കുഞ്ഞമ്പുനായരുടെ കഥ
Saturday, November 4, 2017 5:12 AM IST
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തില്‍ ഡോക്ടറായിരുന്ന പുതുക്കുളങ്ങര കുഞ്ഞമ്പുനായര്‍ തളിപ്പറമ്പ് മെയിന്‍ റോഡില്‍ മൂത്തേടത്ത് ഹൈസ്കൂളിന് സമീപം ക്ലിനിക്ക് ആരംഭിക്കുന്നത്. അക്കാലത്ത് അലോപ്പതി ഡോക്ടര്‍മാര്‍ കുറവായിരുന്നതിനാലും നല്ല കൈപ്പുണ്യം ഉള്ള ഡോക്ടറെന്ന് പേരെടുത്തതിനാലും കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നുപോലും കുഞ്ഞമ്പുഡോക്ടറെ തേടി രോഗികള്‍ എത്തിയിരുന്നു. ആദ്യകാലത്ത് അന്‍പത് പൈസയായിരുന്നു മരുന്ന് ഉള്‍പ്പെടെയുള്ള ഫീസ്. ഫീസില്ലെന്ന് പറഞ്ഞാലും കുഴപ്പമില്ല, വണ്ടിക്കൂലിക്ക് പൈസയില്ലേ എന്ന് ചോദിച്ച് അങ്ങോട്ട് പണം നല്കി രോഗികളെ യാത്രയാക്കുന്ന ഉദാരമനസ്കനായിരുന്നു അദ്ദേഹം. ചികിത്സയിലൂടെ കുന്നുകൂടിയ സമ്പത്തുപയോഗിച്ച് പല സ്ഥലങ്ങളിലും ഡോ.കുഞ്ഞമ്പുനായര്‍ നിരവധി സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയിരുന്നു. തളിപ്പറമ്പ് വില്ലേജ് ഓഫീസ് പരിധിയില്‍ മാത്രം 18.75 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ ദേശീയപാതയോരത്തും തൃച്ചംബരം റോഡിലുമുള്ള സ്വത്തുക്കള്‍ക്ക് മാത്രം ഇന്നത്തെ മതിപ്പുവില നൂറ് കോടി കടക്കും. ഇത് കൂടാതെ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ 16 ഏക്കര്‍ഭൂമിയും പട്ടുവത്ത് 16 ഏക്കര്‍ ഭൂമിയും മകന് ബാലകൃഷ്ണന്റെയും കുഞ്ഞിരാമന്റെയും പേരിലുണ്ട്.
1942 ല്‍ പട്ടാളത്തിൽ ജോലിചെയ്യുന്ന കാലത്താണ് തൃച്ചംബരം പൂക്കോത്ത്നടയിലെ മൂന്നേക്കറോളം സ്ഥലത്ത് ഇദ്ദേഹം പടുകൂറ്റന്‍ മാളിക പണിതത്. അന്നത്തെ കാലത്ത് അദ്ഭുതമായിരുന്ന കോണ്‍ക്രീറ്റ് വീട് നിർമിക്കുന്നതിന് മദ്രാസിലെ ചെങ്കല്‍പേട്ട് പ്രദേശത്ത് നിന്നാണ് തൊഴിലാളികളെ ഇവിടെ കൊണ്ടുവന്ന് മാസങ്ങളോളം താമസിപ്പിച്ചത്. സിമന്റും പുറമെ നിന്നാണ് എത്തിച്ചത്. താഴെയും മുകളിലുമായി വിശാലമായ എട്ട് മുറികളാണ് ഈ വീടിനുള്ളത്. മൊസൈക്ക് പതിപ്പിച്ച നിലവും ചുമരുകളും ഇപ്പോഴും നിറം മങ്ങിയതല്ലാതെ നശിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളുമുള്ള വീട് മൂവായിരം ചതുരശ്രഅടിയില്‍ അധികം വരുന്നതാണ്. ബെഡ്റൂമില്‍ ശുചിമുറി ഉണ്ടായിരുന്ന അക്കാലത്തെ അപൂര്‍വം വീടുകളിലൊന്നായിരുന്നു ലക്ഷ്മിനിലയം. കുഞ്ഞമ്പുനായര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഏഴ് മക്കളായിരുന്നു. മൂത്തയാള്‍ പരേതനായ കുഞ്ഞിരാമന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനായിട്ടാണ് വിരമിച്ചത്. രണ്ടാമത്തെയാള്‍ സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ബാലകൃഷ്ണന്, മൂന്നാമത്തെ മകള്‍ ഡോ.നാരായണി ചെന്നൈയില്‍ സ്ഥിരതാമസം, നാലാമത്തെ മകള്‍ വിജയലക്ഷ്മിയും ചെന്നൈയില്‍ തന്നെ. കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന മകള്‍ സുഭദ്രയും എറണാകുളത്ത് ഉണ്ടായിരുന്ന യശോദയും മരണപ്പെട്ടു. ഏറ്റവും ഇളയമകനാണ് തളിപ്പറമ്പില്‍ കഴിയുന്ന രമേശൻ. നാല് മക്കള്‍ മരിച്ചുകഴിഞ്ഞു.
