ഹയർ സെക്കൻഡറി പാഠപുസ്തകം പരിഷ്കരിക്കുന്പോൾ
ഷിനു ആനത്താരയ്ക്കൽ
Saturday, August 23, 2025 12:33 AM IST
ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് ജനകീയ ചർച്ച നടത്തിവരുന്ന കാലമാണിത്. മാറിയ സാമൂഹ്യ സാഹചര്യത്തിൽ കുട്ടികളുടെ അഭിപ്രായവും കണക്കിലെടുത്തു പാഠപുസ്തക പരിഷ്കരണം നടത്താമെന്നതും സ്വാഗതാർഹമാണ്. നിർഭാഗ്യവശാൽ പലരും പഠനത്തെ സമീപിക്കുന്നത് തൊഴിൽസാധ്യത മാത്രം മുൻനിർത്തിയാണ്. അതുകൊണ്ടുതന്നെ ചില വിഷയങ്ങൾക്ക് വളരെയധികം ആവശ്യക്കാരുണ്ടാകുന്നു. മറ്റു ചില വിഷയങ്ങൾ പഠിക്കാൻ കുട്ടികൾ തീരെ താത്പര്യം കാണിക്കുന്നുമില്ല. ഇങ്ങനെ ഏറ്റവും സമർഥരുൾപ്പെടെ ചില പ്രത്യേക കോഴ്സുകളിലേക്കു മാത്രം ലക്ഷ്യമിടുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്.
സയൻസ് കമ്പം
ഹയർ സെക്കൻഡറി അഡ്മിഷൻ തേടുന്ന ഭൂരിഭാഗം കുട്ടികളും സയൻസ് മാത്രമാണ് ലക്ഷ്യമിടുന്നത്. സയൻസല്ലാതെ പഠിച്ചിട്ടെന്തു പ്രയോജനമെന്നാണവരുടെ ചോദ്യം. എന്നിരുന്നാലും പ്ലസ് ടുവിന് സയൻസിൽ ചേർന്നു പഠിച്ചിറങ്ങിയ കുട്ടികളിൽ പലരും വേണ്ടത്ര മാർക്ക് നേടാൻ കഴിയാതെ ആഗ്രഹിച്ച തലങ്ങളിലെത്തിച്ചേരുന്നില്ലെന്നത് ആരും ശ്രദ്ധിക്കുന്നില്ല. ഏറ്റവും മിടുക്കരായവരുൾപ്പെടെ പലരും നഴ്സിംഗാണ് സുരക്ഷിതമായി കാണുന്നത്. നഴ്സായിക്കഴിഞ്ഞാൽ നാടുവിടാമെന്നും സുന്ദര-സുരഭില ജീവിതം സാധ്യമാണെന്നും ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതുകൊണ്ടു മാത്രം സയൻസിന് അഡ്മിഷൻ കിട്ടാതെവരുന്നത് കടുത്ത നിരാശയിലേക്കു കുട്ടികളെയും മാതാപിതാക്കളെയും നയിക്കുന്ന സന്ദർഭങ്ങൾ ധാരാളമായി കാണുന്നു.
ഇനി സയൻസിൽ ചേർന്നാലോ? കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് പ്ലസ് ടു ക്ലാസുകളിൽ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ട്. ശരാശരിക്കാരായ കുട്ടികൾ ശരിക്കും വെള്ളം കുടിക്കുന്ന ഘട്ടം. അവരിൽ പലരും ഹ്യുമാനിറ്റീസിലോ കൊമേഴ്സിലോ ചേർന്നിരുന്നെങ്കിൽ മികച്ച രീതിയിൽ പ്ലസ്ടു പൂർത്തീകരിക്കാമായിരുന്നു. ഇങ്ങനെ ശരാശരിക്കാരായി പ്ലസ് ടു പൂർത്തിയാക്കേണ്ടിവരുന്നത് പല കുട്ടികളുടെയും പഠനാവേശം തളർത്താൻ ഇടയാക്കുന്നുണ്ട്.
ഡോക്ടർ, എൻജിനിയർ, നഴ്സ് എന്നിങ്ങനെ വ്യക്തമായ ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന വിദ്യാർഥി സയൻസ് പഠിക്കുന്നതാണ് ഉചിതം. രണ്ടു കൊല്ലത്തെ പഠനത്തിനു ശേഷം തീരുമാനിക്കാമെന്നു കരുതുന്ന കുട്ടികളോ, സയൻസ് പഠിച്ചാൽ മാത്രമാണ് പ്രയോജനം എന്ന കരുതുന്നവരോ, സയൻസ് പഠിക്കുന്നതിൽ മാത്രമാണ് അന്തസ് എന്നു വിചാരിക്കുന്നവരോ പ്ലസ് ടുവിന് സയൻസ് എടുത്താൽ അവരുടെ ഭാവി തുലാസിലാകാൻ സാധ്യത ഏറെയാണ്.
പിഎസ്സിയും സയൻസും
സർക്കാർ ജോലി ലക്ഷ്യമിടുന്ന കുട്ടി എന്തിനാണ് മല്ലിട്ട് സയൻസ് പഠിക്കുന്നത്? ഫോറൻസിക് മേഖല പോലുള്ള അപൂർവം ചില തൊഴിലുകളിൽ മാത്രമാണ് കേരള പിഎസ്സി സയൻസ് ബിരുദധാരികളെ തേടുന്നത്. ബാക്കിയുള്ള ഭൂരിഭാഗം തൊഴിലുകൾക്കും പ്ലസ് ടു, ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി എന്നീ യോഗ്യതകളാണ് ആവശ്യപ്പെടുന്നത്. ക്ലാർക്ക്, ഓഫീസ് അസിസ്റ്റന്റ്, പോലീസ് തുടങ്ങി ഒട്ടുമിക്ക ജോലികൾക്കും മാനവിക വിഷയത്തിലുള്ള (ഹ്യുമാനിറ്റീസ്) പരിജ്ഞാനം മതിയാകും. അതായത്, നമ്മുടെ സർക്കാർ ജോലികളിലധികവും തൊഴിൽ നേടിയ ശേഷം ആർജിച്ചെടുക്കുന്ന അറിവുകളും കഴിവുകളും ശേഷികളുമൊക്കെയാണ് പ്രയോജനപ്പെടുത്തുന്നത്. പലപ്പോഴും ഉദ്യോഗാർഥി പഠിച്ച വിഷയത്തിലെ അറിവുകളൊന്നും പിന്നീട് ആവശ്യമായി വരുന്നില്ലെന്നതാണു വസ്തുത. അത് ജോലി നേടിയെടുക്കാനുള്ള അടിസ്ഥാന യോഗ്യത മാത്രമാണ്.
വിദ്യാഭ്യാസവകുപ്പിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാളുടെ പഠനവിഷയം ഏതായാലും അയാളുടെ സർവീസ് കാലത്ത് അറിഞ്ഞിരിക്കേണ്ടതും പഠിച്ചെടുക്കേണ്ടതും കേരള സർവീസ് ചട്ടങ്ങളും കേരള വിദ്യാഭ്യാസ ചട്ടങ്ങളുമൊക്കെയാണ്. ഇതുപോലെതന്നെയാണ് പോലീസിലും വില്ലേജ് ഓഫീസിലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിലുമെല്ലാം. ജോലി നേടാൻ സ്വന്തം വിഷയത്തിലെ പരിജ്ഞാനം മാത്രം പോരാ, സമഗ്രമായ അറിവുണ്ടാകണമെന്നാതാണ് അവസ്ഥ. എങ്കിൽ മാത്രമേ പിഎസ്സിയുടെ ഒന്നേകാൽ മണിക്കൂർ പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിയൂ. ഈ പരീക്ഷയിൽ കാണുന്ന പൊതുവിജ്ഞാനം, സാമൂഹ്യശാസ്ത്ര ക്ലാസുകളിൽനിന്നാണ് കൂടുതലായി കിട്ടുന്നത്.
രക്ഷിതാക്കൾ തിരിച്ചറിയേണ്ടത്, എല്ലാ വിഷയങ്ങൾക്കും അതിന്റേതായ പ്രാധാന്യവും സാധ്യതയുമുണ്ടെന്നതാണ്. കുട്ടിയുടെ ശേഷിയും താത്പര്യവും അഭിരുചിയുമാണ് തിരിച്ചറിയേണ്ടത്. അതിനനുസരിച്ച് കോഴ്സ് തെരഞ്ഞെടുക്കാൻ കഴിഞ്ഞാൽ മിക്ക കുട്ടികളും മികച്ചവരായിത്തീരും. അല്ലാതെ, സയൻസ് പഠിച്ചു എന്നതുകൊണ്ടു മാത്രം കുട്ടിയുടെയും ഭാവി സുരക്ഷിതമാകുന്നില്ല.
കുടിയേറ്റ ഭ്രമം
പ്ലസ് ടു കഴിയുമ്പോൾ പഠനത്തിനോ ജോലിക്കായോ നാടുവിടുന്ന പ്രവണതയും പാഠപുസ്തക പരിഷ്കരണം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇന്നാട്ടിൽ നിന്നിട്ടെന്തു കാര്യം എന്ന ചോദ്യത്തിനുത്തരമാണ് ഉണ്ടാകേണ്ടത്. ഇവിടെ പഠിച്ചിറങ്ങുന്ന മുഴുവൻ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇവിടെത്തന്നെ ജോലി നൽകാനാവുന്നില്ല. കെമിസ്ട്രി പഠിച്ചവർക്ക് തൊഴിൽ ലഭിക്കാനുതകുംവിധമുള്ള ഫാക്ടറികളോ വ്യവസായശാലകളോ ഇല്ല. വിവിധ എൻജിനിയറിംഗ് ശാഖകളിൽ പഠിച്ചിറങ്ങിയവർക്കും തൊഴിൽ നൽകാൻ വേണ്ടത്ര സംരംഭങ്ങളില്ല. കണക്കും ഫിസിക്സും പഠിച്ചവരുടെ കാര്യവും ഇങ്ങനെതന്നെ. ഈ അവസ്ഥയിൽ കുടിയേറ്റംതന്നെയാണ് പരിഹാരം. തൊഴിൽ തേടി അന്യനാടുകളിലേക്കു പോകുന്ന നമ്മുടെ കുട്ടികൾക്കും ഉതകുന്ന രീതിയിലാകണം പാഠപുസ്തകം. അതിന് കുറേക്കൂടി വിശാലമായതും തുറവിയുള്ളതുമായ സമീപനംകൂടി രൂപപ്പെടുത്തേണ്ടതുണ്ട്.
