പെരിയാർ കടുവ സങ്കേതത്തിൽ 12 പുതിയ ജീവികൾ
Wednesday, September 24, 2025 4:01 PM IST
ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക സമഗ്ര ജന്തുജാല വിവര ശേഖരണത്തിൽ കൂടുതലായി 12 പുതിയ ജീവികളെ കണ്ടെത്തി.
എട്ട് ചിത്ര ശലഭങ്ങൾ, രണ്ട് പക്ഷികൾ, രണ്ട് തുന്പികൾ എന്നിവയാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്. ഓരോ വർഷവും കാണപ്പെടുന്ന ജീവികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന പെരിയാർ, പശ്ചിമഘട്ടത്തിലെ ഏറ്റവും സമൃദ്ധമായ ജീവവൈവിധ്യ പ്രദേശങ്ങളിലൊന്നാണെന്ന് ഗവേഷകർ പറയുന്നു.
സെപ്റ്റംബർ 11 മുതൽ 14 മുതൽ പെരിയാർ കടുവാ സംരക്ഷണ കേന്ദ്രവും കേരള വനം വകുപ്പും പെരിയാർ ടൈഗർ കണ്‍സർവേഷൻ ഫൗണ്ടേഷനും സംയുക്തമായി, തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയുടെ(ടിഎൻഎച്ച്എസ് ) സഹകരണത്തോടെയാണ് സമഗ്ര ജന്തുജാല വിവര ശേഖരണം നടത്തിയത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുപ്പതിലധികം ക്യാംപുകളിലായി നടന്ന സർവേയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 100ലധികം പേർ പങ്കെടുത്തു.
207 ചിത്ര ശലഭങ്ങളെയാണ് ആകെ കണ്ടെത്തിയത്. സാഹ്യാദ്രി ഗ്രാസ് യെല്ലോ (വെന്പടാ പാപ്പാത്തി) പ്ലെയിൻ ഓറഞ്ച്-ടിപ്പ് (മഞ്ഞത്തുഞ്ചൻ), സാഹ്യാദ്രി യെല്ലോജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ) ലങ്കൻ പ്ലം ജൂഡി (സിലോണ്‍ ആട്ടക്കാരൻ), പ്ലെയിൻ ബാൻഡഡ് ഓൾ (കാട്ടുവരയൻ ആര), മോണ്ടെനെ ഹെഡ്ജ് ഹോപ്പർ, സാഹ്യാദ്രി സ്മോൾ പാം ബോബ്, ഇന്ത്യൻ ഡാർട്ട് എന്നിവയാണ് പുതിയ കണ്ടെത്തലുകൾ.
തുന്പികൾ
അകെ 71 തുന്പിവർഗങ്ങൾ രേഖപ്പെടുത്തി. ഇതിൽ സാഹ്യാദ്രി ടോറന്റ്-ഹോക്ക്, കൂർഗ് ടോറന്റ്-ഹോക്ക് എന്നിവ പുതിയവയാണ്. ബ്ലാക്ക്ബേർഡ്, വൈറ്റ്-ത്രോട്ടഡ് ഗ്രൗണ്ട് ത്രഷ് എന്നീ രണ്ട് ഉപവർഗങ്ങളാണ് പക്ഷിപ്പട്ടികയിൽ പുതുതായി ഉൾപ്പെട്ടത്. മലമുഴക്കി വേഴാന്പൽ ഉൾപ്പെടെ നിരവധി പക്ഷികളെയും രേഖപ്പെടുത്തി.
മറ്റ് കണ്ടെത്തലുകൾ
നാൽപതോളം ഉറുന്പുകൾ, 15 ഉരഗവർഗങ്ങൾ, ആറ് തരം ചീവീടുകൾ, കടുവ, പുലി, കാട്ടുപട്ടി, കാട്ടുപോത്ത്, ആന എന്നിവ ഉൾപ്പെടെയുള്ള വലിയ സസ്തനികളും കാണപ്പെട്ടു. ബ്രൗണ്‍ മാംഗൂസ്, സ്ട്രൈപ്ഡ് നെക്ക്ഡ് മാംഗൂസ്, സ്മോൾ ഇന്ത്യൻ സിവറ്റ്, നീർനായ, ഇന്ത്യൻ പന്നിപ്പൂച്ച എന്നിവയും ശ്രദ്ധേയമായി.
സർവേയുടെ സമാപന സമ്മേളനത്തിൽ പെരിയാർ ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പെരിയാറിലെ പുതിയ കണ്ടെത്തലുകൾ പശ്ചിമഘട്ടത്തിലെ മറഞ്ഞുകിടക്കുന്ന ജൈവവൈവിധ്യത്തിന്റെ മഹത്വം വ്യക്തമാക്കുന്നതായി സർവേ ക്രോഡീകരിച്ച ടിഎൻഎച്ച്എസ് റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവൻ പറഞ്ഞു.