുട്ടികൾ അനാഥരായിട്ടുണ്ട്.ഒരുപാട് സഹോദരിമാർ ചെറുപ്രായത്തിൽതന്നെ വിധവകളായിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞുപോയ മക്കളെയോർത്ത് നീറിനീറി കഴിയുന്ന മാതാപിതാക്കളുണ്ട്. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാൻ സംസ്ഥാനം കൊണ്ടുവരുന്ന വന്യജീവി സംരക്ഷണ (കേരള) ഭേദഗതി നിയമത്തിൽ ഇവരുടെയൊക്കെ സങ്കടങ്ങൾക്ക് പരിഹാരം കാണാനാവില്ലെങ്കിലും അവരുടെയൊക്കെ കണ്ണീരൊപ്പാനുള്ള വകുപ്പുകളും ചട്ടങ്ങളും ഉണ്ടാകണം. അവിടെയായിരിക്കും സർക്കാരിന്റെ ആത്മാർഥത പൊതുസമൂഹം വിലയിരുത്തുക. പുതിയ നിയമനിർമാണം നടത്താൻ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചെന്നും കരട് ബിൽ നിയമവകുപ്പിന്റെ പരിഗണനയിലാണന്നും അറിയുന്നു.
വനവും വന്യജീവി സംരക്ഷണവും ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ടതായതിനാൽ സംസ്ഥാനങ്ങൾക്കും പ്രത്യേകം നിയമം നിർമിക്കാമെന്നും അതിന് രാഷ്ട്രപതിയുടെ അനുമതി വാങ്ങണമെന്നേയുള്ളൂ എന്നുമാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ കൊടുത്തിരിക്കുന്ന നിയമോപദേശം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ നിയമം നിർമിച്ചു എന്നു പ്രകടനപത്രികയിൽ എഴുതാൻ മാത്രമാകരുത് പുതിയ നിയമനിർമാണം.
പരിരക്ഷയാകണം നിയമത്തിന്റെ അന്തഃസത്ത
2012 ഫെബ്രുവരി 15ന് കൊല്ലത്ത് കടലിൽ മീൻ പിടിക്കാൻ പോയ രണ്ടു മത്സ്യത്തൊഴിലാളികൾ ‘എൻറിക്ക ലെക്സി’ എന്ന ഇറ്റാലിയൻ ഓയിൽ ടാങ്കറിലെത്തിയ രണ്ട് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ചിരുന്നു. കേരള ഹൈ ക്കോടതിയിലും സുപ്രീംകോടതിയിലും പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ആർബിട്രേഷൻ ട്രിൈബ്യൂണലിലും എത്തിയ ആ കേസിൽ ഇറ്റാലിയൻ കപ്പലിൽ, ഇറ്റാലിയൻ യൂണിഫോമിൽ, ഇറ്റാലിയൻ നാവികർ നടത്തിയത് കൊലപാതകമാണെങ്കിലും ഇറ്റാലിയൻ നാവികർ എന്നുള്ള സോവറിൻ ഇമ്യൂണിറ്റി (Sovereign Immunity) അഥവാ പരിരക്ഷ അനുവദിച്ച് നാവികരെ കുറ്റവിമുക്തരാക്കണമെന്നായിരുന്നു ഇറ്റലിയുടെ വാദം. പല അന്താരാഷ്ട്ര കോടതികളും പരിഗണിച്ച ആ കേസിൽ അവസാനം ഇറ്റാലിയൻ നാവികരെ ആ ഇമ്മ്യൂണിറ്റിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസിൽനിന്ന് ഒഴിവാക്കി മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിച്ചു.
ഈ ഇമ്യൂണിറ്റിയാണ് പുതിയ നിയമത്തിൽ സർക്കാർ കേരളത്തിലെ കർഷകസമൂഹത്തിനും മലയോരജനതയ്ക്കും അനുവദിച്ചു കൊടുക്കേണ്ടത്. താൻ കരമടയ്ക്കുന്ന ഭൂമിയിൽ അതിക്രമിച്ചു കടന്ന് തന്റെ ജീവനും ജീവനോപാധിയും നശിപ്പിക്കുന്ന ഏതു വന്യമൃഗമാണെങ്കിലും അതിനെ നേരിടുന്നതിനുള്ള നിരുപാധിക സോവറിൻ ഇമ്യൂണിറ്റി (Sovereign Immunity) കർഷകന് അനുവദിച്ചുകൊടുത്താൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം. അതിനു പഴുതടച്ച നിയമനിർമാണമാണു വേണ്ടത്.
ജെല്ലിക്കെട്ട് പാഠമാക്കാം
2017ൽ തമിഴ്നാട് സർക്കാർ ‘റെഗുലേഷൻ ഓഫ് ജെല്ലിക്കെട്ട് ആക്ട് -2009’ ഭേദഗതി ചെയ്തത് സുപ്രീംകോടതി ശരിവച്ചു. ഇതുവഴി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടത്താൻ അനുമതി കൊടുത്തു. ഈ മാതൃക വന്യജീവി വിഷയത്തിൽ നമുക്ക് പിൻതുടരാം. തമിഴ്നാട്ടിൽ വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്നിരുന്ന ജെല്ലിക്കെട്ട് ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ ആക്ട് -1960’ പ്രകാരം 2014ൽ സുപ്രീംകോടതി നിരോധിച്ചിരുന്നു. 2016ൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകിയെങ്കിലും മൃഗസ്നേഹികൾ അതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് തമിഴ്നാട് സർക്കാർ നിയമനിർമാണത്തിലേക്ക് കടന്നത്. അവിടെ സംസ്കാരവും ആചാരവുമാണ് പരിഗണിച്ചതെങ്കിൽ ഇവിടെ ജീവനാണ്, ജീവിതമാണ്, മനുഷ്യരാശിയുടെ നിലനിൽപ്പാണ് പരിഗണനാവിഷയം.
