അരികിലീ ഹൃദയാകാശം
<യ> എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: പ്രണയത്തിന്റെ ഇലഞ്ഞിപ്പൂമണവും പ്രാർഥനയുടെ ചന്ദന ഗന്ധവും തത്വചിന്തയുടെ ജീവഗാന പ്രവാഹവും മലയാള ചലച്ചിത്ര ഗാനലോകത്തിനു സമ്മാനിച്ച ശ്രീകുമാരൻ തമ്പി നമുക്ക് പാടുവാൻ വേണ്ടി തന്റെ തൂലിക എടുത്തിട്ട് ജൂലൈ ഒമ്പതിനു 50 വർഷം. 1966 ജൂലൈ ഒമ്പതിനു കാട്ടുമല്ലികയ്ക്കുവേണ്ടി 10 മനോഹര ഗാനങ്ങൾ എഴുതിക്കൊണ്ടാണ് ശ്രീകുമാരൻ തമ്പി ഈ മനോഹര തീരത്തേയ്ക്ക് വന്നത്.

പി. ഭാസ്കരനും ഒഎൻവിയ്ക്കും വയലാറിനും യൂസഫലിയ്ക്കും ശേഷം അല്ലെങ്കിൽ ഈ അതുല്യ പ്രതിഭകൾ നിറഞ്ഞു നിന്ന ചലച്ചിത്ര ഗാനഭൂമിയിൽ കൈവീശി, ശ്രീകുമാരൻ തമ്പിയുടെ മാത്രമായ ഒരു ധിക്കാരത്തോടെ കടന്നു കയറി സ്വന്തം ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നു അദ്ദേഹം.
അക്കാലത്ത് ഹരിപ്പാട്ടുകാരനായ ഒരു ചെറുപ്പക്കാരനു, ഒരു യുവകവിക്കു സങ്കല്പിക്കുവാൻ പോലും കഴിയാത്ത ഒരു നടന്നു കയറ്റം ആയിരുന്നു അത്. ഒരു പക്ഷേ കാലം ശ്രീകുമാരൻ തമ്പിക്കു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഒരു സിംഹാസനത്തിലേക്കുള്ള ഒരു പ്രയാണമായിരുന്നിരിക്കാമത്.

‘താമരത്തോണിയിൽ താലോലമാടി
താനേ തുഴഞ്ഞുവരും പെണ്ണേ!’

എന്ന നാടൻ പ്രേമഗാനമാണ് കാട്ടുമല്ലികയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി ആദ്യം രചിച്ചത്. എം.എസ്. ബാബുരാജ് എന്ന അതുല്യ സംഗീതസംവിധായകനാണ് തമ്പിയുടെ വരികൾക്കു അര നൂറ്റാണ്ടു മുമ്പ് ഈണമിട്ടത്.

അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ
അവളുടെ ചുണ്ടുകൾ ചെണ്ടുമല്ലിപ്പൂക്കൾ
അവളുടെ കവിളുകൾ പൊന്നരളിപ്പൂക്കൾ
അവളൊരു തേന്മലർ വാടിക...
എന്നു പ്രണയഗാനവും ശ്രീകുമാരൻ തമ്പി എഴുതി.
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
പാടാത്ത വീണയും പാടും....
ഉഷസോ സന്ധ്യയോ സന്ദരി
കസ്തൂരി മണക്കുന്നല്ലോ കാറ്റേ....
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
അകലെ അകലെ നീലാകാശം

തുടങ്ങി നൂറു കണിക്കിനു പ്രണയാർദ്ര ഗാനങ്ങൾ പിന്നീട് മലയാളികളുടെ അനുഭൂതിയാക്കിയ തമ്പിയുടെ തുടക്കമായിരുന്നു അത്. ഓർമിക്കുക, പിൽക്കാലത്ത് കർപ്പൂരം ദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ, ദീപാരാധന നേരത്തു നിൻമിഴി ദീപങ്ങൾ തൊഴുതു ഞാൻ (ചിത്രം ദിവ്യദർശനം) എന്നു പാടിയ ഗാന രചയിതാവാണ് ശ്രീകുമാരൻ തമ്പി. 1966 ൽ തന്നെ പുറത്തു വന്ന പ്രിയതമ എന്ന ചിത്രത്തിനു വേണ്ടിയും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി. ബ്രദർ ലക്ഷ്മണിന്റെതായിരുന്നു സംഗീതം. കനവിൽ വന്നെൻ കവിളിണ തഴുകിയ

കരതലമേതു സഖി... എന്ന ഗാനവും
കരളിൻ വാതിലിൽ മുട്ടിവിളിക്കും
കാവ്യദേവ കുമാരി ! എന്ന ഗാനവും പ്രിയതമയിലേതാണ്. വയലാറും പി. ഭാസ്ക്കരനും ഒഎൻവിയും തത്വചിന്താപരമായ നിരവധി അനശ്വര ഗാനങ്ങൾ എഴുതിയിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ദാർശനികമായ ഗാനങ്ങൾ മലയാള ഗാനലോകത്തിനു സമ്മാനിച്ചതും ശ്രീകുമാരൻ തമ്പി തന്നെ.
സുഖമെവിടെ ദുഃഖമെവിടെ
മദം പൊട്ടി ചിരിക്കുന്ന മാനം
സ്വന്തമെന്ന പദത്തിനെന്തർഥം
ചിരിക്കുമ്പോൽ കൂടെച്ചിരിക്കാനായിരം പേർ വരും
ഹൃദയത്തിനൊരു വാതിൽ തുടങ്ങിയ ജീവിത ദർശനം നിറയുന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്കു തുടക്കം കുറിച്ചത് പ്രിയതമയിലെ ഗാനങ്ങളിൽ നിന്നാണ്.

ജീവിതമൊരു കൊച്ചു കിലുക്കാം പെട്ടി
വിധിയെന്ന കളിക്കുട്ടി വിരലുകൾ കൊണ്ട് തട്ടി
കിലുക്കിക്കളിക്കുമൊരു കിലുക്കാംപെട്ടി!
എന്ന പ്രിയതമയിലെ ഗാനവും
പൂവായ് വിരിഞ്ഞതെല്ലാം കായാകുമോ
കായായ് വിളഞ്ഞതെല്ലാം കനിയാകുമോ
എന്ന ഗാനവും കേവലം 26 വയസ്സുള്ള ശ്രീകുമാരൻ തമ്പി എന്ന ഗാനരചയിതാവിന്റേതാണ്. പി. ഭാസ്ക്കരൻ, ഒഎൻവി, വയലാർ, യൂസഫലികേച്ചേരി എന്നിവർക്കൊപ്പം മലയാള സിനിമ ഭൂമികയിൽ പൊൻവസന്തം സൃഷ്‌ടിച്ചു ശ്രീകുമാരൻ തമ്പി. ആ ശ്രേണിയിൽ ഇന്നു ജീവിച്ചിരിക്കുന്ന ഒരേ ഒരു ഗാനരചയിതാവും കൂടിയാണ് ശ്രീകുമാരൻ തമ്പി.