ആടു പാമ്പേ...ആടു പാമ്പേ...ആടാടുപാമ്പേ....
കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് മൂർഖൻ. അതുകൊണ്ടു തന്നെ ഇവ മനുഷ്യജീവന് വലിയ ഭീഷണി ഉയർത്തുന്നവയാണ് ഇവ. പണ്ടുകാലങ്ങളിൽ വഴിയിലോ വീട്ടുപരിസരത്തോ മൂർഖനെ കണ്ടാൽ ധൈര്യശാലികൾ വടിയെടുത്ത് ഇവയെ അടിച്ചുകൊല്ലും. ആ കാലം പോയി. വിഷപ്പാമ്പുകളെ മുമ്പത്തേക്കാളേറെ ഭയക്കുന്നവരായി പുതിയ തലമുറ. അതുകൊണ്ടുതന്നെ ഏതിനം പാമ്പിനെ കണ്ടാലും അതിനെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടുകയാണ് ജനം.

ഇത്തരം സന്ദർഭങ്ങളിൽ വനപാലകരുടെ വിളിയെത്തുമ്പോഴേക്കും പാമ്പുകളേക്കാൾ വേഗത്തിൽ പാഞ്ഞെത്തുന്ന ചില ധൈര്യശാലികളുണ്ട് . പാമ്പുകളെ പിടികൂടുന്നതിൽ പ്രത്യേക കഴിവും പരിശീലനവും ഉള്ളവരാണിവർ. പലപ്പോഴും ജീവൻ പണയപ്പെടുത്തി, അതിസാഹസികമായാണ് ഇവർ പാമ്പുകളെ പിടികൂടുന്നത്. ഇവരിലൊരാളാണ് കോടാലിക്കാരനായ അബീഷ്. 24 മണിക്കൂറിനുള്ളിൽ 31 മൂർഖൻപാമ്പുകളെ പിടികൂടി റിക്കാർഡ് സൃഷ്‌ടിച്ച ഈ യുവാവിനെ തേടി യൂണിവേർഴ്സൽ റിക്കാഡ് ഫോറത്തിന്റെ അവാർഡും മൂന്നുമാസം മുമ്പേ എത്തി. ഒരു ദിവസം ഇത്രയധികം മൂർഖൻപാമ്പുകളെ പിടികൂടിയവർ ലോകത്തുതന്നെ ആരുമില്ലെന്നറിയുമ്പോഴാണ് അബീഷിന്റെ ധീരതക്ക് തിളക്കം കൂടുന്നത്.

വലിയ വിഷപല്ലുകൾ ഉള്ളതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ മൂർഖനു കഴിയും. ഒരു മനുഷ്യൻ മരിക്കാൻ ആവശ്യമുള്ളവിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടിയാണ് മൂർഖൻ കടിക്കുമ്പോൾ ശരീരത്തിൽ കലരുന്നത്. പെട്ടെന്ന് പ്രകോപിതരായി കൊത്തുന്ന പ്രകൃതക്കാരാണ് ഇവ. മൂർഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങളുടെ കടിയേറ്റാൽ പോലും മരണം സംഭവിക്കും. ഇത്രയേറെ വിഷമുള്ള മൂവായിരത്തിലേറെ മൂർഖൻപാമ്പുകളെയാണ് ഈ ചെറുപ്രായത്തിനിടെ അബീഷ് പിടികൂടിയിട്ടുള്ളത്. എട്ടുവർഷത്തിനിടയിൽ മൂർഖൻ അടക്കം ഈ യുവാവ് വരുതിയിലാക്കിയ പാമ്പുകളുടെ ആകെ എണ്ണം 5350 ആണ്.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016മൗഴ17മുമ2.ഷുഴ മഹശഴി=ഹലളേ>

കോടാലിക്കടുത്ത് മുരുക്കുങ്ങൽ കാരണത്ത് അശോകൻ– വാസന്തി ദമ്പതികളുടെ മകനായ അബീഷിന് പാമ്പുപിടിത്തം ചെറുപ്പം മുതലേ ഹോബിയായിരുന്നു. നാട്ടിൽ എവിടെ പാമ്പിനെ കണ്ടാലും അബീഷ് അതിനെ പടികൂടും. പാമ്പുകളോടുള്ള സ്നേഹം മൂലം വീട്ടിലെ സ്വന്തം മുറിക്കുള്ളിൽ നാഗദേവതയെ പ്രതിഷ്ഠിച്ച് ആരാധിക്കുകകൂടി ചെയ്യുന്നുണ്ട് അബീഷ്. ജനവാസമേഖലയിൽ കാണുന്ന ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി സുരക്ഷിത സ്‌ഥലങ്ങളിൽ കൊണ്ടുവിടാൻ ഈ നാഗപ്രീതി തനിക്ക് തുണയായിട്ടുണ്ടെന്നാണ് അബീഷിന്റെ വിശ്വാസം.

പ്ലസ്ടുവിനുശേഷം ചെറിയൊരു ജോലിയുമായി കുമളിയിലായിരുന്ന അബീഷ് ഇതിനിടെ പാമ്പുകളെ പിടികൂടുന്നതിൽ വിദഗ്ധനായി മാറിക്കഴിഞ്ഞിരുന്നു. ഹൈറേഞ്ച് പ്രദേശത്ത് ദിനംപ്രതിയെന്നോണം കാണപ്പെട്ട പാമ്പുകളെ പിടിക്കുന്നതിനായി വനംവകുപ്പ് ഈ യുവാവിന്റെ സേവനം തേടി. എല്ലാ തരം ഉരഗങ്ങളേയും അബീഷ് പിടികൂടുമെങ്കിലും മൂർഖനെ പിടിക്കുന്നതിലാണ് കൂടുതൽ താൽപര്യവും വൈദഗ്ധ്യവും. മൂർഖനെ പിടികൂടുന്നത് ഏറ്റവും ദുഷ്കരവും അപകടം നിറഞ്ഞിട്ടും അബീഷ് തെല്ലും ഭയമില്ലാതെയാണ് മൂർഖനെ പിടികൂടാനിറങ്ങുന്നത്.

13–ാം വയസിൽ തുടങ്ങിയ പാമ്പുകളോടുള്ള ഇഷ്‌ടം 26–ാം വയസിലും തെല്ലും കുറഞ്ഞിട്ടില്ല. ഇതിനിടെ രണ്ടു തവണ മൂർഖന്റെ കടിയേറ്റെങ്കിലും രക്ഷപ്പെട്ടു. ഒരിക്കൽ താൻ പിടികൂടിയ രണ്ട് മൂർഖൻ പാമ്പുകളെ അഭിമുഖമായി നിർത്തിയപ്പോൾ അവ പരസ്പരം കൊത്തിയതിനിടയിലാണ് അബീഷിന് കടിയേറ്റത്. ഏതാനും മാസം മുമ്പ് തേക്കടിക്കടുത്തുള്ള അണക്കരയിൽ കെട്ടിടം നിർമിക്കാനായി തറ വാരം കീറിയപ്പോൾ കണ്ടെത്തിയ മൂർഖന്മാരെ പിടികൂടിയതിലൂടെയാണ് അബീഷ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒരേ സ്‌ഥലത്ത് നിന്ന് 27 മൂർഖൻമാരെയാണ് അബീഷ് പിടികൂടിയത്. ഇവയിൽ നാലെണ്ണം ഏഴരയടി നീളമുള്ളതും മൂന്നെണ്ണം ആറരയടിനീളമുള്ളതുമായിരുന്നു.


സാധാരണയായി ഇത്രയേറെ മൂർഖൻപാമ്പുകൾ ഒരേസ്‌ഥലത്ത് കാണപ്പെടുന്നത് അപൂർവമാണെന്നാണ് വിദഗ്ധർ പറയുന്നത്. കുമളി–മൂന്നാർ റോഡിലെ പുലിയമലയിൽ രിംഗിട്ട് കിണറ്റിൽ കാണപ്പെട്ട ഉഗ്രമൂർഖനെ അതിസാഹസികമായി പിടികൂടിയതും ഈ രംഗത്ത് അബീഷിന്റെ പ്രശസ്തി വർധിപ്പിച്ചു. വിദഗ്ധരായ അഞ്ചു പാമ്പുപിടിത്തക്കാർ അസാധ്യമെന്ന് വിധിയെഴുതി മടങ്ങിയപ്പോയിടത്താണ് അബീഷ് മൂർഖനെ പിടിച്ച് കഴിവുതെളിയിച്ചത്. വനപാലകരും പോലീസും ചേർന്ന് കയറിൽ കെട്ടിത്തൂക്കിയ കസേര കിണറ്റിലേക്കിറക്കി അതിലിരുന്നാണ് അബീഷ് മൂർഖനെ പിടികൂടാൻ ശ്രമിച്ചത്. മൂർഖൻ പിടിയിലൊതുങ്ങുന്ന ഘട്ടത്തിലെത്തിയപ്പോൾ കസേര ചരിഞ്ഞ് മൂർഖന്റെ കടിയേൽക്കുന്ന സാഹചര്യം വരെയെത്തിയെങ്കിലും അബീഷ് പിന്തിരിഞ്ഞില്ല. അതിസാഹസികമായി തന്നെ മൂർഖനെ പിടികൂടി കരയ്ക്കെത്തിച്ചു. താൻ ഇതുവരെ പിടികൂടിയ മുർഖന്മാരിൽ ഏറ്റവും കരുത്തനായിരുന്നു അന്ന് കിണറ്റിൽ നിന്ന് പിടിച്ചതെന്ന് അബീഷ് പറയുന്നു. കടിയേറ്റിരുന്നെങ്കിൽ കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിക്കാൻ മാത്രം ഉഗ്രവിഷമുള്ളതായിരുന്നു ആറരയടി നീളവും നല്ല വണ്ണവുമുണ്ടായിരുന്ന ആ പാമ്പ്.

അബീഷിന്റെ വൈദഗ്ധ്യവും വന്യജീവി സ്നേഹവും കണക്കിലെടുത്ത് ആറു വർഷം മുമ്പ് വനംവകുപ്പിൽ ജോലി ലഭിച്ചു. ഇപ്പോൾ തേക്കടിയിൽ വനംവകുപ്പ് സംഘടിപ്പിക്കുന്ന നേച്ചർക്യാമ്പുകളിൽ അബീഷ് പാമ്പുകളെ കുറിച്ച് ക്ലാസെടുക്കാറുണ്ട്. കൂടാതെ കോട്ടയം , ഇടുക്കി ജില്ലകളിലെ വിദ്യാലയങ്ങളിലും പാമ്പുകളെ കുറിച്ചു് ക്ലാസെടുക്കാൻ അബീഷിനെ ക്ഷണിക്കാറുണ്ട്. പാമ്പുകടിയേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർമാരും കടിച്ച പാമ്പിനെ തിരിച്ചറിയാൻ വേണ്ടി പലപ്പോഴും അബീഷിന്റെ സഹായം തേടാറുണ്ട്. കുമളിയിൽ നിന്ന് മാസത്തിൽ ഒരിക്കൽ മാത്രം കോടാലിയിലെ വീട്ടിലെത്താറുള്ള അബീഷിന് നാട്ടിലെത്തിയാലും വിശ്രമിക്കാൻ നേരം കിട്ടാറില്ല. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ പാമ്പുകളെ കണ്ടാൽ അവയെ പിടികൂടുന്നതിന് അബീഷിന്റെ സഹായം വനപാലകർ തേടും. ഫോൺകോൾ ലഭിച്ചാൽ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എവിടേയും പാഞ്ഞെത്താൻ റെഡിയാണ് അബീഷ്.

9048924683 എന്നതാണ് അബീഷിന്റെ മൊബൈൽ നമ്പർ. വിളിക്കുമ്പോൾ ആടു പാമ്പേ ആടാടു പാമ്പേ... എന്ന റിംഗ് ബാക്ക് ടോൺ കേട്ടാൽ ഉറപ്പിച്ചോളൂ, അത് അബീഷ് തന്നെ.

<യ> – ജോൺ കോപ്ലി