സ്വരാജ്യത്തെ സ്നേഹിച്ച സ്വരാജ് പോൾ
Friday, August 22, 2025 11:01 PM IST
പതിറ്റാണ്ടുകളോളം വിദേശത്ത് താമസിച്ചിട്ടും ഇന്ത്യയെ അകമഴിഞ്ഞ് സ്നേഹിച്ച ലോർഡ് സ്വരാജ് പോൾ “ഈസ്റ്റ് ഓർ വെസ്റ്റ് ജലന്ധർ ഈസ് ബെസ്റ്റ്” എന്നാണ് പറഞ്ഞിരുന്നത്. യുകെയിലെ പ്രമുഖ പ്രവാസി വ്യവസായിയും യുകെ ആസ്ഥാനമായ കപാറോ ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനുമായ സ്വരാജ് പോളിന്റെ നിര്യാണം ഇരു രാജ്യങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്.
ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. ഒരു വ്യവസായിയെന്ന പേരിനുപരിയായി ദീർഘദർശിയും മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടും എക്കാലവും ജലന്ധറിന്റെ മകനായി അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
സ്വരാജ് പോളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വ്യവസായം, ആതുരസേവനം തുടങ്ങിയ രംഗങ്ങളിൽ അദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതായിരുന്നു എന്നും മോദി എക്സിൽ കുറിച്ചു.
1931 ഫെബ്രുവരി 18ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച സ്വരാജ് പോൾ പ്യാരെ ലാലിന്റെയും മോങ്വതിയുടെയും ഇളയ മകനായിരുന്നു. പിതാവ് സ്റ്റീൽ ബക്കറ്റുകളും കാർഷിക ഉപകരങ്ങളും നിർമിക്കുന്ന ചെറിയയൊരു നിർമാണശാല നടത്തിയിരുന്നു. ഇതു പിന്നീട് അപീജയ് ഗ്രൂപ്പായി. സ്വരാജ് പോളിന്റെ മൂത്ത സഹോദരൻ സത്യ പോൾ ആണ് അപീജയ് ഗ്രൂപ്പ് സ്ഥാപിച്ചത്.
അദ്ദ ഹോഷിയപുരിൽ ലാബു റാം ദാബ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. ആ സ്കൂളിന്റെ സീനിയർ സെക്കൻഡറി വിംഗിൽ 1939 മുതൽ 1945 വരെ സീനിയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കി. 1947 മുതൽ 1949 വരെ ദാബ കോളജിൽ പഠനം നടത്തി. ഈ പഠനകാലഘട്ടങ്ങളാണ് തന്നിൽ മൂല്യങ്ങളും അഭിലാഷങ്ങളും വളർത്തിയതെന്ന് അദ്ദേഹം പറയുമായിരുന്നു.
ആഗോളതലത്തിൽ പ്രശസ്തി നേടിയിട്ടും ജനിച്ച നാടിനെ അദ്ദേഹം മറന്നില്ല. ജന്മനാടിനെ എക്കാലവും മനസിൽ കൊണ്ടുനടന്നിരുന്ന അദ്ദേഹം 44 വർഷത്തിനുശേഷം 2002ൽ ജലന്ധറിലെത്തി. 2014ൽ വീണ്ടും ജന്മസ്ഥലത്തെത്തിയ സ്വരാജ് പോളിനൊപ്പം മകൻ അംഗദ്, മകൾ അഞ്ജലി, മരുമകൾ മിഷേൽ, മൂന്നു പേരക്കുട്ടികൾ എന്നിവരുമുണ്ടായിരുന്നു. അന്ന് അവർക്കൊപ്പം വർഷങ്ങൾക്കു മുന്പ് പഠിച്ച സ്കൂൾ, കോളജ് മുറികളിലുടെ നടന്നു.
ജലന്ധറിൽനിന്ന് ആഗോളതലത്തിലേക്ക്
ദാബ കോളജിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പഠനത്തിനായി മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ (എംഐടി) പഠിക്കാനായി യുഎസിലെത്തി. എംഐടിയിലെ പഠനശേഷം കുടുംബ ബിസിനസിൽ ശ്രദ്ധിക്കാനായി ഇന്ത്യയിൽ തിരിച്ചെത്തി. ഏറ്റവും പഴയ ബിസിനസ് ഗ്രൂപ്പായ അപീജയ് സുരേന്ദ്ര ഗ്രൂപ്പായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, വിധി മറ്റൊന്നായിരുന്നു. 1966ൽ ഇളയ മകൾ അംബികയുടെ രക്താർബുദ ചികിത്സാർഥം യുകെയിലെത്തിയ സ്വരാജ് പോൾ അവിടെ ജീവിതമാരംഭിച്ചു. വ്യക്തിപരമായ ഒരു നഷ്ടം അവിടെയുണ്ടായി.
