മണ്ണ് തിന്നുന്ന ജനത
Saturday, November 18, 2017 4:16 AM IST
മണ്ണ് തിന്നുകയാണിവർ... തങ്ങളുടെ പൂർവികർ പിൻതുടർന്നു വന്നിരുന്ന സംസ്കാരത്തിന്റെ നിലനിൽപ്പിനായി. മണ്ണ് തിന്നുന്നവരുമുണ്ടിവിടെ, കാലങ്ങളായി കാത്തുവച്ച സംസ്കാരം നിലനിർത്താൻ മണ്ണ് തിന്നുകയാണ് വയനാടൻ വനാന്തരങ്ങളിലെ ഒരുകൂട്ടം കാട്ടുനായ്ക്കർ. കാട്ടുമക്കൾ മണ്ണ് തിന്നുന്നത് വിശപ്പടക്കാനല്ല. അവരുടെ ജീവിതവും സംസ്കാരവുമാണത്. വയനാട് പുൽപ്പള്ളി എടക്കണ്ടി കാട്ടുനായ്ക്ക കോളനിയിലാണ് വിചിത്രമായ ശീലം പിന്തുടരുന്ന ഗോത്ര ജനതയുള്ളത്. കൗതുകമുണർത്തുന്ന ഈ കാഴ്ചക്കായി വന്യമൃഗങ്ങളുള്ള ഘോരവനത്തിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം. പൂർണമായും കാടിനെ ആശ്രയിച്ച് കഴിയുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കർ. പുറം ലോകവുമായി ബന്ധമില്ലാതെ ഉൾവനത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന കാട്ടുനായ്ക്കരുടെ ചിതൽപുറ്റിലെ മണ്ണ് തിന്നുന്ന ശീലത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
"നങ്ക കാടുമെക്ക. നങ്ക ദേ
വാർ മാസ്തി കോട്ട മെന്ത് ഈഗലീ പുത്ത് മെന്ന്’. അടുപ്പിൻ തറയിൽ ഉണക്കാനിട്ടിരുന്ന മണ്കഷ്ണത്തിൽ ഒന്നെടുത്ത് വായിലിട്ട് നുണഞ്ഞുകൊണ്ട് ഗൗരവത്തോടെ ജോക്കർ എന്നുവിളിക്കുന്ന ബാബു പറഞ്ഞതാണിങ്ങനെ. കാടിന്റെ മക്കളായ കാട്ടുനായ്ക്കർക്കായി അവരുടെ ദൈവം ശിവൻ സൃഷ്ടിച്ച മരുന്നാണ് ചിതൽപുറ്റെന്നും ഇത് ഭക്ഷിച്ചാൽ രോഗങ്ങൾ പിടിപെടില്ലെന്നുമാണ് ഇവരുടെ വിശ്വാസം. പ്രാചീന ഗോത്ര കാലഘട്ടം മുതൽ പിന്തുടരുന്ന ഈ ശീലത്തിന് മഹാദേവൻ ശിവനുമായി ബന്ധപ്പെട്ട ഐതിഹ്യമാണുള്ളത്. ചിതൽപുറ്റിലെ മണ്ണ് തിന്നാൽ ശിവഭഗവാൻ പ്രസാദിക്കുമെന്നും ഈ ശക്തി ശരീരത്തെ സംരക്ഷിക്കുമെന്നുമാണ് വിശ്വാസം. ആരോഗ്യമുള്ള ശരീരത്തിനായി അനുഷ്ഠിച്ച ആചാരം പിന്നീട് ശീലമായി മാറി.
എടക്കണ്ടി കാട്ടുനായ്ക്ക കോളനിയിലെ ബാബുവും ഭാര്യ അമ്മിണിയും പുതുതലമുറയിലെ സീതയുമെല്ലാം തങ്ങളുടെ കുട്ടിക്കാലം മുതലേ മണ്ണ് തിന്നുന്നവരാണ്. അരിയാഹാരത്തോളം പ്രാധാന്യമാണ് അവർ ഈ ചിതൽ മണ്ണിനും നൽകുന്നത്. നായാട്ടിനും വിറകിനുമായി ഉൾവനത്തിൽ പോകുന്പോൾ ചിതൽ മണ്ണും ശേഖരിക്കും. അടുപ്പിനു മുകളിൽ ചുള്ളിക്കന്പുകൾ അടുക്കി വച്ച് അതിനുമുകളിൽ മണ്കഷ്ണങ്ങൾ നിരത്തി വയ്ക്കും. ചെറു ചൂടും പുകയുമേറ്റ് മണ്ണ് പാകമാവും. വാട്ടിയെടുക്കുന്ന മണ്ണിന് കറുപ്പ് നിറമാവുന്നതോടെ സ്വാദിഷ്ടമായ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ വിഭവം തയ്യാർ.
അന്നന്ന് ജീവിക്കുക എന്നതാണിവരുടെ ജീവിതശൈലി. ഭാവിയെകുറിച്ചുള്ള ആശങ്കകൾ തീരെയില്ല. വനത്തിൽ വളരുന്ന കാട്ടുചെടികളുടെ ഇലയും വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ ഇറച്ചിയുമാണ് പ്രധാന ഭക്ഷ്യവിഭവം. കാടിനുള്ളിൽ സർക്കാരിന്റെ വീടുണ്ടെങ്കിലും പ്രകൃതിയോടിണങ്ങിയുള്ള താമസമാണ് ഇവർക്കിഷ്ടം. മനുഷ്യരെ ബാധിക്കുന്ന രോഗങ്ങളുടെ പേരൊന്നും ഇവർക്കറിയില്ല. പക്ഷേ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടനെ ഒരു മണ്കഷ്ണം ചവച്ചരച്ച് തിന്നും. അതോടെ രോഗത്തിന് ശമനമാകുമെന്നാണ് കാട്ടുനായ്ക്കർ പറയുന്നത്. പ്രകൃതിയൊരുക്കിയ മരുന്ന് അനിയന്ത്രിതമായി കഴിക്കുന്നത് പിത്തരോഗത്തിന് കാരണമാകും.
പണ്ടുകാലത്ത് അടിയ, പണിയ, ഊരാളി എന്നീ ഗോത്ര വിഭാഗത്തിലും മണ്ണ് ഭക്ഷിക്കുന്നവരുണ്ടായിരുന്നു. എന്നാൽ അതിന്റെ മുഖ്യഘടകം ദാരിദ്ര്യമായിരുന്നു. ഈ ഗോത്രങ്ങളിൽ മണ്ണ് തിന്നുന്ന ശീലം അന്യമായിട്ട് പത്ത് വർഷത്തോളമായി. കാട്ടുനായ്ക്കരിലും മണ്ണ് ഭക്ഷിക്കുന്നവരുടെ എണ്ണം വളരെ കുറവാണിപ്പോൾ. സാമൂഹിക പുരോഗതി ലക്ഷ്യം വച്ചുള്ള വികസനങ്ങൾ വന്നതോടെ കാട്ടുനായ്ക്കർ പതിയെ കാടിറങ്ങുവാൻ തുടങ്ങി. ഇത് കാട്ടുനായ്ക്കരുടെ പരന്പരാഗത ശീലത്തേയും സംസ്കാരത്തേയും മനപ്പൂർവം മറക്കുന്നതിന് തുല്യമാണ്. എന്നാൽ ഇപ്പോഴും ചില കാട്ടുനായ്ക്കർ മണ്ണ് തിന്നുന്നു, തങ്ങളുടെ സംസ്കാരം മുറുകെപ്പിടിക്കാൻ.
സ്വന്തം ലേഖകൻ