തിരിച്ചുവരവ് അസാധ്യം
Tuesday, July 17, 2018 2:20 PM IST
ലൈംഗികത്തൊഴിൽ ഉപജീവന മാർഗമായി സ്വീകരിച്ച സ്ത്രീകൾക്ക് എന്നും സുരക്ഷിതമായ താവളമെന്നാണ് ചുവന്ന തെരുവുകളെക്കുറിച്ചുള്ള പൊതുധാരണ. എന്നാൽ ഇത്തരം ഇടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ അനവധിയാണ്. സ്വന്തം ശരീരം വിറ്റ് കഴിയുന്ന ഇവരുടെ യഥാർഥ അവസ്ഥ നിങ്ങൾക്കറിയാമോ? ഒരിക്കൽ ചെന്നുപെട്ടാൽ പിന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത ഒരിടം. അതാണ് ചുവന്ന തെരുവുകൾ. ഉപജീവനത്തിനായെത്തിയവർ... തട്ടിക്കൊണ്ടും പ്രലോഭിപ്പിച്ചും കൊണ്ടുവന്നു നിർബന്ധിത വേശ്യാവൃത്തിയിലേക്കു തള്ളിവിടപ്പെട്ടവർ... പെൺവാണിഭ സംഘത്തിന്റെ കെണിയിൽ വീണവർ...അങ്ങനെ അങ്ങനെ... അങ്ങനെ...
മലയാളത്തിൽ പുറത്തിറങ്ങിയ അഭിമന്യു, രുദ്രാക്ഷം, സൂത്രധാരൻ, കൽക്കത്താ ന്യൂസ്, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ ജീവിതത്തിന്റെ നേർക്കാഴ്ച കുറച്ചെങ്കിലും മലയാളികൾ കണ്ടതാണ്. കൽക്കത്താ ന്യൂസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾ കണ്ട സോനാഗച്ചി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവെന്ന കുപ്രസിദ്ധി നേടിയ സ്ഥലമാണ്. ഓസ്കർ പുരസ്കാരം വരെ നേടിയ ബോണ്‍ ഇൻ ടു ബ്രോത്തൽസ് എന്ന ഡോക്യുമെന്ററിയിലും ഇവിടത്തെ സ്ത്രീകളുടെ നരക ജീവിതമാണ് ചിത്രീകരിച്ചിട്ടുള്ളത്. കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ഈ തെരുവിൽ 14,000 ലൈംഗികത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്.
ലോകത്തെ ഏറ്റവും വലിയ ചുവന്ന തെരുവുകളുടെ പട്ടികയെടുത്താൽ ഇന്ത്യയുടെ സ്ഥാനം അതിൽ മുന്നിട്ട് തന്നെ നിൽക്കും. ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകൾ ഏതൊക്കെയാണെന്ന് അറിയാമോ? ഇന്ത്യയിലെ പ്രധാനപ്പെട്ട ഈ ചുവന്ന തെരുവുകളിലൂടെ ഒരു യാത്ര.
സോനാഗച്ചി
ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാവൃത്തി നടക്കുന്ന സ്ഥലമാണ് സോനാഗച്ചി. കഴിഞ്ഞ 120 കൊല്ലമായി സോനഗച്ചിയിൽ മാംസവ്യാപാരം നടക്കുന്നു. 14,000 ലൈംഗികത്തൊഴിലാളികളുള്ള ഇവിടെ ഒരു ദിവസം 15,000 ആളുകൾ വന്നു പോകുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഒപ്പം പ്രധാനമായും ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്നും പെണ്‍കുട്ടികൾ ഇവിടെ എത്തുന്നു . ഇതിനു വേണ്ടി നൂറുകണക്കിന് ദല്ലാളുകൾ രാജ്യത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്നു . വളരെ കുറഞ്ഞ പ്രായത്തിൽ കുട്ടികളെ ഇവിടെ എത്തിക്കുന്നതാണ് ലാഭകരം എന്നാണ് അവരുടെ പക്ഷം. ഏഴും എട്ടും വയസ് മാത്രമുള്ള നൂറുകണക്കിന് കുട്ടികളാണ് ഇങ്ങനെ ഓരോ കൊല്ലവും ഇവിടെ എത്തിച്ചേരുന്നത് . ഇവിടെ നിന്ന് മുംബൈലേക്ക് വീണ്ടും വില്പന നടക്കുന്നു . വീടുകളിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുവരികയോ മോഹനവാഗ്ദാനങ്ങൾ നൽകി ചതിച്ചു കൊണ്ടുവരികയോ ഒക്കെയാണ് പതിവ് . പണത്തിനു വേണ്ടി സ്വന്തം ബന്ധുക്കളോ മാതാപിതാക്കൾ തന്നെയോ ഇവിടെ കൊണ്ടുവന്നു വിറ്റ കുരുന്നുകളുടെ കഥകളും സാധാരണം .അതുകൊണ്ടു തന്നെ ഇവിടെ ജോലി ചെയ്യുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും നിരക്ഷരരാണ് . ഗുണ്ടകളും പോലീസുകാരും തോളോട് തോൾ ചേർന്ന് ഈ കച്ചവടത്തിന്റെ ലാഭം പറ്റുന്നു.
