മുല്ലപ്പെരിയാർ: തമിഴ്നാട് ലക്ഷ്യമിട്ടത് 150 അടിക്കടുത്ത്
Wednesday, August 29, 2018 2:50 PM IST
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് ലക്ഷ്യമിട്ടത് 147 അടിക്കു മുകളി ലുള്ള ജലനിരപ്പ്. സുപ്രീംകോടതിയുടെ ഇടപെടലാണു കേരളത്തിന് രക്ഷയായത്.
മുല്ലപ്പെരിയാറിൽ പരിചിതരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലായ്മ കേരളത്തിനു വിനയാകുന്നുണ്ട്. തമിഴ്നാട് ചൊല്ലിക്കൊടുക്കുന്നത് അപ്പാടെ പകർത്തി നൽകേണ്ട നിലവാരത്തിലാണ് മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ഇപ്പോഴത്തെ നില. തമിഴ്നാട് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അണക്കെട്ടിലെത്തി കാര്യങ്ങൾ വിശദീകരിച്ച് നൽകുന്പോൾ അവർ പറയുന്ന കണക്കുകൾ മാത്രം എഴുതേണ്ട ഗതികേടിലായി കേരളം . ഇതിന്റെ പരിണത ഫലം പെരിയാർ തീരങ്ങളിൽ കണ്ടു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചയിച്ച് രേഖപ്പെടുത്തുന്നത് തമിഴ്നാട് മാത്രമാണ്. മറ്റൊരു ഏജൻസിക്കും പങ്കില്ല. മാധ്യമങ്ങൾ മുറവിളി കൂട്ടിയപ്പോൾ നിയമസഭാ സമിതി വർഷങ്ങൾക്ക് മുൻപ് ജലനിരപ്പ് തിട്ടപ്പെടുത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധരെ രംഗത്തിറക്കി.
മുങ്ങൽ വിദഗ്ധർ പല തവണ വെള്ളത്തിൽ ചാടിയതിന് പിന്നാലെ ജലനിരപ്പ് കൃത്യമെന്ന പ്രഖ്യാപനവും വന്നു. ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് സ്ഥാപിച്ചിരിക്കുന്ന ഡീപ് വാട്ടർ ലെവൽ റെക്കോർഡറിൽ കൃത്രിമത്വം നടന്നാലും പുറം ലോകം അറിയില്ല. അണക്കെട്ടിന്റെ ലൈവ് സ്റ്റോറേജ് 104 അടിയാണ്. ഇതിനു താഴെയുള്ളത് ഡെഡ് സ്റ്റോറേജ്. ഇതിന്റെ അളവിൽ വ്യക്തതയില്ല. 104 അടിയിൽ തേക്കടി കനാലിലൂടെ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിലേക്കൊഴുകില്ല. 104 അടിയിലാണ് ഡീപ് വാട്ടർ ലെവൽ റെക്കോർഡറിന്റെ 14 ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പ് ഇരു അഗ്രങ്ങളും തുറന്ന് കുത്തനെ വെള്ളത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്നത്.
വെള്ളത്തിനടിയിൽ അഗ്രഭാഗത്ത് സെൻസറും ഇതിൽ നിന്നുള്ള കേബിളും ഉപകരണത്തിലെത്തുന്നു. പൈപ്പിലെ സെൻസർ ഉയർത്തിയാൽ ഉപകരണത്തിൽ യഥാർഥ ജലനിരപ്പ് രേഖപ്പെടുത്തില്ല. കേരള പോലീസ് സ്റ്റേഷൻ തന്നെ അണക്കെട്ടിൽ സ്ഥാപിച്ചെങ്കിലും അടിസ്ഥാന ഉപകരണങ്ങൾ പോലും സ്ഥാപിക്കാതെ തമിഴ്നാടിന്റെ ഒൗദാര്യത്തിനു കാക്കുന്നതാണ് വിചിത്രമായ കാര്യം.
പ്രസാദ് സ്രാന്പിക്കൽ