സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
? സ്ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്. ആരോഗ്യം സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍ സ്ത്രീകള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ ഡോക്ടര്‍
സരിത ബാലകൃഷ്ണന്‍,
എറണാകുളം

സ്ത്രീകളുടെ ജീവിത കാലഘട്ടത്തെ വയസിന്റെ അടിസ്ഥാനത്തില്‍ മൂന്നായി തിരിക്കാം. പ്രായപൂര്‍ത്തിയായ 18 മുതല്‍ 40 വയസുവരെ ആദ്യഘട്ടം. 40 മുതല്‍ 65 വയസുവരെ രണ്ടാം ഘട്ടം. 65 വയസിനു മുകളില്‍ മൂന്നാം ഘട്ടം.

കൗമാരക്കാരിലും യുവതികളിലും പിസിഒഡി പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ക്രമം തെറ്റിയ ആര്‍ത്തവം ഉണ്ടാകാം. 18 വയസിനു ശേഷമേ ആര്‍ത്തവം ക്രമമാകൂ. അതുവരെ ക്രമം തെറ്റിയ ആര്‍ത്തവം ക്രമമാക്കാന്‍ വേണ്ടി ഹോര്‍മോണുകളോ മറ്റു മരുന്നുകളോ കഴിക്കരുത്.

തൈറോയ്ഡ് കാന്‍സറും സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഹൈപ്പോ തൈറോയ്ഡിസവും (തൈറോയ്ഡിന്റെ കുറവ്) കാന്‍സറുമായി നേരിട്ടു ബന്ധമില്ല. കേരളത്തിലെ സ്ത്രീകളില്‍ ഹൈപ്പോ തൈറോയിഡിസം മറ്റു സംസ്ഥാനങ്ങളിലുള്ളതിനെക്കാള്‍ വളരെക്കൂടുതലാണ്. അതുകൊണ്ട് 50 വയസു കഴിഞ്ഞ സ്ത്രീകളെല്ലാം ടിഎസ്എച്ച് പരിശോധന ചെയ്യേണ്ടതാണ്. പാരമ്പര്യമായുണ്ടെങ്കില്‍ അതിനു മുന്‍പേ നോക്കണം.

ജീവിതശൈലീ രോഗങ്ങള്‍ കൂടുതലായി വരുന്ന കാലമാണ് മിഡ് ലൈഫ്. പ്രമേഹം, തൈറോയ്ഡ് (ഹൈപ്പോ തൈറോയിഡിസം), രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങിയവ പിടിപെടാം. 30 വയസു കഴിഞ്ഞവര്‍ പാപ്‌സ്മിയര്‍,എച്ച്പിവി, ഡിഎന്‍എ തുടങ്ങിയ രോഗ നിര്‍ണയ പരിശോധനകള്‍ ചെയ്യണം. അണ്ഡാശയ കാന്‍സര്‍ തുടക്കത്തില്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണ്. അതിന് പ്രത്യേക നിര്‍ണയ പരിശോധനകള്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദമോ അണ്ഡാശയാര്‍ബുദമോ വന്നിട്ടുണ്ടെങ്കില്‍ ആറു മാസത്തില്‍ ഒരിക്കലെങ്കിലും വയറിന്റെ അള്‍ട്രാസൗണ്ടും സിഎ125 രക്ത പരിശോധനയും നടത്തണം. മാമോഗ്രാം പരിശോധന നടത്തുന്നവര്‍ അതിനൊപ്പം വയറിന്റെ അള്‍ട്രാസൗണ്ടു കൂടി ചെയ്യുന്നത് വയറിലെ എല്ലാത്തരം രോഗങ്ങളും കണ്ടു പിടിക്കാന്‍ സഹായിക്കും.


40 വയസു കഴിഞ്ഞ സ്ത്രീകള്‍ സ്തന പരിശോധന നടത്തണം. വേറെ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ലെങ്കില്‍ക്കൂടി 45- 55 പ്രായത്തിലുള്ളവര്‍ എല്ലാവര്‍ഷവും 55 വയസിനു മുകളിലുള്ളവര്‍ രണ്ടു വര്‍ഷത്തിലൊരിക്കലും രോഗനിര്‍ണയ പരിശോധന നടത്തണം. 30 വയസിനു താഴെയുള്ളവരെല്ലാം ഗര്‍ഭാശയഗള കാന്‍സറിനു വാക്‌സിന്‍ എടുക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിുണ്ട്.

ദിവസേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമവും സമീകൃതാഹാരവും ശീലിച്ചാല്‍ ഒരു പരിധി വരെ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ പറ്റും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. സൈക്ലിംഗ് നല്ലൊരു വ്യായാമമാണ്. ബസിനു പോകുന്നവര്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പ് നടന്നതിനു ശേഷം ബസില്‍ കയറുന്നതും ഇറങ്ങേണ്ട സ്ഥലത്തിന് ഒന്നോ രണ്ടോ സ്‌റ്റോപ്പ് മുന്‍പ് ഇറങ്ങി നടക്കുന്നതും ശീലമാക്കിയാല്‍ നടപ്പിനായി പ്രത്യേക സമയം മാറ്റി വയ്ക്കുന്നത് ഒഴിവാക്കാം. ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നതും ഗുണം ചെയ്യും.

ഡോ. ചിത്രതാര കെ.
വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം.