മുതിർന്നവരോടൊപ്പം നീങ്ങാം
Sunday, October 1, 2017 4:14 AM IST
ഒക്ടോബര് 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1991 ലാണ് ഒക്ടോബർ ഒന്ന് വയോജനദിനമായി ആചരിച്ചു തുടങ്ങിയത്. മുതിർന്നവരുടെ അവകാശങ്ങളെ കുറിച്ച് ഓർമപ്പെടുത്തുന്ന ദിനം. സമൂഹത്തിലെ മുതിർന്ന തലമുറയുടെ ശേഷിയും സംഭാവനകളും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിലെ പ്രമേയം. ലോകത്തിലെ മുതിർന്നവരിൽ എട്ടിലൊരു ഭാഗം ഇന്ത്യയിലാണ്. പ്രായം ചെന്നവരിൽ പകുതിയും മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിൽ കഴിയുന്നവരാണ്. 2030 ആകുന്പോൾ മുതിർന്ന പൗരൻമാരുടെ ജനസംഖ്യ 2015-ൽ ഉണ്ടായിരുന്നതിന്റെ 56% കണ്ട് വർധിക്കും.
മുതിർന്നവരുടെ ആരോഗ്യരക്ഷാ, സൗകര്യങ്ങൾ തികച്ചും അപര്യാപ്തമാണ്. ദാരിദ്ര്യം, രോഗങ്ങൾ, വിവേചനപരമായ പെരുമാറ്റം, അവഗണന, സുരക്ഷിതത്വമില്ലായ്മ എല്ലാമാണ് അവർ നേരിടുന്ന മുഖ്യപ്രശ്നങ്ങൾ. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പാഴ് വസ്തുക്കൾക്ക് സമമായ ഒരു സമീപനം പുലർത്തുന്നത് നമ്മുടെ നാട്ടിലും വളർന്നുവരുന്നത് വളരെ അപകടകരമാണ്. വൃദ്ധ ദന്പതികൾക്കെതിരേ കൈയേറ്റവും അതിക്രമവും മാത്രമല്ല കൊലപാതകവും വർധിച്ചു വരുന്നു.
സാന്പത്തിക ചൂഷണം, ലൈംഗിക ചൂഷണം തുടങ്ങിയ നിന്ദ്യമായ പ്രവൃത്തികൾക്കും അവർ ഇരയാകുന്നു. അവരെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ അവർക്കു ഭീഷണിയാകുന്നു.
വലിച്ചെറിയപ്പെടുന്നു
മുതിർന്നവർ അറിവിന്റെ കലവറയാണ്; സ്നേഹത്തിന്റെ മൂർത്തീ ഭാവമാണ്. പക്ഷേ, എന്തും വലിച്ചെറിയുന്ന പുതിയ യുഗത്തിന്റെ പ്രത്യേകതയുടെ ഭാഗമായി മുതിർന്ന തലമുറ ഉപേക്ഷിക്കപ്പെടുന്നു. 2014 മാർച്ച് പത്തിനു സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളാണിത്. കോംഗോ, ഇന്ത്യ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രായം ചെന്ന പുരോഹിതരും റോമിലെ പ്രായം ചെന്ന 50 ലധികം വൈദികരും തദവസരത്തിൽ ഉണ്ടായിരുന്നു. അടിയുറച്ച വിശ്വാസത്തിൽ ജീവിച്ച വൃദ്ധജനങ്ങൾ ഫലം പുറപ്പെടുവിക്കുന്ന വൻവൃക്ഷങ്ങൾക്ക് സദൃശമാണെന്നും പറയുകയുണ്ടായി. വല്യപ്പനും വല്യമ്മച്ചിയും ഉള്ള കുടുംബം അനുഗ്രഹീതമാണെന്നും വ്യക്തമാക്കി. ഒരു വീട്ടിൽ വല്യപ്പനുണ്ടെങ്കിൽ രണ്ട് അപ്പൻമാരുള്ളതിനു സമമാണെന്നും വല്യമ്മച്ചി രണ്ട് അമ്മമാർക്ക് തുല്യമാണെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. പ്രായം ചെന്നവരെ കൂടെക്കൂടെ സന്ദർശിക്കുന്നത് നല്ലതാണെന്നും അഭിപ്രായപ്പെട്ടു. പ്രായം ചെന്നവരെ സന്ദർശിക്കുന്ന അവസരത്തിൽ നിങ്ങളുടെ ദു:ഖവും ക്ലേശങ്ങളുമെല്ലാം പന്പകടക്കുമെന്നും അനുസ്മരിപ്പിച്ചു.
