കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയൻ ഓർമയായിട്ട് ഇന്ന് 36 വർഷം. ജയന്റെ ചിതയ്ക്കു തീകൊളുത്തി അന്ത്യകർമങ്ങൾ ചെയ്ത സഹോദരപുത്രൻ കണ്ണൻ വല്യച്ഛനെക്കുറിച്ചുള്ള ഓർമകൾ രാഷ്ട്രദീപികയുമായി പങ്കു വയ്ക്കുന്നു.

എനിക്ക് അഞ്ചര വയസുള്ളപ്പോഴാണ് വല്യച്ഛൻ മരണപ്പെട്ടത്. ബേബി എന്നു വീട്ടിൽ വിളിച്ചിരുന്ന വല്യച്ഛനെ ബേബി എന്നാണു ഞാനും വിളിച്ചിരുന്നത്. വീട്ടിലേക്കു വല്യച്ഛന്റെ മൃതദേഹം കൊണ്ടുവരുന്നതിന്റെയും വീട്ടിലേക്കു നിരവധിയാളുകൾ എത്തിയതിന്റെയും ഞാൻ അന്ത്യകർമങ്ങൾ ചെയ്തതുമെല്ലാം വ്യക്‌തമായി ഓർക്കുന്നു– കണ്ണൻ പറയുന്നു. മാതാപിതാക്കൾ സഞ്ചാരി എന്ന സിനിമയുടെ ലൊക്കേഷനിൽ എന്നെ കൊണ്ടുപോയതും ഓർക്കുന്നു. 1980 നവംബർ 16 നാണ് വല്യച്ഛൻ മരിച്ചത്. 17 നാണു ചെന്നൈയിൽ നിന്നു മൃതദേഹം വീട്ടിൽ കൊണ്ടുവരുന്നത്. വല്യച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം, അദ്ദേഹത്തിന്റെ ഒരു സിറ്റീസൺ വാച്ച് തുടങ്ങിയവ ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പല സിനിമകളിലും അദ്ദേഹം കെട്ടിയിരുന്ന വാച്ചാണത്. വീട്ടിലെ 898 എന്ന ഫോണിലേക്ക് എല്ലാ ദിവസവും വല്യച്ഛൻ വിളിക്കുമായിരുന്നു. 14–ാം വയസിൽ ഒരു കൂട്ടുകാരനുമായി ചേർന്ന് ചെറിയൊരു ജിംനേഷ്യം ആരംഭിച്ചിരുന്നു. ജയനെക്കുറിച്ച് ഡോക്യുമെന്ററിയും കണ്ണൻ നേരത്തെ ചെയ്തിരുന്നു.

15 വർഷത്തെ സേവനത്തിനു ശേഷം നേവിയിൽ നിന്നു വിരമിച്ചിട്ടാണ് അദ്ദേഹം സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. 1974 ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്നാണ് പലരുടെയും ധാരണ. എന്നാൽ 1973 ൽ കൃഷ്ണൻ നായർ എന്ന പേരിൽ തന്നെ രവികുമാറും വിധുബാലയും നായികാനായകന്മാരായ സിനിമയിൽ വില്ലൻ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പക്ഷേ ഈ സിനിമ ഇടയ്ക്കു വച്ചു നിന്നുപോയി. പിന്നീടു പ്രേം നസീർ നായകനായ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയിൽ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെട്ടു. മൂന്നാമത്തെ സിനിമയാണ് ശാപമോക്ഷം.വല്യച്ചന്റെ മുറപ്പെണ്ണായ (അമ്മാവന്റെ മകൾ) ജയഭാരതിയാണ് ചലച്ചിത്രരംഗത്തു അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. നടൻ ജോസ്പ്രകാശിന്റെ മകൻ രാജൻ ജോസഫാണ് ശാപമോക്ഷത്തിൽ വല്യച്ഛന് അവസരം വാങ്ങിക്കൊടുത്തത്. പിന്നെ 126 സിനിമകളിൽ അഭിനയിച്ചു. പൂട്ടാത്ത പൂട്ടുകൾ എന്ന സിനിമയിലും അഭിനയിച്ചു. –കണ്ണൻ പറഞ്ഞുനിർത്തി. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്‌ഥലത്തായിരുന്നു ജയന്റെ ജനനം. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. 1980 നവംബർ 16ന് കോളിളക്കം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടായിരുന്നു ജയന്റെ മരണം. സ്കൂൾ കാലത്ത് എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവയ്ക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. രണ്ടു പ്രാവശ്യം മിസ്റ്റർ നേവിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്പെടുത്തുകയായിരുന്നു.


1974–80 കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും താരമൂല്യമുളള നടനായി ജയൻ മാറി. ആറു വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രമുൾപ്പെടെ ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള ജയന്റെ സിനിമകൾ ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. അങ്ങാടി, കരിമ്പന, മൂർഖൻ, തടവറ, ലൗ ഇൻ സിംഗപ്പൂർ, ഇരുമ്പഴികൾ, മനുഷ്യമൃഗം, ആവേശം തുടങ്ങി മലയാള സിനിമയിൽ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രങ്ങൾ നിരവധിയാണ്. അഭിനയ കലയോടുളള ആത്മാർഥത കൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. വെള്ളിത്തിരയിൽ സാഹസികത കൊണ്ടു സിനിമാ പ്രേമികളെയും ആരാധകരെയും കോരിത്തരിപ്പിച്ച ജയൻ അതുപോലൊരു സാഹസിക ചിത്രീകരണ വേളയിൽ അപകടത്തിൽപ്പെട്ടു മരണമടയുകയായിരുന്നു. പി.എൻ. സുന്ദരം സംവിധാനം കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തി നിടയിലുണ്ടായ ഒരു ഹെലികോപ്ടർ അപകടത്തിലാണ് ജയൻ അകാലമൃത്യു വടഞ്ഞത്. ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്ത നായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധാ യകനെ നിർബന്ധിച്ചത്. ആ റീടേക്ക് ദുരന്തമായി, ജയൻ എന്ന അതുല്യനടന്റെ അവസാന ടേക്കായി.

–പ്രദീപ് ഗോപി