അവയവദാനത്തിലൂടെ ലേഖ.എം.നമ്പൂതിരി മാതൃകയായി; നമ്മൾ പകരം നല്കിയതോ?
അവയവദാനത്തിലൂടെ ലേഖ.എം.നമ്പൂതിരി മാതൃകയായി; നമ്മൾ പകരം നല്കിയതോ?
അവയവദാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ലേഖ.എം.നമ്പൂതിരിക്ക് അനുഭവിക്കേണ്ടി വന്നത് ആദരവുകളുടേയും അനുമോദനങ്ങളുടേയും കൂട്ടത്തിൽ വേദനകളും അപവാദങ്ങളും പിന്നെ ചൂഷണവും. സിനിമാ കണ്ടിറങ്ങുമ്പോൾ ഏതൊരുവ്യക്‌തിക്കും നായക കഥാപാത്രങ്ങളെ പോലെയാകണം അല്ലായെങ്കിൽ അതിലെ നന്മനിറഞ്ഞ വശങ്ങൾ അനുകരിക്കണം എന്നൊക്കെ നിരവധി തോന്നലുകൾ ഉണ്ടാകുമെങ്കിലും സിനിമയുടെ ഹാങ് ഓവർ ഇറങ്ങുന്നതോടെ ഇവയൊക്കെ അസ്തമിച്ചു പോകുകയാണ് പതിവ്. എന്നാൽ 2009ൽ ലേഖ കണ്ട ലൗഡ് സ്പീക്കർ എന്ന സിനിമയിൽ ലേഖയുടെ ഇഷ്‌ടനടൻ മമ്മൂട്ടി അവതരിപിച്ച മൈക്ക് എന്ന കഥാപാത്രത്തെ ലേഖ ശിരസാൽ വഹിക്കുകയായിരുന്നു. സിനിമയിലെ സാരാംശത്തെ അതിന്റേതായ രീതിയിൽ ഉൾക്കൊണ്ട ലേഖ അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ കാഴ്ചയായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. നിർധനയായ ലേഖ രോഗത്താൽ നിർധനനായ പട്ടാമ്പി സ്വദേശിയായ യുവാവിന് തന്റെ വൃക്കകളിൽ ഒന്ന് പകുത്തുനൽകുകയായിരുന്നു.ഇരു സമുദായങ്ങളിൽ നിന്നും ഈ വൃക്ക ദാനത്തിനെതിരെ നിരവധി ശബ്ദങ്ങൾ ഉയർന്നെങ്കിലും. ഷാഫിയുടെ ശാരീരികാവസ്ഥ വളരെ വഷളായി രണ്ടു വർഷത്തോളം ഈ മഹാദാനത്തിന് കാത്തിരിക്കേണ്ടി വന്നിട്ടും ലേഖ വാക്കുപാലിച്ചു. ഇതിനിടെ വന്ന നിരവധി വാഗ്്ദാനങ്ങളും നിരസിച്ചായിരുന്നു ലേഖ ഈ മഹാദാനം നിർവ്വഹിച്ചത്.

ലൗഡ് സ്പീക്കർ സിനിമയ്ക്ക് ശേഷം ദിവസവും പത്രങ്ങൾ വായിക്കുമ്പോൾ നിർധനരായ ആർക്കെങ്കിലും തന്റെ ബ്ലഡ് ഗ്രൂപ്പായ എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ടോയെന്ന് നോക്കുന്നത് ലേഖ പതിവാക്കി. അങ്ങനെയിരിക്കെയാണ് ഒരു പത്രപരസ്യം ലേഖയുടെ കൈയിൽ കിട്ടുന്നത് അതിൽ കണ്ട നമ്പരിലേക്ക് ഫോൺ വിളിച്ചു. പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ജ്യേഷ്ഠനാണ് ഫോൺ എടുത്തത.് യുവാവിന്റെ നിലയെപറ്റി അയാൾ ലേഖയ്ക്ക് വിശദീകരിച്ച് കൊടുത്തു. തുടർന്ന് വീട്ടിൽ തന്റെ ഒരു സുഹൃത്തിനെ കാണാനെന്ന് തെറ്റിദ്ധരിപ്പിച്ച് ലേഖ യുവാവിനെ കാണാനായി ഭർത്താവ് സാജനുമൊത്ത് യാത്ര തിരിച്ചു. ആശുപത്രിയിലെത്തി യുവാവിന്റെ നിലകണ്ട ലേഖ ആകെ വിഷമിച്ചു പോയി അസ്ഥികൂടമായ ഒരാൾ മൃതപ്രാണനായി കട്ടിലിൽ കിടക്കുന്നു. തുടർന്ന് ഭർത്താവിനോട് കാര്യം വ്യക്‌തമാക്കി. ആദ്യം ശാരീരിക പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഭർത്താവ് അത് എതിർത്തുവെങ്കിലും ലേഖ ആ എതിർപ്പുകളെ വകവെച്ചില്ലെന്നു തന്നെ പറയണം. പിന്നീട് ഭർത്താവും ലേഖയുടെ വഴിക്കെത്തി. അങ്ങനെ പട്ടാമ്പി സ്വദേശിയായ യുവാവിനു വൃക്ക നൽകാമെന്ന് ലേഖ ഉറപ്പുനൽകി. ലേഖ എം.നമ്പൂതിരി യുവാവിനു വൃക്ക നൽകാനായി പല വിധ ടെസ്റ്റുകൾക്ക് വിധേയയായി അതും സ്വന്തം ചെലവിൽ അവസാനം പേപ്പർ വർക്കുകൾക്കായി തന്റെ മാല പണയം വെച്ചാണ് ലേഖ യുവാവിനുപണം നൽകിയത്.തുടർന്ന് പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ശാരീരികാവസ്‌ഥകൾ വഷളായി. അതേതുടർന്ന് നീണ്ടനാളത്തേക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നീട്ടിവയ്ക്കാൻ സാധ്യമല്ലെന്നു ഡോക്ടർമാർ പറഞ്ഞു. നിരന്തരം ആശുപത്രിയിൽ ചെന്നതുകൊണ്ടുതന്നെ വൃക്കദാനം ചെയ്യാൻ സന്നദ്ധയാണ് ലേഖയെന്ന് അറിഞ്ഞ പലരും ലേഖയുടെ വൃക്കയ്ക്കായി ലക്ഷങ്ങൾ കൊടുക്കാമെന്നുപറഞ്ഞു. 15 ലക്ഷം രൂപയുടെ വാഗ്ദാനം വരെയാണ് ലേഖയ്ക്ക് ലഭിച്ചത്. നിർധനയും രോഗിയായ ഭർത്താവും രണ്ടു മക്കളുമുള്ള ലേഖ അതുവാങ്ങാൻ തയ്യാറായില്ല. സ്വന്തമായി ഒരു കിടപ്പാടം ഇല്ലായെന്നകാര്യം പോലും ലേഖ അന്ന് വിസ്മരിച്ചു. അങ്ങനെ കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് 2012 നവംബർ15ന് പട്ടാമ്പി സ്വദേശിയായ യുവാവിനു ലേഖ.എം.നമ്പൂതിരി വൃക്ക ദാനം ചെയ്യ്തു. ഓപ്പറേഷൻ തിയറ്ററിലേക്ക് കടന്നപ്പോൾ ഭർത്താവിനേയും മക്കളേയും മനസിലോർത്തെങ്കിലും സഹജീവിയുടെ ജീവിതത്തിന് വേണ്ടിയാണല്ലോ തന്റെയീ പ്രയത്നം എന്ന് മനസിലോർത്തപ്പോൾ ധൈര്യം വരികയായിരുന്നുവെന്നും ലേഖ പറയുന്നു.

വൃക്കദാനം ചെയ്തു കഴിഞ്ഞ ശേഷം ലേഖ യുവാവുമായി നല്ല അടുപ്പത്തിലായിരുന്നു. പിന്നീട് യുവാവിന്റെ കുടുംബത്തിൽ ഒരു കുട്ടി പിറന്നതുവരെയുള്ള കാര്യങ്ങളിൽ രണ്ടു കുടുംബങ്ങളും ഒന്നായിരുന്നെന്നു തന്നെ പറയാം.

