ഇനി ലക്ഷ്യം ക്രൈസ്തവർ?
Saturday, August 23, 2025 2:54 AM IST
ഇന്ത്യൻ മുസ്ലിംകൾക്കെതിരേയുള്ള വിദ്വേഷപ്രചാരണം അപകടകരമാംവിധം സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹവുമായുള്ള ബിജെപിയുടെ സങ്കീർണമായ സമവാക്യത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേൾക്കാറില്ല.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ, " സ്ട്രെയ്റ്റ് ബാറ്റ് 'എന്ന പ്രതിവാര വീഡിയോ ബ്ലോഗിൽനിന്ന്:
നരേന്ദ്ര മോദിജി 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ വിമർശകരുടെ പ്രധാന ശ്രദ്ധ അദ്ദേഹത്തിന്റെ സർക്കാർ രാജ്യത്തെ മുസ്ലിംകളോട് എങ്ങനെ പെരുമാറുന്നു എന്നതിലായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ രാക്ഷസവത്കരിക്കുകയോ അദൃശ്യരാക്കുകയോ ചെയ്യുന്നു എന്ന പൊതുകാഴ്ചപ്പാടിൽനിന്ന് എന്തുകൊണ്ടോ മോദി സർക്കാരിന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. ഇത് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇനിയും മായാത്ത കരിനിഴലോ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടോ മൂലമാകാം. മുസ്ലിംകൾക്കെതിരേ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അങ്ങേയറ്റം നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘപരിവാറിലെ അവിവേകികളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തിയിട്ടുണ്ട്.
കർണാടകയിലെ ബെലഗാവിയിൽ, സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷംകലർത്തി മുസ്ലിം പ്രധാനാധ്യാപകനെ അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ശ്രമിച്ചതിന് ശ്രീരാംസേന നേതാവിനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയ്ക്കുമേൽ ആയതേയുള്ളൂ. ഇതിലും ഭീകരമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ?
ക്രൈസ്തവ-ബിജെപി സമവാക്യം
ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള സമവാക്യം തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ വീണ്ടും നിറയുകയാണ്. ജൂലൈ 26ന് കേരളത്തിൽനിന്നുള്ള രണ്ടു കന്യാസ്ത്രീമാരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റഷനിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയത്. ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരേ വ്യാജകുറ്റം ആരോപിച്ചത്. പ്രഫഷണൽ നഴ്സുമാരായി പരിശീലനം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ട് കന്യാസ്ത്രീമാർക്കൊപ്പം സ്വമേധയാ പോയതാണെന്ന്, മനുഷ്യക്കടത്തിന് വിധേയരായതായി ആരോപി ക്കപ്പെടുന്ന പെൺകുട്ടികൾ മൊഴി നല്കിയിട്ടുണ്ട്. മികച്ച തൊഴിലവസരം തേടിപ്പോകാൻ മകൾക്ക് അനുവാദം നല്കിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് കണ്ണടച്ചു. പകരം, പ്രാദേശിക ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതി മുഖവിലയ്ക്കെടുത്ത്, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീമാരെ പിന്തുണയ്ക്കാനെത്തിയവരെ ബജ്രംഗ്ദൾ പ്രവർത്തകയായ ജ്യോതി ശർമ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതേ ബജ്രംഗ്ദൾ പ്രവർത്തക 2021ൽ ഒരു പള്ളി തകർത്ത കേസിലും പ്രതിയാണ്. കന്യാസ്ത്രീമാരെ പിന്തുണയ്ക്കുന്നതിനു പകരം, പോലീസ് നടപടിയെയും ബജ്രംഗ്ദളിനെയും ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്യുടെ നടപടിയാണ് അതിലും ഭയാനകമായ കാര്യം.
മതസ്വാതന്ത്ര്യം അവകാശം
സത്യം പറഞ്ഞാൽ ഇതിലൊന്നും അദ്ഭുതപ്പെടാനില്ല. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ഞാൻ ഛത്തീസ്ഗഡിലുണ്ടായിരുന്നു. അന്ന് നാരായൺപുർ പ്രദേശത്തെ ചെറിയൊരു ഗ്രാമത്തിൽവച്ച് ഒരുകൂട്ടം ആദിവാസികളുമായി സംസാരിച്ചു. വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളെ ഭയത്തോടെയാണ് അവർ കണ്ടിരുന്നത്. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു മടങ്ങിയില്ലെങ്കിൽ മരിച്ചവരെ അടക്കാൻപോലും അനുവാദം കിട്ടില്ലെന്ന് അവർ എന്നോടു പറഞ്ഞു.
