കാമറയിൽ പതിഞ്ഞ പോലീസ് മർദനങ്ങൾ
Thursday, September 11, 2025 2:42 PM IST
കാമറയും പതിഞ്ഞ പോലീസ് മർദനങ്ങൾ മലയാളത്തിലെ മിക്ക പോലീസ് സിനിമകളിലും ആക്ഷൻ സിനിമകളിലും ധാരാളമുണ്ട്. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ പോലീസ് കസ്റ്റഡിയും മർദനവും എല്ലാം പരാമർശിക്കുന്ന ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി ഈ ഗണത്തിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
ഭീകരമായ പോലീസ് മർദനങ്ങൾ ഈ ചിത്രത്തിൽ ഇല്ലെങ്കിലും ചിത്രത്തിന്റെ ടോട്ടാലിറ്റിയിൽ പോലീസ് കസ്റ്റഡി മർദനങ്ങൾ നിറഞ്ഞുനിൽക്കുന്നു. പോലീസ് മർദനം ഒട്ടുംതന്നെ കാണിക്കാതെ അതിന്റെ ഭീകരത വാക്കുകളിലൂടെ അവതരിപ്പിച്ച ദി കിംഗ് എന്ന ഷാജി കൈലാസ് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കൃഷ്ണേട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന നൊമ്പരവും വേദനയും ചെറുതല്ല.
താൻ അനുഭവിച്ച ക്രൂരവും നിഷ്ഠൂരവുമായ ലോക്കപ്പ് മർദനത്തിന്റെ വിവരണം കൃഷ്ണേട്ടൻ പറയുമ്പോൾ പ്രേക്ഷകർക്ക് അത് കൺമുന്നിൽ കാണുന്ന ഫീലായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴി എന്ന മമ്മൂട്ടി ചിത്രത്തിൽ പോലീസ് കസ്റ്റഡി മർദനം തന്നെയാണ് പ്രധാന തീം.
പോലീസ് കസ്റ്റഡിയിൽ ഒരു കോളജ് വിദ്യാർഥി കൊല്ലപ്പെടുന്നതും അതിന്റെ തുടർ സംഭവങ്ങളും കാണിക്കുന്നതോടൊപ്പം കുറ്റവാളികൾക്ക് പോലീസ് നല്ല ചുട്ട പെട കൊടുക്കുന്നതും ആവനാഴിയുടെ ഹൈലൈറ്റ് സീനുകളാണ്.
തോർത്തുമുണ്ടിൽ കരിക്ക് പൊതിഞ്ഞുകൊണ്ടുള്ള കസ്റ്റഡി ഇടി നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിൽ കാണിക്കുന്നുണ്ട്. ആടുതോമയെ പോലീസ് കസ്റ്റഡിയിൽ ഇട്ട് ഇടിച്ചുപിഴിയുന്നത് സ്ഫടികത്തിലെ ത്രില്ലടിപ്പിക്കുന്ന സീനിനു മുന്പുള്ള കാഴ്ചകൾ.
പോലീസ് സ്റ്റേഷനിൽ നിന്ന് തല്ലും വാങ്ങി ഇറങ്ങിവരുന്ന മോഹൻലാലിന്റെ പെർഫോമൻസ് കാണേണ്ട കാഴ്ച തന്നെ. സുരേഷ് ഗോപിക്ക് പോലീസ് വേഷം ചാർത്തി കൊടുത്ത കമ്മീഷണർ സിനിമയിലും ഉണ്ട് പോലീസിന്റെ കസ്റ്റഡി ഇടി.
മമ്മൂട്ടി തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കളക്ടർ കഥാപാത്രത്തെ അവതരിപ്പിച്ച ദി കിംഗ് എന്ന സിനിമയിൽ ഇടിയൻ പോലീസ് എന്ന വിശേഷണവുമായി മൂന്നാം മുറയിലൂടെ ഒരു കൊടും ക്രിമിനലിനെ ചോദ്യം ചെയ്യുന്ന സുരേഷ് ഗോപിയുടെ കാമിയോ റോൾ കൈയടി നേടി. സേതുമാധവനെ ലോക്കപ്പിൽ ഇട്ട് തല്ലുന്ന അച്യുതൻ നായർ എന്ന ഹെഡ്കോൺസ്റ്റബിൾ കാണുന്നവരുടെ കണ്ണു നനയിക്കും.
മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യുവിലുമുണ്ട് പോലീസ് മർദനം. കെ. മധു സംവിധാനം ചെയ്ത ജനാധിപത്യം എന്ന സിനിമയിൽ പോലീസിന്റെ അടിയും ഇടിയും വേണ്ടുവോളമുണ്ട്.
ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ പരാമർശിക്കാതെ കാമറയിൽ പതിഞ്ഞ പോലീസ് മർദനക്കാഴ്ചകൾ എങ്ങനെ പൂർണമാകും. രൺജി പണിക്കർ സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിൽ നരി ബാലഗോപാലൻ സാറിനോട് ഇന്റർവെൽ പഞ്ചിൽ പറയുന്ന സൂപ്പർ ഡയലോഗിൽ ഒരു കസ്റ്റഡി ലോക്കപ്പ് കൊലപാതകത്തിന്റെ കഥ ഭംഗിയായി പറഞ്ഞുവയ്ക്കുന്നുണ്ട്.
അത് വിഷ്വലൈസ് ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനിൽ ആ രംഗങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന തരത്തിലാണുള്ളത്. ഷാജി കൈലാസിന്റെ ഒട്ടുമിക്ക സിനിമകളിലും പോലീസിന്റെ അടി, ഇടി, ലോക്കപ്പ് കസ്റ്റഡി മർദനങ്ങൾ സ്ഥിരം കാഴ്ചയാണ്.
മാഫിയ എന്ന സുരേഷ് ഗോപി സിനിമയിലുമുണ്ട് ഇത്തരം രംഗങ്ങൾ. ജയിലിനകത്തെ പോലീസിന്റെ മൂന്നാം മുറയും ക്രൂരതയും റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രമായിരുന്നു ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മൂട്ടിയുടെ യാത്ര.
കെ. മധു - എസ്.എൻ. സ്വാമി - മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമയ്ക്ക് മൂന്നാംമുറ എന്ന പേര് നൽകിയപ്പോൾ അതിലും പോലീസിന്റെ ഇടി ഒഴിവാക്കാൻ സാധിച്ചില്ല. ഓഫീസർ ഓൺ ഡ്യൂട്ടി, നായാട്ട്, റോന്ത്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളിലെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലും അടിയും കസ്റ്റഡി ലോക്കപ്പ് മർദനവും ധാരാളം കാണിക്കുന്നുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൂട്ടുകാരൻ കുഴിയിൽ വീണ കാര്യം പറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്ന കൂട്ടുകാർക്ക് തമിഴ്നാട് പോലീസിന്റെ നല്ല ചുട്ട അടി കിട്ടുന്നുണ്ട്. രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ പുറത്ത് വന്ന നരിവേട്ട എന്ന സിനിമയിൽ പോലീസ് മർദനത്തിന്റെ വിവിധ അടരുകൾ കാണിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുന്പ് ഇറങ്ങിയ മുഖ്യമന്ത്രി എന്ന് സിനിമയിലും ഈയിടെ ദിലീപ് നായകനായ തങ്കമണി എന്ന സിനിമയിലും ചരിത്രത്തിൽ അടയാളപ്പെടുത്തിയ പോലീസ് മർദനങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ട്.
പോലീസുകാരെ തല്ലാൻ എത്തുന്ന നേവിക്കാരെ ഇടിച്ചു പരത്തുന്ന കേരള പോലീസിനെ അവതരിപ്പിച്ചിട്ടുണ്ട് മുംബൈ പോലീസ് എന്ന സിനിമയിൽ. റിയലിസ്റ്റിക് പോലീസ് കഥകളിലേക്ക് മലയാള സിനിമ കാമറ തിരിച്ചു വച്ചപ്പോൾ കിട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പോലീസ് ലോക്കപ്പിലെ തല്ലിന്റെ യഥാർഥ കാഴ്ചകൾ കാണിച്ചുതന്നു.
ഇതെന്റെ കഥയാടാ ഇതിലെ നായകൻ ജോർജ് സാറാടാ എന്നുപറയുന്ന തുടരും സിനിമയിൽ വേണ്ടുവോളം ഉണ്ട് പോലീസിന്റെ അഴിഞ്ഞാട്ടം. സ്ത്രീകളെ പോലും ക്രൂരമായി മർദിക്കുന്നത് ഈ ചിത്രത്തിൽ ഉണ്ട്.
എണ്ണിയാൽ തീരാത്ത എത്ര പോലീസ് കസ്റ്റഡി ലോക്കപ്പ് മർദ്ദനങ്ങളും ലാത്തിച്ചാർജുമൊക്കെ മലയാള സിനിമയിൽ അനവധി നിരവധിയാണ്. നായകനെ ലോക്കപ്പിലിട്ട് തല്ലിച്ചതക്കുന്ന വില്ലൻ പോലീസുകാരുടെ ക്രൂരത കാണുമ്പോൾ കൈതരിക്കുന്ന പ്രേക്ഷകന് വില്ലന്മാരെ കൈകാര്യം ചെയ്യുന്ന പോലീസ് നായകന്റെ ഹീറോയിസം കാണുമ്പോൾ കൈയടിക്കാനാണ് ഇഷ്ടം.