‘സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം...!’
‘സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം...!’
ഇന്നത്തെ ഗാനസല്ലാപത്തിൽ ആദ്യം ചില്ല് എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഗാനം.. പതിവുപോലെ റേഡിയോ പാടിത്തുടങ്ങി.

‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം... തിരുമുറ്റത്തൊരു കോണിൽ...’ പാട്ട് പാതിമുറിഞ്ഞു.

ആരാ റേഡിയോ നിർത്തിയത്...? കറന്റ്കട്ടിൽ ഇടമുറിഞ്ഞ പാട്ടിന്റെ ഒരുമണിനേരത്ത് അച്ഛൻ. തിരുമുറ്റത്തൊരുകോണിൽ... ബാക്കി
എന്താ അച്ഛാ...? ആകാംക്ഷ അടക്കാനാകാതെ ചിന്നു.

‘തിരുമുറ്റത്തൊരുകോണിൽ നില്ക്കുമൊരാനെല്ലിമരമൊന്നുലുത്തുവാൻ മോഹം...’

‘നെല്ലിമരമൊന്നുലുത്തുവാൻ മോഹം...’
ചിന്നു ഏറ്റുപാടി.
നെല്ലിമരം ഏതു മുറ്റത്താണ് അച്ഛാ...?
കൗതുകത്തിന്റെ കുണുക്കിട്ട ബാല്യം ചോദ്യങ്ങൾ നിരത്തി.
താൻ പണ്ടു പഠിച്ച സ്കൂളിന്റെ മുറ്റത്തെ നെല്ലിമരത്തെക്കുറിച്ചാണു കവി പാടുന്നത്..
ഏതു കവി?

മലയാളിക്കു സ്നേഹാക്ഷരവും ജീവിതരുചിയുടെ ഉപ്പും സമ്മാനിച്ച കവി തന്നെ.ഓയെൻവിയോ...! ചിന്നുവിന്റെ മുഖം പ്രകാശം പതിഞ്ഞ മഞ്ഞുതുളളിപോലെയായി.

കവിയുടെ അടുത്ത മോഹമെന്താണച്ഛാ...? ‘തൊടിയിലെ കിണർവെളളം കോരിക്കുടിച്ചെന്തു മധുരമെന്നോതുവാൻ മോഹം..!

സുഖമെഴും കയ്പും പുളിപ്പും മധുരവും നുകരുവാനിപ്പോഴും മോഹം!’
കയ്പ്പും പുളിപ്പും മധുരവുമുളള ഫലമോ? വിചിത്രം തന്നെ
അതു നെല്ലിക്കയല്ലാതെ മറ്റെന്താണു ചിന്നൂ..!

നെല്ലിക്ക തിന്നശേഷം വെളളം കുടിച്ചുനോക്കൂ.. കയ്പ് മധുരമാകും. ബാല്യത്തിന്റെ കയ്പും പുളിപ്പും മധുരവുമുളള അനുഭവങ്ങൾ; കാലത്തിനപ്പുറം അവ മധുരമുളള ഓർമകളാകുന്നു.
അച്ഛാ, തലയിൽ തേയ്ക്കാനുളള ചില ഓയിലുകളുടെ പരസ്യങ്ങളിൽ നെല്ലിക്കയുടെ പടം കാണാറുണ്ടല്ലോ.. നെല്ലിക്കയും തലമുടിയുമായെന്താ ബന്ധം..?

മുടിയഴകിനു നെല്ലിക്കയിലെ ചില രാസഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്.

മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

ഓഹോ! അച്ഛൻ ഇതു നേരത്തേ പറയേണ്ടേ.. നെല്ലിക്കഅച്ചാർ കണ്ണെടുത്താൻ എനിക്കു കണ്ടുകൂടാത്തതാണ്. പക്ഷേ, മുടിയഴകിനു പറ്റിയ ചങ്ങാതിയാണെങ്കിൽ ഇനിയെന്തിനു ഞാൻ മുഖംതിരിഞ്ഞു നില്ക്കണം...

അച്ഛാ, നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു കൂടി പറഞ്ഞു തരാമോ... അപ്പുവിന്റെ രംഗപ്രവേശം. വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്‌തി മെച്ചപ്പെടും. ചർമത്തിന്റെ ആരോഗ്യത്തിന് വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകൾ തടയുന്നു.

എത്രയെത്ര ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡന്റാണ്. കാഴ്ചശക്‌തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും സഹായകമെന്നു ഗവേഷകർ.

ആന്റി ഓക്സിഡന്റോ.. അതെന്താ അച്ഛാ...?

നമ്മുടെ ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാർഥങ്ങൾ. ഭക്ഷണത്തിലെ ചില
വിറ്റാമിനുകളും ആന്റി ഓക്സിഡന്റാണ്. നെല്ലിക്കയിലെ വിറ്റാമിൻ സി ആന്റി ഓക്സിഡന്റാണ്. അതു ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകർക്കുന്നു.