ക്രിസ്ത്യൻ ആദിവാസികളെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നത് അഥവാ "ഘർവാപസി' എന്നുള്ളത് സംഘപരിവാറിന്റെയും അതിന്റെ വനവാസി കല്യാൺ കേന്ദ്രങ്ങളുടെയും വർഷങ്ങളായി തുടരുന്ന സംഘടിത പരിപാടിയാണ്. മിഷണറി ഗ്രൂപ്പുകൾ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുന്നു എന്നാണ് അവരുടെ വാദം. സുഹൃത്തുക്കളേ, മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഒരാൾക്ക് ഇഷ്ടമുള്ള മതത്തിലേക്കു മാറാനുള്ള അവകാശവും അങ്ങനെതന്നെ. ഡോ. അംബേദ്കർ നവയാന (നിയോ) ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്തതു മറക്കരുത്.
"ഘർവാപസി' ഇന്ത്യ
പക്ഷേ, ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പുതിയ ഇന്ത്യയിലാണ്. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ , കർശന മതപരിവർത്തനനിരോധന നിയമങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പലപ്പോഴും ഇല്ലാതാക്കപ്പെടുന്നു. ക്രിസ്തുമതത്തിലേക്കു മാറാനുള്ള അവകാശം നിർബന്ധിതവും കുറ്റകരവുമായാണു കാണുന്നത്. എന്നാൽ ഹിന്ദുമതത്തിലേക്കുള്ള "ഘർവാപസി' സ്വമേധയാ ഉള്ളതും അനുഗ്രഹവുമാണ്! ബജ്രംഗ്ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾക്കു നല്കുന്ന ഭരണകൂടപിന്തുണയുടെ ഫലമാണിത്. ഈ ഗ്രൂപ്പുകൾക്ക് ഇപ്പോൾ ശിക്ഷാഭയമില്ലാതെ ചുറ്റിക്കറങ്ങാനാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ ഭയത്തിന്റെയും ശത്രുതതയുടെയും അന്തരീക്ഷമൊരുക്കാനും കഴിയുന്നു. അങ്ങനെ കാക്കിവേഷക്കാരുടെ സജീവപിന്തുണയോടെ "ഘർവാപസി' കൂടുതൽ ശക്തമായി നടത്തുന്നു.
കേരളമെന്ന ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനുശേഷമാണ് കന്യാസ്ത്രീമാരെ ജാമ്യത്തിൽ വിട്ടതെന്നത് വിരോധാഭാസമാണ്. കേരളത്തിലെ ഒരു കൂട്ടം എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനുശേഷം മാത്രമാണ് ഛത്തീസ്ഗഡ് പോലീസിനു സന്ദേശം ലഭിച്ചതും കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതും. കന്യാസ്ത്രീമാരോടോ ക്രൈസ്തവസമൂഹത്തോടോ അമിത് ഷായ്ക്ക് പെട്ടെന്നു പ്രത്യേക സ്നേഹമുണ്ടായതുകൊണ്ടല്ല ഇതു സംഭവിച്ചത്. മറിച്ച്, കേരളത്തിൽ സമുദായ ഭേദമില്ലാതെ വലിയ പ്രതിഷേധമുയർന്നതുകൊണ്ടാണ്. വലിയ ക്രൈസ്തവ ജനസംഖ്യയുള്ളതും അതിലുപരി അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കുന്നതുമായ സംസ്ഥാനമാണ് കേരളം.
ബിജെപി കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അവസാനശ്രമം നടത്തുന്നതിന്റെ ഭാഗമായി വിശാല ഹിന്ദു-ക്രൈസ്തവ ധാരണയുണ്ടാക്കാനായി ക്രൈസ്തവ സമുദായത്തെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ കന്യാസ്ത്രീമാർ ജയിൽമോചിതരായപ്പോൾ അവരെ സ്വീകരിക്കാൻ കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉണ്ടായത് അപ്രതീക്ഷിതമല്ല.
വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഗോവയിൽ ബിജെപി അധികാരത്തിലുണ്ട്, അതുപോലെ മേഘാലയയിലും നാഗാലാൻഡിലും അവർ ഭരണത്തിലെ സഖ്യകക്ഷിയുമാണെന്നതു മറക്കരുത്. മുസ്ലിംകളെ രാക്ഷസന്മാരായി ചിത്രീകരിക്കുന്നതും ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതും ബിജെപിക്കു രാഷ്ട്രീയപരമായി ലാഭമായിരിക്കാം. എന്നാൽ, ക്രൈസ്തവരെ പരസ്യമായി ലക്ഷ്യമിടാൻ അവർക്കാകില്ല. കാരണം, അത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ വിമർശനങ്ങൾക്കു വഴിയൊരുക്കും. കഴിഞ്ഞ ഡിസംബറിൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ക്രിസ്തുവചനങ്ങളെ ഉയർത്തിക്കാട്ടി എന്നതാണു വിചിത്രം. അദ്ദേഹം ഒരിക്കലെങ്കിലും മുസ്ലിം പുരോഹിതർ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ പങ്കെടുത്തതായി എനിക്കറിവില്ല. തൊട്ടുമുന്പത്തെ വർഷത്തെ ക്രിസ്മസിന് പ്രമുഖ ക്രൈസ്ത നേതാക്കൾക്ക് അദ്ദേഹം തന്റെ വീട്ടിൽ ചായസത്കാരമൊരുക്കുകയും യേശുക്രിസ്തുവിന്റെ മൂല്യങ്ങളെക്കുറിച്ചു വാചാലനാകുകയും ചെയ്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത ചില ക്രിസ്ത്യൻ പ്രതിനിധികൾ, പ്രധാനമന്ത്രി വളരെ ആകർഷകത്വമുള്ള ആതിഥേയനാണെന്ന് എന്നോടു പറഞ്ഞു. എങ്കിലും ഞാൻ ചോദിക്കട്ടെ, സഹിഷ്ണുതയുടെ സന്ദേശം താഴെത്തട്ടിൽ എത്തുന്നില്ലെങ്കിൽ ഈ “ആകർഷകത്വം”കൊണ്ട് എന്താണു പ്രയോജനം?
കന്യാസ്ത്രീമാരെയും മിഷണറിമാരെയും നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ പ്രതികളാക്കുകയും വേട്ടയാടുകയും ഹിന്ദുവിരുദ്ധ കുറ്റവാളികളാക്കി മുദ്രകുത്തി അറസ്റ്റ് ചെയ്യുകയും ചെയ്താൽ എന്തു സംഭവിക്കും? 1999ൽ ഒഡീഷയിൽ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്രംഗ്ദൾ നേതാവായ ദാരാ സിംഗ് കൊലപ്പെടുത്തിയത് ഓർക്കുക. അതു രാജ്യത്തിന്റെ മതസൗഹാർദ പാരന്പര്യത്തിലെ തീരാക്കളങ്കമായിരുന്നു. അടുത്തകാലത്ത്, എൺപതുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ പോലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഓർക്കുക. നക്സൽ അനുഭാവിയെന്ന് മുദ്രകുത്തി, യുഎപിഎ ചുമത്തി, തീവ്രവാദിയെന്ന പേരിലായിരുന്നു അറസ്റ്റ്. കോടതി ഇടപെടുന്നതുവരെ ജയിലിൽ ഒരു സ്ട്രോ പോലും അദ്ദേഹത്തിനു നിഷേധിച്ചു. ഒടുവിൽ അദ്ദേഹം ആശുപത്രിയിൽ മരിച്ചു. ഈ വർഷം ജൂണിലാണ്, നിർബന്ധിത മതപരിവർത്തനം ആരോപിച്ച ക്രിസ്ത്യൻ മിഷണറിമാരെയും പുരോഹിതരെയും ആക്രമിച്ചാൽ, മൂന്നു ലക്ഷം മുതൽ 11 ലക്ഷംവരെ രൂപ മഹാരാഷ്ട്രയിലെ സാംഗിയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപി ചന്ദുൽക്കർ വാഗ്ദാനം ചെയ്തത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ക്രൈസ്തവർക്കെതിരേ 834 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023ലെ 700 സംഭവങ്ങളേക്കാൾ നൂറിലധികം കൂടുതൽ. മണിപ്പുരിലെ വംശീയ അക്രമങ്ങൾക്കിടെ പല പള്ളികളും തകർക്കപ്പെട്ടത് ഇതിൽപ്പെടുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും “ഘർ വാപസി”യുടെ മറവിൽ പുരോഹിതരെ ലക്ഷ്യമിടുന്നുണ്ട്. വാച്ച്ഡോഗ് സംഘടനയായ “ഓപ്പൺ ഡോർസി”ന്റെ കണക്കനുസരിച്ച് ക്രൈസ്തവപീഡനത്തിന്റെ കാര്യത്തിൽ 2024ലെ പട്ടികയിൽ ഇന്ത്യ പതിനൊന്നാംസ്ഥാനത്താണ്.