കൈത്താങ്ങാകാം
കേരള സമൂഹം ആകെ മാറിപ്പോയി. മനുഷ്യരാശിയുടെ നിലനിൽപ്പ് കുടുംബങ്ങളിലാണ്. കുടുംബത്തിന്റെ ശക്തി കുടുംബാംഗങ്ങളിലാണ്. മാതാപിതാക്കൾക്ക് താങ്ങും തണലുമായിരിക്കേണ്ട മക്കൾ അവരെ രക്ഷിക്കാതെ ശിക്ഷിക്കുന്ന തരത്തിലേക്ക് നമ്മുടെ സമൂഹം തരംതാഴാൻ പാടില്ല. സമൂഹം മുതിർന്നവരുടെ അനുഭവസന്പത്തിനെയും പക്വതയെയും മാർഗദർശനത്തെയും വേണ്ട വിധം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടിന് വളരെയധികം അംഗീകാരം ലഭിച്ചിരിക്കുന്നു. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കാത്തതിന്റെ കെടുതികളും നമ്മൾ അനുഭവിക്കുന്നു. മലയാളികൾക്കു പരിചിതമല്ലാത്ത നിന്ദ്യവും നീചവുമായ തരത്തിലുള്ള അതിക്രമങ്ങളാണിന്ന് പ്രായം ചെന്നവർക്കു നേരെ അരങ്ങേറുന്നത്. മക്കളും കൊച്ചുമക്കളും വരെ വല്യപ്പന്റെയും വല്യമ്മച്ചിയുടെയും ഘാതകരാകുന്നതും അവരെ അതിക്രമങ്ങൾക്ക് ഇരയാകുന്നതിനു കാരണക്കാരാകുന്നതും നമ്മെ അത്ഭുതത്തെക്കാളധികം വേദിപ്പിക്കുന്നതാണ്.
ഒരു ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തെക്കാൾ മഹത്തരമായ സേവനമാണ് മുതിർന്നവരിൽ നിന്ന് ഇളംതലമുറയ്ക്ക് ലഭിക്കുന്നത്. അവരുടെ സേവനങ്ങളെ നമുക്ക് ആദരവോടെ അംഗീകരിക്കാം. അവർക്കു വേണ്ട കൈത്താങ്ങ് നൽകി ആശ്വസിപ്പിക്കാം. അവർ അതിക്രമങ്ങൾക്ക് ഇരയാകാതെ കാത്തുരക്ഷിക്കാം. വാർദ്ധക്യസഹജമായ അവശതകളിലും കഷ്ടതകളിലും ആശ്രയവും സഹായവും തുണയുമാകാം. മാനവ സംസ്ക്കാരം തന്നെ പൂർവികരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ സംഭാവനകൾ, അവരുടെ ഭൗതികവസ്തുക്കൾ എല്ലാം നാം പൈതൃകസ്വത്തായി കണക്കാക്കുകയും പിതൃസ്വത്തിനു വിലകല്പിക്കുയും പൈതൃകമായതെല്ലാം അവഗണിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം അധപ്പതിച്ചുകൂടാ. മുതിർന്നവരെ ബഹുമാനിക്കുമെന്നും അവർക്കു വേണ്ട ഭക്ഷണവും രക്ഷണവും നൽകുമെന്ന് ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
റവ. ഡോ. സോണി മുണ്ടുനടയ്ക്കൽ