പഞ്ചായത്ത് വകുപ്പും പ്രതിക്കൂട്ടിൽ
ഇപ്പോൾ വനംവകുപ്പിനോട് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാൽ അവർ അപ്പോൾത്തന്നെ പറയും പഞ്ചായത്തിനോടു പറയാൻ. പഞ്ചായത്തിന് ആകെ ലഭിക്കുന്ന പ്ലാൻ ഫണ്ട് അടക്കമുള്ള തുക ചെലവഴിക്കുന്നത് ഗ്രാമസഭകൾ പാസാക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലാണ്. കുട്ടികളുടെയും അമ്മമാരുടെയും സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനുമൊക്കെയുള്ള പദ്ധതി വിഹിതം വക മാറ്റി ചെലവഴിക്കാനാവില്ല.
ചുരുക്കിപ്പറഞ്ഞാൽ, പഞ്ചായത്തിനെ ഉത്തരവാദിത്വം ഏല്പിച്ച് വനംവകുപ്പ് രക്ഷപ്പെടുകയാണ്. കോടാനുകോടി രൂപ വന്നുപോകുന്ന വനംവകുപ്പിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ താത്പര്യമില്ല. ആ ഉത്തരവാദിത്വം ഏൽക്കാൻ അവർ തയാറുമല്ല.
പാർലമെന്റിൽ 11ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പു മന്ത്രി നൽകിയ മറുപടി പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ കേന്ദ്രപദ്ധതി യഥാസമയം നടപ്പാക്കാത്തുമൂലം കേരളം 147.38 കോടി രൂപ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് സ്കീം പ്രകാരം കേരളത്തിന് അനുവദിച്ചത് 104.57 കോടി രൂപ. ചെലവഴിച്ചത് 30.82 കോടി മാത്രം. മറ്റൊരു പദ്ധതിയായ പ്രോജക്റ്റ് എലഫന്റ് ആൻഡ് ടൈഗർ പദ്ധതിപ്രകാരം അനുവദിച്ചത് 116.81 കോടി. ചെലവഴിച്ചത് 42.73 കോടി. രണ്ടു പദ്ധതികളിലുംകൂടി ആകെ അനുവദിച്ചത് 221.38 കോടി. ആകെ ചെലവഴിച്ചത് 73.55 കോടി മാത്രം. ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 147.38 കോടി രൂപ. നടപ്പ് സാമ്പത്തികവർഷമായ 2025-26ൽ കേന്ദ്രസർക്കാർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് സ്കീം പ്രകാരം ഫണ്ട് അലോട്ട്മെന്റ് നടത്തിയിട്ടില്ല എന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. കാരണം പറഞ്ഞിരിക്കുന്നത് സംസ്ഥാന സർക്കാർ ഇക്കാര്യത്തിനായി കേന്ദ്രത്തിൽ സമർപ്പിക്കേണ്ട ‘ആനുവൽ പ്ലാൻ ഓഫ് ഓപ്പറേഷൻസ്’ ഇതുവരെ സമർപ്പിച്ചിട്ടില്ല അല്ലങ്കിൽ സമർപ്പിച്ചത് പൂർണമല്ല എന്നാണ്. ഇത്തരം കെടുകാര്യസ്ഥതയാണ് വനംവകുപ്പിനെ ജനദ്രോഹ വകുപ്പെന്ന് മുദ്രകുത്താനിടയാക്കുന്നത്.
വന്യജീവികൾ എവിടെയാണെങ്കിലും വന്യജീവി
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ 2 (36)ൽ വന്യജീവികളുടെ നിർവചനം കൊടുത്തിരിക്കുന്നത് ‘വന്യമൃഗം’ എന്നാൽ ഷെഡ്യൂൾ I അല്ലെങ്കിൽ ഷെഡ്യൂൾ IIൽ വ്യക്തമാക്കിയിട്ടുള്ളതും പ്രകൃതിയിൽ വന്യമായി കാണപ്പെടുന്നതുമായ ഏതെങ്കിലും മൃഗം എന്നാണ്. ഇതനുസരിച്ച് നാട്ടിൽ കാണപ്പെട്ടാലും അത്തരം മൃഗങ്ങളെ വന്യജീവികളായിത്തന്നെ കണക്കാക്കണം.
ഇവിടെ, നിൽക്കുന്ന സ്ഥലത്തിന് പ്രസക്തിയില്ല. അവിടെയാണ് വരാൻ പോകുന്ന നിയമത്തിൽ ‘ഇമ്യൂണിറ്റി’ പ്രസക്തമാകുന്നത്. ഇമ്യൂണിറ്റി അനുവദിച്ചുകൊടുത്തുകൊണ്ടല്ലാതെ പാസാക്കുന്ന ഏത് നിയമവും വീണ്ടും ചുവപ്പു നാടയിൽ കുടുങ്ങും. വനാതിർത്തി പങ്കിടുന്ന മലയോര മേഖലകളിൽ ചോരപ്പുഴ തുടർന്നും ഒഴുകും.
(ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)