ഒരേ ഒരു ആര്കെ നഗര്
Monday, March 20, 2017 3:45 AM IST
ചെന്നൈ പട്ടണത്തിൽ നിന്ന് അരമണിക്കൂറോളം യാത്രചെയ്താൽ പത്തുകിലോമീറ്റർ അകലെയുള്ള ആർകെ നഗറിലെത്താം. ചെന്നൈ നോർത്ത് ലോകസഭാമണ്ഡലത്തിലെ ഈ നിയമസഭാ മണ്ഡലം കുറച്ചുനാളുകളായി വാർത്തകളിൽ കേന്ദ്ര കഥാപാത്രമാണ്. തെരുവുകൾ സജീവം. എങ്ങും ആളും ആരവവും . പാർട്ടി പ്രവർത്തകർ കട്ടൗട്ടും കൊടിതോരണങ്ങളും സജീകരിക്കുന്ന തിരക്കിൽ. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ചെന്നൈയിലെ ആർകെ നഗർ. ഏപ്രിൽ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ആര് ജയിച്ചാലും അത് ചരിത്രമാകും. തമിഴ്നാടിന്റെ അമ്മ ജയലളിതയുടെ ഈ മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം വർഷവും നടക്കുന്ന ഈ തെരഞ്ഞെടുപ്പിനെ ‘തേർതൽ അമ്മ’ (തെരഞ്ഞെടുപ്പുകളുടെ അമ്മ)എന്നാണ് തമിഴർ വിശേഷപ്പിക്കുന്നത്.
അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബംഗളൂരു വിചാരണക്കോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടർന്ന് 2014 ൽ ആണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്നത്. അന്ന് ശ്രീരംഗത്തെയാണ് ജയലളിത പ്രതിനിധീകരിച്ചിരുന്നത്. തുടർന്ന് 2014 സെപ്റ്റംബറിൽ കർണാടക ഹൈക്കോടതി വെറുതെ വിട്ടതിനെ തുടർന്ന് ആർകെ നഗറിൽനിന്ന് മത്സരിച്ച് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. അന്ന് ആർകെ നഗറിലെ വെട്രിവേൽ എംഎൽഎ സ്ഥാനം രാജിവച്ചാണ് ജയലളിതയ്ക്ക് മത്സരിക്കാന് അവസരമൊരുക്കിയത്. അടുത്ത വർഷം നടന്ന പൊതു തെരഞ്ഞെടുപ്പിലും ജയ ആർകെ നഗറിലാണ് മത്സരിച്ചത്. വോട്ട് ഗണ്യമായി കുറഞ്ഞെങ്കിലും അഭിമാനകരമായ വിജയം കൈവരിക്കാനായി. 2001 മുതൽ ഇവിടെ നടന്നിട്ടുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും എഡിഎംകെയാണ് തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള ഇടമായാണ് ആർകെ നഗർ ഗണിക്കപ്പെടുന്നത്.
പാർട്ടിക്ക് നല്ല അടിത്തറയുള്ള ഇടമാണെങ്കിലും ഇക്കുറി അടിതെറ്റിയേക്കും എന്നാണ് തെരഞ്ഞെടുപ്പുചിത്രം വ്യക്തമാക്കുന്നത്. എഐഡിഎംകെ മൂന്നായി തിരിഞ്ഞ് മത്സരിക്കുന്നു എന്നതാണ് ഇക്കുറി ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഉപരതെരഞ്ഞെടുപ്പിൽ ജയലളിതയ്ക്കൊപ്പം ഒറ്റക്കെട്ടായി നിന്നിരുന്ന പാർട്ടി ഇന്ന് മൂന്നായി മുറിഞ്ഞിരിക്കുകയാണ്. എന്നിട്ടും മുൻ മുഖ്യമന്ത്രി പനീർശെൽവം വിഭാഗവും പാർട്ടി ജനറൽസെക്രട്ടറി ശശികലയുടെ മന്നാർഗുഡി ചേരിയും ജയലളിതയുടെ സഹോദരന്റെ മകൾ ദീപാ ജയകുമാറിന്റെ പുതിയ പാർട്ടിയും ആത്മവിശ്വാസത്തിലാണ്.
ഇവിടെ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങിയ ശശികല പക്ഷം വിജയ പ്രതീക്ഷയിലാണ്. പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽസെക്രട്ടറി ടിടിവി ദിനകരനാണ് സ്ഥാനാർഥി. പാർട്ടിയിൽ നിന്ന് ജയലളിത പുറത്താക്കിയ ദിനകരനെ ജയലളിതയുടെ മരണശേഷം കഴിഞ്ഞ മാസമാണ് പാർട്ടി ജനറൽ സെക്രട്ടറിയും ദിനകരന്റെ അച്ഛന്റെ സഹോദരിയുമായ ശശികല പാർട്ടി ഡെപ്യൂട്ടി ജനറൽസെക്രട്ടറി സ്ഥാനം നൽകി തിരിച്ചെടുത്തത്.
താൻ ഇവിടെ 50,000 വോട്ടുകളിലധികും ഭൂരിപക്ഷത്തോടെ ജയിച്ചുകയറുമന്നാണ് ദിനകരന്റെ അവകാശവാദം. ഇവിടെ ജയിക്കുന്ന പക്ഷം മുഖ്യമന്ത്രിയാകുമെന്നു കരുതപ്പെടുന്ന ദീനകരന് ഇത് ജീവൻമരണ പോരാട്ടമാണ്. കാരണം തോറ്റാൽ ജനവിശ്വാസം നഷ്ടപ്പെട്ട സർക്കാർ രാജിവയ്ക്കണം എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യം ഉയരും. മാത്രമല്ല സർക്കാരിന്് വീണ്ടും അവിശ്വാസ പ്രമേയത്തെ നേരിടേണ്ടിയും വന്നേക്കും. അങ്ങനെ വന്നാൽ ഇനി ഭൂരിപക്ഷം ലഭിക്കണം എന്നുമില്ല. അതിനാൽ ആരുമായും നീക്കുപോക്കുകൾ നടത്താനും ജയിക്കാൻ ഏതറ്റംവരെ പോകാനും ശശികല പക്ഷം തയാറായേക്കും. എന്നാൽ ദിനകരന്റെ വിജയം അത്ര സുഗമമാവില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ജയലളിത പാർട്ടി വുരുദ്ധപ്രവർത്തനത്തിന് പുറത്താക്കിയ ദിനകരൻ മത്സരിക്കന്നതുകൊണ്ടുതന്നെ ഇവിടെ തന്റെ വിജയം സുനിശ്ചിതമാണെന്നാണ് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ അവകാശവാദം. എംജിആർ അമ്മ ദീപ പേരവൈ എന്ന പുതിയ പാർട്ടിയുമായാണ് ദീപയുടെ രംഗപ്രവേശനം. എന്നാൽ ദീപയുടെ പാർട്ടിക്ക് കെട്ടുറപ്പില്ലാത്തതിനാൽ അത് ഇലക്ഷൻ പ്രചാരണത്തെ ബാധിക്കും എന്നതുകൊണ്ട് വിജയം അത്ര സുഗമമാവില്ല എന്നാണ് വിലയിരുത്തൽ.
അൽപ്പം താമസിച്ചാണെങ്കിലും പനീർശെൽവം വിഭാഗവും കഴിഞ്ഞദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിക്കഴിഞ്ഞു. മുൻ മന്ത്രിയും എഡിഎംകെയുടെ മുതിർന്ന നേതാവുമായ ഇ. മധുസൂദനനാണ് സ്ഥാനാർത്ഥി. ഇദ്ദേഹത്തിനുള്ള ക്ലീൻ ഇമേജും താൻ ഉയർത്തിക്കാട്ടുന്ന വിഷയങ്ങളും തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകും എന്നാണ് പനീർശെൽവത്തിന്റെ കണക്കുകൂട്ടൽ. ഏതായാലും എഡിഎംകെയുടെ രണ്ടില ചിഹ്നത്തിലായിരിക്കും തന്റെ സ്ഥാനാർത്ഥി മത്സരിക്കുക എന്ന ഉറച്ച വിശ്വാസത്തിലാണ് പനീർ. അതുകൊണ്ടുതന്നെ രണ്ടില തങ്ങൾക്ക് അനുവദിച്ചു കിട്ടണം എന്നപേക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഹർജി നൽകി കാത്തിരിക്കുകയാണ് അദ്ദേഹം. എന്നാൽ ഇലയിലുണ്ണാൻ വാശിപിടിച്ച് ഇരുവിഭാഗങ്ങളും ശക്തമായി രംഗത്തുള്ളതിനാൽ തത്കാലം രണ്ടില തെരഞ്ഞെടുപ്പു കമ്മീഷൻ മരവിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനിടെ പനീർശെൽവം ബിജെപിയുമായി അടുക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെയാകും രംഗത്തിറങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്.
ഏറ്റവും പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഡിഎംകെ ആണെന്ന് പറയാം. മൂന്നായി ഭിന്നിക്കപ്പെടുന്ന എഡിഎംകെ വോട്ടിലാണ് പാർട്ടിയുടെ നോട്ടം. മാത്രമല്ല എംകെ സ്റ്റാൻലിന്റെ ശക്തമായ പുതു നേതൃത്വം പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ. മരുതു ഗണേഷാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 33 ശതമാനം വോട്ട് നേടാനായി. ജയലളിതയ്ക്ക് ലഭിച്ചത് 56 ശതമാനം വോട്ടാണ്. അതുകൊണ്ടുതന്നെ എഡിഎംകെയിലെ മൂന്നു വിഭാഗങ്ങൾക്കായി പാർട്ടി വോട്ട് വിഭജിക്കപ്പെടുന്പോൾ തങ്ങൾക്കുതന്നെ വിജയം ഉറപ്പെന്നാണ് ഡിഎംകെ കണക്കുകൂട്ടുന്നത്.
ഡിഎംകെ അടുത്ത ദിവസം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഇവിടെ നടത്തിയ സർവേയിൽ തങ്ങളുടെ പാർട്ടി മറ്റുള്ളവരേക്കാൾ ഏറെ മുന്നിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പനീർശെൽവം വിഭാഗം തൊട്ടടുത്താണ്. അതിനടുത്ത് ദീപ ജയകുമാർ വിഭാഗവുമാണുള്ളത്. ഏറ്റവും പിന്നൽ ദിനകരനും. ഏതായാലും പ്രവചനാതീതമാണ് ഇവിടത്തെ വിജയം. കാര ണം ജാതി പാർട്ടികൾ അടക്കമുള്ള ചെറുകക്ഷികളും ദേശീയ പാർട്ടികളും തങ്ങളുടെ നിലപാട് ഇതേവരെ വ്യക്ത മാക്കി യിട്ടില്ല. ഈ പാർട്ടികളുടെ ഇടപെടൽ തീർച്ചയായും തെര ഞ്ഞടുപ്പു വിജയത്തെ കാര്യമായി സ്വാധീ നിക്കുന്നവ തന്നെയാണ്.
ഏതായാലും ഇപ്പോൾ തെരഞ്ഞെടുപ്പുഗോതയിൽ ഇറങ്ങിയിരിക്കുന്ന നാലുകൂട്ടർക്കും ഈ തെരഞ്ഞെടുപ്പ് ഭാഗ്യ പരീക്ഷണം തന്നെയാണ്. വിജയിയുടെയും തോൽക്കുന്ന വരുടെ പാർട്ടികളുടെയും ഭാവി നിർണയിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പിന് നിർണായക പങ്കാണ് വഹിക്കാനുള്ളത്. തമിഴ്നാട് രാഷ്ട്രീയത്തിന്റെ തന്നെ ഗതി തിരിച്ചുവിടാൻ തക്ക താണ് ഈ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോസി ജോസഫ്