5000 വർഷം പഴക്കമുള്ള ടാറ്റു
Monday, March 5, 2018 3:21 PM IST
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആണ്. എന്നാൽ ശരീരത്തിൽ ഈ ടാറ്റു കുത്തുന്ന പരിപാടി അത്ര ന്യൂ ജനറേഷനൊന്നുമല്ലെന്നാണ് ബ്രിട്ടണിലെ പുരാവസ്തു ശാസ്ത്രജ്ഞൻമാർ പറയുന്നത്. ഇവിടത്തെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന രണ്ടു മമ്മികളുടെ അവശിഷ്ടങ്ങളിലാണ് ടാറ്റു കുത്തിയതിന്റെ പാടുകൾ കണ്ടെത്തിയിരിക്കുന്നത്.
5000 വർഷത്തിലധികം പഴക്കമുള്ളതാണ് ഈ മമ്മികൾ. സ്വാഭാവിക പ്രക്രിയകളാൽ മമ്മികളായി തീർന്ന ഈ മനുഷ്യ ശരീരങ്ങൾ ആഫ്രിക്കയിൽനിന്നാണ് ഗവേഷകർ കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും പഴക്കമുള്ള ടാറ്റുവാണ് ഇത്. അതുകൊണ്ടുതന്നെ ശരീരത്തിൽ ടാറ്റു കുത്തുന്ന രീതിക്ക് തുടക്കം കുറിച്ചത് ആഫ്രിക്കക്കാരാണ് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകമിപ്പോൾ.
ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഈ മമ്മികൾ സൂക്ഷിച്ചിരിക്കുന്നത്. 100 വർഷം മുന്പാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മികൾ ആഫ്രിക്കയിൽനിന്ന് കണ്ടെത്തുന്നത്. സ്വാഭാവിക പ്രക്രിയയിലൂടെ മമ്മികളായി തീർന്ന ഈ ശരീരങ്ങൾ എന്നും ശാസ്ത്രലോകത്തിന് കൗതുകമായിരുന്നു. ഗബീലെയ്ൻ എന്ന് പേരിട്ടിരിക്കുന്ന പുരുഷ മമ്മിയാണ് ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രധാന കാഴ്ച. 2012 ൽ ഈ മമ്മിയുടെ മരണം പുറകിൽനിന്നുള്ള അടിയേറ്റാണെന്ന് കണ്ടെത്തിയിരുന്നു.