വൃക്കദാനത്തിന് ശേഷവും സാധാരണ വീട്ടമ്മയായി ലേഖ ജീവിതം തുടർന്നു.രണ്ടു വർഷത്തിനുശേഷം അവിചാരിതമായി കണ്ടു പരിചയപ്പെട്ട ഒരു മാധ്യമ പ്രർത്തകനോട് എന്തോ സംസാരിക്കുന്നതിനിടയിൽ ഈ വിഷയവും പറഞ്ഞിരുന്നു. എന്നാൽ ഇയാളും സുഹൃത്തും ചേർന്ന് ഇത് ലോകത്തെ അറിയിക്കണമെന്നും മറ്റാർക്കെങ്കിലും ഇത് പ്രചോദനമായിരിക്കുമെന്നും പറഞ്ഞതിനാൽ വാർത്ത പുറംലോകമറിയുകയായിരുന്നു.പിന്നീട് ആദരവുകളുടെയും അനുമോദനങ്ങളുടെയും വലിയൊരു കാലം തന്നെയായിരുന്നുവെന്നു ലേഖ പറയുന്നു. എന്നാൽ ഇവയ്ക്ക് താൻ വലിയ വിലകൊടുക്കേണ്ടി വന്നതായും ലേഖ പറയുന്നു.

ആദ്യമായി സംഭവിച്ച ആഘാതമായിരുന്നു താൻ വൃക്കകൊടുത്ത പട്ടാമ്പി സ്വദേശിയായ യുവാവ് തന്നെ തള്ളിപ്പറഞ്ഞുവെന്നത്. പത്രമാധ്യമങ്ങളിലൂടെ വാർത്തകൾ പടർന്നതോടെ തന്റെ ബന്ധുക്കളും മറ്റും അന്യജാതിക്കാരിയുടെ വൃക്കയാണോ ദാനമായി സ്വീകരിച്ചതെന്ന് പറഞ്ഞു കളിയാക്കുന്നതായും തന്നെ ഒറ്റപ്പെടുത്തുന്നതായും യുവാവ് ലേഖയോട് പറഞ്ഞു. ഇത് തനിക്ക് വളരെ വലിയ മാനഹാനി ഉണ്ടാക്കിയെന്നു ലേഖയോടു പറഞ്ഞ് ഫോണിലൂടെ ആക്രോശിക്കുകയും ചെയ്തുവത്രെ. പിന്നീട് പട്ടാമ്പി സ്വദേശിയായ യുവാവ് വിളിക്കുകയും ഇനിയും ഒരുവാർത്ത വന്നാൽ ലേഖയ്ക്ക് എതിരെ പത്രമാധ്യമങ്ങളിലൂടെ തന്റെ പക്കൽനിന്നും 75 ലക്ഷം രൂപാവാങ്ങിയെന്ന് കള്ളപ്രചരണം നടത്തുകയും ചെയ്യുമെന്നു പറഞ്ഞതായി ലേഖ പറയുന്നു. ഇത് ലേഖയിൽ കടുത്ത ആഘാതമാണേൽപ്പിച്ചത്.


പത്രമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകർ ലേഖയ്ക്ക് ചുറ്റും കൂടി. ഇവർ പലസ്‌ഥലങ്ങളിലും ലേഖയ്ക്ക് അനുമോദനങ്ങളും ആദരവുകളും ഏർപ്പെടുത്തുകയും ചെയ്തു. ലേഖയ്ക്ക് ഒരു വീട് നിർമ്മിച്ചു നൽകുമെന്ന് ചിലർ പരസ്യ പ്രസ്താവന നടത്തിയാതായും ലേഖ പറഞ്ഞു. എന്നാൽ ഇവരിൽ പലരും തന്നെ കരുവാക്കി നിരവധി പിരിവുകൾ നടത്തുകയും മറ്റും ചെയ്തു. പിന്നീട് ഇവരുടെ എപിഎൽ റേഷൻകാർഡ് ബിപിഎൽ കാർഡ് ആക്കി കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയിരുന്നു ഈ കാർഡ് തിരികെ നൽകാമെന്ന് പറഞ്ഞാണ് ലേഖയെ കല്ലുമലയിൽ വെച്ച് ഒരു സഘടന വിളിച്ചു ചേർത്ത യോഗത്തിലേക്ക് ക്ഷണിക്കുന്നത്. ഈ സ്‌ഥലത്തേക്ക് എത്തിയപ്പോളാണ് ഫ്ളക്സിൽ ലേഖയുടെ വീടിന്റെ താക്കോൽ ദാനമെന്നു കണ്ടത്. നിരവധി പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽവെച്ച് വീടിന്റെ താക്കോൽ ലേഖയ്ക്ക് കൈമാറുകയും ചെയ്തു. യോഗാനന്തരം സംഘടനയിലെ ഒരു പ്രവർത്തകൻ ലേഖയുടെ അടുത്തേക്ക് വരുകയും തന്റെ കാറിന്റെ താക്കോൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താക്കോൽ തന്റെ കൈവശമില്ലെന്ന പറഞ്ഞ ലേഖയോട് വീടിന്റെതെന്നു പറഞ്ഞ് സ്റ്റേജിൽ വച്ച് നൽകിയ താക്കോൽ തന്റെ കാറിന്റതാണെന്ന് പറഞ്ഞ് അയാൾ അതുംവാങ്ങി സ്‌ഥലം വിടുകയായിരുന്നു. പിന്നീട് ഈ സംഘടന തുടങ്ങിയ അക്കൗണ്ടിൽ വന്ന 62,000 രൂപയും എം.എസ്.എം നൽകിയ 1 ലക്ഷം രൂപ, എസ്.എൻ.സെൻട്രൽ സ്കൂൾ നൽകിയ32000 രൂപ, ഹുദാട്രസ്റ്റ് നൽകിയ 40000 രൂപ എന്നിവകൊണ്ട് ഇവർ ഒന്നര സെന്റിലുള്ള ഒരു വീടുവാങ്ങി. എന്നാൽ ഇലക്ട്രിസിറ്റി കണക്ഷനായോ റേഷൻകാർഡിനായോ അപേക്ഷകൾ കൊടുത്തിരുന്നില്ല. ഇതിനോടകം ഈ സംഘടനയുടെ ഉയർന്ന ഭാരവാഹി ഇലക്്ട്രിസിറ്റി ബോർഡിലെ ഒരു ഓഫീസറോടുള്ള എന്തോ വൈരാഗ്യത്തിന്റെ പേരിൽ ഇവർക്കെതിരെ വിജിലൻസിൽ ലേഖയുടെ പേരിൽ പരാതി നൽകുകയും ചെയ്തു. കെ.എസ്.ഇ.ബി യിലെ എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയായിരുന്നു പരാതി. ഇവർ ലേഖയിൽ നിന്നു കൈക്കൂലി ചോദിച്ചതായാണ് കേസ.് എന്നാൽ മൊഴിയെടുക്കാനായി തന്നെ വിളിച്ചപ്പോൾ താൻ സത്യം തുറന്നു പറഞ്ഞത് കാരണം അന്ന് അവർരക്ഷപ്പെട്ടു. പിന്നീടും സർക്കാർ ഉദ്യോഗസ്‌ഥരെ തന്റെ പേരും പറഞ്ഞ് ഈ സംഘടനക്കാർ ഉപദ്രവിക്കുന്നത് പതിവാണെന്നും അതിനാൽ ഒരു സർക്കാർ ഓഫീസിലും പോകാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നും ലേഖ ചൂണ്ടിക്കാട്ടി.

ലേഖയുടെ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിനും സമാനമായ സംഭവം ഉണ്ടായി ഇവിടെ ചികിത്സാ സഹായ വിതരണമുണ്ടെന്ന് പറഞ്ഞ് മാവേലിക്കരക്കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകനെന്നു നടിച്ചു നടക്കുന്നയാൾ ഒരു വക്കീൽ ദമ്പതികളിൽ നിന്നും വൻ തുക കൈപ്പറ്റിയിരുന്നു. അന്ന് ചെയർമാനായിരുന്ന കെ.ആർ.മുരളീധരന്റെ സുഹൃത്തായിരുന്നു പണം കൊടുത്ത വക്കീൽ. അങ്ങനെ ആകള്ളിയും വെളിച്ചത്തുവരികയും ചെയ്തു. അങ്ങനെ നിരവധി സംഭവങ്ങൾ ലേഖയെ ഇതിനോടകം ദു:ഖിപ്പിച്ചെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ പിന്നാലെ നടന്ന് ആരും കബളിപ്പിക്കലിന് ഇരയാകരുതെന്നും ലേഖ ഓർമിപ്പിക്കുന്നു. നിരവധി പേർ പല അപവാദങ്ങളുമായും രംഗത്തുണ്ടെന്നും ലേഖ പറയുന്നു.