4-ാം വയസിൽ മകൾ വിടപറഞ്ഞു. മകളുടെ മരണം അദ്ദേഹത്തെ മാറ്റിമറിച്ചു, അംബിക പോൾ ഫൗണ്ടേഷൻ സ്ഥാപിച്ച സ്വരാജ് കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിച്ചു. 1968ലാണ് അദ്ദേഹം കപാറോ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. നിലവിൽ 10,000ലേറെ ജീവനക്കാരുള്ള സ്ഥാപനവുമാണിത്. 1996ൽ അദ്ദേഹം മാനേജ്മെന്റ് ചുമതലകളിൽ നിന്ന് പടിയിറങ്ങി.
ലണ്ടനിലെ പ്രശസ്തമായ ലണ്ടൻ സൂ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയപ്പോൾ ഏറ്റെടുത്ത് പുതുജീവൻ പകർന്നത് സ്വരാജ് പോൾ ആണ്. സ്കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്ക് സാന്പത്തിക സംഭാവനകളും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് അംബിക പോൾ ഫൗണ്ടേഷൻ. ലണ്ടനിലെ അംബിക പോൾ ചിൽഡ്രൻസ് സൂ ഫൗണ്ടേഷന്റെ വലിയൊരു ഗുണഭോക്താക്കളാണ്. പ്രസിദ്ധമായ ലണ്ടൻ സൂ അടച്ചുപൂട്ടലിന്റെ വക്കിലെത്തയിപ്പോൾ ഒരു ബില്യണ് പൗണ്ട് നൽകി മൃഗശാലയെ രക്ഷിച്ചു.
2015 മകൻ അംഗദ് പോളിന്റെയും 2022ൽ ഭാര്യ അരുണയുടെയും നിര്യാണത്തിനുശേഷം അവരുടെ സ്മരണയ്ക്കായി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം തുടർന്നു.
1996ൽ സ്വരാജ് പോൾ ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിൽ ആജീവനാന്ത അംഗമായി. 2008 മുതൽ 2010 വരെ ഹൗസ് ഓഫ് ലോർഡ്സിൽ ഡെപ്യൂട്ടി സ്പീക്കറായി. ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്സിൽ ഡെപ്യൂട്ടി സ്പീക്കറാകുന്ന ആദ്യ ഏഷ്യക്കാരനെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കി. 1983ൽ ഇന്ത്യ അദ്ദേഹത്തെ പദ്മ ഭൂഷണ് നൽകി ആദരിച്ചു.
ലണ്ടൻ ആസ്ഥാനമായ കപാറോ ഗ്രൂപ്പ് എൻജിനിയറിംഗ്, സ്റ്റീൽ വ്യവസായ മേഖലകളിൽ പ്രധാനമായും ശ്രദ്ധയൂന്നുന്ന പ്രസ്ഥാനമാണ്. യുകെയ്ക്ക് പുറമെ വടക്കേ അമേരിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 40ലേറെ കേന്ദ്രങ്ങളിൽനിന്ന് പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റ മകൻ ആകാശ് പോൾ കപാറോ ഇന്ത്യയുടെ ചെയർമാനും കപാറോ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്.
ഏകദേശം 2 ബില്യൻ ബ്രിട്ടീഷ് പൗണ്ട് (23,500 കോടി രൂപ) ആസ്തിയുമായി ടൈംസ് റിച്ച് ലിസ്റ്റ് ഉൾപ്പെടെയുള്ള ശതകോടീശ്വര പട്ടികകളിൽ ഇംടപിടിച്ച വ്യക്തിയുമാണ് സ്വരാജ്. നിലവിൽ ബ്രിട്ടീഷ് ശതകോടീശ്വരന്മാരിൽ 81-ാം സ്ഥാനത്താണ്. ഒരുഘട്ടത്തിൽ 38-ാമത്തെ വലിയ ശതകോടീശ്വരനുമായിരുന്നു.