പൂജ (യഥാർഥ പേരല്ല ) എന്ന പെണ്‍കുട്ടിയുടെ കഥ വളരെ വിചിത്രമാണ് . അവളുടെ അമ്മാവനാണ് അവളെ സോനാഗച്ചിയിൽ കൊണ്ടുവന്നത്. ഈ മേഖലയിലേക്ക് തുടക്കവും അയാൾ തന്നെ അവൾക്കു നൽകി . അന്ന് അവൾക്ക് വയസ് ഒന്‍പത്. എത്തിച്ചേർന്ന വേശ്യാലയത്തിലെ അക്ക അവൾക്ക് നല്ല ഭക്ഷണവും വസ്ത്രവും നൽകിയപ്പോൾ അവൾ നല്ല നാളുകളെ സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം അവളടക്കം 20 പെണ്‍കുട്ടികളെ കുറച്ച് ആളുകളുടെ മുന്നിൽ നിരത്തി നിറുത്തി. അവർ പെണ്‍കുട്ടികൾ ഓരോരുത്തർക്കായി ലേലം വിളിച്ചു. ചിലരെ അപ്പോൾ തന്നെ കൊണ്ടുപോയി . കെണി മനസിലാക്കിയ പൂജ അന്ന് രാത്രി അവിടെ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷെ പിടിക്കപ്പെട്ടു . ഏകദേശം ഒരു മാസത്തോളം ഒരു ഇരുട്ട് മുറിയിൽ അവളെ പൂട്ടിയിട്ടു. പല ദിവസങ്ങളും ബോധം മറയുവോളം തല്ലി. അവൾക്ക് ഈ ജോലി ചെയ്യുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു .
പിന്നീട് ഒരിക്കൽ കൂടി രക്ഷപ്പെടാൻ അവൾ ശ്രമിച്ചു . അന്ന് എല്ലാവരുടെയും കണ്ണ് വെട്ടിച്ചു പൂജ പുറത്തു വന്നു. വഴിയിൽ കണ്ട പോലീസുകാരനോട് സഹായം അഭ്യർഥിച്ചു. സഹായിക്കാം എന്ന് ഉറപ്പു നൽകി അയാൾ അവളെ വണ്ടിയിൽ കയറ്റി. ശേഷം
നടന്നത് മറ്റൊന്നാണ്.അയാളും മറ്റു രണ്ടു പോലീസുകാരും ചേർന്ന് അവളെ കൂട്ട മാനഭംഗത്തിന് ഇരയാക്കി. തിരിച്ചു സോനാഗച്ചിയിൽ തന്നെ കൊണ്ടുചെന്നു വിട്ടു.