ഈ അപവാദങ്ങളേയും ചൂഷണങ്ങളെയും മറികടന്ന് ലേഖ തന്റെ ബ്യൂട്ടി പാർലറുമായി ഭർത്താവ് സാജൻ, മക്കളായ മിധുൽ, മധു എന്നിവരുമൊന്നിച്ച് ഇല്ലായ്മയിലും സന്തോഷത്തോടെ ജീവിച്ച് വരുന്ന അവസ്‌ഥയിലാണ് കായംകുളത്തു വച്ച് അപകടമുണ്ടാകുന്നതും അതിൽ നിന്ന്് നട്ടെല്ലിന്റെ കശേരുവിലെ രോഗമെന്ന ദുരന്തം തേടിയെത്തിയതും. നട്ടെല്ലിന്റെ കശേരുക്കൾ സ്‌ഥാന ഭ്രംശം സംഭവിച്ച് തലച്ചോറിൽ നിന്നും കാലിലേക്ക് പോകുന്ന രക്‌തക്കുഴലിനെ അടയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്‌ഥിതി. ഈനില തുടർന്നാൽ തളർന്നു പോകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

എന്നാൽ ശാശ്വത പരിഹാരം എന്നത് ഓപ്പറേഷനാണെങ്കിൽ കൂടി ഇത് ചെയ്താൽ ചിലപ്പോൾ ആൾ കോമയിലേക്ക് മാറുമെന്നും ചില ഡോക്ടർമാർ ഇവരോട് പറഞ്ഞിട്ടുണ്ടത്രെ. അതിനാൽ ആധുനിക രീതിയിലുള്ള ചികിത്സ തന്നെ ഇതിനായി വേണ്ടി വരും. ഹൃദയരോഗ ബാധിതനായ ഭർത്താവും രണ്ടുകുട്ടികളുമുള്ള ഈ കുടുംബത്തിന് ഓപ്പറേഷൻ എന്നത് ബാലികയറാമലയായാണ് അനുഭവപ്പെട്ടത്. സാജൻ ഇവരുടെ രണ്ടാം ഭർത്താവാണ്. ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ രക്ഷകനായെത്തിയ സാജന്റെ ഇപ്പോഴത്തെ രോഗാവസ്‌ഥയും ലേഖയെ ദു:ഖിതയാക്കുന്നു.

ദീപികയിലൂടെയും രാഷ്്ട്ര ദീപികയിലൂടെയും ലേഖയുടെ ദുരവസ്‌ഥ ലോകമറിഞ്ഞതോടെ സഹായ പ്രവാഹമാണ് ലേഖയ്ക്ക്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, റീമാകല്ലിങ്കൽ എന്നിവർ മാവേലിക്കരയിലെത്തി ലേഖയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. എം.എ യൂസഫലിയുടെ ഓഫീസിൽ നിന്നും ചില സംഘടനകളിൽ നിന്നും ലേഖയ്ക്ക് ചികിത്സാവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ലേഖയുടെ മുൻ ഡോക്ടറായ അസ്ഥി രോഗ വിദഗ്ധൻ ഡോ.സുരേഷും ചികിത്സ സഹായവും സന്നദ്ധതയുമറിയിച്ച് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള മലയാളികൾ രോഗവിവരം അറിയാനായി ബന്ധപ്പെടുന്നുണ്ടന്നും തനിക്കിത് ഏറെ ആശ്വാസം പകരുന്നതാണെന്നും ലേഖ പറയുന്നു.

<യ>–യു.ആർ.മനു, മാവേലിക്കര