ചാറ്റിംഗ് എന്ന ചീറ്റിംഗ്
Wednesday, October 15, 2025 2:52 PM IST
ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവള് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ചേര്‍ക്കും.
കൂട്ടുകാരിയുടെ കൂട്ടുകാരന്, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങള്‍... പിന്നെ ഫോണ്‍ നമ്പറും നല്‍കും. കംപ്യൂട്ടര്‍ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാര്‍ക്കു കുറഞ്ഞു. വീട്ടില്‍ ആരോടും മിണ്ടാനും സമയമില്ലാതായി.
ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പന് മരിച്ചു കിടക്കുമ്പോഴും മൊബൈല്‍ ഫോണിലൂടെ ഫേസ് ബുക്കില്‍ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു കെണിയായി മാറും.
അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍നിന്നു വെട്ടിമാറ്റണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള കരുതലുകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. അവര്‍ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.
വ്യാജ പ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതല്‍ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നവരുണ്ട്.
മക്കളുടെ ചാറ്റിംഗില്‍ കണ്ണുവേണം...
മക്കളുടെ സുരക്ഷിതമായ ഓണ്‍ലൈന്‍ ചാറ്റിംഗില്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണമെന്നാണ് സൈബര്‍ രംഗത്തെ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. ഇതാ, ചില നിര്‍ദേശങ്ങള്‍...
* പ്രധാന ലിവിംഗ് സ്പെയ്സില്‍ കംമ്പ്യൂട്ടര്‍ സ്ഥാപിക്കുക. മോണിറ്റര്‍ ഒരു രഹസ്യവുമില്ലാതെ മുറിയുടെ പുറത്തേക്ക് തിരിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഓണ്‍ലൈനില്‍ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മൂല്യവത്തായ കാര്യമാണിത്.
* നിങ്ങളുടെ അതിരുകള്‍ സജ്ജീകരിക്കാന്‍ ഏത് തരത്തിലുള്ള വെബ് സൈറ്റുകളാണ് അവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യം, ഏതൊക്കെ ചാറ്റ് റൂമുകള്‍ സന്ദര്‍ശിക്കണം, എന്തൊക്കെ കാര്യങ്ങളാണ് അവിടെ സംസാരിക്കേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളുടെ കുട്ടിയോട് എന്താണ് ശരി, എന്താണ് ശരിയല്ല എന്ന് കൃത്യമായി ചര്‍ച്ച ചെയ്ത് ഒരു ടീമായി പ്രവര്‍ത്തിക്കുക..
നിങ്ങളുടെ കുട്ടി നിങ്ങളുടെ നിയമങ്ങള്‍ അവഗണിക്കുമ്പോള്‍ യുക്തിസഹമായ അനന്തരഫലങ്ങള്‍ സജ്ജമാക്കുക (ഇന്റര്‍നെറ്റില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള ഒഴിവാക്കൽ) എന്നാല്‍ ഇന്റര്‍നെറ്റ് എന്നെന്നേക്കുമായി നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തരുത്.
* ചാറ്റിംഗിനിടെ എന്തെങ്കിലും വിചിത്രമോ അസ്വസ്ഥതയുളവാക്കുന്നതോ ആയ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അവര്‍ നിങ്ങളോട് പറയണമെന്നും നിങ്ങള്‍ അവരോട് ദേഷ്യപ്പെടില്ലെന്നും ഇന്റര്‍നെറ്റ് നിരോധിക്കില്ലെന്നും കുട്ടിക്ക് ഉറപ്പ് നല്‍കണം.
* ചാറ്റിംഗിന് കര്‍ശനമായ സമയ പരിധി നിശ്ചയിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുക. ചാറ്റ് റൂമിലുള്ള ആളുകള്‍ എപ്പോഴും അപരിചിതരാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. അതിനാല്‍ ചാറ്റ് റൂമുകളിലോ ഓണ്‍ലൈനിലോ ആളുകള്‍ പറയുന്നതെല്ലാം കുട്ടി വിശ്വസിക്കരുതെന്ന് പറഞ്ഞു മനസിലാക്കുക.
* ഓണ്‍ലൈനില്‍ ഒരു വ്യക്തിയോട് അവരുടെ യഥാര്‍ഥ പേര്, സ്കൂള്‍, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ അവര്‍ താമസിക്കുന്ന സ്ഥലം എന്നിവ വെളിപ്പെടുത്തരുതെന്ന് കുട്ടിയോട് പറഞ്ഞു കൊടുക്കണം.
* സൈബര്‍ സ്പേസില്‍ ദീര്‍ഘനേരം ഒറ്റയ്ക്കിരിക്കാന്‍ കുട്ടിയെ അനുവദിക്കരുത്. ഈ സമയത്താണ് അവര്‍ ഏറ്റവും ദുര്‍ബലരായിരിക്കുന്നത്.
* അപരിചിതരുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് ഇ- മെയില്‍ അയക്കുമ്പോള്‍ എല്ലായ്പ്പോഴും മാന്യമായി പെരുമാറണമെന്ന് കുട്ടിയോട് പറഞ്ഞ് മനസിലാക്കുക.
പരിഭ്രാന്തി വേണ്ട, നിങ്ങളുടെ കുട്ടി നിങ്ങളുടെ നിയമങ്ങള്‍ പാലിക്കുന്നിടത്തോളം കാലം ഇന്റർനെറ്റിലൂടെ നിങ്ങളുടെ കുട്ടിയെ ആര്‍ക്കും ഉപദ്രവിക്കാനാവില്ല.
* നിങ്ങളുടെ കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനത്തില്‍ സജീവമായ താല്പര്യം പ്രകടിപ്പിക്കുക. ബേബി സിറ്ററായി ഇന്റ്ർനെറ്റ് ഉപയോഗിക്കരുത്.
വെബില്‍ തെരയുന്നതിനും ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാനും പഠിക്കുക, അതുവഴി നിങ്ങളുടെ കുട്ടി എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും.