ജിബി റോഡിലെ വിലപേശല്‍
Friday, July 20, 2018 1:34 PM IST
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലുള്ള ഒരു റോഡാണ് ജിബി റോഡ്. റോഡിന്റെ പൂർണ്ണമായ പേര് ഗാർസ്റ്റിൻ ബാസ്റ്റൺ റോഡ്. ന്യൂഡൽഹിയിൽ നടന്നുപോരുന്ന വേശ്യാലയത്തിന്റെ സാമീപ്യം കൊണ്ടു പ്രസിദ്ധമായ പേരാണു ജിബി റോഡ്. ജി ബി റോഡിന്റെ ചരിത്രം മുഗൾ സാമ്രാജ്യം മുതൽക്കേയുണ്ട്, ഏതാണ്ട് അഞ്ചോളം ചുവന്നതെരുവുകൾ ഡൽഹിയിൽ ആ സമയം പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് ജില്ലാ ഭരണാധികാരിയായ ഗാർസ്റ്റിൻ ബാസ്റ്റിൻ ഈ അഞ്ച് തെരുവുകളേയും ഒന്നിപ്പിച്ച് ഒരു പ്രദേശത്ത് കൊണ്ടുവരികയും ആ പ്രദേശത്തിന് തന്റെ പേരു കൊടുക്കുകയുമാണുണ്ടായത്. ആ പേരു ചുരുക്കിയാണ് ഇപ്പോൾ ജിബി റോഡ് എന്നുമാത്രമായത്.
വിലപേശൽ ഇവിടെയും
ഇവിടെ മാർക്കറ്റിൽ വിലപേശി സാധനം വാങ്ങുന്ന പോലെ സ്ത്രീകളെ വിലയ്ക്ക് വാങ്ങി കാമദാഹം തീർക്കാം. ഈ മാംസക്കച്ചവടം നടക്കുന്നത് ഡൽഹി ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത് എന്നത് ഞെട്ടിക്കുന്നതും. ദില്ലിയിലെ ചുവന്ന തെരുവിൽ ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും വില്പനയ്ക്ക് വച്ച് മാഫിയകളും ഗുണ്ടാസംഘങ്ങളും തടിച്ചുകൊഴുക്കുന്നു. പരസ്യമായി പ്രവർത്തിക്കുന്ന ചുവന്നതെരുവിന് പോലീസും കാവൽ നിൽക്കുന്നു. ജിബിറോഡിലെ കെട്ടിടങ്ങൾക്കുള്ളിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പൂട്ടിയിട്ടു പാർപ്പിക്കാൻ രഹസ്യഅറകൾ വരെയുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടങ്ങൾ ഇടിച്ച് സ്ത്രീകളെ പുനരധിവസിപ്പിക്കണമെന്ന കമ്മീഷന്റെ ശിപാർശയിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ചില വാർത്താ ചാനലുകൾ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത് .
മുംബൈയിലെ കമാഠിപുരയും കൊൽക്കത്തയിലെ സോനാഗച്ചിയും കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ചുവന്ന തെരുവാണ് ദില്ലി റെയിൽവെ സ്റ്റേഷന് പുറകിലെ ജിബിറോഡ്. പതിനായിരത്തോളം സ്ത്രീകൾ ഈ തെരുവിൽ ലൈംഗികത്തൊഴിൽ ചെയ്യുന്നു. നേപ്പാളിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് സ്ത്രീകളും ഇവിടേക്ക് എത്തുന്നു. വലിയ മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും നിയന്ത്രണത്തിലാണ് ഈ തെരുവ്. ജിബിറോഡിലെ ഇടുങ്ങിയ കെട്ടിടങ്ങൾക്ക് സമീപത്തു കൂടി നടന്നാൽ വില പറഞ്ഞ് വിളിക്കുന്ന സ്ത്രീകളെ കാണാം. കെട്ടിടങ്ങൾക്ക് അകത്തേക്ക് കടന്നാൽ സ്ത്രീകളും ട്രാൻസ്ജെൻഡറുകളുമായി നിരവധി പേരുണ്ടാകും. ആരെ വേണമെങ്കിലും വില നിശ്ചയിച്ച് തെരഞ്ഞെടുക്കാം. ഗുണ്ടാസംഘങ്ങളുടെ കണ്ണുവെട്ടിച്ചാണ് മൊബൈൽ കാമറയിൽ ചാനൽ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്തിയത്.
പാതി ഗുണ്ടകൾക്കും പോലീസിനും
സ്വന്തം ഇഷ്ടപ്രകാരം ഈ തൊഴിലിലേക്ക് ഇറങ്ങിയ പത്തു ശതമാനം പേർ പോലും ഈ തെരുവിൽ ഉണ്ടാകില്ല. ഇവിടെ കുടുങ്ങിയവർക്ക് പിന്നീടൊരിക്കലും ഈ തൊഴിലിൽ നിന്ന് മോചനമുണ്ടാകില്ല. ലൈംഗികത്തൊഴിലിൽ നിന്ന് കിട്ടുന്ന പണത്തിന്റെ പകുതി ഗുണ്ടാസംഘങ്ങൾക്കും പൊലീസിനും കെട്ടിടം ഉടമയ്ക്കും ഉള്ളതാണ്.
അതേസമയം വേശ്യാലങ്ങൾ നിയമപരമായി അംഗീകരിക്കണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പധിത ഉദ്ദാർ സഭ ആവശ്യപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് നേപ്പാളിൽ നിന്ന് നിരവധി പെണ്‍കുട്ടികളെ കൊണ്ടുവന്ന് ജിബി റോഡിൽ വിറ്റ രണ്ടുപേരെ ഏതാനും നാൾ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയത് പത്തു കോടിയോളം രൂപയാണ്. പക്ഷെ തുടർ നടപടികളൊന്നും ഉണ്ടായില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡൽഹിയിലേക്കുള്ള പെണ്‍കടത്ത് 50 ശതമാനത്തിലധികം കൂടിയിട്ടുമുണ്ട്. കണ്മുന്പിൽ കുറ്റകൃത്യം നടക്കുന്പോഴും ഒരു പോലീസുകാരൻ പോലും ഈ തെരുവിലേക്ക് എത്തിനോക്കാറില്ല. നിർഭയ സംഭവത്തിന് ശേഷം സ്ത്രീസുരക്ഷയ്ക്ക് വേണ്ടി വലിയ പോരാട്ടങ്ങളാണ് ഡൽഹി കണ്ടത്. ആ ഡൽഹിയുടെ ഹൃദയത്തിൽ, പാർലമെന്റിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെയാണ് ഈ ചുവന്നതെരുവ്.
ജിബി റോഡിൽ പ്രവർത്തിക്കുന്ന ചുവന്ന തെരുവ് ഒഴിപ്പിക്കാൻ നടപടിയുമായി ഡൽഹി വനിതാ കമ്മീഷൻ 2017 സെപ്റ്റംബറിൽ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന്, ജി.ബി റോഡിലെ 124 വേശ്യാലയ ഉടമകൾക്ക് കമ്മീഷൻ നോട്ടീസും അയച്ചിരുന്നു.ഒരു വർഷത്തിനുള്ളിൽ ഇവയെല്ലാം പൊളിച്ചു നീക്കുമെന്നാണ് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ അറിയിച്ചിട്ടുള്ളത്.
ലീഗൽ കൗണ്‍സിലർ പ്രിൻസി ഗോയലിന്റെയും ഹെൽപ്ലൈൻ കോർഡിനേറ്റർ കിരണ്‍ നെഗിയുടെയും നേതൃത്വത്തിലാണ് വനിതാ കമ്മീഷൻ സംഘം വേശ്യാലയത്തിന്റെ ഉടമകൾക്ക് നോട്ടീസ് നൽകിയത്. ഉടമസ്ഥരില്ലാത്ത ഇടങ്ങളിൽ നോട്ടീസ് പതിച്ചിട്ടുമുണ്ട്.
""ഡൽഹി ജിബി റോഡ് റെഡ് ലൈറ്റ് ഏരിയയിൽ 10,000 ത്തിലധികം സെക്സ് വർക്കേഴ്സും 1,000ത്തോളം കുട്ടികളും താമസിക്കുന്നുണ്ട്. റെയ്ഡ് നടത്തി ഒാരോ വർഷവും നിരവധി സ്ത്രീകളെയാണ് ഇവിടെ നിന്നു രക്ഷപ്പെടുത്തുന്നത്. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ കേന്ദ്രമായി ജിബി റോഡ് മാറിക്കഴിഞ്ഞു. ഇവർ മാനഭംഗത്തിനും മനുഷ്യത്വരഹിതമായ സാഹചര്യത്തിൽ കൊടിയ ചൂഷണത്തിനും വിധേയരാകുന്നു-’’ സ്വാതി മലിവാൾ അന്നു പറഞ്ഞിരുന്നു.
ഈ വിഷയത്തിൽ വനിതാ-ശിശു ക്ഷേമ വകുപ്പും വനിതാ കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, റെയ്ഡിൽ വേശ്യാലയ ഉടമകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് സ്വാതി മലിവാൾ പറയുന്നു.
