പിഐടി-എന്ഡിപിഎസും ബുള്ളറ്റ് ലേഡിയും
Saturday, September 20, 2025 3:37 PM IST
പയ്യന്നൂര്‍: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ഒരു യുവതി കരുതല്‍ തടങ്കലിലായി. തുടര്‍ച്ചയായി പിടികൂടിയ മയക്കുമരുന്ന് കേസുകളാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരമുള്ള നടപടിയുടെ ഭാഗമായുള്ള കരുതല്‍ തടങ്കലിന് ഇടയാക്കിയത്.
"ബുള്ളറ്റ് ലേഡി'യെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളി മുല്ലക്കോട് അണക്കെട്ടിന് സമീപം താമസിക്കുന്ന സി. നിഖിലയാണ് (31) കരുതല്‍ തടങ്കലിലായത്.
കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവെ എംഡിഎംഎയുമായി പിടിയിലായതാണ് നിഖിലയെ കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ അഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാകാനിടയാക്കിയത്.
കേരളത്തില്‍ ഇത്തരം കേസില്‍ ആദ്യമായി കരുതല്‍ തടങ്കലിലാകുന്ന യുവതിയാണ് നിഖില.
കഞ്ചാവും മെത്താഫിറ്റമിനും പിന്നെ നിഖിലയും
2023 ഡിസംബര്‍ ഒന്നിനാണ് വില്പനക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് കഴിഞ്ഞ ഫെബ്രുവരി 22ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായത്.
മുല്ലക്കൊടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. ഇങ്ങിനെ തുടര്‍ച്ചയായി രണ്ടു കേസുകളില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തിലാണ് പിഐടി-എന്‍ഡിപിഎസ് വകുപ്പു പ്രകാരം നിഖിലയെ കരുതല്‍ തടങ്കലില്‍ വയ്യ്ക്കുന്നതിന് കണ്ണൂര്‍ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തത്.
ഈ ശിപാര്‍ശ പ്രകാരം കഴിഞ്ഞമാസം 29ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാഗളൂരു വൃന്ദാവന്‍ നഗറില്‍ രഹസ്യമായി താമസിച്ചുവന്ന നിഖിലയെ പിടികൂടുകയായിരുന്നു.
കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളും എക്സൈസ് സൈബര്‍ സെല്‍, സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നാര്‍ക്കോട്ടിക് വിംഗ് ബാംഗ്ലൂരു, ബാംഗ്ലൂരു മടിവാള പോലീസ് എന്നിവരും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്.
നിഖിലയോടൊപ്പം "ബിസിനസ്' പങ്കാളി മുഹമ്മദ് ഷാനിഫും പിടിയിലായി. ഇയാളെ ബാഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലെ കരുതല്‍ തടങ്കലിലാണിപ്പോള്‍ നിഖില.
എക്സൈസ് വകുപ്പിന്റെ ശിപാര്‍ശയില്‍ കണ്ണൂര്‍ ജില്ലയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യവ്യക്തികൂടിയാണ് നിഖില.
വഴിതെറ്റിച്ചത് മാഫിയാ ബന്ധങ്ങള്‍
എട്ടിക്കുളത്ത് താമസിച്ചിരുന്ന നിഖിലയുടെ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുല്ലക്കൊടിയില്‍ താമസമാക്കിയത്. സെയില്‍സ് ഗേളായി ജോലി ചെയ്യവേ തന്റെ റോയല്‍ എന്‍ഫില്‍ഡ് ബുള്ളറ്റില്‍ നടത്തിയ സാഹസിക യാത്രകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ചതിലൂടെയാണ് ഇവള്‍ക്ക് "ബുള്ളറ്റ് ലേഡി'യെന്ന പേരുവീണത്.
സോഷ്യല്‍ മീഡിയകളില്‍ നിരവധി ആരാധകരുമുണ്ടായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തന്റെ ബുള്ളറ്റില്‍ കറങ്ങിയതോടെ നിഖിലക്ക് താരപരിവേഷവും ലഭിച്ചു.
കുട്ടിയെ ജീവിതപങ്കാളിയുടെ അടുത്താക്കിയായിരുന്നു ബാംഗളൂരുവിലും മറ്റുമായുള്ള കറക്കം. ഇതിനിടയിലാണ് നിഖിലയുടെ അഛന് രാജേന്ദ്രന്റെ ആത്മഹത്യയുണ്ടായത്. ഇതോടെ അമ്മയും മകളും മാത്രമായി.
മുല്ലക്കോട് പ്രദേശത്ത് നിഖിലക്ക് ആരുമായും അടുപ്പമില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ബംഗളൂരുവില്‍നിന്നും മുല്ലക്കൊടിയിലെ വീട്ടില്‍ വല്ലപ്പോഴുമായി വന്നുപോയിരുന്ന നിഖിലക്ക് ഏതോ കമ്പനിയില്‍ ജോലിയാണെന്ന് വീട്ടുകാരില്‍ നിന്നറിഞ്ഞ വിവരം മാത്രമാണ് അയല്വാസികള്ക്കുള്ളത്.