ക്രൈസ്തവർ കുറയുന്നു
സുഹൃത്തുക്കളേ, ഞാൻ ചില യാഥാർഥ്യങ്ങൾകൂടി പറയാം. കൂട്ട മതപരിവർത്തനത്തെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. കൗതുകകരമെന്നു പറയട്ടെ, 1971ലെ സെൻസസ് അനുസരിച്ച് ക്രൈസ്തവർ 2.6 ശതമാനമായിരുന്നു. ക്രൈസ്തവ ജനസംഖ്യ ഔദ്യോഗികമായിത്തന്നെ കുറഞ്ഞിട്ടും നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ നടക്കുന്നു എന്ന പ്രചാരണം തുടരുകയാണ്.
നൽകുന്നത് മികച്ച വിദ്യാഭ്യാസം
മറ്റൊരു അവസാന യാഥാർഥ്യംകൂടി പറയാം. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം വാഗ്ദാനം നല്കി പുരോഹിതർ പാവപ്പെട്ടവരെ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണവുമുണ്ട്. ഞാൻ മുംബൈയിലെ ഒരു മികച്ച ജസ്യൂട്ട് സ്കൂളിൽ പോയിരുന്നു. അവിടെ ഒരു പുരോഹിതനും എന്നോടോ എന്റെ സുഹൃത്തുക്കളോടോ ക്രിസ്തുമതത്തിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അതിനുശേഷം ഞാൻ പല ക്രിസ്ത്യൻ സ്കൂളുകളും സന്ദർശിച്ചു. ഇവിടെയൊന്നും മതപരിവർത്തനം പഠനത്തിന്റെ പ്രാഥമികലക്ഷ്യമായി കണ്ടില്ല. മറിച്ച്, ദരിദ്രർക്ക് മികച്ച വിദ്യാഭ്യാസം നല്കാനുള്ള ആഗ്രഹം മാത്രമാണു കണ്ടത്. എല്ലാ വർഷവും എന്റെ പല സഹപ്രവർത്തകരും ഒരു പ്രാദേശിക ജസ്യൂട്ട് സ്കൂളിൽ പ്രവേശനം തേടി എന്റെയടുത്തു വരാറുണ്ട്. കാരണം, എനിക്കവിടത്തെ പ്രിൻസിപ്പലിനെ അറിയാം. അവിടെ ഫീസ് താങ്ങാനാവുന്നതാണെന്ന് അവർ പറയുന്നു.
സത്യം പറഞ്ഞാൽ, കായികരംഗം മുതൽ സിനിമ, രാഷ്ട്രീയം, സംസ്കാരം വരെയുള്ള ഓരോ മേഖലയിലെയും ഇന്ത്യയിലെ മികച്ചവരിൽ പലരും ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂളിൽനിന്ന് മികച്ച വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ട് ദൈവത്തെയോർത്ത് ഞാൻ പറയുന്നു, തെളിവില്ലാതെ ക്രൈസ്തവ മിഷണറിമാരെയും കന്യാസ്ത്രീമാരെയും രാക്ഷസവത്കരിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിർത്തുക. വിദ്വേഷപ്രചാരണങ്ങൾക്കു പകരം, അവരിൽനിന്ന് സഹാനുഭൂതിയും നീതിനിഷ്ഠമായ പെരുമാറ്റവും പഠിക്കുക. ഈ ക്രിസ്മസിനെങ്കിലും പ്രധാനമന്ത്രി വെറുതെ ചായസത്കാരം നടത്തുകയും യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ വാഴ്ത്തുകയും മാത്രം ചെയ്യാതെ ബജ്രംഗ്ദളിനെപ്പോലുള്ള ഗ്രൂപ്പുകളെ ശക്തമായും അസന്ദിഗ്ധമായും തുറന്നുകാട്ടുക. ഇതുചെയ്താൽ, മോദിയും ബിജെപിയും ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് പ്രിയങ്കരരാകും.