ഇനി അവശേഷിക്കുന്നത് രണ്ട് പെണ്മക്കളും ഒരേയൊരു മകനും. ഇതില്‍ ബാലകൃഷ്ണനും രമേശനും അവിവാഹിതരാണ്. രമേശന്റെ തന്നെ പ്രായം അറുപത്തിയേഴ് കഴിഞ്ഞു. മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിലും ഭാവിജീവിതം മെച്ചപ്പെടുത്തുന്നതിലും ഡോ.കുഞ്ഞമ്പുനായരും ഭാര്യയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നും ബിരുദമെടുത്തയാളാണ് മകന് രമേശൻ. എഴുപതുകളുടെ അവസാനത്തോടെ പുതിയ ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും കടന്നുവരവ് കുഞ്ഞമ്പുനായര്‍ക്ക് രോഗികളുടെ എണ്ണം കുറച്ചു. എന്നാല്‍ അന്നും മരുന്ന് ഉള്‍പ്പെടെ രണ്ട് രൂപ മാത്രമായിരുന്നു ഫീസ് വാങ്ങിയിരുന്നത്. പ്രായത്തിന്റെ അവശത കൂടി ബാധിച്ചതോടെ ക്ലിനിക്കിലേക്കുള്ള വരവ് മുടങ്ങി. ഇക്കാലത്തായിരുന്നു ഭാര്യയുടെ മരണവും. ഇതോടെ അവശനിലയിലായ അദ്ദേഹം 1986 ല്‍ ചെന്നൈയിലെ പെണ്മക്കളുടെ വീട്ടിലേക്ക് മാറി. 1992 ലായിരുന്നു മരണം.
ഒരു കേസും,
അഭിഭാഷകയുടെ കടന്നു വരവും
തളിപ്പറമ്പിലുണ്ടായിരുന്ന മകന് രമേശൻ സ്വത്തുവകകള്‍ നോക്കിനടത്തുവാന്‍ വേണ്ടത്ര ശ്രദ്ധ കാട്ടാതായതോടെയാണ് കൂറ്റന്‍ മാളികവീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം മോഷ്ടിക്കപ്പെടുകയും വീട് തന്നെ അനാഥമാവുകയും ചെയ്തത്. ഉയര്‍ന്ന ജോലിയിലുള്ള മക്കളും മറ്റ് ബന്ധുക്കളും തളിപ്പറമ്പിലേക്ക് വരാതായതോടെ സ്വത്തുക്കള്‍ പലരും കൈയേറുകയും ചെയ്തു.
ഇതിനിടയില്‍ അമ്മാനപ്പാറയിലെ സ്ഥലത്ത് നിന്നും ചെങ്കല്ല് വെട്ടിയെടുക്കുവാന്‍ രമേശന് രാഘവന് എന്നയാള്‍ക്ക് സ്ഥലം കരാര്‍ വ്യവസ്ഥയില്‍ നല്കി. പിന്നീട് രാഘവനുമായി അഭിപ്രായവ്യത്യാസം ഉടലെടുത്തതോടെ ഇയാളെ ഒഴിപ്പിക്കുന്നതിനാണ് രമേശന് ആദ്യമായി പയ്യന്നൂരിലെ അഭിഭാഷകന് രവീന്ദ്രനെ സമീപിച്ചത്. പിന്നീട് ചെന്നൈയിലുള്ള സഹോദരി വിജയലക്ഷ്മി സ്വത്തുവകകള്‍ ഭാഗം വയ്ക്കുന്നതിന് നല്കിയ കേസ് എക്സ്പാര്‍ട്ടി വിധി വന്നതോടെ ഇത് റദ്ദ് ചെയ്യാനാവശ്യപ്പെട്ടാണ് രമേശന് പയ്യന്നൂരിലെ അഭിഭാഷകനായ രവീന്ദ്രന്റെ ജൂണിയറായ അഭിഭാഷക ശൈലജ യെ സമീപിച്ചത്. (തുടരും)
കെ.പി. രാജീവന്