ഇതിനിടയിലാണ് വീട്ടില്‍നിന്നും കഞ്ചാവ് പിടികൂടിയത്. ഞെട്ടലോടെയാണ് അയല്‍വാസികളും സോഷ്യല്‍ മീഡിയയിലെ ആരാധകരും ഈ വിവരമറിഞ്ഞത്.
ഈ ഞെട്ടല്‍ മാറുംമുമ്പേയാണ് മുല്ലക്കൊടിയിലെ വീട്ടില്‍ നിന്ന് മെത്താഫിറ്റമിന്‍ എന്ന മാരക ലഹരിമരുന്നുമായി പയ്യന്നൂരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ നിന്നാണ് ഈ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതോടെ നിഖിലയുടെ ആരാധകര്‍ ഇവളെ കൈയൊഴിഞ്ഞു.
ഇതോടെ സാഹസികയാത്രയുടെ ആരവങ്ങളൊടുങ്ങി. പഠനകാലം മുതല്‍ വേറിട്ട വ്യക്തിത്വത്തിനുടമയായും പിന്നീട് സാഹസികവും നിര്‍ഭയവുമായ ജീവിത രീതികളിലൂടെ യുവതീ യുവാക്കള്‍ക്ക് ആവേശം പകര്‍ന്ന നിഖിലയുടെ മൂടുപടം അഴിഞ്ഞുവീണതോടെ ഇന്നവള്‍ വെറുക്കപ്പെട്ടവളായി മാറി.
വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളുമായുണ്ടാക്കിയെടുത്ത ബന്ധമാണ് സാഹസിക യാത്രകളിലേക്കെത്തിച്ചത്. എന്നാല്‍, ബന്ധങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പതനം പടുകഴിയിലേക്കായിരിക്കുമെന്ന പാഠമാണ് നിഖിലയുടെ ജീവിതം സമൂഹത്തിന് നല്കുന്ന പാഠം.
മയക്കുമരുന്ന് ലോകത്ത് എത്തിപ്പെട്ടാല്‍ തിരിച്ച് വരാന്‍ അനുവദിക്കാത്ത വിധം കെട്ടിവരിയപ്പെടുമെന്നതിന്റെ തെളിവാണ് തിരുത്തല്‍ വരുത്താനുള്ള അവസരമുണ്ടായിട്ടും അതുപയോഗിക്കാനാവാതെ വീണ്ടും വാരിക്കുഴിയില്‍ വീണ അനുഭവത്തിന് പിന്നില്‍.
മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചായായി പിടിക്കപ്പെട്ടാല്‍ അത്തരക്കാതെ തളച്ചിടാന്‍ പിഐടി-എന്‍ഡിപിഎസ് വകുപ്പ് ഉപയോഗിക്കുമെന്നത് മയക്കുമരുന്നു മാഫിയക്ക് പേടിസ്വപ്നമായി മാറുമെന്ന കാര്യത്തിലും സംശയമില്ല.
പിഐടി-എന്‍ഡിപിഎസ് വകുപ്പിന്റെ പ്രത്യേകത
രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും നിയമവിരുദ്ധമായ കൈമാറ്റം തടയുന്നതിനായി ഇന്ത്യാ ഗവൺമെന്റ് 1988ല്‍ നടപ്പിലാക്കിയ നിയമമാണ് പിഐടി-എന്‍ഡിപിഎസ് ആക്ട്.
തുടര്‍ച്ചയായുള്ള മയക്കുമരുന്നിടപാടുകളില് പെടുന്നവരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരാണെന്ന് ബോധ്യപ്പെടുന്നവരെയും ഈ വകുപ്പനുസരിച്ച് കരുതല്‍ തടങ്കലില്‍ വയ്ക്കാമെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി സാമൂഹ്യ വിരുദ്ധരായി മാറുന്നവരെ അമര്‍ച്ച ചെയ്യാനുപയോഗിക്കുന്ന കാപ്പക്ക് സമാനമായ വകുപ്പാണ് പിഐടി-എന്‍ഡിപിഎസ്.
ഈ വകുപ്പിന് മൂന്നര പതിറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും മയക്കുമരുന്ന് വ്യാപനം കൂടിയതോടെയാണ് മയക്കുമരുന്ന് മാഫിയകളെ തളയ്ക്കാനായി ഈ നിയമം നടപ്പാക്കാനായി തുടങ്ങിയത്.
2022 ഡിസംബറിലാണ് പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് സ്വദേശി ഒന്നിലധികം മയക്കുമരുന്ന് കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കേരളത്തില്‍ ആദ്യമായി ഈ വകുപ്പനുസരിച്ച് കരുതല്‍ തടങ്കലിലായത്.
കരുതല്‍ തടങ്കലിന്റെ കാലാവധി ആറുമാസമാണ്. സാഹചര്യങ്ങള്‍ പരിഗണിച്ച് കാലാവധി ദീര്‍ഘിപ്പിക്കാമെന്ന പ്രത്യേകതയും ഈ വകുപ്പിനുണ്ട്.