കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
Saturday, September 16, 2017 2:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനു നടപടികൾ ശക്തിപ്പെടുത്താൻ പോലീസ്.
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉൾപ്പെടെ വിവിധ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാരോട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിർദേശിച്ചു.
കുട്ടികൾ അപകടത്തിൽപ്പെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന പോലീസ് മേധാവിയുടെ ഈ നിർദേശം.
വിദ്യാലയങ്ങൾക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂർണമായും ഉറപ്പുവരുത്തുന്നതിന് വിദ്യാലയാധികൃതരും രക്ഷിതാക്കളും പോലീസ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി പോലീസ് വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ സംബന്ധിച്ച് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവത്കരണം നൽകുന്നതിനു നടപടി സ്വീകരിക്കാനും അദ്ദേഹം സ്റ്റേഷൻ ചുമതലയുള്ള എസ്ഐമാർക്കും സിഐമാർക്കും നിർദേശം നൽകി.
സുരക്ഷ ഫലപ്രദമാക്കുന്നതിന് എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷാസമിതികൾ രൂപീകരിക്കുന്നതു നല്ലതാണ്. ഇത്തരത്തിൽ സുരക്ഷാ സമിതികൾ രൂപവത്കരിക്കുകയും സമിതികളുടെ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തി പരിമിതികൾ പരിഹരിക്കുകയും വേണമെന്നു സ്കൂൾ അധികൃതരുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരോടും അദ്ദേഹം അഭ്യർഥിച്ചു.
വിദ്യാലയ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻസിസി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന തലത്തിൽ സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡോ. ബി. സന്ധ്യയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
സ്കൂൾ അധികാരികളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സ്കൂളിനു ചുറ്റുമതിലും ഗേറ്റും നിർബന്ധമായും വേണ്ടതുണ്ട്. പുറത്തുനിന്ന് ആളുകളുടെ പ്രവേശനം മതിയായ പരിശോധനയ്ക്കുശേഷമേ അനുവദിക്കാവൂ.
2. എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയാൻ ഉതകുന്ന വിധം ഐഡന്റിറ്റി കാർഡുകൾ ധരിച്ചു മാത്രം സ്കൂളിൽ പ്രവേശിക്കുന്നതു സുരക്ഷയെ സഹായിക്കും. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാർഥികളെക്കുറിച്ച് വിശദവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുക. കുട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കുക. അസ്വാഭാവികമായ പെരുമാറ്റമോ ശാരീരിക ക്ഷീണമോ കാണുകയാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷിച്ചു മനസിലാക്കുക.
3. സ്ഥിരമായി ബസിൽ വരുന്ന ഒരു കുട്ടി എത്തിയിട്ടില്ല എങ്കിൽ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കുക. ഇതിനായി ഏതെങ്കിലും അധ്യാപകരെ ചുമതലപ്പെടുത്താവുന്നതാണ്.
4. ക്ലാസുകൾ ആരംഭിക്കുന്നതിനു മുമ്പും അവസാനിച്ച ശേഷവും ഓരോ ക്ലാസ് മുറിയും ചുമതലയുള്ള ഒരാൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
5. ക്ലാസിൽ നിന്ന് ഏതെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങുന്ന കുട്ടി നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തിയെന്ന് അധ്യാപകർ ഉറപ്പുവരുത്തണം.
6. പരസ്പരമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കുട്ടികളെ രണ്ടോ മൂന്നോ പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ചുമതല നല്കുന്നത് ഉചിതമായിരിക്കും.
7. സ്കൂൾ അധികൃതർ നേരിട്ടു നിയമനങ്ങൾ നടത്തുമ്പോൾ അവരെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസിലാക്കിയശേഷം മാത്രം നിയമനം നടത്തണം.
8. കുട്ടികൾക്കു കൗണ്സലിംഗ് നൽകുന്നതിനു ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു കൗണ്സലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളിൽ ഇവർ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണം.
9. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്കൂൾ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്കുപോകാൻ അനുവദിക്കരുത്. സ്കൂളിൽ നിന്ന് എതെങ്കിലും കാരണത്താൽ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കിൽ അതു ഡയറിയിൽ എഴുതിയോ മറ്റുവിധത്തിലോ രക്ഷിതാവിനെ അറിയിക്കേണ്ടതാണ്.
10. കുട്ടികളുടെ ബാഗുകളിൽ നിന്ന് അസ്വാഭാവികമായ വസ്തുക്കളോ പണമോ മയക്കുമരുന്നു പോലുള്ള വസ്തുക്കളോ കണ്ടെത്തിയാൽ വിശദമായി അന്വേഷിക്കുകയും രക്ഷിതാവിനെ അറിയിക്കുകയും ചെയ്യേണ്ടതാണ്.
11. സ്കൂളിൽ വൃത്തിയും വെടിപ്പുമുളള ശൗചാലയങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. പെണ്കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ (സാനിട്ടറി നാപ്കിൻ വൈൻഡർ, ഇൻസിനേറ്റർ മുതലായവ) ലഭ്യമാക്കേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളിൽ വേണ്ട പ്രാഥമിക ചികിൽസാ സൗകര്യങ്ങളും ലഭ്യമായിരിക്കണം.
12. ഇടയ്ക്കിടെ അധ്യാപക-രക്ഷാകർതൃ സമിതി യോഗങ്ങൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തണം.
13. സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങളോ അപകടസാഹചര്യങ്ങളിലുള്ള നിർമിതികളോ അങ്കണങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തണം. തീപിടിത്തത്തിനുള്ള സാധ്യത ഒഴിവാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ഫയർ സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കുകയും വേണം.
14. സ്കൂൾ ആരംഭിക്കുന്നതിനു മുൻപും ഉച്ചയ്ക്കുള്ള ഇടവേളയ്ക്കു ശേഷവും സ്കൂൾ പിരിഞ്ഞ ശേഷവും എന്നിങ്ങനെ ദിവസത്തിൽ മൂന്നുനേരം സ്കൂൾ ടോയ്ലെറ്റുകൾ പരിശോധിക്കാൻ സംവിധാനമുണ്ടാക്കണം.
സ്കൂളിലേക്കും തിരിച്ചുമുളള യാത്രകളിലെ സുരക്ഷ
1. സ്കൂൾ ബസുകളിലെ യാത്രകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് സ്കൂൾ അധികൃതർ/ മാനേജ്മെന്റ് അധികൃതർ എന്നിവർ കർശനനടപടി സ്വീകരിക്കേണ്ടതാണ്.
2. സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഇതു ലംഘിക്കുന്ന വാഹനങ്ങൾ/ സ്കൂൾ അധികൃതർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
3. സ്കൂൾ ബസുകൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രമേ നിരത്തിലിറക്കാവൂ. ബസ് ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച് ക്രിമിനൽ പശ്ചാത്തലം ഉളളവരല്ല എന്നു ഉറപ്പുവരുത്തണം. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാൻ കുട്ടികളെയും ബസ് ജീവനക്കാരെയും പഠിപ്പിക്കുക. സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർ ഇത്തരം വാഹനങ്ങളിൽ നിന്നു വിദ്യാർഥികൾക്കു മോശം അനുഭവം ഉണ്ടാകുന്നകാര്യം ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കുക. ഇതിനായി രക്ഷിതാക്കൾ സ്ഥിരമായി കുട്ടികളോട് യാത്രാവിവരങ്ങൾ തിരക്കുക.
4. വാഹനങ്ങളിൽ കയറാനും ഇറങ്ങാനും റോഡ് മുറിച്ച് കടക്കാനും കുട്ടികളെ സഹായിക്കാൻ വാഹനങ്ങളിൽ കണ്ടക്ടർ/ സഹായി ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
5. സ്കൂൾ വാഹനങ്ങളിൽ വാഹനത്തിന്റെ ഫിറ്റ്നസ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉറപ്പു വരുത്തുക. ഡ്രൈവർമാർക്കുള്ള പോലീസ് ക്ലിയറൻസ് നിർബന്ധമാക്കണം.
6. സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവർ ഡ്രൈവർമാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
7. സ്കൂൾ വാഹനങ്ങളുടെ ഡോറുകൾ അടച്ചു മാത്രം യാത്ര നടത്തണം.
8. സ്കൂൾ ബസുകളിൽ ബാഗുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കണം.
9. വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മിന്നൽ പരിശോധന നടത്തി ഉറപ്പു വരുത്തണം.
10. സ്കൂളിലേക്കു നടന്നാണ് പോകുന്നതെങ്കിൽ ഒറ്റയ്ക്കു പോകുന്നതിനു പകരം കഴിയുന്നതും കൂട്ടുകാർ ഒത്തുചേർന്നു പോകുക. സ്കൂളിലേക്കു കഴിയുന്നതും സുരക്ഷിതമായ വഴി ഉപയോഗപ്പെടുത്തുക. ട്യൂഷൻ, സ്പോർട്സ് തുടങ്ങിയവയ്ക്കായി പോകുന്ന വിദ്യാർഥികൾ പകൽ വേളകൾ കഴിഞ്ഞ് വീട്ടിലെത്തേണ്ടി വരുമ്പോൾ സംഘമായി വരികയോ രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിലെത്തുകയോ വേണ്ടതാണ്.
11. ആകസ്മികമായ അതിക്രമസാഹചര്യങ്ങളെ നേരിടാൻ സ്വയംപ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുക.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കുട്ടി സ്കൂളിലെത്തേണ്ടത് വാഹനത്തിലാണെങ്കിൽ അതിനായുള്ള സുരക്ഷിതമായ വാഹന സൗകര്യം ഉറപ്പുവരുത്തണം. സ്കൂൾ ബസുകളെ ആശ്രയിക്കുന്നവർ നിർബന്ധമായും ബസ് ഡ്രൈവർ, ബസിലെ മറ്റു ജീവനക്കാർ, ബസിന്റെ കാര്യങ്ങൾ നോക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ നമ്പരുകൾ സൂക്ഷിക്കേണ്ടതും ആവശ്യമായ സന്ദർഭങ്ങളിൽ ഇവരെ ബന്ധപ്പെടേണ്ടതുമാണ്. കൂടാതെ കുട്ടിയുടെ ഡയറിയിൽ വീട് അഡ്രസ്, രക്ഷിതാവിന്റെ ഫോണ് നമ്പർ, അടുത്തുളള പോലീസ് സ്റ്റേഷൻ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ഫോണ് നമ്പർ കുട്ടിക്കു മനഃപാഠമായിരിക്കണം. അപരിചിതരായവരോട് ഇക്കാര്യങ്ങൾ പങ്കുവയ്ക്കരുതെന്നു പ്രത്യേകം നിഷ്കർഷിക്കാം.
2. വീട്ടിൽ നിന്നു പുറപ്പെടുമ്പോഴും തിരികെ എത്തിക്കഴിഞ്ഞും സ്കൂൾ ബാഗ് പരിശോധിക്കുക. അസ്വാഭാവികമായി എന്തെങ്കിലും സാധനങ്ങളോ വിലപിടിപ്പുളള വസ്തുക്കളോ കണ്ടാൽ കുട്ടിയോടും ടീച്ചറോടും അന്വേഷിച്ചു കാര്യം ഉറപ്പുവരുത്തണം.
3. കുട്ടികൾക്ക് ആവശ്യമായ തുകമാത്രം നൽകുക. പോക്കറ്റ് മണിയായി കൂടുതൽ പണം അനിവാര്യമാണെങ്കിൽ മാത്രം നൽകുക. ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുക. കുട്ടി സ്കൂളിൽ നല്കുന്നതിനായി പണം ആവശ്യപ്പെടുമ്പോൾ കഴിയുമെങ്കിൽ ടീച്ചറുമായി ബന്ധപ്പെട്ട് ആയത് ഉറപ്പുവരുത്തണം.
4. ഇടയ്ക്കിടെ കുട്ടി പഠിക്കുന്ന സ്കൂൾ സന്ദർശിക്കുക. ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി കുട്ടിയെക്കുറിച്ചുളള കാര്യങ്ങൾ പങ്കുവയ്ക്കണം.
5. കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ അപസ്മാരം പോലുളള അസുഖങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം ക്ലാസ് ടീച്ചറെയും ആവശ്യമെങ്കിൽ അടുത്ത സഹപാഠികളെയും അറിയിക്കണം.
6. കുട്ടിയുടെ കൂട്ടുകാരുമായും അവരുടെ രക്ഷാകർത്താക്കളുമായും നല്ല ബന്ധം പുലർത്തണം. അനാവശ്യമായ കൂട്ടുകെട്ടുകളിൽ നിന്ന് അകന്നുനിൽക്കാൻ ശീലിപ്പിക്കണം.
സൈബർ സുരക്ഷ
1. കുട്ടികളെ അപകടസാഹചര്യങ്ങളിൽ എത്തിക്കുന്നതിൽ സ്മാർട് ഫോണുകളും കംപ്യൂട്ടറും ഇന്റർനെറ്റ് ഉപയോഗവും കാരണമാകുന്ന സന്ദർഭങ്ങളുണ്ട്. ആയതിനാൽ ഇവയുടെ ദുരുപയോഗത്തിനു കുട്ടികൾ അടിപ്പെടാതിരിക്കാൻ രക്ഷാകർത്താക്കളും സ്കൂൾ അധികൃതരും പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്.
2. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം കുട്ടികൾക്കു നൽകണം. ഇത്തരം ഉപകരണങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങൾ കുട്ടികൾ അറിയേണ്ടതുണ്ട്. മുതിർന്നവരുടെ മേൽനോട്ടത്തിൽ ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
3. ബ്ളൂവെയിൽ ചലഞ്ച് പോലെ അപകടകാരിയായ പലതും ഓണ്ലൈനിലൂടെ കുട്ടികളിലെത്താം. അതുകൊണ്ടുതന്നെ മാതാപിതാക്കൾ ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ചു മനസിലാക്കുകയും കുട്ടികൾ ഇവയ്ക്കു വഴിപ്പെടാതിരിക്കാൻ ശ്രദ്ധപുലർത്തുകയും വേണം.