വേശ്യാലയത്തിലെ പ്രണയം
എന്നത്തെയും പോലെ ഇടപാടുകാരെയും പ്രതീക്ഷിച്ച് ഡൽഹി ജി.ബി റോഡിലെ വേശ്യാലയത്തിലെ അരണ്ട വെളിച്ചമുള്ള മുറിയിൽ അവൾ ഇരുന്നു. പതിവുപോലെ ഇടപാടുകാരനെത്തി. എന്നാൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി അവളുടെ മാംസത്തിനു പകരം അവൻ ആവശ്യപ്പെട്ടത് പ്രണയമായിരുന്നു. അന്തിച്ചന്തയിലെ തിരക്കിൽവച്ച് ഒറ്റ നോട്ടത്തിൽ മനസു കവർന്നു കടന്നു കളഞ്ഞ ആ സുന്ദരിയെ തേടി എത്തിയതായിരുന്നു അയാൾ. ആ രാത്രിയിൽ അയാൾ തന്റെ പ്രണയം കൈമാറി. പുലരുവോളം അവർ പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു. രാവിലെ യാത്ര ചൊല്ലി പിരിയുന്പോഴേക്കും അവർ അകലാൻ കഴിയാത്ത വിധം അടുത്തിരുന്നു. പിന്നീട് ആ വേശ്യാലയത്തിൽ അയാൾ പതിവുകാരനായി, അവളെ കാണാനായി മാത്രം. അവരുടെ പ്രണയം അങ്ങനെ പൂത്തുലഞ്ഞു.
2015ൽ നേപ്പാളിലുണ്ടായ ഭൂകന്പമാണ് ഈ യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു അവൾ. ഭക്ഷണത്തിനു പോലും വകയില്ലാതായതോടെ പുതിയ ജീവിതം തേടി നേപ്പാളിൽ നിന്നു ഡൽഹിയിൽ എത്തിയതായിരുന്നു ആ 27കാരി. പക്ഷെ വിധി അവളെ എത്തിച്ചത് ഡൽഹി ജിബി റോഡിലെ വേശ്യാലയത്തിൽ. സഹായം വാഗ്ദാനം ചെയ്ത ഒരാളെ വിശ്വസിച്ചതാണ് അവൾക്കു പറ്റിയ തെറ്റ്. അയാൾ അവളെ വേശ്യാലയത്തിൽ വിൽക്കുകയായിരുന്നു. സങ്കടക്കടൽ ഉള്ളിലൊതുക്കി അവൾ ആ ഇരുട്ടുമുറിയിൽ കഴിഞ്ഞു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് ഒരു മടക്കയാത്ര ഇല്ലെന്ന തിരിച്ചറിവിൽ. അപ്പോഴാണ് ഡ്രൈവറായ 28 വയസുകാരൻ അവളെ ചന്തയിൽ വച്ചു കണ്ടുമുട്ടുന്നത്. അവളെ തേടിയുള്ള അവന്റെ അന്വേഷണം എത്തിയതാകട്ടെ ആ വേശ്യാലയത്തിലും. പരസ്പരം പ്രണയം തുറന്നു പറഞ്ഞെങ്കിലും ആഗ്രഹം സഫലമാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. അതും രണ്ടും വർഷം.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാണ് യുവാവിന്റെ പദ്ധതിയെന്നു മനസിലാക്കിയ വേശ്യാലയം നടത്തിപ്പുകാർ ഇവരുടെ സമാഗമത്തിന് ഇടങ്കോലിട്ടു. പരസ്പരമുള്ള കൂടിക്കാഴ്ച വിലക്കി. ഒടുവിൽ യുവതി അവിടെയുള്ള മറ്റൊരു ലൈംഗികത്തൊഴിലാളിയോടു വിവരം പറഞ്ഞു. അവരുടെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ യുവാവ് ഡൽഹിയിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് വലിയൊരു സംഘം പോലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മീഷനിലെ കൗണ്‍സലർമാരും വേശ്യാലയം റെയ്ഡ് ചെയ്താണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ച് യുവാവ് വീട്ടുകാരോട് തുറന്നു പറഞ്ഞു. അവർ വിവാഹിതരായി.
ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഒരിക്കൽ ഈ വേശ്യാലയങ്ങളിൽ പെട്ടാൽ പിന്നീടൊരു തിരിച്ചുപോക്കില്ലെന്ന വിശ്വാസം കൂടിയാണ് ഈ പ്രണയം തിരുത്തിയെഴുതിയത്. എന്തായാലും യുവാവിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട് പലരും മുന്‍പോട്ടു വന്നു.
അഭിമന്യു എന്ന സിനിമയിൽ സമാനമായ പ്രണയം മലയാള സിനിമാ പ്രേക്ഷകർ കണ്ടതാണ്. പക്ഷെ സിനിമയിൽ സുഹൃത്തിന്റെ തെറ്റിദ്ധാരണ മൂലം പോലീസിന്റെ വെടിയുണ്ടയേറ്റു മരണത്തെ പുൽകാനായിരുന്നു യുവാവിന്റെ ദുർവിധി.
(തുടരും)
പ്രദീപ് ഗോപി