പൂജയോട് ഇനി ഇവിടെ നിന്ന് രക്ഷപെടാൻ ആഗ്രഹമില്ലേ എന്ന് ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി ഇതാണ്. ഇവിടെ നിന്ന് ഞാൻ എവിടേക്കാണ് രക്ഷപ്പെടുക? ഇവിടെയും പുറത്തും എന്നെ കാത്തിരിക്കുന്നത് മാംസദാഹത്തിന്റെ ചുവന്ന കണ്ണുകളാണ്. ഞാൻ എത്ര നല്ല രീതിയിൽ ജീവിച്ചാലും സമൂഹം ഒരിക്കലും എന്നെ അംഗീകരിക്കില്ല . സദാചാരത്തിന്റെ മുഖംമൂടി അണിഞ്ഞ ചെന്നായ്ക്കൾ എന്നെ എന്നും വേട്ടയാടും. പിന്നെ ഞാനെന്തിനു പുറത്തു പോകണം ? ഇതാണ് എന്റെ വീട്. ഇതാണ് എന്റെ ലോകവും.
സ്വർണ്ണ മരം എന്നാണ് സോനാഗച്ചി എന്ന വാക്കിന്റെ അർഥം . സോനാഗച്ചിയിലെ പ്രഭാതം ശാന്തമായിരിക്കും. തലേന്നത്തെ ഉറക്കക്ഷീണം മൂലം പലരും ഉറക്കത്തിലായിരിക്കും. ഉച്ചകഴിയുന്പോൾ മുതൽ തെരുവുകളും ഇടുങ്ങിയ മുറികളും വീണ്ടും സജീവമാകും. കൊൽക്കത്ത നഗരത്തിന്റെ വടക്ക് ഭാഗത്താണ് ജനനിബിഡമായ ഈ ചേരിപ്രദേശം. ഇടുങ്ങിയ വഴികളും ദുർഗന്ധം വമിക്കുന്ന ഓടകളും തെരുവ് കച്ചവടവും താമസിക്കുവാൻ കുടുസുമുറികളും ഒക്കെയുള്ള സാധാരണ ഒരു സ്ഥലം. എന്നാൽ സോനാഗച്ചി ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത് വേശ്യാവൃത്തി എന്ന പ്രാചീനമായ ഉപജീവന മാർഗത്തിലൂടെയാണ്.
ഇദർ ദേഖോ സാബ്... ദേഖ്നെ കോ പേസാ നഹി ചാഹിയെ...
സോനാഗച്ചിയുടെ തെരുവുകളിൽ രാവിലെ മുതൽ രാത്രി വരെ പെണ്‍കുട്ടികളെ കാണാം. കടുത്ത ചുവന്ന നിറത്തിലുള്ള ചായം ചുണ്ടുകളിൽ തേച്ച് അല്പവസ്ത്രത്തിൽ അഴകളവുകൾ പരമാവധി പ്രദർശിപ്പിച്ചു അവർ കാത്തു നിൽക്കുന്നു . "ഇദർ ദേഖോ സാബ്, ദേഖ്നെ കോ പേസാ നഹി ചാഹിയെ ’ എന്ന് പറഞ്ഞു കൊണ്ട് ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ അവർ ശ്രമം നടത്തുന്നു. പല പെണ്‍കുട്ടികളുടെയും ശരീരത്തിൽ ശ്രദ്ധിച്ചാൽ മുറിവുണങ്ങിയ പാടുകൾ കാണാം. അവരുടെ ഭൂതകാലത്തിലെ ചില യാതനകളുടെ അടയാളമാണത് (പൂജയുടേതു പോലെ). അവരിൽ ഒന്‍പതു വയസുകാരി മുതൽ 45 വയസുകാരി വരെ ഉണ്ട് . ചിലരെ കണ്ടാൽ മലയാളികളാണെന്നു തോന്നിപ്പോകും... ചിലർ ഇടപാടുകാരെ കാത്തിരിക്കുന്നു. മറ്റു ചിലർ ഏജന്റുമാരുമായി തർക്കിക്കുന്നു. കാമ ഭ്രാന്തൊന്നുമല്ല അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒരു നേരത്തെ ആഹാരം. മകന്റെ അല്ലെങ്കിൽ മകളുടെ സ്കൂൾ ഫീസ്. ഇതൊക്കെയാണ് സ്വന്തം ശരീരം വില്പനയ്ക്ക് വച്ച് വിലപേശാൻ ഇവരിൽ പലരെയും നിർബന്ധിതരാക്കുന്നത്.
