കില്ലര്‍ ഇരമ്പിയോടുന്നു
Friday, October 3, 2025 4:51 PM IST
1930ല്‍ അമേരിക്കന്‍ കാര്‍നിര്‍മാതാക്കളായ സ്റ്റിയൂഡ് ബേക്കര്‍ മോട്ടോര്‍ കമ്പനി നിര്‍മിച്ച ഈ ആറ് സിലണ്ടര്‍ കാര്‍ ഇന്ത്യ ചരിത്രത്തിന് മറക്കാനാവാത്ത ഒരു സംഭവത്തിന്റെ മൂകസാക്ഷിയാണ്.
1948 ജനുവരി 30 വൈകുന്നേരം 5.15 സമയം ഡല്‍ഹിയിലെ ബില്ല ഹൗസിന് മുന്നില്‍ സായാഹ്ന പ്രാര്‍ഥന കഴിഞ്ഞ് തന്റെ മുറിയിലേക്ക് മടങ്ങവെ ഗാന്ധിജിയെ വധിക്കാന്‍ നഥുറാം വിനായക് ഗോഡ്സെ സ്വയം ഓടിച്ചെത്തിയ വാഹനം ഇതാണ്.
ഇറ്റാലിയന്‍ നിര്‍മിതമായ ബരേറ്റ എം.60 റിവോള്‍വറില്‍ നിന്നും ഉതിര്‍ന്ന മൂന്ന് വെടിയുണ്ടകള്‍ക്ക് മറുപടിയായി "ഹേ റാം' എന്ന നിലവിളിയോടെ രാഷ്ട്രപിതാവ് ഗാന്ധിജി വീണു പിടയുമ്പോള്‍, അടുത്ത് തന്നെ ഘാതകന് സ്വയം ഓടിച്ചെത്തിയ അക്കാലത്തെ ആഡംബര വാഹനമായ ഈ കാറും ഉണ്ടായിരുന്നു.
യുഎസ്എഫ് 73-എന്നാണ് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷന് നമ്പര്‍ ഒപ്പം കില്ലര്‍ എന്ന് പേരുകൂടി ചേര്‍ത്താണ് ഈ വാഹനം അറിയപ്പെടുന്നത്.
2015-ല്‍ സണ്‍ഡേ ദീപികയില്‍ ഈ വാഹനത്തെയും അതിന്റെ സൂക്ഷിപ്പുകാരന് പറവേസ് റഹ്മാന് സിദ്ദിഖ്വിയെയും കുറിച്ച വിശദമായ പ്രത്യേക ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള പത്രങ്ങളില്‍ ദീപികയാണ് കില്ലറിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.
സണ്‍ഡേ ദീപികയില്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു വിന്റേജ് കാര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയ പറവേസ് റഹ്മാന് സിദ്ദിഖ്വി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടു.
അദ്ദേഹത്തിന്റെ പിതാവ് മജീബ് റഹ്മാന് തന്റെ മൂത്ത മകന്റെ ഓര്‍മയ്ക്കായി കില്ലര്‍ അറ്റകുറ്റപ്പണികള്‍ പോക്കി പെയിന്റു ചെയ്ത് അകാലത്തില്‍ വേര്‍പെട്ട മകന്റെ ഓര്‍മയ്ക്കായി സൂക്ഷിക്കുകയാണിന്ന്. മരണപ്പെടുമ്പോള്‍ 33 വയസ് മാത്രം പ്രായമായിരുന്നു പറവേസ് റഹ്മാന്.
അദ്ദേഹത്തിന്റെ പിതാവിനെ കൂടാതെ സഹോദരങ്ങളായ ജാവേദ് റഹ്മാന്, അമന് റഹ്മാന് എന്നിവരും വിന്റേജ് കാര്‍ റാലികളില്‍ തങ്ങളുടെ സഹോദരന്റെ ഓര്മ പുതുക്കാന്‍ കില്ലറുമായി എത്താറുണ്ട്.
കില്ലറിന്റെ കഥയിങ്ങനെ
ഗാന്ധിജിയെ വധിച്ചശേഷം ഗോഡ്സെയെയും ഗൂഡാലോചനയില്‍ പങ്കെടുത്ത നാരായണ്‍ ആപ്തെയെയും പഞ്ചാബിലെ അംബാല ജയിയില്‍ തൂക്കിലേറ്റി. ശരീരം ജയിലില്‍ തന്നെ ദഹിപ്പിച്ച് ചാരം നദിയില്‍ ഒഴുക്കി.
ഗോഡ്സെയുടെ ആശയങ്ങളോട് ആഭിമുഖ്യമുള്ളവര്‍ വീണ്ടും ഒത്തുകൂടാതിരിക്കാനായിരുന്നു ഇത്. കില്ലര്‍ എങ്ങനെ ഗോഡ്സെയുടെ കൈയിലെത്തി. ഉത്തര്‍ പ്രദേശിലെ ജോന്‍പൂരിലെ മഹാരാജാവ് അമേരിക്കയില്‍ നിന്നും പ്രത്യേകം ഓര്‍ഡര്‍ കൊടുത്ത് നിര്‍മിച്ചു കപ്പലില്‍ ഇറക്കുമതി ചെയ്തതായിരുന്നു ഈ കാര്‍.
ജോന്‍പൂര്‍ രാജാവ് ഹിന്ദു മഹാസഭയുടെ അനുഭാവിയായിരുന്നു. അങ്ങനെയാണ് നഥുറാം വിനായക് ഗോഡ്സെക്ക് ഈ കാര്‍ തന്റെ പ്രത്യേക ദൗത്യത്തിനായി ലഭിക്കുന്നത്. പോലീസ് പിടിച്ചെടുത്ത വാഹനം 1978-ലാണ് ലേലത്തില്‍ വില്‍ക്കുന്നത്.
സെയ്നി കാലിബ് എന്ന ആംഗ്ലോ ഇന്ത്യന്‍ ബിസിനസുകാരന് 3500-രൂപക്ക് കാര്‍ ലേലത്തില്‍ എടുത്തു. പിന്നീട് സണ്ണി കൈലിംഗ് എന്ന ആഗ്ലോ ഇന്ത്യന്‍ വ്യവസായി ഈ കാര്‍ വാങ്ങി രണ്ടുപേരും കാറിന്റെ ചരിത്രം അറിയാതെയാണ് വാങ്ങിയത്.
ഗാന്ധിജിയുടെ ഘാതകന് ഉപയോഗിച്ച കാറാണെന്ന് അറിഞ്ഞതിനാലാകാം വാങ്ങിയവര്‍ അധികം ഉപയോഗിക്കാതെ വാഹനം കൈമാറി. ഉത്തര്‍ പ്രദേശിലെ വാരണസില്‍ നിന്നും പല കൈമറിഞ്ഞ ഈ കാര്‍ 1999-ല്‍ ഡല്‍ഹി സ്വദേശിയായ വ്യവസായിയും വിന്റേജ് കാര്‍ കമ്പക്കാരനുമായ പര്‍വേസ് റഹ്മാന് സ്വന്തമാക്കി.
മറ്റു പലരെയും പോലെ തന്നെ കില്ലറിന്റെ പൂര്‍വകാല ചരിത്രം പര്‍വേസിനും അറിയില്ലായിരുന്നു. വിന്റേജ് കാര്‍ റാലികളില്‍ പങ്കെടുക്കാനെത്തിയ പല അവസരങ്ങളിലും കോണ്‍പ്രവര്‍ത്തകര്‍ കല്ലും വടിയുമായി ആക്രമിക്കാനെത്തിയപ്പോഴാണ് കില്ലര്‍ ആരുടെ കില്ലറാണെന്ന് പര്‍വേസ് റഹ്മാന് അറിയുന്നത്.
