വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
Wednesday, July 11, 2018 5:09 PM IST
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമുഖ വ്യാപാരികളായിരുന്നു ഈ കുടുംബം. സ്റ്റോക്ക് ഹൗസുകളുടെ ശൃംഖലകളും വിവിധ ഫാക്ടറികളും ബാങ്കുകളും നിരവധി ഖനികളുമൊക്കെ ഈ കുടുംബത്തിന് സ്വന്തമായി ഉണ്ടായിരുന്നു. യൂറോപ്പിന്റെ വാണിജ്യ മേഖലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ഇവരുടെ സ്വാധീനം വളരെ ശക്തമായിരുന്നു.
ഫഗേഴ്സ് കുടുംബത്തെ ഇത്രയ്ക്ക് ശക്തരാക്കിയവരിൽ പ്രധാനിയായിരുന്നു ജേക്കബ് ഫഗേഴ്സ്. 1514 ൽ ഓസ്ബർ നഗരത്തിനടുത്തുള്ള ബവാരിയ എന്ന സ്ഥലത്ത് ജേക്കബ് ഫഗേഴ്സ് ഒരു പാർപ്പിട സമുച്ചയം പണിയിച്ചു. ഫഗേരി എന്നായിരുന്ന ആ കെട്ടിടത്തിന്റെ പേര്. സ്വന്തം തെറ്റുകൊണ്ടല്ലാതെ വീടുവിട്ടിറങ്ങേണ്ടിവന്നവർക്കും സ്വന്തമായി വീടില്ലാത്തവർക്കും താമസിക്കാനുള്ള ഒരു ഇടമായിരുന്നു ഫഗേരി. കത്തോലിക്കരായവരെ മാത്രമെ ഇവിടെ തങ്ങാൻ അനുവദിച്ചിരുന്നുള്ളു.
അന്ന് ജർമനിയിൽ പ്രചാരത്തിലിരുന്ന നാണയമായിരുന്ന ഒരു റെയിൻഷെർ ഗുൾഡെനായിരുന്നു ഒരു വർഷം ഇവിടെ താമസിക്കാൻ നൽകേണ്ട വാടക. ഇന്നത്തെ 88 യൂറോ സെന്റിന്റെ മൂല്യമായിരുന്നു ആ നാണയത്തിന്. ഇപ്പോൾ, 500 വർഷങ്ങൾക്കിപ്പുറവും ഈ ഫഗേരിയിൽ താമസിക്കാൻ അതേ തുക നൽകിയാൽ മതി.
കെട്ടിടം പണിതപ്പോൾത്തന്നെ ഒരിക്കലും ഈ വാടക മാറ്റരുതെന്ന് ജേക്കബ് ഫഗർ പറഞ്ഞിരുന്നു.അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്ന ജേക്കബ് ഈ നിസാരമായ വാടകത്തുകയെ വെറുമൊരു അടയാളമായി മാത്രമെ കണ്ടിരുന്നുള്ളു. ഇവിടെ താമസിക്കുന്നവർ അതിനുള്ള പ്രതിഫലമായി തനിക്കും കുടുംബത്തിനും വേണ്ടി ഒരു ദിവസം മൂന്നു പ്രാവശ്യം പ്രാർഥിക്കണമെന്നതുമാത്രമായിരുന്നു ജേക്കബിന്റെ ആവശ്യം. ഇന്നും ഇവിടെ താമസിക്കാൻ ഇതേ നിർദേശങ്ങൾതന്നെ പാലിച്ചാൽ മതിയാകും.
1523 ലാണ് ഫഗേരിയുടെ പണി തീർന്നത്. പിന്നീട് പല നൂറ്റാണ്ടുകളിലായി ഇതിൽ അറ്റകുറ്റപ്പണികളും കൂട്ടിച്ചേർക്കലുകളും നടന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ഫഗേരി അതിനുശേഷം പുതുക്കി പണിതിരുന്നു. എന്നാൽ അപ്പോഴും ഇവിടത്തെ വാടകയ്ക്കോ ഇവിടെ ജീവിക്കാനാവശ്യമായ യോഗ്യതകൾക്കോ മാറ്റമുണ്ടായില്ല. വലിയൊരു ചുറ്റുമതിലിനുള്ളിലാണ് ഫഗേരി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ വാതിൽ രാവിലെ 5 മണിമുതൽ രാത്രി 10 മണിവരെ തുറന്നു കിടക്കും. ഇവിടെ താമസിക്കുന്നവർക്കുമാത്രമെ ഇതിനുള്ളിൽ പ്രവേശനമുള്ളു. ഇവിടത്തെ ഓരോ കെട്ടിടത്തിലും ഒരു കിടപ്പുമുറിയും ഒരു ബാത്ത്റൂമും ഒരു ഹാളും ഒരു അടുക്കളയുമുണ്ട്. ഓരോ വീടിനും അതിന്റേതുമാത്രമായ ഡോ ർ ബെല്ലാണുള്ളത്. ഫഗേഴ്സ് കുടുംബത്തിന്റെ മേൽനോട്ടത്തിൽത്തന്നെയാണ് ഇപ്പോഴും ഫഗേരിയുടെ പ്രവർത്തനം. ഇപ്പോൾ ഇവിടെ 150 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.