കടലിന്റെ മക്കള്‍ക്ക് വറുതിക്കാലം...
Tuesday, June 21, 2022 4:50 PM IST
തീരദേശത്തിന് ഇപ്പോള്‍ പറയാനുള്ളത് വറുതിയുടെ കഥയാണ്. ട്രോളിംഗ് നിരോധനം മൂലം ബോട്ടുകള്‍ കട്ടപ്പുറത്തായതോടെ മത്സ്യ മേഖലയില്‍ നെഞ്ചിടിപ്പാണ്. മഹാമാരിയും മണ്ണെണ്ണ, ഡീസല്‍ വിലവര്‍ധനവും മല്‍സ്യ സമ്പത്തിലെ കുറവും മൂലം വെട്ടിലായ തൊഴിലാളികള്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറും.
ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം നല്ല രീതിയില്‍ നടപ്പിലാകുമോ എന്ന് കണ്ടറിയണം. എല്ലാ കാലത്തും മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ നിലനില്പിനായുള്ള ആവശ്യങ്ങള്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ വയ്ക്കാറുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകാറില്ലെന്ന് ഇവര്‍ പറയുന്നു.
4500 ട്രോളിംഗ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിംഗ് നിരോധന കാലത്ത് ഹാര്‍ബറുകള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി തുറന്ന് കൊടുക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മീന്‍ കച്ചവടം മുതല്‍ ഐസ് പ്ലാന്റുകള്‍ വരെ അനുബന്ധ തൊഴില്‍ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരക്കടലിലും ആഴക്കടലിലും പരിശോധന കര്‍ശനമാക്കാനും ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വേണം മത്സ്യ വറുതി പാക്കേജ്...
ആഴക്കടലിലെ അശാസ്ത്രീയ മിന്‍പിടിത്തം തടയാന്‍ സ്ഥിരം സംവിധാനത്തോടൊപ്പം തീരദേശത്തെ ദുരിതത്തിന് പരിഹാരമായി മത്സ്യവറുതി പാക്കേജ് നടപ്പാക്കണമെന്നുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ആഴക്കടലിലെ അശാസ്ത്രീയ മീന്‍പിടിത്തം തടയാന്‍ വ്യാപക പരിശോധനയും നടപടിയും വേണമെന്നതടക്കമുള്ള ആവശ്യങ്ങളും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
മത്സ്യങ്ങളുടെ പ്രജനന കാലവും കടലിലെ മത്സ്യ സമ്പത്തും സംരക്ഷിക്കാന്‍ കാലങ്ങളായി പരമ്പരാഗത മത്സ്യതൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്കുണ്ട്. ഇതിനെല്ലാം പുറമെ പലവിധ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം മാത്രം നഷ്ടപ്പെട്ടത് 72 തൊഴില്‍ ദിനങ്ങളാണെന്നും തീരദേശത്തെ പട്ടിണി മാറ്റാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയന് ആവശ്യപ്പെടുന്നത്.
മുന്‍പില്ലാത്ത വിധം പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് മത്സ്യമേഖല കടന്നുപോകുന്നത്. കാലം തെറ്റിയ കാലാവസ്ഥ തന്നെയാണ് പ്രധാന വില്ലന്‍. തുടര്‍ച്ചയായ ദിനങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്്. പലരും ബോട്ടുകള്‍ പോലും വില്‍ക്കേണ്ട അവസ്ഥയില്‍ എത്തി.
നല്ലകാലത്തും വെല്ലുവിളികള്‍ ഏറെ...കോഴിക്കോട്, മലപ്പുറം തീരത്തുനിന്ന് ബോട്ടുകള്‍
ശക്തിയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് ചെറുകിട മല്‍സ്യ തൊഴിലാളികളെ ബാധിക്കുന്നുണ്ട്. നല്ല കാലത്തും വറുതിയിലേക്ക് നയിക്കുന്നതാണ് ഇത്തരം നടപടികള്‍. ഇത്തരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് നിയമ വിരുദ്ധമാണ്. ശക്തിയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നത് ഈ മേഖലയിലെ മത്സ്യ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

രാത്രി കാലങ്ങളില്‍ ബോട്ടുകളില്‍ നിന്നും വള്ളങ്ങളില്‍ നിന്നും കടലിലേക്ക് ശക്തിയേറിയ വെളിച്ചം എത്തുമ്പോള്‍ മത്സ്യങ്ങള്‍ ഇതേ ദിശയില്‍ എത്തുകയും തൊഴിലാളികള്‍ക്ക് കൂടുതല്‍ മത്സ്യം ലഭിക്കുകയും ചെയ്യും. കൂടുതല്‍ മത്സ്യം ലഭിക്കുമെന്നതിനാല്‍ വന്‍കിട ബോട്ടുടമകള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് ശക്തിയേറിയ ലൈറ്റുകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നത്. മുട്ടയിടാനായി ചതുപ്പുകളിലും മറ്റും മറഞ്ഞിരിക്കുന്ന മത്സ്യങ്ങള്‍ വരെ ഈ പ്രകാശം തേടി ബോട്ടുകള്‍ക്ക് സമീപ മെത്തുമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
അപകട സാധ്യതയും ഏറെ...
ഇങ്ങനെ മത്സ്യബന്ധനം നടക്കുന്നവര്‍ക്ക് ആ സമയത്ത് കൂടുതല്‍ മത്സ്യങ്ങള്‍ ലഭിക്കുമെങ്കിലും പിന്നീടെത്തുന്ന തൊഴിലാളികള്‍ക്ക് ലഭ്യത കുറയാനും മത്സ്യങ്ങളുടെ പ്രജനനം കുറയാനും ഇടയാക്കും. മാത്രമല്ല, ഏതാനും ബോട്ടുകള്‍ രാത്രികാലങ്ങളില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നത് മറ്റ് ബോട്ടുകളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുകയും അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും.
ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിനായി പ്രത്യേകം ജനറേറ്ററുകളുമായാണ് ബോട്ടുകള്‍ പറപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകളുടെ ബിനാമികളാണ് ഇത്തരത്തില്‍ മത്സ്യ ബന്ധനം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ബേപ്പൂര്‍, വെള്ളയില്‍, ചാലിയം പുതിയങ്ങാടി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള ബോട്ടുകള്‍ മത്സ്യ ബന്ധനത്തിന് പുറപ്പെടുന്നതെന്നാണ് പരാതി. നിയമ വിരുദ്ധമായ മത്സ്യബന്ധനം തടയേണ്ട പോര്‍ട്ട് അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് ആക്ഷേപം,