വിലമതിക്കാനാവാത്ത ചരിത്രത്തിന്റെ ഒരേടാണ് തന്റെ കൈയിലെത്തിയതെന്ന് അറിഞ്ഞ പറവേസ് വിന്റേജ് കാര്‍ റലികളില്‍ കില്ലറിനെ പങ്കെടുപ്പിക്കുന്നത് പതിവാക്കി ഒപ്പം നമ്പര്‍ പ്ലേറ്റില്‍ കില്ലര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതി ചേര്‍ത്തു. ഉത്തര്‍ പ്രദേശ് പോലീസ് രേഖകളില്‍ കോടതി മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളിലും കില്ലര്‍ യുഎസ്എഫ്-73 എന്നാണ് പേര്.
ഷിംലയിലെ പ്രസിദ്ധമായ ഹിമാലയന്‍ ഹില്‍ കാര്‍ റാലി, പാക്കിസ്താനിലെ ലാഹോറില്‍ നടക്കുന്ന ലാഹോര്‍ കാര്‍ റലി, ഡല്‍ഹിയില്‍ നടക്കുന്ന സ്റ്റേറ്റ് മാന്‍ വിന്റേജ് കാര്‍ റാലി, ജെയ്പൂര്‍ കാര്‍ റാലി ഇവയിലെല്ലാം പങ്കെടുക്കുകയും ഒന്നാമത് എത്തുകയും ചെയ്തു കില്ലര്‍.
ആറ് സിലണ്ടറും 26.5 എച്ച്പി പവറുമുള്ള ഈ വാഹനം. അക്കാലത്ത് ചിന്തിക്കാനാവാത്ത ചില പ്രത്യകതകളും ഈ കാറിനുണ്ടായിരുന്നു. മാനുവലായും ഓട്ടോമാറ്റിക് മോഡിലും പ്രവര്‍ത്തിക്കുന്ന ഗിയര്‍ സിസ്റ്റം.
മോട്ടോര്‍ പമ്പുകളിലെപ്പോലെ കൈകൊണ്ട് ക്രാങ്ക് കറക്കിയും ഇപ്പോള്‍ സെല്‍ഫ് മോഡിലും സ്റ്റാര്‍ട്ടാക്കാന്‍ പറ്റും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത. പ്രതി ലിറ്ററിന് നാല് കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ടയറും സിറ്റുകളും ഒഴിച്ച് ബാക്കിയെല്ലാം ഇരുമ്പും പിത്തളയുമാണ്.
2015-നവംബര്‍ 18-ന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ കില്ലറിന്റെ ഉടമ പര്‍വേസ് റഹ്മാന് സിദ്ദിഖ്വിയുടെ മരണ ശേഷം എക്കാലത്തെയും പോലെ പിന്നെയും 10-വര്‍ഷം ഡല്‍ഹിയിലെ ലക്ഷ്മി നഗറിലെ പര്‍വേസിന്റെ ഇടുങ്ങിയ ഗാലറിയില്‍ വിശ്രമത്തിലായിരുന്നു ഈ വാഹനം.
ഇപ്പോള്‍ പര്‍വേസ് റഹ്മാന് സിദ്ദിഖ്വിയുടെ പിതാവ് ജാവേദ് റഹ്മാന് സാഹിബ് ഈ വാഹനം കേടുപാടുനീക്കി വീണ്ടും നിരത്തിലിറക്കുകയാണ്. 95-വര്‍ഷം പഴക്കമുള്ള ഈ കാറാണ് പര്‍വേസിന്റെ വിന്റേജ് കാറുകളിലെ താരം. മാര്‍ബിള്‍ വ്യാപാരവും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തുന്നവരാണ് പര്‍വേസ് റഹ്മാന്റെ കുടുംബം.
കില്ലറിനെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ തയാറായി നിരവധി പേര് വന്നെങ്കിലും അമുല്യമായ ഈ വാഹനം കൈവെടിയാന്‍ പര്‍വേസ് തയ്യാറായില്ല. ബറേലിയിലെ പഴയ കാറുകളുടെ ഗാരേജില്‍ നിന്ന് ഈ വാഹനം പര്‍വേസ് റഹ്മാന് സ്വന്തമാക്കി സൂക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും ആക്രികച്ചവടക്കാരന്റെ കൈയില്‍ എന്നേ അവസാനിക്കുമായിരുന്നു കില്ലര്‍.
സ്റ്റുഡ് ബേക്കര്‍ ബ്രദേഴ്സ് അമേരിക്കയിലെ സൗത്ത് ബെന്‍ഡില്‍ 1852-ല്‍ ആരംഭിച്ചതാണ്. ജര്‍മനിയില്‍ നിന്നും 1736-ല്‍ ഫിലാഡല്ഫിയയിലെത്തിയ ജര്‍മ്മന്‍ കുടിയേറ്റക്കാരായ പീറ്റര്‍ സ്റ്റുബേക്കര്, ഭാര്യ അന്ന മാര്‍ഗരീത്ത സ്റ്റുഡ്ബേക്കര് എന്നിവരാണ് സ്റ്റ്യുഡ് ബേക്കര്‍ മോട്ടോര്‍ കമ്പനി ആരംഭിച്ചത്.
വാഹനങ്ങളുടെ ബോഗി, വാഗണ്‍ എന്നിവ നിര്‍മ്മിച്ചാണ് ഈ രംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. നിര്‍മ്മാണ മികവില്‍ പേരുകേട്ടതാണ് കമ്പനി. സ്റ്റുഡ്ബേക്കര് എന്നത് അവരുടെ കുടുംബപ്പേരാണ്. പ്രതാപകാലത്ത് ലോകമെമ്പാടും 12,000 ലീഡര്‍മാരും 15,000 ജീവനക്കാരും 3,000 ത്തോളം ഷെയര്‍ ഹോള്‍ഡര്‍മാരും സ്വന്തമായ കമ്പനിയായിരുന്നു സ്റ്റുഡ്ബേക്കര്.
സാമ്പത്തീക പ്രതിസന്ധിയെത്തുടര്‍ന്ന് 1953-ല്‍ ഈ സ്ഥാപനം അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് പറിച്ചു നട്ടു. 1965-ലാണ് അവസാനത്തെ വാഹനം ഈ കമ്പനിയില്‍ നിന്നും ഇറങ്ങുന്നത്.
ഗാന്ധിജിയുടെ അന്ത്യയാത്രയില്‍ ശവമഞ്ചം രാജ്ഘട്ടിലെ സമാധിയിലേക്ക് വഹിച്ചത് കരസേനയുടെ ഗണ്‍ കാരിയറിലാണ്. ഉപയോഗിക്കാത്തതിനാല്‍ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുത്ത് ഗാന്ധി സ്മൃതിയിലെ മ്യൂസിയത്തില്‍ ആ വാഹനം ഇപ്പോഴും കിടപ്പുണ്ട്.
ഇന്ത്യ ചരിത്രത്തിലൂടെ ഓടിയെത്തിയ ഈ വാഹനം ഒടുവില്‍ ബാപ്പുവിന്റെ സവിധത്തിലെത്തി എന്നു പറയുന്നതില്‍ തെറ്റില്ല, കാരണം ഡല്‍ഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിന് എതില്‍ വശത്ത് യമുനയുടെ മറുകരയില്‍ ലക്ഷ്മി നഗറിലാണ് പര്‍വേസ് റഹ്മാന്റെ ഗാരേജ്.
ബാപ്പുവിന്റെ സമാധിയില്‍ നിന്നും യുമന നദിക്ക് കുറുകെ ഒരു പാലം നിര്‍മിച്ചാല്‍ അര മണിക്കൂറില്‍ നടന്നെത്താവുന്ന ദൂരത്ത് ഗോഡ്സെയുടെ വാഹനവും ഓടിയെത്തി വിശ്രമിക്കുന്നു.
ഏവര്‍ക്കും തന്റെ ഹൃദയത്തില്‍ ഇടം നല്കിയ ബാപ്പു തന്റെ നെഞ്ചിലേക്ക് തീയുണ്ട പായിച്ചവനെയും തന്റെ സവിധത്തിലേക്ക് വിളിപ്പിച്ചതാകുമോ. കേവലം യാദൃശ്ചികമാണെങ്കിലും രാജ്ഘട്ടിന് സമീപത്തെ കില്ലറിന്റെ സാന്നിധ്യം നമ്മെ എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു.