തായ്ലന്റിലെ മരണദ്വീപ്
Monday, July 10, 2017 11:43 PM IST
രണ്ടു വർഷം മുന്പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ വിനോദസഞ്ചാര പ്രദേശമായി അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു കോ താവോ എന്ന ദ്വീപ്. മനുഷ്യവാസം കുറവുള്ള ഈ ദ്വീപ് കൊടുംകാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ദിനോസറിന്റെ വംശത്തിൽപ്പെടുന്നു എന്നു വിശ്വസിക്കപ്പെടുന്ന വലിയ ഇനം പല്ലികൾ പ്രദേശവാസികളുടെ പേടിസ്വപ്നമാണ്.
വർഷത്തിൽ കുറഞ്ഞത് 750,000 ആളുകളെങ്കിലും പ്രകൃതി സുന്ദരമായ ഈ ദ്വീപ് സന്ദർശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി എട്ട് വിനോദസഞ്ചാരികളാണ് ദുരൂഹ സാഹചര്യത്തിൽ ഈ ദ്വീപിൽവച്ച് മരണപ്പെട്ടത്. കഴിഞ്ഞ മാസം ദ്വീപിൽ മരിച്ച നിലയിൽ കാണപ്പെട്ട എലിസ് ടാലൻമാഗ് എന്ന മുപ്പതുവയസുകാരിയാണ് ഈ പട്ടികയിലെ അവസാനത്തേയാൾ.
സഞ്ചാരപ്രേമിയായ എലിസ് തായ്ലാൻഡിലെ വിവധ പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കോ താവോയിൽ എത്തിയത്. ഇവിടെ ഒരു കോട്ടേജിലായിരുന്നു താമസം. ഇവിടെ എത്തി മൂന്നാം ദിവസം പതിവുപോലെ സ്ഥലങ്ങൾ കാണാൻ പുറത്തുപോയതായിരുന്നു എലിസ്. രണ്ടു ദിവസം കഴിഞ്ഞും തിരിച്ചെത്തിയില്ല. പോലീസ് അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ കാട്ടിൽ വിറകെടുക്കാൻ പോയപ്രദേശവാസികൾ അവിടെ ഒരു മൃതദേഹം കണ്ടെത്തി. മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പകുതി ഭാഗവും ഭീമൻ പല്ലികൾ തിന്ന അവസ്ഥയിലായിരുന്നു. പോലീസ് അന്വേഷണത്തിൽ മൃതദേഹം എലിസിന്റേതാണെന്ന്കണ്ടെത്തി. എലീസ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
എന്നാൽ ഇത് വിശ്വസിക്കാൻ എലിസിന്റെ വീട്ടുകാർ തയാറല്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു കാരണവും എലിസിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെന്ന് അവളുടെ അമ്മ പറഞ്ഞു. എലിസിന്റെ മരണത്തിന്റെ ശരീയായ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ശക്മായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മരണദ്വീപ് എന്നാണ് കോ താവോ ഇപ്പോൾ അറിയപ്പെടുന്നതുതന്നെ.
കഴിഞ്ഞ വർഷം ജനുവരിയിൽ ല്യൂക് മില്ലർ എന്നൊരു യുവാവിനെ ഇവിടുത്തെ സ്വിമ്മിംഗ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ആദ്യം കാര്യമായ അന്വേഷണമൊന്നും നടത്താതിരുന്ന പോലീസ് മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചു. ലൂക്കിന്റെ വീട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് കേസ് വീണ്ടും അന്വേഷിച്ചെങ്കിലും കൊലപാതകത്തന് തെളിവില്ലെന്നു പറഞ്ഞ്് അതുംഅവസാനിപ്പിച്ചു.
ഇതിനു മാസങ്ങൾക്കുമുന്പ് അവധി ആഘോഷിക്കാൻ ദ്വീപിലെത്തിയ കാമുകീകാമുകൻമാരായ ഡേവിഡും അന്നയും മരണപ്പെട്ടിരുന്നു. കടൽതീരത്തുനിന്നാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. തലയ്ക്ക് അടിയേറ്റായിരുന്നു ഇരുവരുടേയും മരണം. എന്നാൽ ഇവിടെയും പ്രതികളെ പിടികൂടാൻ പോലീസിനായിട്ടില്ല.
മരണ ദ്വീപ് എന്നറിയപ്പെടുന്ന കോ താവോയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇവിടെ നടക്കുന്ന ദുരൂഹ മരണങ്ങളിൽ ഒന്നിന്റെ പോലും ദൂരൂഹത നീക്കാൻ പോലീസിനായിട്ടില്ല. മരിച്ചവരെല്ലാം 20നും 30നും ഇടയ്ക്ക് പ്രായമുള്ളവരായതുകൊണ്ട് യുവതീയുവാക്കൾക്ക് ഇപ്പോൾ ഇവിടം സന്ദർശിക്കാൻ പേടിയാണ്.