തങ്ങളുടെ അമ്മമാർ എന്താണ് ചെയ്യുന്നത് എന്ന് സോനാഗച്ചിയിലെ ഓരോ കുട്ടിക്കും ബോധ്യമുണ്ട് . എന്നാൽ അവർ പഠിക്കുന്നു . പലരും ജോലി നോക്കുന്നു . തങ്ങളുടെ ജീവിതം കണ്ടു വളർന്നതു കൊണ്ട് ഈ ജീവിതരീതി മക്കൾ തെരഞ്ഞെടുക്കില്ല എന്ന് ചില അമ്മമാർക്കെങ്കിലും ഉറപ്പുണ്ട്.
സോനാഗച്ചിയിലെ അഞ്ച് ശതമാനം ലൈംഗികത്തൊഴിലാളികളും എച്ച്ഐവി പോസിറ്റീവ് ആണ്. കുറഞ്ഞ പ്രായത്തിൽ ഇവിടെ എത്തിച്ചേരുന്നത് മൂലം പലർക്കും എച്ച്ഐവി എന്നാൽ എന്താണെന്ന് പോലും അറിയാത്ത ഒരു അവസ്ഥാവിശേഷമാണ് ഉള്ളത് . മാത്രമല്ല വിവിധ സംഘടനകൾ നടത്തുന്ന ഇത്തരം ടെസ്റ്റുകളുടെ ഫലം അവരെ അറിയിക്കാറുമില്ല . സ്വന്തം സമൂഹത്തിൽ തന്നെ അവർ ഒറ്റപ്പെടരുത് എന്നതാണു കാര്യം.
ഇന്ന് ഒരുപാടു സ്വതന്ത്ര സംഘടനകൾ സോനാഗച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. എയ്ഡ്സ് തുടങ്ങിയ ലൈംഗിക രോഗങ്ങൾ തടയുവാൻ വേണ്ട നിർദേശങ്ങൾ ഇക്കൂട്ടർ അവർക്ക് നൽകുന്നു.
18 വയസിൽ താഴെയുള്ള പെണ്‍കുട്ടികൾ മാംസവ്യാപാരത്തിലേക്ക് വരുന്നത് വർധിക്കുകയാണ്. ഇടപാടുകാർക്ക് ഏറെ താത്പര്യം ഇത്തരം കുട്ടികളെയാണെന്നതാണ് ഇതിനു പ്രധാനകാരണമെന്ന് ഇവർക്കിടയിൽ പ്രവർത്തിക്കുന്ന ദർബാർ മഹിളാ സമന്വയ കമ്മിറ്റി പറയുന്നു.
വീട്ടിലെ ദാരിദ്ര്യമോ, പെണ്‍വാണിഭസംഘങ്ങളുടെ പിടിയിലകപ്പെട്ടവരോ ഒക്കെയാണ് ചെറുപ്രായത്തിലേ മാസംവ്യാപാരരംഗത്തേക്ക് കടന്നുവരുന്നത്. ചോദിച്ചാൽ ഇവരെല്ലാം 18 വയസ് തികഞ്ഞവരാണെന്നാകും മറുപടി. എന്നാൽ കണങ്കൈ, അരക്കെട്ട് എന്നിവയുടെ എക്സ്റേയിലൂടെ പെണ്‍കുട്ടികളുടെ യഥാർഥ പ്രായം എളുപ്പം കണ്ടെത്താനാകുമെന്ന് ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ പ്രവർത്തക മഹാശ്വേത പറയുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഈ രീതി ബംഗാളിലെ ചുവന്നതെരുവായ സോനാഗച്ചിയിലാണ് ആദ്യമായി നടപ്പാക്കുന്നത്. തുടർന്ന് പശ്ചിമബംഗാളിൽ ഇത്തരത്തിലുള്ള എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും ദർബാർ മഹിളാ സമന്വയ കമ്മിറ്റി പ്രവർത്തകർ ലക്ഷ്യമിടുന്നു.
ഇതുവഴി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരുന്നത് തടയാനാകുമെന്നും സംഘടന കണക്കുകൂട്ടുന്നു.
(തുടരും)
പ്രദീപ് ഗോപി