അന്താരാഷ്ട്ര സംഘത്തിന്റെ പരിശോധനയെ കേരളം എതിർത്തതു തിരിച്ചടിയാകും: റസൽ ജോയി
Wednesday, September 12, 2018 10:24 AM IST
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയിൽ ചർച്ച ചെയ്യുന്പോൾ കേരളം തന്നെ കേസ് അട്ടിമറിക്കുന്നുവെന്ന് അഡ്വ.റസൽജോയി. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയെ സമീപിച്ചു കേരളത്തിനു അനുകൂലമായ വിധി സന്പാദിച്ച റസൽജോയി കേരളം തുടരെത്തുടരെ കോടതിയിൽ തോൽക്കുന്ന സാഹചര്യത്തെ വിലയിരുത്തുകയായിരുന്നു.
സുപ്രീംകോടതിയുടെ മുന്നിലുള്ള തന്റെ ഹർജിയിലെ പ്രധാന ആവശ്യം അന്താരാഷ്ട്ര വിദഗ്ധർ ഡാം പരിശോധിക്കണം എന്നുള്ളതായിരുന്നു. ഇതിനെ കേരളം സുപ്രീംകോടതിയിൽ എതിർത്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ കേരളത്തിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ ഇന്ത്യൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയാണ് അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ ഡാം പരിശോധന ആവശ്യമില്ലെന്ന് അറിയിച്ചത്. ഇതു കേരളത്തിന്റെ സാധ്യതകളെ തടയുകയാണെന്നു റസൽ ചൂണ്ടികാട്ടുന്നു.
കേരള നിലപാട്
ഒരു അഭിഭാഷകനും സ്വന്തം ഇഷ്ടപ്രകാരം കോടതിയിൽ അഭിപ്രായം പറയാറില്ല. കക്ഷിയുടെ നിലപാടനുസരിച്ചാണ് അഭിപ്രായം പറയുന്നതും കോടതിയിൽ വാദിക്കുന്നതും. ഇതു സർക്കാരിന്റെ നിലപാടാണോ എന്നു വ്യക്തമാക്കാൻ പോലും സർക്കാർ തയാറാകുന്നില്ല. കേരളത്തിനു തിരിച്ചടി കിട്ടുന്നതു സംസ്ഥാനം ഭരിക്കുന്നവരുടെ നിലപാടാണെങ്കിൽ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും ഒരു അഭിപ്രായം പോലും പറയാത്ത പ്രതിപക്ഷത്തിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടണം. ഇത് അതിക്രൂരവും ജനാധിപത്യ വിരുദ്ധവുമായ കാര്യമാണ്. നമുക്കു പല പാളിച്ചകളും സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇതെല്ലാം മാറ്റിവച്ചു നാടിന്റെ കാര്യത്തിൽ കൈകോർക്കേണ്ട കാലമാണിത്. സുപ്രീംകോടതിയിൽനിന്ന് അന്തിമവിധി വന്നിട്ടില്ല. വരും മാസങ്ങളിൽ കേസ് പരിഗണിക്കും. അന്താരാഷ്ട്ര വിദഗ്ധസമിതി ഡാം പരിശോധിക്കണമെന്നു ഒരു സത്യവാങ് മൂലം നൽകിയാൽ അതു കേരളത്തിനു നേട്ടമാകും.
റിയോ ഉടന്പടി
ലോകരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ റിയോ ഉടന്പടി ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ചു മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്തേ പറ്റൂ. ഇക്കാര്യം കേരള സർക്കാർ കോടതിയിൽ വാദിക്കുന്നില്ല. മുല്ലപ്പെരിയാർ ഡാം മിടിച്ചുകൊണ്ടിരിക്കുന്ന ഒരു ബോംബാണ്. ഇതു രാജ്യത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ്. അതു കേരളത്തിന്റെയും തമിഴ്നാടിന്റെയും മാത്രം പ്രശ്നമായി നിസാരവത്കരിക്കരുത്. ഡാം പൊട്ടിയാൽ ഒറ്റയടിക്ക് 50 ലക്ഷം ഇന്ത്യക്കാരുടെ ജീവനാണു പൊലിയുന്നത്. ഇടുക്കി ഡാമിന്റെ അഞ്ചു ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കുവിട്ടപ്പോൾ ഉണ്ടായ പ്രളയം പോലെയായിരിക്കില്ലിത്. നിലവിലുണ്ടായ പ്രളയം പോലും താങ്ങാൻ ആലുവയ്ക്കും എറണാകുളത്തിനും കഴിഞ്ഞിട്ടില്ലെന്നും ഓർക്കണം.
പുതിയ ഡാം
തമിഴ്നാട്ടിലെ സാധാരണ ജനങ്ങൾക്ക് ഒരു പുതിയ ഡാം വരുന്നതിൽ എതിർപ്പൊന്നുമില്ല. കേരളം തമിഴ്നാടിന് ആവശ്യമായ ജലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരളത്തിന്റെ പുതിയ ഡാം എന്ന ആശയത്തിനു ദേശീയ അംഗീകാരവുമുണ്ട്. മുല്ലപ്പെരിയാർ വിഷയം കേരളത്തിന്റെയോ തമിഴ്നാടിന്റെയോ മാത്രം പ്രശ്നമല്ല. ഇത് ഒരു ദേശീയ ദുരന്തത്തിന്റെ പ്രശ്നമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ വേണ്ടതു തെളിവുകളാണ്.കോടതി ഒരിക്കലും കേരളത്തിനെതിരായി നിൽക്കുന്നില്ല. കേരളത്തിനു വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർ തെളിവുകൾ നിരത്തുന്നതിൽ പരാജയപ്പെടുന്നുവെന്നു റസൽ ജോയി പറയുന്നു. സർക്കാരും അഭിഭാഷകരും കോടതിയിൽ ദുഃഖകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
മിണ്ടാതെ എംഎൽഎമാർ
ആറുമാസം മുൻപ് തന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപികരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും ഉത്തരവിട്ടു.
മൂന്നു സമിതികളും ഏകോപിച്ചു പ്രവർത്തിക്കണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ, ഈ ഉത്തരവിന്റെ കോപ്പി നൽകിയിട്ടും ഒരുഎംഎൽഎയും പ്രതികരിച്ചിട്ടില്ലെന്നും ഇവരുടെ ആത്മാർഥത ആരോടാണെന്നും അദ്ദേഹം ചോദിക്കുന്നു.
ജോണ്സണ് വേങ്ങത്തടം