വിവിധരീതികളിൽ ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന രാസമാലിന്യങ്ങളിൽ നിന്നു സംരക്ഷിക്കുന്നു. ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങളിലും നെല്ലിക്കയിലെ ആന്റി ഓക്സിഡന്റുകൾ സഹായികളെന്നു പഠനങ്ങൾ പറയുന്നു. അത്തരം പ്രവർത്തനങ്ങളാണ് ഡിടോക്സിഫിക്കേഷൻ എന്നറിയപ്പെടുന്നത്.

അച്ഛാ, രാസമാലിന്യങ്ങൾ എങ്ങനെയാണ് നമ്മുടെ ശരീരത്തിലെത്തുന്നത്?

പച്ചക്കറിയും പഴങ്ങളും വിളയിക്കാൻ രാസവളങ്ങൾ. കീടങ്ങൾക്കെതിരേ കീടനാശിനികൾ യഥേഷ്‌ടം. പഴങ്ങൾ പാകമാകുന്നതിനുമുമ്പേ തല്ലിപ്പഴുപ്പിക്കാനും രാസവസ്തുക്കൾ. ഒടുവിൽ വിപണിയിൽ കേടുകൂടാതെ ഏറെനാൾ സൂക്ഷിക്കാനും രാസവസ്തുക്കൾ. ടിന്നിലടച്ചു സൂക്ഷിക്കുന്നവയാണെങ്കിൽ കേടുകൂടാതെയിരിക്കാൻ പ്രിസർവേറ്റീവുകൾ. സകലം രാസമയം! നമ്മുടെ മിക്ക അവയവങ്ങളിലും ആരോഗ്യജീവിതത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി രാസമാലിന്യങ്ങളുടെ സാന്നിധ്യമുളളതായി വിവിധ പഠനങ്ങൾ വെളിപ്പെടുത്തുന്നു.


അച്ഛാ, നെല്ലിക്കയിൽ അടങ്ങിയ മറ്റു പോഷകങ്ങൾ ഏതെല്ലാമാണ്?
കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്.

അച്ഛാ നെല്ലിക്കയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറഞ്ഞു തരുമോ...

നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം.

കൊളസ്ട്രോൾ കുറയ്ക്കുന്നതിനു നെല്ലിക്കസഹായിക്കുമോ..?

അതേ, പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.

ത്രിഫലാദിചൂർണം എന്നു കേട്ടിട്ടുണ്ടോ...
ഇല്ലല്ലോ, എന്താ അതിന്റെ പ്രത്യേകത?

ത്രിഫല എന്നാൽ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂർണം. ദിവസവും രാത്രി ഇതു വെളളത്തിൽ കലക്കിക്കുടിച്ചാൽ മലബന്ധം മൂലം പ്രയാസപ്പെടുന്നവർക്ക് ആശ്വാസം കിട്ടും: ശോധന ഉണ്ടാകാൻ സഹായകം. രോഗപ്രതിരോധശക്‌തി മെച്ചപ്പെടും.

വിളർച്ച തടയാൻ നെല്ലിക്ക സഹായിക്കുമെന്നു വായിച്ചിട്ടുണ്ട്. ശരിയാണോ അച്ഛാ...?

അതേ, നെല്ലിക്കയിലെ ഇരുമ്പ് രക്‌തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയായി ഉപയോഗിക്കാമെന്നതു നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേർത്തു കഴിച്ചാൽ വിശപ്പില്ലാത്തവർക്കു വിശപ്പുണ്ടാകും.

ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം.

അച്ഛാ നെല്ലിക്കയ്ക്ക് ഇനിയും ഗുണങ്ങളുണ്ടോ..?

ഉണ്ട്. ചിലതു കൂടി പറയാം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്‌ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഞാനൊരു കാര്യം പറയട്ടെ...
അടുക്കളയിലെ ജോലി തീർത്ത് അമ്മയെത്തി.
എന്താ അമ്മേ...?

എകെജിയുടെ ആരോഗ്യത്തിനു പിന്നിലെ രഹസ്യം ഭാര്യ സുശീലാ ഗോപാലൻ ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. അതിങ്ങനെ: നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുന്നു. അതിലേക്കു ശുദ്ധമായ തേൻ നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കുന്നു. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുന്നു.

അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും. എകെജിക്ക് ദിവസവും ഇതു കൊടുക്കുമായിരുന്നുവത്രേ. അതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യരഹസ്യം.

അതിൽ വാസ്തവമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടുമെന്നു കേട്ടിട്ടുണ്ട്. രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. അച്ഛൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ചിന്നു പാട്ടിന്റെ പാലാഴിയിൽ നീന്തിത്തുടിച്ചു.... ‘അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ ചെന്നെടുത്ത് അതിലൊന്നു തിന്നുവാൻ മോഹം..! ’

<യ> –ടി.ജി.ബൈജുനാഥ്