വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമുള്ള മലയാളികളായ മനുഷ്യ സ്നേഹികളിൽ നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹം. ഫോണിലാണ് അഭിനന്ദനമറിയിച്ച് സന്ദേശങ്ങളും വിളികളും എത്തുന്നത്.

മനുഷ്യനെ കടിച്ചു കീറിക്കൊണ്ടിരിക്കുന്ന നായകളെ നിമയം ലംഘിച്ചും വകവരുത്താൻ തുനിഞ്ഞിറങ്ങിയ മിനിക്ക് വിളിക്കുന്നവർ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ കോളുകൾ എത്തുന്നത്. കൂടാതെ ഓസ്ട്രേലിയയിൽ നിന്നും കോളുകൾ വന്നു. ഇന്ത്യക്കത്തു നിന്നും ചില സംഘടനകളും വിളിച്ച് അനുമോദിച്ചു. ഇതിനിടെ രണ്ടു കോളുകൾ മൃഗസ്നേഹികളിൽ നിന്നുള്ള ഭീഷണിയായിരുന്നു.


ആദ്യഘട്ടം ഏഴു നായകളെ വകവരുത്തിയ മിനി ഇനി രണ്ടാംഘട്ടത്തിലേക്ക് കടക്കാനുള്ള ആലോചനയിലാണ്. ആദ്യത്തെ സംഭവത്തിനെതിരെ കേസുണ്ടെങ്കിലും ഇത് വകവയ്ക്കാതെയാണ് വീണ്ടും നായപിടുത്തത്തിനായി കോപ്പു കൂട്ടുന്നത്. കേസ് കേസിന്റെ വഴിക്കു പോകുമെന്ന ഉറച്ച നിലാപടാണ് ഇവർക്ക്.