സംരംഭക സാധ്യതയും മനുഷ്യ വിഭവശേഷിയുമൊക്കെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. അതിനാദ്യം നമ്മുടെ തൊഴിൽ സംസ്കാരമാണ് മാറേണ്ടത്. എന്തു ജോലി ചെയ്താലും മാന്യത കുറവില്ലെന്ന് കുട്ടികളെ പഠിപ്പിക്കണം. നാട്ടിൽനിന്നു വിട്ടാൽ എന്തു ജോലിയും ചെയ്യുന്നവരാണ് മലയാളികൾ. പഠിക്കുന്ന കാലത്തുതന്നെ പാർട്ട് ടൈം ജോലി ചെയ്യാനും ചെറിയ വരുമാനം നേടാനും അവരെ പരിശീലിപ്പിക്കണം; അതിനുള്ള സാധ്യത ഒരുക്കണം. ബാലനീതി അവകാശത്തിന്റെ പേരു പറഞ്ഞ് വീട്ടിൽപോലും ജോലിയൊന്നും ചെയ്യാതെ വളരുന്ന കുട്ടിക്ക് തൊഴിലിനെക്കുറിച്ച് എന്തു മൂല്യമാണുണ്ടാവുക? ചെറിയ വരുമാനം കൂട്ടിവച്ചാൽ വലിയ ലക്ഷ്യങ്ങൾ നേടാമെന്ന തിരിച്ചറിവും പാഠപുസ്തക പഠനങ്ങളിൽ ഉൾച്ചേർക്കണം.
മാനവിക വിഷയങ്ങളുടെ പ്രസക്തി
ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിൽ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മാനവിക വിഷയങ്ങളുടെ പങ്ക്. നിലവിലെ സമ്പ്രദായത്തിൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടി ഭാഷ, സയൻസ്, സാമൂഹ്യശാസ്ത്രം തുടങ്ങി ഏതാണ്ടെല്ലാ വിഷയങ്ങളും പഠിക്കുന്നുണ്ട്. ഹയർ സെക്കൻഡറിയിലേക്കു വരുമ്പോഴാകട്ടെ, വിഷയാധിഷ്ഠിത പഠനക്രമത്തിലേക്കു മാറുന്നു. അതായത്, സയൻസ് പഠിക്കുന്ന കുട്ടി സാമൂഹ്യശാസ്ത്രം പഠിക്കുന്നില്ല; നേരെ തിരിച്ചും! ഇത് വലിയ പോരായ്മ സൃഷ്ടിക്കുന്നുണ്ട്.
പത്തുവരെ സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയാണെന്നും ഇനി സയൻസ് മാത്രം പഠിച്ചാൽ മതിയെന്നും ചിന്തിക്കുന്നതിന്റെ ഫലമായി ഉരുത്തിരിയുന്നത് ദേശസ്നേഹമില്ലാത്ത, പൗരബോധമില്ലാത്ത, രാഷ്ട്രീയാവബോധമില്ലാത്ത, ധാർമികതയില്ലാത്ത ഒരു തലമുറയാണോ എന്നു സന്ദേഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈയൊരാശയം മുൻനിർത്തി വേണം "ഭരണഘനയെക്കുറിച്ചു പഠിക്കാൻ അവസരം ലഭിക്കണം' എന്ന പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചയിൽ ഉയർന്നുവന്ന നിർദേശത്തെ വിലയിരുത്തേണ്ടത്. ഹയർ സെക്കൻഡറി ഹ്യുമാനിറ്റീസ് (സാമൂഹ്യശാസ്ത്ര) വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട പാഠങ്ങളല്ല അവയൊന്നും. മറിച്ച്, സയൻസ് ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ കുട്ടികളും മാനവിക ചിന്തയുള്ളവരായി വളരണം.
ഇന്നത്തെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അരാഷ്ട്രീയവാദവും അസഹിഷ്ണുതയും പൗരബോധമില്ലായ്മയും കണ്ടില്ലെന്നു നടിക്കരുത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചോ അതിന്റെ മൂല്യത്തെക്കുറിച്ചോ എത്ര കുട്ടികൾക്കറിയാം? ഇന്ത്യൻ ജനാധിപത്യവും ദേശീയതയും നേരിടുന്ന വെല്ലുവിളികളെന്തെന്നും പരിഹാരമെന്തെന്നും എത്ര യുവാക്കൾ ചിന്തിക്കുന്നുണ്ട്? അതുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്രാവബോധം പ്ലസ് ടു തലത്തിൽ എല്ലാ ക്ലാസിലും ഉറപ്പുവരുത്താൻ കാലമായിരിക്കുന്നു.
(തുടരും)